വിവരണം – Praveen Shanmukom, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ.
ചൂണ്ട ഒരു പുതിയ ഭക്ഷണയിടം. സ്ഥലം തിരുവനന്തപുരം ബേക്കറി ജംഗ്ഷനിൽ RBI നു എതിരേയായി വരും. ഉച്ച സമയം ചൂണ്ടയിലെ പേരിൽ കൊളുത്തി ചൂണ്ടയിലേക്ക്. അകത്തേക്ക് പ്രവേശിക്കുമ്പോൾ ഒരു കെട്ടുവള്ളത്തിൽ എത്തിയ പ്രതീതി.റാന്തൽ വിളക്കുകൾ അതിന്റെ ഭംഗിക്ക് മാറ്റൊലി നൽകി.
പുറത്ത് നിന്ന് നോക്കിയാൽ വളരെ ചെറിയൊരു കട ആണെന്ന് തോന്നുമെങ്കിലും അകത്ത് 60 പേർക്ക് ഇരിക്കാനുള്ള സ്ഥലം ഉണ്ട്. നേരെ കേറി ചെല്ലുന്ന സ്ഥലത്തു 36 പേർക്ക് ഇരിക്കാം, അത് അവസാനിക്കുന്ന സ്ഥലത്തു ഇടത്തോട്ടായി വീണ്ടും ചെറിയ ഒരു മുറി തിരിച്ചിട്ടുണ്ട്. അവിടെ 24 പേർക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. അത് കുറച്ചും കൂടി സ്വകാര്യത ആഗ്രഹിക്കുന്നവർക്ക് ഇരിക്കാൻ പറ്റിയ സ്ഥലം ആയി തോന്നി. തുടക്കത്തിൽ കാണുന്ന റിസപ്ഷന്റെ അടുത്തായി ഉള്ളിലോട്ടു വാഷ് ഏരിയ പ്രത്യേകം ഒരുക്കിയത് ഇഷ്ട്ടപെട്ടു. ആദ്യം പെട്ടന്നു അത് കണ്ണിൽ പെടില്ല. വാഷ് ഏരിയ എന്ന് അവിടെ എഴുതി വച്ചിട്ടുണ്ടെങ്കിലും.
ഞാൻ ഒരു ഊണും സുഹൃത്തിനു ഒരു ചിക്കൻ ബിരിയാണിയുമാണ് പറഞ്ഞത്. ഊണ് നല്ല വൃത്തിയുള്ള വാഴയിലയിലാണ്. കൊള്ളാം. തൂശിലയിൽ ചോറും കറികളും വിളമ്പി. നാരങ്ങ അച്ചാർ, ബീൻസ് തോരൻ, മരിച്ചീനി കൊഴമ്പ് പരുവത്തിൽ വെള്ളം പോലെ, ചിത്രം നോക്കിയാൽ കൂടുതൽ മനസ്സിലാകും. പിന്നെ നല്ല പയറൊക്കെ ചേർന്ന പീയണിക്ക കറിയും. പരിപ്പ്, സാമ്പാർ, രസം, മോരുമായി ഒരാൾ എത്തി. പരിപ്പ് ഒഴിക്കാൻ പറഞ്ഞു. ക്രീം കളർ പരിപ്പാണ് സാധാരണ കാണുന്ന പച്ച ചേർന്ന മഞ്ഞ നിറത്തിൽ ഉള്ളതല്ല, മഞ്ഞൾപ്പൊടി ചേർത്തിട്ട് ഇല്ല.
പൊരിച്ച മീനുകൾ പ്രത്യേകം പ്രത്യേകം പാത്രത്തിൽ ആക്കി ആദ്യം വിളമ്പിയ ആൾ തന്നെ എത്തി. 60 രൂപ നെത്തോലി, 70 രൂപ അയല, 150 രൂപ കരിമീൻ, 60 രൂപ ചൂര. ഒരാൾ മാത്രം ഊണ് കഴിക്കുന്നത് കൊണ്ട് 150 രൂപയുടെ കരിമീൻ എടുത്തില്ല 60 രൂപയ്ക്കുള്ള ചൂര എടുത്തു. എവിടെ പപ്പടം? ചോദിച്ച ഉടൻ തന്നെ പപ്പടം ഹാജർ.
പരിപ്പ് കൊള്ളാം, ചെറിയൊരു കുഴപ്പം ഉപ്പില്ല. പ്രായം ഉള്ള ഒരാൾ അടുത്ത് തന്നെ ഉണ്ടായിരുന്നത് കൊണ്ട് പെട്ടന്ന് പറയാൻ പറ്റി. ഇറങ്ങാൻ നേരം മനസ്സിലായി അത് ഉടമസ്ഥന്റെ കൊച്ചച്ഛൻ ആണെന്ന്. പുള്ളി ഉടൻ തന്നെ അടുക്കളയിൽ പോയി കുറച്ചു കഴിഞ്ഞു വന്നിട്ട് പറഞ്ഞു ഉപ്പു എല്ലാം ഇപ്പോൾ ഇട്ടുവെന്ന്. കുറച്ചു ഉപ്പു കൂടെ കൊണ്ട് വന്നിരുവെങ്കിൽ എന്റെ പരിപ്പിലും കൂടി ഇടാമായിരുന്നുവെന്ന് ഞാൻ ആലോചിച്ചു. ചോദിച്ചില്ല കാരണം അപ്പോഴേക്കും പരിപ്പ് കഴിയാറായി.
അടുത്തതായി സാമ്പാർ. അതും കൊള്ളാം അതിലും ഒരു പൊടിക്ക് ഉപ്പു കുറവായി തോന്നി. പരിപ്പിന്റെ പോലെ തീരെ ഇല്ലാതില്ല. അതും സൂചിപ്പിച്ചു. അവിടെ പൊതുവെ വരുന്ന കസ്റ്റമേഴ്സിന് എല്ലാം ഉപ്പ് കുറഞ്ഞിരിക്കുന്നതാണ് പഥ്യം എന്നാണ് മറുപടിയിൽ മനസ്സിലാക്കാൻ പറ്റിയത്. കൂടുതലും റിസർവ് ബാങ്കിലെ ജീവനക്കാർ ആണത്രേ അവിടെ വരുന്നത്. എന്തായാലും ഇറങ്ങാൻ നേരം ഈ കാര്യം ശ്രദ്ധയിൽ പെടുത്തിയപ്പോൾ ഉപ്പു പ്രത്യേകം ഒരു പാത്രത്തിൽ ആക്കി ഓരോ ടേബിളിലും വയ്ക്കാൻ ശ്രദ്ദിക്കുമെന്നു പറഞ്ഞു.
ഉപ്പു ഒരു രസം കൊല്ലിയായി കടന്നു വന്നുവെന്നു അല്ലാതെ കറികൾ എല്ലാം പൊതുവെ കൊള്ളാം. വളരെ worth ആയിട്ടു തോന്നി. തീർന്നാൽ രണ്ടാമത് വിളമ്പുന്നതിനും മടിയൊന്നുമില്ല. ചൂര മീൻ കിടിലം അനുഭൂതി ഒന്നും തന്നില്ലെങ്കിലും കൊള്ളാം എന്ന് തോന്നി. പൊടി അങ്ങനത്തെ പരിപാടി ഒന്നും ഇല്ല. പുറകെ രസവും മോരും എത്തി. രണ്ടും കൊള്ളാം. വളരെ നന്നായിരുന്നു.
കൂട്ടുകാരൻ നല്ല ഒരു ഫുഡി ആണെങ്കിലും കഴിക്കുന്ന അളവിന് എന്നെ പോലെ ഒരു പരിധിയൊക്കെ ഉണ്ട്. അത് കൊണ്ട് തന്നെ 150 രൂപയുടെ നല്ല ക്വാണ്ടിറ്റിയുള്ള മൂന്ന് പീസുള്ള ചിക്കൻ ബിരിയാണി ഒരു പീസടക്കം കുറച്ചു ബാക്കി വന്നു. രണ്ടാമത് ചോറ് എടുക്കാതെ അതും വാങ്ങി ഒന്ന് രുചിച്ചു. ക്വാണ്ടിറ്റി ഉണ്ടെങ്കിലും രുചിയിൽ ഒരു ആവറേജ് ഫീലിംഗ് ആണ് തോന്നിയത്. സുഹൃത്തിനും അതേ അവസ്ഥ തന്നെയാണ്. മോശമായി എന്ന് അർത്ഥമില്ല. പുള്ളി ഗ്രേവി ചോദിച്ചപ്പോൾ പകരം ബിരിയാണി മസാലയൊക്കെ അധികമായി തരാൻ ഒരു മടിയും കണ്ടില്ല.
ചേട്ടാ ഇവിടെ വന്നു കഴിക്കാൻ കിടു ആണെന്ന് മെസഞ്ചറിൽ വന്നു പറഞ്ഞ സുഹൃത്തിനു ചിക്കൻ ബിരിയാണിയെ പറ്റി വളരെ നല്ല അഭിപ്രായമായിരുന്നു. വേറെ ഒരു ദിവസം വന്നു ഇനിയും ഒന്ന് ട്രൈ ചെയ്ത് നോക്കണം. ഉച്ച സമയമായിട്ടും ഞാൻ അങ്ങനെ വിയർത്തില്ല. കൂടെ ഇരുന്ന സുഹൃത്ത് അത്യാവശ്യം വിയർത്തു. പുള്ളി ഇരിക്കുന്ന ഭാഗത്തു കറങ്ങി വരുന്ന ടൈപ്പ് ഫാൻ മേൽക്കൂരയിൽ ഘടിപ്പിച്ചിട്ടുണ്ടെങ്കിലും കാറ്റ് അത്ര ആ ഭാഗത്തു എത്തിയില്ല എന്നതാണ് പ്രശ്നമെന്ന് മനസ്സിലാക്കി. ഞാൻ ഇരുന്ന സ്ഥലത്തു കാറ്റ് ആവശ്യത്തിന്
എത്തുന്നുണ്ടായിരുന്നു.
ഇറങ്ങാൻ നേരം റിസപ്ഷനിൽ ചോദിച്ചു അത് എന്താ മീൻ കറി ഒന്നും ഇല്ലാത്തത്, ഫ്രൈ അല്ലാതെ. അത് 70 രൂപയുടെ ഊണിൽ മീൻ കറി കൂടെ കൊടുക്കുന്നുണ്ട് അതാണ് പിന്നെ പ്രത്യേകം കറി ഇല്ലാത്തതെന്ന്. എനിക്ക് അത് അവർ തരാൻ വിട്ടു പോയതാണെന്ന്. ആലപ്പുഴ സ്റ്റൈലിൽ വയ്ക്കുന്ന കറി ആണത്രേ. എന്ത് ചെയ്യാൻ വയറ്റു ഭാഗ്യം ഇല്ല . രാത്രി താറാവ് കറിയൊക്കെയായി ജഗ പൊഗ ആണ് വരണം എന്നൊക്കെ പറഞ്ഞു. പോകണം ഒരു ദിവസം രാത്രി.
കാർഡ് സൗകര്യം ഉണ്ട്. പിൻ അടിക്കാൻ നോക്കിയപ്പോഴാണ് ഓർമ്മ വന്നത് മീനിൻറെ വില ബില്ലിൽ ഇട്ടിട്ടില്ല. വിളമ്പിയ ആള് തന്നയാണ് ബില്ല് എഴുതിയതും എന്നതാണ് കൗതുകരം. പറഞ്ഞു തിരുത്തി വേറെ ബില്ല് വാങ്ങി.
ആമ്പിയൻസ് കെട്ടുവള്ളം സ്റ്റൈൽ ഇഷ്ടപ്പെട്ടു. ഇരിപ്പിടങ്ങൾ എല്ലാം ഇരിക്കാൻ നല്ല സൗകര്യം തോന്നി. സർവീസിങ്ങിൽ ഒരെണ്ണം വിളമ്പാൻ വിട്ടു പോയത് ഒഴിച്ചാൽ സർവീസ് എല്ലാം വളരെ നല്ലതാണ്. ഇടയ്ക്ക് ഇടയ്ക്ക് വന്നു നോക്കും, കറികൾ ആവശ്യം ഉണ്ടെങ്കിൽ തരും. മൊത്തത്തിൽ നല്ല പെരുമാറ്റം ആണ് മാനേജ്മെന്റും , സ്റ്റാഫും. കഴിച്ചവർ പലരും പാഴ്സലുകൾ വാങ്ങിക്കുന്നത് കണ്ടു. തുടക്കമാണ്. 2020 ജനുവരി 10 നായിരുന്നു തുടങ്ങിയത്. ബലാരിഷ്ടതകൾ ഒഴിച്ച് നിർത്തിയാൽ ചൂണ്ട പൊളിക്കും എന്നാണ് എന്റെ ഒരിത്. Seating Capacity: 60, Timings: 12:30 PM to 11:30 PM, Location: ബേക്കറി ജംഗ്ഷനിൽ റിസർവ് ബാങ്ക് ഒഫ് ഇന്ത്യയുടെ എതിരെയായി.