മനുഷ്യരുടെ പ്രകൃതവുമായി ഏറെ സാമ്യമുണ്ട്‌ വണ്ടികള്‍ക്ക്. അങ്ങോട്ടോടി ഇങ്ങോട്ടോടി എന്നും കുതിപ്പും കിതപ്പും ബേജാറും ആയി മനസ്സമാധാനം എന്തെന്ന് അറിയാത്ത ജീവിതമാണ് ബസ്സിന്. വയറു നിറച്ചും വാരിത്തിന്നു, പിന്നേം ഒരു പഴം പൊരിയും ഇലയടയും തിന്നു, വായില്‍ ഒരു പഴവും തള്ളിക്കയറ്റി, പൊട്ടാറായ പള്ളയുമായി നടക്കുന്നവരെ പോലെയാണ് ട്രിപ്പടിക്കുന്ന ബസ്സുകള്‍.

ചില വണ്ടികള്‍ നിത്യ രോഗികള്‍ ആണ്. എത്ര ചികിത്സിച്ചാലും പിന്നെയും അസുഖം വരും. ഞാണിന്മേല്‍ കളിയാണ് ബസ്സിന്. ബാലന്‍സ് തെറ്റിയാല്‍ അപ്പം നിലത്തു വീഴും. വന്നു കണ്ടു കീഴടക്കി എന്നു പറയുന്ന ഹീറോയിസം ബസ്സിന്‌ മാത്രം അവകാശപ്പെട്ടതു തന്നെയാണ്. അങ്ങാടികൾ കിളച്ചു മറിച്ചു ഉഴുതു മെതിച്ചേ അവന്‍ പോകൂ. ലോഡിങ്ങും അണ്‍ ലോഡിങ്ങും ആയി ഗര്‍ഭിക്കലും ഡെലിവറിയും തന്നെ പണിയാക്കിയവര്‍ ആണ് ബസ്സുകള്‍.

ആരു വന്നാലും ഒരു മടിയും കൂടാതെ ഇരുകയ്യും നീട്ടി സ്വീകരിച്ചു ലക്ഷ്യം നിറവേറ്റാന്‍ കൂടെപ്പോരുന്നവരാണ് ആണ് ബസ്സുകള്‍. കുറുക്കു വഴിയും എളുപ്പ വഴിയും കൊണ്ടു ലക്ഷ്യം നേടുക എന്ന ചിന്ത ഇല്ലാത്ത ഒരൊറ്റ ജീവിയെ ലോകത്തുള്ളൂ. അതാണ് ബസ്സ്. നിത്യഭാരം ചുമക്കുന്ന ദുശ്ശകുനമാണ് ഞാന്‍ എന്നു പറയുന്നത് പോലെ തന്റെ മുതുകിലെ ഭാരം ഒരിക്കലും ഇറക്കി വെക്കാന്‍ ആവാത്തവയാണ് ബസ്സുകള്‍. ലക്ഷ്യം മാത്രം ലക്ഷ്യമാക്കി സ്വജീവന്‍ പണയപ്പെടുത്താനും, സ്വയം പൊട്ടിത്തെറിച്ചു ചാവേറാകാനും മടിയില്ലാത്തവര്‍ ആണ് ബസ്സുകള്‍. തന്റെ മടിയിലിരുത്തി , പാലുകൊടുത്തു, ആകാശത്തോളം വളര്‍ന്ന സ്വപ്നങ്ങളെ ചിറകിലേറ്റി സ്വന്തം ചിറകില്‍ പറക്കാന്‍ പഠിപ്പിക്കുന്ന അമ്മയെ പോലെയാണ് ബസ്സ്..

ഉള്ളു ചൂഴ്ന്നു സ്വകാര്യതകളെ മുഴുവന്‍ പുറത്തെടുത്തു നാട്ടുകാരെ മുഴുവന്‍ അറിയിക്കുന്ന സദാചാരക്കാരന്‍ ആണു ബസ്സ്.. ചൊവ്വാ ദോഷമോ ജന്മ ദോഷമോ എന്നറിയില്ല, ചില ബസ്സുകൾ ചെല്ലുന്നിടം എല്ലാം പാതാളമാണ്. ഒന്നുകില്‍ പോസ്റ്റില്‍ പോയി ഇടിക്കും. ഇല്ലെങ്കില്‍ ആരെയെങ്കിലും ഒക്കെ ഇടയ്ക്കിടയ്ക്ക് കുത്തിക്കൊല്ലും. അതുമല്ലെങ്കില്‍ വഴിയരികിലെ കടകളില്‍ പോയി പാഞ്ഞു കേറും. മുട്ടയില്‍ നിന്ന് വിരിഞ്ഞ കൗമാരക്കാരെ പോലെയാണ് ചിലപ്പോൾ ബസ്സുകളും. ഏതു ഊടു വഴിയിലൂടെയും വലിയ ചിലവൊന്നും ഇല്ലാതെ പാഞ്ഞോളും.
ഒരുപാടു തിന്നാന്‍ കൊടുത്തില്ലെങ്കിലും ആളു തളരൂല.

ജിമ്മില്‍ പോകുന്ന പയ്യന്‍സിന്റെ സിക്സ് പാക്ക് ഫീല്‍ ആണ് അപ്പോൾ ബസ്സിന്. കാഞ്ചന മാലമാരുടെ മൊയ്തീനാണവന്‍. ട്രേഡ് യൂണിയന്‍ തൊഴിലാളികളെ പോലെയാണ് ബസ്സുകള്‍. സിക്സ് പാക്ക് മസിലാണ്. പണിയെടുത്താലും ശരി എടുത്തില്ലെങ്കിലും ശരി, ആളെ കയറ്റിയാല്‍ മിനിമം കൂലി എണ്ണിക്കൊടുത്തിരിക്കണം.

ചൂടനാണ്‌ ബസ്സ്. പ്രകോപനം ഉണ്ടായാല്‍ നെഞ്ചത്തും കയറും. തിന്നു മുടിക്കുന്ന, വലിയ ഇല്ലങ്ങളിലെ അമ്മാവന്മാരെ പോലെയാണ് ബസ്സ്. ജന്മിമാര്‍ വരുന്ന പോലെയാണ് ബസ്സുകൾ വരുക… കുടിയാന്മാര്‍ എല്ലാരും മാറി നിന്നു കൊടുക്കണം. ചില ബസ്സുകൾ കുഴിമടിയന്മാരാണ്. പത്രാസ് ഓവറായിട്ടാണോ എന്നും അറിഞ്ഞു കൂടാ.. സ്വന്തമായിട്ടൊന്നും ചെയ്യില്ല. എപ്പോഴും ആരെങ്കിലും തള്ളിക്കൊടുക്കണം. ഉന്തു വണ്ടികള്‍ പോലെയാണ് ചിലപ്പോൾ ബസ്സുകൾ. മറ്റു ചിലപ്പോൾ ത്യാഗികൾക്ക് ഉദാഹരണമാണ് ബസ്സുകൾ.

ചിലപ്പോൾ ക്വട്ടേഷന്‍ ടീമിനെ പോലെയാണ് ബസ്സുകൾ. വല്ലാത്ത തണ്ടും കയ്യൂക്കുമാണ്. അതുപോലെ തന്നെ ഓടിക്കിതച്ചു എല്ലു മുറിയെ പണിയെടുത്തു ബാക്കി നേരം കിടന്നുറങ്ങുന്നവരാണ് ബസ്സുകൾ. ട്രാക്കില് കുതിക്കുന്ന സ്പോട്ര്സ് കാരെപോലെയാണ് അത്. ട്രാക്ക് മാറിപോയാൽ പ്രശ്നമാണ്.

രണ്ടു പെണ്ണ് കെട്ടി അവരെയും കൊണ്ടു ഒന്നിച്ചു റോഡിലൂടെ പോകുന്ന കെട്ട്യോന്മാരുടെ ഭാവമാണ് ഡബിള്‍ ഡക്കര്‍ ബസ്സിന്. സാരിയും ചുരിദാറും ഒക്കെയണിഞ്ഞു കല്യാണമൊക്കെ കഴിഞ്ഞ പെണ്ണുങ്ങളെ പോലെയാണ് ചില ബസ്സുകള്‍. റോഡിലൂടെ അണിഞ്ഞൊരുങ്ങി നടക്കും. സുന്ദരികളാണ്, പക്ഷേ മറ്റുള്ളവര്‍ക്കു നോക്കി നുണച്ചു വെള്ളമിറക്കാന്‍ മാത്രം കൊള്ളാം. യാത്രക്കാർക്ക് സ്കോപ്പില്ല.

വരികള്‍ – Chakrapani KP.

SHARE