ഷൊർണൂർ – നിലമ്പൂർ ട്രെയിൻ യാത്രയൊക്കെ കഴിഞ്ഞു ഞാനും അളിയനും രാവിലെ 11 മണിയോടെ തിരികെ ഷൊർണ്ണൂർ സ്റ്റേഷനിൽ എത്തിച്ചേർന്നു. റെയിൽവേ സ്റ്റേഷനിൽ നിന്നും പുറത്തു കടന്ന ഞങ്ങൾ അവിടെയടുത്ത് പാർക്കിംഗിൽ ഇട്ടിരുന്ന കാറുമെടുത്ത് തൃശ്ശൂരിലെ വീട്ടിലേക്ക് യാത്രയായി.

പോകുന്ന വഴിയിൽ ഇതുവരെ കാണാത്ത സ്ഥലങ്ങൾ എവിടെയെങ്കിലും ഉണ്ടെങ്കിൽ ഒന്നു കയറാമെന്നു ഞാൻ. കുറച്ചു സമയത്തെ ആലോചനയ്ക്കു ശേഷം അളിയൻ പറഞ്ഞു – “അങ്ങനെയാണെങ്കിൽ ഒരു സ്ഥലമുണ്ട്. ഒമർ ലുലുവിന്റെ ‘അഡാർ ലവ്’ എന്ന സിനിമയുടെ ക്ളൈമാക്സ് ഷൂട്ട് ചെയ്ത സ്ഥലം. പേര് ചേപ്പാറ.” കേട്ടപാതി കേള്കാത്തപാതി ഞാനും ഓക്കേ പറഞ്ഞു.

അങ്ങനെ ഞങ്ങൾ ഷൊർണൂരിൽ നിന്നും തൃശ്ശൂർ ജില്ലയിലെ ചെപ്പാറ ലക്ഷ്യമാക്കി യാത്രയാരംഭിച്ചു. പോകുന്ന വഴി വടക്കാഞ്ചേരിയ്ക്ക് സമീപത്തുള്ള ഉത്രാളിക്കാവ് ക്ഷേത്രത്തിൽ കുറച്ചു നേരം ചെലവഴിക്കുവാനും ഞങ്ങൾ സമയം കണ്ടെത്തി. ഉത്രാളിക്കാവും, ചുറ്റിനുമുള്ള പാടങ്ങളും, ക്ഷേത്രത്തിനു പിന്നിലെ റെയിൽപ്പാതയുമൊക്കെ മനസ്സിന് ഒരു പോസിറ്റിവ് എനർജ്ജി തരുന്ന കാര്യങ്ങളാണ്.

ചെപ്പാറ എന്ന സ്ഥലത്തെക്കുറിച്ച് ഞങ്ങൾ രണ്ടുപേർക്കും കേട്ടറിവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവിടേക്ക് എങ്ങനെ പോകണമെന്നോ, അവിടെ എന്തൊക്കെയാണ് കാണുവാൻ ഉള്ളതെന്നോ ഒന്നും യാതൊരു നിശ്ചയവും ഉണ്ടായിരുന്നില്ല. ഗൂഗിൾ മാപ്പ് ഇട്ടിട്ടു ഞങ്ങളങ്ങു പോയി.

ഒടുവിൽ ഷൊർണ്ണൂർ – തൃശ്ശൂർ റൂട്ടിൽ നിന്നും ഗൂഗിൾ മാപ്പ് കാണിച്ച പ്രകാരം ഞങ്ങൾ ഇടതു വശത്തുള്ള റോഡിലേക്ക് കയറി. അവിടെ ചെപ്പാറയിലേക്കുള്ള വഴി എന്നു കാണിക്കുന്ന ബോർഡ് ഉണ്ടായിരുന്നു. കുറച്ചു ദൂരം ആയ വഴിയിലൂടെ മുന്നോട്ടു പോയിക്കഴിഞ്ഞപ്പോൾ പിന്നെ സ്ഥലങ്ങളുടെ രൂപം മാറിത്തുടങ്ങി. റോഡ് കയറ്റവും ഇറക്കവുമൊക്കെയായി. ഏതാണ്ട് കാടിനു നടുവിലൂടെ പോകുന്ന പ്രതീതി. സമീപത്ത് വീടുകളൊക്കെ ഉണ്ടെങ്കിലും വഴിയിൽ അധികമാരെയും കണ്ടതുമില്ല.

കയറ്റവും, ഇറക്കവും, വളവും, തിരിവുകളുമൊക്കെയുള്ള വഴിയിലൂടെ ഗൂഗിൾ മാപ്പ് ഞങ്ങളെ മുന്നോട്ടു നയിച്ചു കൊണ്ടിരുന്നു. ഒടുവിൽ പോയിപ്പോയി ഞങ്ങൾ ചെപ്പാറയിൽ എത്തിച്ചേർന്നു. ഒരു വലിയ പാറക്കെട്ടും അതിനു താഴെയായി മുനിയറകൾ എന്ന് വിളിക്കുന്ന ചെറിയ ഗുഹകളും ഉൾപ്പെടുന്നതാണ് ചെപ്പാറ. ചെപ്പാറ മല എന്നും ആളുകൾ ഈ സ്ഥലത്തെ വിളിക്കാറുണ്ട്.

ആദ്യം കേട്ടപ്പോൾ ആരും വരാത്ത ഏതോ ഒരു കാട്ടുപ്രദേശം ആണെന്നു തോന്നിയെകിലും അവിടെ ചെന്നപ്പോൾ ആ ചിന്ത മാറിക്കിട്ടി. ടൈലുകൾ പാകി മനോഹരമാക്കിയിട്ടിരിക്കുന്ന പാർക്കിംഗ് ഏരിയ, പുതുതായി പണികഴിപ്പിച്ച ടോയ്‌ലറ്റുകൾ, ‘ചെപ്പാറ റോക്ക് ഗാർഡൻ’ എന്നെഴുതിയ മനോഹരമായ ഫലകം, തൊട്ടടുത്ത് കുടുംബശ്രീ ചേച്ചിമാർ നടത്തുന്ന ഒരു ചെറിയ ഹോട്ടൽ… അങ്ങനെ മികച്ച സൗകര്യങ്ങളെല്ലാം അവിടെയുണ്ട്.

കാർ പാർക്ക് ചെയ്തിട്ട് ഞങ്ങൾ കുത്തനെയുള്ള കയറ്റം പാറയിൽത്തന്നെ പിടിപ്പിച്ചിട്ടുള്ള കൈവരിയിൽ പിടിച്ചു കയറി. മുകളിൽ എത്തിയപ്പോൾ അടിപൊളി കാഴ്ചയായിരുന്നു വരവേറ്റത്. നല്ല നിരപ്പായി കിടക്കുന്ന പാറപ്പുറം.. 360 ഡിഗ്രി കിടിലൻ വ്യൂ… പാറമുകളിൽ മനോഹരമായ ഒരു ചെറു തടാകം..

സമയം ഏതാണ്ട് ഉച്ചയായിരുന്നു അപ്പോൾ. സൂര്യൻ ഉച്ചിയിലെത്തി നിൽക്കുന്ന സമയം. പക്ഷെ അവിടത്തെ വീശിയടിക്കുന്ന കാറ്റ് വെയിലിന്റെ കാഠിന്യത്തെ കുറയ്ക്കുന്നതായി തോന്നി. ഞങ്ങളെക്കൂടാതെ അവിടെ അങ്ങിങ്ങായി ചില പ്രണയജോഡികൾ ഉണ്ടായിരുന്നു. ഞങ്ങൾ അവരെ മൈൻഡ് ചെയ്യാതെ കാഴ്ചകൾ ആസ്വദിച്ചു നടന്നു. കുറച്ചുസമയം അതിനു മുകളിലെ കാഴ്ചയും കാറ്റും ആസ്വദിച്ചിട്ട് ഞങ്ങൾ പോകുവാനായി തിരികെയിറങ്ങി.

പാറയുടെ അങ്ങേയറ്റത്തു ചെന്നാൽ വണ്ടി മുകളിലേക്ക് കയറ്റാൻ പറ്റുമെന്ന് സമീപത്തെ ഹോട്ടലിലെ ചേച്ചിമാർ പറഞ്ഞു. അങ്ങനെ ഞങ്ങൾ അവർ പറഞ്ഞതനുസരിച്ച് വീതി കുറഞ്ഞ വഴിയിലൂടെ പാറയുടെ മറുപുറം ലക്ഷ്യമാക്കി കാറിൽ യാത്രയായി. പക്ഷേ നിർഭാഗ്യമോ, ഭാഗ്യമോ എന്നറിയില്ല, ഞങ്ങൾക്ക് വഴി തെറ്റി. പകരം കുത്തനെയുള്ള കയറ്റവും ഇറക്കവുമുള്ള ഒരു ചെറിയ ഓഫ്‌റോഡിലേക്ക് ആയിരുന്നു ഞങ്ങൾ പോയത്.

വഴി തെറ്റി എന്നു മനസ്സിലായപ്പോൾ ഞങ്ങൾ നൈസായി യാത്ര മതിയാക്കി വണ്ടി തിരിച്ചു. തിരികെ പ്രധാന വഴിയിലെത്തിയ ഞങ്ങൾ അവിടെയടുത്തു കണ്ട ഒരു ചേട്ടനോട് തൃശൂരിലേക്കുള്ള ഷോർട്ട് കട്ട് ചോദിച്ചു മനസ്സിലാക്കി ഉൾപ്രദേശങ്ങളിലൂടെ തന്നെ വീട്ടിലേക്ക് യാത്രയായി.

തൃശ്ശൂർ – വടക്കാഞ്ചേരി റൂട്ടിൽ തിരൂരിൽനിന്നോ അത്താണിയിൽനിന്നോ വലത്തോട്ടു തിരിഞ്ഞുപോയാൽ ചെപ്പാറയിലെത്താം. തൃശ്ശൂരിൽനിന്ന് 16 കിലോമീറ്റർ ദൂരമേയുള്ളൂ. വൈകുന്നേരങ്ങളിലാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായത്. ഫാമിലി ആയിട്ടും കപ്പിൾസ് മാത്രമായിട്ടുമൊക്കെ സന്ദർശിക്കാൻ പറ്റിയ ഒരു സ്ഥലം കൂടിയാണിത്. ഇരുട്ടിയ സമയങ്ങളിൽ ഇവിടേക്ക് ഒറ്റപ്പെട്ടു വരാതിരിക്കുവാൻ ശ്രദ്ധിക്കുക.

SHARE