വിവരണം – പ്രശാന്ത് പറവൂർ.

യു.എ.ഇ.യിലെ റാസൽഖൈമയിൽ നിന്നും അജ്‌മാനിലേക്കുള്ള ബസ് യാത്രയ്ക്കിടയിലാണ് ഡ്രൈവറായ തൃശ്ശൂർ പെരുമ്പിലാവ് സ്വദേശി ബഷീറിക്കയെ പരിചയപ്പെടുന്നത്. ആ യാത്രയോടെ ഞങ്ങൾ നല്ല സുഹൃത്തുക്കളായി മാറുകയും ചെയ്തു. ബഷീറിക്കയാണ് റാസൽഖൈമയിലെ നഖീൽ ബസ് സ്റ്റേഷനിൽ നിന്നും ഒമാൻ അതിർത്തിയായ അൽജീർ എന്ന സ്ഥലത്തേക്ക് ബസ് സർവീസ് ഉള്ള കാര്യം പറയുന്നത്. ബസ്സുകളുടെ സമയവിവരങ്ങളും ചാർജ്ജും ഒക്കെ ബഷീറിക്ക വിവരിച്ചു തരികയും ചെയ്തു.

അങ്ങനെ അടുത്ത ദിവസം ആ റൂട്ടിൽ ഒരു യാത്ര പോകുവാൻ ഞാൻ തീരുമാനിച്ചു. താമസസ്ഥലത്തു നിന്നും ടാക്സി വിളിച്ച് നഖീൽ ബസ് സ്റ്റേഷനിൽ എത്തിയപ്പോൾ ഉച്ചയ്ക്ക് 12 മണിയുടെ ട്രിപ്പിനായി കാത്തുകിടക്കുകയായിരുന്നു ആ മിനിബസ്. ബസ്സിൽ യാത്രക്കാർ കയറി ഇരിക്കുന്നുണ്ടായിരുന്നു. ഞാൻ ബസ്സിൽക്കയറി പിൻഭാഗത്ത് ഒഴിവുള്ള ഒരു സീറ്റ് പിടിച്ചു.

ബസ് എടുക്കാറായപ്പോൾ ജൂനിയർ മാൻഡ്രേക്കിനെപ്പോലെ തോന്നിക്കുന്ന ഒരു മൊട്ടത്തലയനായ ബസ് ഡ്രൈവർ വന്നു യാത്രക്കാർക്ക് ടിക്കറ്റുകൾ നൽകി. അവിടെ ബസ്സുകളിൽ നമ്മുടെ നാട്ടിലെപ്പോലെ കണ്ടക്ടർ പോസ്റ്റ് ഇല്ല. കണ്ടക്ടറുടെ ജോലിയും ബസ് ഡ്രൈവർ തന്നെയാണ് ചെയ്യുന്നത്. അഞ്ചു ദിർഹമാണ് നഖീൽ മുതൽ ഒമാൻ അതിർത്തിയായ അൽജീർ വരെയുള്ള ചാർജ്ജ്. ആ ബസ്സിൽ കയറി എവിടെ ഇറങ്ങിയാലും ഈ അഞ്ചു ദിർഹം ചാർജ്ജ് തന്നെയാണ്. അഞ്ചു ദിർഹം എന്നു പറയുമ്പോൾ നമ്മുടെ 98 രൂപയോളം വരുമത്.

ടിക്കറ്റുകളെല്ലാം കൊടുത്തതിനു ശേഷം ഡ്രൈവർ ചേട്ടൻ ബസ് എടുത്തു. നഗരപ്രദേശങ്ങൾ പിന്നിട്ടപ്പോഴേക്കും അങ്ങുദൂരെ തലയുയർത്തി നിന്നിരുന്ന വമ്പൻ മലനിരകൾ കുറച്ചു കൂടി വ്യക്തമായി കാണുവാനായി. വീഡിയോയും ഫോട്ടോകളും എടുക്കേണ്ടിയിരുന്നതിനാൽ ഞാൻ പതിയെ പിന്നിൽ നിന്നും ഏറ്റവും മുന്നിലെ സ്ത്രീകളുടെ സീറ്റിലേക്ക് മാറി. സ്ത്രീകളാരും ഇല്ലാതിരുന്നത് ഭാഗ്യം.

ചില ഫാക്ടറികളുടെയും കമ്പനികളുടെയും മുന്നിൽ ബസ് നിർത്തിയപ്പോൾ യാത്രക്കാരിൽ ഭൂരിഭാഗവും അവിടെ ഇറങ്ങിപ്പോയി. അവരൊക്കെ സ്ഥിരയാത്രക്കാർ ആയിരുന്നിരിക്കണം. ബസ്സിൽ മലയാളികളായി ആരുമുണ്ടായിരുന്നില്ല. കൂടുതലും പാക്കിസ്ഥാനികളായിരുന്നു, പിന്നിലുള്ളത് കുറച്ചു ആഫ്രിക്കക്കാരും. ഞാൻ മാറിയിരുന്ന മുന്നിലെ സീറ്റിൽ സൊമാലിയക്കാരനായ ഒരു ചേട്ടനും ഇരിക്കുന്നുണ്ടായിരുന്നു. ഞാൻ വീഡിയോ പകർത്തുന്നതു കണ്ടിട്ട് ഇതെന്തിനാണെന്നും, ക്യാമറയുടെ വിലയുമൊക്കെ അദ്ദേഹം ചോദിച്ചു. കാര്യമറിഞ്ഞപ്പോൾ വീഡിയോയ്ക്ക് പോസ് ചെയ്യുവാൻ ആ പാവം മനുഷ്യൻ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. ഞാൻ അദേഹവുമൊന്നിച്ചുള്ള ഒരു സെൽഫി വീഡിയോയും പകർത്തി.

ഏതോ ഒരു കമ്പനിയുടെ മുന്നിലെത്തിയപ്പോൾ സോമാലിയക്കാരൻ ചേട്ടനും ഇറങ്ങിപ്പോയി. പിന്നെ ബസ്സിൽ അധികം യാത്രക്കാരാരും ഉണ്ടായിരുന്നില്ല. പോകുന്ന വഴിയുടെ ഒരുവശം കടലും മറുവശത്തു കൂറ്റൻ മലനിരകളുമായിരുന്നു. റോഡ് ആണെങ്കിൽ നല്ല കിടിലൻ കണ്ടീഷനിലായി നേരെ നീണ്ടു കിടക്കുന്നു. നമ്മുടെ ഡ്രൈവർ ചേട്ടൻ ആള് പാക്കിസ്ഥാനി ആണെന്നു തോന്നുന്നു. എന്തായാലും ആള് ഹിന്ദിയൊക്കെ നന്നായി പറയുന്നുണ്ടായിരുന്നു.

അങ്ങനെ യാത്ര തുടങ്ങി ഒരു മണിക്കൂറിനുള്ളിൽ ബസ് യു.എ.ഇ. യിലെ അവസാനത്തെ ഗ്രാമമായ അൽജീറിൽ എത്തിച്ചേർന്നു. ഇനി തിരിച്ചു ബസ് മടങ്ങുന്നത് ഉച്ചയ്ക്ക് ഒന്നരയ്ക്കാണെന്നു ഞാൻ ഡ്രൈവറിൽ നിന്നും മനസ്സിലാക്കി. അരമണിക്കൂറോളം ബാക്കിയുണ്ട്. ഞാൻ പതിയെ ബസ്സിൽ നിന്നും ഇറങ്ങി അതിർത്തി ലക്ഷ്യമാക്കി നടന്നു. ബസ് നിർത്തിയ സ്ഥലത്തു നിന്നും അതിർത്തിയിലേക്ക് ഏകദേശം ഒരു കിലോമീറ്ററോളമുണ്ട്.

അത്യാവശ്യം നല്ല വെയിൽ ഉണ്ടായിരുന്നുവെങ്കിലും നല്ല കടൽക്കാറ്റ് ഉണ്ടായിരുന്നതിനാൽ അത് അത്ര കാര്യമാക്കിയില്ല. അങ്ങനെ നടന്നുനടന്ന് അവസാനം ബോർഡർ കാണുന്നയിടം വരെയെത്തി. അങ്ങകലെ ഒമാൻ ചെറുതായി കാണുന്നുണ്ടായിരുന്നു. അതിർത്തിയ്ക്ക് തൊട്ടടുത്തെത്തിയതിനാൽ വീഡിയോ പകർത്തുവാൻ ഞാൻ ധൈര്യപ്പെട്ടില്ല. ചിലപ്പോൾ അക്കാര്യം കൊണ്ട് വല്ലതും പിടിക്കപ്പെട്ടാലോ എന്ന ചിന്തയായിരുന്നു. പിന്നെ ബോർഡറിലേക്ക് നടന്നാൽ സമയം പോകുകയും മടക്കയാത്രയ്ക്കുള്ള ബസ് മിസാകുകയും ചെയ്യുമെന്ന കാര്യവുമുണ്ട്.

അങ്ങനെ ഒമാൻ രാജ്യത്തെ അകലെ നിന്നും നോക്കിക്കണ്ടതിനു ശേഷം ഞാൻ തിരികെ നടന്നു. തിരികെ ബസ് സ്റ്റാൻഡിൽ എത്തി കുറച്ചു ദൃശ്യങ്ങൾ പകർത്തിയ ശേഷം ഞാൻ ബസ്സിൽക്കയറി പിന്നിലെ സീറ്റ് പിടിച്ചു. മടക്കയാത്രയിൽ സ്ത്രീകൾ ഉണ്ടാകുമെന്നു ഡ്രൈവർ പറഞ്ഞതിനെത്തുടർന്നാണ് പിന്നിലേക്ക് പോയത്. എന്തായാലും കാണേണ്ട കാഴ്ചകൾ വരുന്ന വഴി കാണുകയും വീഡിയോ പകർത്തുകയുമൊക്കെ ചെയ്തല്ലോ. ഇനിയല്പം വിശ്രമം ആകാം.

അൾജീറിൽ നിന്നും ബസ് എടുക്കുമ്പോൾ എന്നെക്കൂടാതെ രണ്ടു പാക്കിസ്ഥാനികൾ മാത്രമായിരുന്നു ബസ്സിൽ യാത്രക്കാരായി ഉണ്ടായിരുന്നത്. എന്നാൽ കുറച്ചു ദൂരം കഴിഞ്ഞപ്പോൾ സ്റ്റോപ്പുകളിൽ നിന്നും ആളുകൾ കയറുവാൻ തുടങ്ങി. മലയാളികളായ നേഴ്‌സുമാർ, അറബിപ്പിള്ളേർ തുടങ്ങി ബസ് ഫുള്ളായി. നമ്മുടെ നാട്ടിലെപ്പോലെ അവിടത്തെ ബസ്സുകളിൽ നിന്നുകൊണ്ടുള്ള യാത്ര അനുവദനീയമല്ല.

അങ്ങനെ ഉച്ചയ്ക്ക് രണ്ടരയ്ക്ക് മുൻപായി ഞാൻ തിരികെ നഖീൽ ബസ് സ്റ്റാൻഡിൽ എത്തിച്ചേർന്നു. ബസ്സിൽ ബാക്കിയുണ്ടായിരുന്ന യാത്രക്കാർ അവിടെയിറങ്ങി, കൂടെ ഞാനും. അടുത്ത തവണ വരുമ്പോൾ എന്തായാലും വിസയൊക്കെ ഒപ്പിച്ച്, ബോർഡർ കടന്നു ഒമാനിലൂടെ സഞ്ചരിക്കണമെന്ന് മനസ്സിലുറപ്പിച്ച് ഞാൻ സ്റ്റാന്റിൽ നിന്നും റോഡിലേക്ക് നടന്നു.

SHARE