ഏഷ്യയിലെ ഒരു പരമാധികാര രാജ്യമാണ് അഫ്ഗാനിസ്താൻ. ഔദ്യോഗിക നാമം ഇസ്ലാമിക് റിപബ്ലിക് ഓഫ് അഫ്ഗാനിസ്താൻ. മധ്യ ഏഷ്യയിലും തെക്കനേഷ്യയിലുമായി വ്യാപിച്ചു കിടക്കുന്നു. പാകിസ്താൻ, തുർക്ക്‌മെനിസ്താൻ, ഉസ്ബെക്കിസ്ഥാൻ, താജിക്കിസ്ഥാൻ, ചൈന, ഇന്ത്യ (അധിനിവേശ കാശ്മീർ പ്രദേശം) എന്നിവയാണ് ഈ രാജ്യത്തിൻറെ അയൽ രാജ്യങ്ങൾ.
പഷ്തോ ഭാഷയിൽ അഫ്ഘാൻ എന്നാൽ പഷ്തൂണുകൾ എന്നാണർഥം. ഇവരാണ് അഫ്ഘാനിസ്ഥാനിലെ പ്രധാന വംശം. സ്ഥാൻ എന്നാൽ പേർഷ്യൻ ഭാഷയിൽ സ്ഥാനം എന്നു തന്നെയാണർഥം. ആഫ്ഗാനിസ്ഥാന്റെ പുതിയ ഭരണഘടനപ്രകാരം, അഫ്ഘാൻ എന്നാൽ അഫ്ഘാനിസ്ഥാനിലെ പൗരന്മാരെ വിളിക്കുന്ന പേരാണ്.
അഫ്ഗാനിസ്താനിലെ വിവിധ ഭൂരൂപങ്ങളിൽ ഏറ്റവും പ്രാധാന്യം വഹിക്കുന്നത് ഹിന്ദുക്കുഷ് പർവതനിരകളാണ്. കിഴക്കരികിലെ വഖാൻ ഉന്നത തടത്തിന്റെ തുടർച്ചയായി വരുന്ന മലനിരകളുടെ സമുച്ചയമാണ് ഹിന്ദുക്കുഷ്. രാജ്യത്തിന്റെ വടക്കേ പകുതിയിലുള്ള ഫലഭൂയിഷ്ഠങ്ങളായ പ്രദേശങ്ങളെ തെക്കുള്ള നിമ്ന്നോന്നത ഭൂഭാഗങ്ങളിൽനിന്നു വേർതിരിച്ചുകൊണ്ട് ഹിന്ദുക്കുഷിന്റെ മുഖ്യനിര വടക്ക് കിഴക്ക് – തെക്ക് പടിഞ്ഞാറൻ ദിശയിൽ രാജ്യാതിർത്തിയോളം നീണ്ടുകിടക്കുന്നു.
കാബൂളിന് 100 കി.മീ. വടക്ക് നിന്ന് പടിഞ്ഞാറേക്കു നീളുന്ന അനേകം പർവതങ്ങളിൽ പ്രാധാന്യമുള്ളത് ബാബാ, ബായൻ, സഫേദ് കോഹ് എന്നീ മലനിരകൾക്കാണ്. ഇവയോരോന്നിലും വിവിധ ദിശകളിൽ നീളുന്ന മലനിരകൾ ഉണ്ട്. ഇവയിൽ വടക്ക് പടിഞ്ഞാറേക്കു നീണ്ടുകിടക്കുന്ന തുർകിസ്താന നിരകളും കസാമുർഗ്, ഹിസാർ, മസാർ, ഖുർദ് എന്നിവയും പ്രാധാന്യമർഹിക്കുന്നു. കിഴക്ക് പാകിസ്താനതിർത്തിക്കു സമാന്തരമായി സ്ഥിതി ചെയ്യുന്ന മലനിരകൾ ഇന്ത്യാസമുദ്രത്തിൽ നിന്നെത്തുന്ന നീരാവി പൂരിതമായ കാറ്റിനെ പ്രതിരോധിക്കുന്നതുമൂലം രാജ്യത്തിന്റെ ഉൾഭാഗങ്ങളിൽ മഴക്കുറവും വരൾച്ചയും അനുഭവപ്പെടുന്നു.
ഹിന്ദുക്കുഷും ശാഖാ പർവതങ്ങളും ചേർന്ന് അഫ്ഗാനിസ്താനെ മൂന്നു നൈസർഗിക മേഖലകളായി തിരിക്കുന്നു. (i) മധ്യ ഉന്നതതടങ്ങൾ; (ii) ഉത്തരസമതലങ്ങൾ; (iii) തെക്ക് പടിഞ്ഞാറൻ പീഠപ്രദേശം. ഇവയിൽ മധ്യഉന്നതതടം ഹിമാലയൻ നിരകളുടെ തുടർച്ചയാണെന്നു കരുതാം; ഹിന്ദുക്കുഷ് പർവതത്തിലെ പ്രധാനനിര ഈ ഭാഗത്താണു സ്ഥിതി ചെയ്യുന്നത്.
ഇടുങ്ങിയ അഗാധതാഴ്വരകളും ഉത്തുംഗമായ മലനിരകളും നിറഞ്ഞ മധ്യ ഉന്നതതടത്തിന്റെ വിസ്തീർണം: സു. 4,14,400 ച.കി.മീ.യും, ശരാശരി ഉയരം 3650-4575 മീ.യും ആണ്. 6,400 മീ.ലേറെ ഉയരമുള്ള അനേകം കൊടുമുടികളും ഉണ്ട്. ബാബാനിരകൾ പ്രധാനപർവതത്തിൽനിന്നുപിരിയുന്ന ഭാഗത്തുള്ള സേബർ, പാകിസ്താൻ അതിർത്തിയിലുള്ള ഖൈബർ എന്നീ മലമ്പാതകൾ തന്ത്രപ്രധാനങ്ങളാണ്. ഇവയിൽ സേബർ കാബൂളിനു വടക്ക് പടിഞ്ഞാറ് സ്ഥിതിചെയ്യുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്കുള്ള മധ്യഉന്നതതടത്തിന്റെ വടക്ക് കിഴക്ക് ഭാഗത്തുള്ള ബരാക്ഷാൻ ഒരു ഭൂകമ്പമേഖലയാണ്. പ്രതിവർഷം അഫ്ഗാനിസ്താനിൽ അനുഭവപ്പെടുന്ന അമ്പതോളം ഭൂകമ്പങ്ങളിൽ മിക്കവയുടേയും അഭികേന്ദ്രം (epicentre) ബരാക്ഷാനിലാണ്.
മധ്യ ഉന്നതതടത്തിനു വടക്കായി ഇറാനതിർത്തിയിൽനിന്നു കിഴക്കോട്ട് പാമീറിന്റെ അടിവാരം വരെ വ്യാപിച്ചു കിടക്കുന്ന സമതല മേഖലയാണ് രണ്ടാമത്തെ ഭൂവിഭാഗം. സു.1,03,600 ച.കി.മീ. വിസ്തീർണമുള്ള ഈ ഭൂഭാഗം ആമു-ദാരിയ നദീതടത്തിലേക്കു ചാഞ്ഞിറങ്ങുന്ന മട്ടിലാണ് വ്യാപിച്ചിരിക്കുന്നത്. മധ്യേഷ്യൻ സ്റ്റെപ്പ് (steppe) പുൽമേടുകളുടെ ഒരു ഭാഗമാണിത്. ശരാശരി ഉയരം 600 മീ. ഉർവരമായ മണ്ണിനാലും ധാതുനിക്ഷേപങ്ങളാലും സമ്പന്നമാണ് ഈ പ്രദേശം. പ്രകൃതിവാതകം ആണ് പ്രധാന ഖനിജോത്പന്നം.
മധ്യ ഉന്നത തടത്തിനു തെക്കായാണ് തെക്ക് പടിഞ്ഞാറൻ പീഠപ്രദേശത്തിന്റെ കിടപ്പ്. താരതമ്യേന ഉയരം കൂടിയ ഈ പീഠഭൂമി (ശരാശരി ഉയരം 915 മീ.), മണലാരണ്യങ്ങളും അർധമരുഭൂമികളുമായി പരിണമിച്ചിരിക്കുന്നു. മൊത്തം 1,29,500 ച.കി.മീ. വിസ്തൃതിയുള്ള ഈ പീഠപ്രദേശത്തിന്റെ കാൽഭാഗത്തോളവും രേഗിസ്താൻ മരുഭൂമിയാണ്. ഈ മണൽപ്പരപ്പിന്റെ പടിഞ്ഞാറായി മഡ്ഗാവ് എന്നറിയപ്പെടുന്ന മറ്റൊരു മരുഭൂമിയുണ്ട്. ഇടയ്ക്കിടെയുള്ള സ്റ്റെപ്പ് മാതൃക പുൽമേടുകളും കല്ലുപ്പുമടകളുമാണ് ഈ പ്രദേശത്തിന്റെ മുഖ്യ സവിശേഷതകൾ. സാമാന്യം വലിപ്പമുള്ള ഏതാനും നദികൾ ഈ പീഠപ്രദേശത്തിനുകുറുകെ ഒഴുകുന്നുണ്ട്. ഹെൽമന്ത് (1,046 കി.മീ.), അതിന്റെ പോഷകനദിയായ അർഗൻദാബ് എന്നിവയാണ് ഇവയിൽ മുഖ്യം.
അഫ്ഗാനിസ്താന്റെ ഏറിയഭാഗവും 600-3,050 മീ. ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. രാജ്യത്തെ ഏറ്റവും താണമേഖല ദക്ഷിണ പശ്ചിമപീഠപ്രദേശത്തെ ശീസ്താൻ താഴ്വാര (450-520 മീ.) ആണ്. 14-ാം ശ. വരെ നിലനിന്നിരുന്ന പ്രാചീന സംസ്കാരത്തിന്റെ ആസ്ഥാനമായിരുന്നു ശീസ്താൻ.
ചരിത്രം
മധ്യേഷ്യയുടെ കവാടം എന്നറിയപ്പെടുന്ന അഫ്ഗാനിസ്താൻ അധിനിവേശങ്ങളുടെ നാടാണ്. വിവിധ പേർഷ്യൻ സാമ്രാജ്യങ്ങൾ, അലക്സാണ്ടർ ചക്രവർത്തി, വിവിധ തുർക്കി വംശജർ, അറബികൾ, ജെങ്കിസ് ഖാൻ തുടങ്ങിയവരെല്ലാം പല കാലങ്ങളിലായി ഇവിടെ ആധിപത്യം സ്ഥാപിച്ചിരുന്നു.
അഫ്ഗാനിസ്താന്റെ എഴുതപ്പെട്ട ചരിത്രം ആരംഭിക്കുന്നത് ബി.സി. 500-ആമാണ്ടോടെയുള്ള പേർഷ്യൻ ഹഖാമനി സാമ്രാജ്യത്തിന്റെ ആധിപത്യകാലത്താണ്. എന്നിരുന്നാലും ബി.സി. 3000-നും 2000-നുമിടയിൽ വികാസം പ്രാപിച്ച ഒരു നാഗരിഗത ഇവിടെ നിലനിന്നിരുന്നു എന്ന് തെളിവുകൾ ലഭിച്ചിട്ടുണ്ട്.
ചരിത്രത്തിന്റെ വിവിധ ദശകളിൽ വിവിധ പേരുകളീലാണ് അഫ്ഗാനിസ്താന്റെ ഭാഗങ്ങൾ അറീയപ്പെട്ടിരുന്നത്. ബാക്ട്രിയ, ഏരിയാന, അറാകോസിയ, ഖുറാസാൻ തുടങ്ങിയവയൊക്കെ ഇത്തരം ചരിത്രപ്രാധാന്യമുള്ള പേരുകളാണ്. ഗ്രീക്കോ ബാക്ട്രിയർ, കുശാനർ, ഇന്തോ സസാനിയർ, കാബൂൾ ശാഹികൾ, സഫാരി സാമ്രാജ്യം, സമാനി സാമ്രാജ്യം, ഗസ്നവി സാമ്രാജ്യം, ഗോറികൾ, കർത്ത് രാജവംശം, തിമൂറി സാമ്രാജ്യം, മുഗളർ, ഹോതകികൾ, ദുറാനികൾ എന്നിങ്ങനെ നിരവധി ശക്തരായ സാമ്രാജ്യങ്ങൾ അഫ്ഗാനിസ്താൻ കേന്ദ്രമാക്കി സാമ്രാജ്യങ്ങൾ സ്ഥാപിച്ചു.
പടിഞ്ഞാറ് ടൈഗ്രിസ്-യൂഫ്രട്ടീസ് തടങ്ങളിൽ നിന്ന് ഇറാനിയൻ പീഠഭൂമിയിലൂടെയുള്ളതും, ഇന്ത്യയിൽ നിന്നും ഹിന്ദുകുഷ് ചുരങ്ങളിലൂടെയുള്ളതും, ചൈനയിൽ നിന്നും താരിം തടത്തിലൂടെയുള്ളതുമായ വഴികൾ അഫ്ഗാനിസ്താനിൽ സംയോജിച്ചിരുന്നതിനാൽ, മിക്ക വാണിജ്യ കുടിയേറ്റപാതകളുടേയും നാൽക്കവലയായാണ് അഫ്ഗാനിസ്താൻ വിശേഷിപ്പിക്കപ്പെട്ടിരുന്നത്.
ബി.സി. 20-ആം നൂറ്റാണ്ടിനു ശേഷമാണ് ആര്യന്മാർ അഫ്ഗാനിസ്താനിലെത്തിയതെന്ന് കരുതപ്പെടുന്നു. ഇന്നത്തെ അഫ്ഗാനിസ്താനിലെ ഭാഷകളായ പഷ്തുവിലും ദാരിയിലും ഈ ആര്യപൈതൃകം ദർശിക്കാം. അഫ്ഗാനിസ്താന്റെ സംസ്കാരത്തിൽ മദ്ധ്യപൂർവ്വദേശത്തുനിന്നുള്ള അധിനിവേശകരായിരുന്ന അറബികളുടേയും പേർഷ്യക്കാരുടേയും സ്വാധീനവും കലർന്നിട്ടുണ്ട്. സൊറോസ്ട്രിയനിസം, ഗ്രീക്ക്, ബുദ്ധമതം, ഹിന്ദുമതം എന്നിങ്ങനെ നിരവധി മതങ്ങൾ ഇവിടെ പലകാലത്തായി പ്രചാരം സിദ്ധിക്കുകയും കാലങ്ങൾക്കു മുൻപേ തന്നെ അവ അപ്രത്യക്ഷമാകുകയും ചെയ്തിട്ടുണ്ട്.
ഗസ്നവി, ഗോറി, തിമൂറീ ഭരണാധികാരികൾ അഫ്ഗാനിസ്താനെ മദ്ധ്യകാലത്തെ ഒരു പ്രമുഖ സൈനികശക്തി എന്നതിനു പുറമേ ഒരു പാണ്ഡിത്യകേന്ദ്രം എന്ന നിലയിൽ കൂടി ഉയർത്തിയിരുന്നു. ഫിർദോസി, അൽ ബിറൂണി തുടങ്ങിയവർ ഈ മേഖലയിലെ പ്രധാന വ്യക്തിത്വങ്ങളാണ്.
മുൻപ്, മഹത്തായ സാമ്രാജ്യങ്ങളുടെ ഭാഗമായിട്ടുണ്ടെങ്കിലും ഇന്നത്തെ അതിരുകൾക്കകത്തുള്ള ഒരു രാജ്യം എന്ന നിലയിലേക്കുള്ള പരിവർത്തനം പതിനെട്ടാം നൂറ്റാണ്ടോടെ അഫ്ഗാനികൾ എന്നും വിളിക്കപ്പെടുന്ന പഷ്തൂൺ ജനതയുടെ ഉയർച്ചയിലൂടെയാണ്. പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഹോതകി സാമ്രാജ്യസ്ഥാപകനായ മിർ വായ്സും ഇതേ നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ അഹ്മദ് ഷാ അബ്ദാലി|യുമാണ് ഈ മുന്നേറ്റത്തിന് ചുക്കാൻ പിടീച്ചത്. അഫ്ഗാനിസ്താന്റെ ഭരണനിയന്ത്രണത്തിൽ പഷ്തൂണുകൾക്കുള്ള ആധിപത്യം ആരംഭിച്ചത് ഇതോടെയാണ്.
ഇന്നത്തെ രൂപത്തിലുള്ള അഫ്‌ഗാനിസ്താൻ നിലവിൽ വന്നത് 1746-ലാണ്. ദുരാനി സാമ്രാജ്യത്തിന്റെ കീഴിലായിരുന്നു ഇത്. എന്നാൽ അധികം താമസിയാതെ ബ്രിട്ടീഷുകാർ ഇവിടെ ആധിപത്യമുറപ്പിച്ചു. 1919-ൽ അമാനുള്ള രാജാവിന്റെ കാലത്താണ് ബ്രിട്ടീഷ് ആധിപത്യം അവസാനിച്ചത്.
1900 മുതലിങ്ങോട്ട് അഫ്‌ഗനിസ്താനിലെ ഭരണാധികാരികളെല്ലാം അസ്വഭാവികമായി പുറത്താവുകയായിരുന്നു. ആർക്കുംതന്നെ സ്ഥിരമായി ഭരണ നിയന്ത്രണം ലഭിച്ചിരുന്നില്ല. 1933 മുതൽ 1973 വരെ സഹീർ ഷാ രാജാവിന്റെ കാലത്താണ് ഇവിടെ സ്ഥായിയായ ഭരണകൂടമുണ്ടായിരുന്നത്. എന്നാൽ 1973-ൽ സഹീർ ഷാ ചികിത്സർഥം വിദേശത്തുപോയപ്പോൾ അർധസഹോദനും മുൻ പ്രധാനമന്ത്രിയുമായിരുന്ന മുഹമ്മദ് ദാവൂദ് ഖാൻ അദ്ദേഹത്തെ പട്ടാള അട്ടിമറിയിലുടെ അധികാരഭ്രഷ്ടനാക്കി. പിന്നീടങ്ങോട്ട് അഫ്ഗാനിസ്താനിൽ അസ്ഥിര ഭരണകൂടങ്ങളുടെ ഘോഷയാത്രയായിരുന്നു.
ദൌദിനെയും കുടുംബത്തെയും വധിച്ച് കമ്മ്യൂണിസ്റ്റുകൾ 1978-ൽ അധികാരം പിടിച്ചു. കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെയുള്ള മുജാഹിദീൻ സേനയുടെ നീക്കങ്ങൾക്ക് അമേരിക്ക പിന്തുണ നൽകിപ്പോന്നു. ഇതിനു മറുപടിയെന്നോണം 1979-ൽ അന്നത്തെ സോവിയറ്റ് യൂണിയൻ അഫ്‌ഗാന്റെ നിയന്ത്രണം കൈക്കലാക്കി. അമേരിക്ക, പാകിസ്താൻ എന്നീ രാജ്യങ്ങളുടെ പിന്തുണയോടെ മുജാഹിദീനുകൾ നടത്തിയ ചെറുത്തുനിൽപ്പിനെത്തുടർന്ന് 1989-ൽ സോവ്യറ്റ് സൈന്യം പിൻവാങ്ങി.
മുജാഹിദീൻ വിഭാഗങ്ങൾ തമ്മിലുള്ള ആഭ്യന്തര യുദ്ധങ്ങൾക്കാണ് പിന്നീട് അഫ്‌ഗാനിസ്താനിൽ കളമൊരുങ്ങിയത്.
നീണ്ട പോരാട്ടങ്ങൾക്കൊടുവിൽ കടുത്ത യാഥാസ്ഥിക മതനിലപാടുകളുള്ള താലിബാൻ സേന അഫ്‌ഗാനിസ്താനിൽ ആധിപത്യമുറപ്പിച്ചു. സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തെത്തുടർന്ന് ഒസാമ ബിൻ ലാദനടക്കമുള്ള അൽഖയ്ദ ഭീകരർക്ക് സംരക്ഷണം നൽകിയെന്ന പേരിൽ അമേരിക്കയും സഖ്യസേനയും താലിബാൻ ഭരണകൂടത്തെ യുദ്ധത്തിലൂടെ പുറന്തള്ളി. ഹമീദ് കർസായിയുടെ നേതൃത്വത്തിലുള്ള പാശ്ചാത്യാനുകൂലസർക്കാറാണ് 2001 അവസാനം മുതൽ രാജ്യത്ത് ഭരണത്തിലിരിക്കുന്നത്.
ഇന്നത്തെ അഫ്ഗാനിസ്താനിലെ ജനങ്ങളിൽ ഏറിയ പങ്കും ഇസ്ലാംമതവിശ്വാസികളാണ്. സസാനിയരുടെ കാലം വരെ സൊറോസ്ട്രിയൻ മതത്തിന് ഇവിടെ ശക്തമായ വേരോട്ടമുണ്ടായിരുന്നു. കുശാനരുടെ കാലത്ത് പ്രത്യേകിച്ച് അഫ്ഗാനിസ്താന്റെ കിഴക്കുഭാഗത്ത് ബുദ്ധമതം ശക്തമായി. ഇക്കാലത്ത് ബുദ്ധമതവുമായി ബന്ധപ്പെട്ട് വാസ്തുകലാരീതിയും ഇവിടെ ഉടലെടുത്തു. ഗാന്ധാരകല എന്നാണ് ഈ വാസ്തുകലാരീതി അറിയപ്പെടുന്നത്. ബുദ്ധമതത്തിന്റെ പ്രോത്സാഹകരായിരുന്ന കുശാനരുടെ ഭരണം മൂന്നാം നൂറ്റാണ്ടോടെ അവസാനിച്ചെങ്കിലും ആറാം നൂറ്റാണ്ടോടെയാണ് ബുദ്ധമതത്തിന്റെ അധഃപതനം ആരംഭിച്ചത്. മദ്ധ്യേഷ്യയിൽ നിന്നുള്ള തുർക്കിക്ക് വിഭാഗക്കാരുടെ വരവ് ബുദ്ധമതകേന്ദ്രങ്ങൾ തകർക്കപ്പെടാനും ബുദ്ധമതത്തിന്റെ മേഖലയിലെ ക്ഷയത്തിനും കാരണമായി.
സുരക്ഷാഭീഷണികളും വിദേശസൈനിക സാന്നിധ്യവും
2001 അവസാനം താലിബാൻ തോൽപ്പിക്കപ്പെട്ടെങ്കിലും 2003 മുതൽ പാകിസ്താനിൽ ഇവർ പുനഃസംഘടിക്കപ്പെടുകയും അഫ്ഗാനിസ്താന്റെ തെക്കും കിഴക്കും അതിർത്തികളിലൂടെ രാജ്യത്തേക്ക് കടന്നും കയറാനും തുടങ്ങി. 2004-ലെ ആദ്യ തിരഞ്ഞെടുപ്പിൽ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ താരതമ്യേന മെച്ചപ്പെട്ട ജനപങ്കാളിത്തം ഉണ്ടായിരുന്നെങ്കിലും തെക്കും, കിഴക്കും അഫ്ഗാനിസ്താനിൽ പങ്കാളിത്തം വളരെക്കുറവായിരുന്നു. 25% പേരേ ഇവിടെ വോട്ട് രേഖപ്പെടുത്തിയുള്ളൂ. മേഖലയിലെ ക്രമസമാധാനപ്രശ്നങ്ങളായിരുന്നു ഇതിന് കാരണം.
2007-ഓടെ രാജ്യത്തിന്റെ വടക്കും പടിഞ്ഞാറും ഭാഗങ്ങളിൽ സർക്കാർ ഭരണസംവിധാനം ഭദ്രമായെങ്കിലും തെക്കും കിഴക്കും ഭാഗങ്ങളിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നു. ഇവിടെ ആത്മഹത്യാക്രമണങ്ങളും മറ്റു അക്രമങ്ങളും നിത്യസംഭവമായി. 2007-ൽത്തന്നെ 6300 പേർ മരണമടയുകയും 140-ഓളം ആത്മഹത്യാക്രമണങ്ങൾ ഉണ്ടാകുകയും ചെയ്തു. അൽ ഖ്വയ്ദയുടെ വിദേശപോരാളികളാണ് അഫ്ഗാനിസ്താനിൽ ആത്മഹത്യാക്രമണരീതി കൊണ്ടുവന്ന് എന്നു കരുതപ്പെടുന്നു.
നാറ്റോയുടെ നേതൃത്വത്തിലുള്ള 40,000-ത്തോളം വരുന്ന സൈന്യത്തെയാണ് ആഭ്യന്തരസുരക്ഷക്കായി അഫ്ഗാൻ സർക്കാർ ആശ്രയിക്കുന്നത്. നാറ്റോ സൈന്യം, ഇന്റർനാഷണൽ സെക്ര്യൂരിറ്റി അസിസ്റ്റൻസ് ഫോഴ്സ് (ISAF) എന്നും അറിയപ്പെടുന്നു. ഇതിനും പുറമേ ഭീകരവാദത്തിനെതിരെയുള്ള യുദ്ധത്തിന്റെ ഭാഗമായി 8000 പേരടങ്ങുന്ന അമേരിക്കൻ സൈനികരും ഇവിടെയുണ്ട്. ഇവർ, ഓപ്പറേഷൻ എൻഡ്യൂറിങ് ഫ്രീഡം ഇൻ അഫ്ഗാനിസ്താൻ (OEF) എന്നും അറിയപ്പെട്ടു. ഐ.എസ്.എ.എഫ്. പ്രധാനമായും അഫ്ഗാൻ സർക്കാരിനെ സഹായിക്കുമ്പോൾ ഒ.ഇ.എഫ്. അൽ ഖ്വയ്ദക്കും താലിബാനുമെതിരെയുള്ള നീക്കങ്ങൾക്ക് നേതൃത്വം നൽകുന്നു.
പാകിസ്താനിൽ നിന്നുള്ള നുഴഞ്ഞുകയറ്റം
പാകിസ്താനുമായുള്ള 2000 കിലോമീറ്റർ ദൈർഘ്യമുള്ള അതിർത്തിയായ ഡ്യൂറണ്ട് രേഖയാണ് അഫ്ഗാനിസ്താനിലെ പ്രശ്നങ്ങളുടെ കേന്ദ്രം. ഈ രേഖക്കപ്പുറത്ത് പ്രവർത്തിക്കുന്ന പാകിസ്താനിലെ താലിബാൻ കേന്ദ്രങ്ങൾക്കെതിരെ നടപടിയെടുക്കാൻ പാകിസ്താനിലെ സർക്കാറിന് സാധിക്കുന്നില്ലെന്ന് മാത്രമല്ല, നടപടിയെടുക്കാൻ പാകിസ്താൻ വിമുഖത കാണിക്കുകയും ചെയ്തിരുന്നു.
പാകിസ്താനിലെ വലിയ വിഭാഗം ജങ്ങൾ പാശ്ചാത്യവിരുദ്ധരാണ്. അഫ്ഗാനിസ്താനുമായി അതിർത്തി പങ്കിടുന്ന പാക് പ്രവിശ്യകളായ എൻ.ഡബ്ല്യു.എഫ്.പി, ബലൂചിസ്താൻ എന്നിവയിലെ മിക്കവരും പഷ്തൂണുകളും മൗലിക ഇസ്ലാമികവാദികളും പാശ്ചാത്യവിരുദ്ധരുമാണ്. എൻ.ഡബ്ല്യു.എഫ്.പിക്കക്കത്ത്, ഫെഡറലി അഡ്മിനിസ്ട്രേഡ് ട്രൈബൽ ഏരിയാസ് (FATA) എന്നറിയപ്പെടുന്ന സ്വതന്ത്രപ്രദേശങ്ങളും അഫ്ഗാൻ അതിർത്തിയോട് ചേർന്നുണ്ട്. സ്വയംഭരണമുള്ള ഈ മേഖലയിൽ പാക് സർക്കാരിന് കാര്യമായ നിയന്ത്രണമൊന്നുമില്ല. ഈ മേഖലകൾ അഫ്ഗാനിസ്താൻ സർക്കാർ വിരുദ്ധർക്കും അൽ-ഖ്വയ്ദക്കും വളക്കൂറുള്ള പ്രദേശമാണ്.
ഗതാഗതം
വിപുലമായ റോഡ് ശൃംഖലയിലൂടെ അഫ്ഗാനിസ്താനിലെ പ്രധാന നഗരങ്ങളെ കഷ്ക, തുർക്മെനിസ്താൻ, ടെർമിസ്, ഉസ്ബെകിസ്താൻ, ചമൻ, പെഷാവർ തുടങ്ങിയ അയൽനാടൻ റെയിൽവേ കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഈ റോഡുകൾ ഇന്ത്യാഉപഭൂഖണ്ഡത്തിലെ വിപണന കേന്ദ്രങ്ങൾക്ക് മധ്യേഷൻ നഗരങ്ങളുമായി നേരിട്ടുബന്ധം പുലർത്തുവാനുള്ള സൌകര്യം നല്കുന്നു. നഗരങ്ങൾക്കിടയിൽ മോട്ടോർ വാഹനഗതാഗതം നന്നെ പുരോഗമിച്ചിട്ടും ഗ്രാമവാസികൾ ഒട്ടകങ്ങളും കഴുതകളും വലിക്കുന്ന വണ്ടികളെ ഗതാഗത മാധ്യമമായി അവലംബിക്കുന്ന സ്ഥിതിയാണ് തുടർന്നുവരുന്നത്.
അഫ്ഗാനിസ്താനിൽ വ്യോമസഞ്ചാരം അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്. പ്രവിശ്യാനഗരങ്ങളിൽ മിക്കവയിലും വിമാനത്താവളങ്ങളുണ്ടെങ്കിലും ഇവയിൽ പലതും ശൈത്യകാലത്ത് അടച്ചിടേണ്ടിവരുന്നു. കാബൂളിലും കാന്ദഹാറിലുമാണ് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ളത്. സ്റ്റേറ്റ് ഉടമയിലുള്ള ആരിയാനാ അഫ്ഗാൻ എയർലൈൻസ് 1955 മുതൽ പ്രവർത്തിച്ചു തുടങ്ങി. ഇപ്പോൾ ഡൽഹി, ദുബൈ, ഫ്രാങ്ക്ഫർട്ട്, കാന്ദഹാർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് കാബൂളിൽനിന്നും ആരിയാനാ അഫ്ഗാൻ എയർലൈൻസ് വിമാനസർവീസുകൾ നടത്തുന്നു.
കടപ്പാട് – വിക്കിപീഡിയ.