ലേഖനം തയ്യാറാക്കിയത് – ഡോ. ഷിംന അസീസ്.
കൊറോണ വൈറസ് പലരും കരുതുന്നത് പോലെ പുതിയതായി കണ്ട് പിടിക്കപ്പെട്ട ഒരു സൂക്ഷ്‌മജീവിയല്ല. മൂക്കൊലിപ്പും തുമ്മലുമായി ‘ജലദോഷം’ എന്ന് നമ്മൾ വിളിക്കുന്ന രോഗം മുതൽ ശ്വാസകോശത്തിന്റെ പല ഭാഗങ്ങളെ ബാധിക്കുന്ന ബ്രോങ്കൈറ്റിസ്, ന്യൂമോണിയ തുടങ്ങി കുറേയേറെ രോഗങ്ങളുണ്ടാക്കി പണ്ടേ ഇവിടെല്ലാമുള്ള ആളാണ് കക്ഷി. തെക്കൻ ചൈനയിൽ വ്യാപിച്ച സാർസ്, മിഡിൽ ഈസ്‌റ്റിൽ മുൻപ് പരന്ന മെർസ് തുടങ്ങിയവയും ചിലയിനം കൊറോണ വൈറസുകളുടെ ഫലമായിരുന്നു.
ഇപ്പോൾ നമ്മെ ആശങ്കയിലാഴ്‌ത്തുന്ന നോവൽ കോറോണ (2019-nCov) എന്ന വൈറസ് കേരളത്തിൽ സ്‌ഥിരീകരിച്ചിരിക്കുന്നു. ചൈനയിൽ നിന്നും വന്ന മെഡിക്കൽ വിദ്യാർത്ഥിനിയാണ് രോഗി. രോഗിയുടെ നില ഗുരുതരമല്ല എന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. ഈ അവസരത്തിൽ നമ്മൾ സൂക്ഷിക്കേണ്ടത് എന്തെല്ലാമാണ്?
* കൊറോണയെക്കുറിച്ചുള്ള വ്യാജസന്ദേശങ്ങൾ വാട്ട്‌സ്ആപിലും മറ്റുമായി ഏറെ പ്രചരിക്കുന്നുണ്ട്. തൊണ്ട സദാ നനഞ്ഞിരുന്നാൽ കൊറോണ വരില്ല എന്നെല്ലാം വായിച്ചു. ഇതിന് യാതൊരു ശാസ്‌ത്രീയതയുമില്ല. എവിടുന്നു വന്നു എങ്ങോട്ട് പോയി എന്ന് മനസ്സിലാകാത്ത ഈ ജാതി മെസേജുകളെ പൂർണമായും അവഗണിക്കുക. നമുക്ക് കൃത്യമായ അറിയിപ്പുകളും മുൻകരുതലുകളും അപ്‌ഡേറ്റുകളും തരാൻ ഇവിടെ സർക്കാരിന്റെ ആരോഗ്യസംവിധാനങ്ങളുണ്ട്. അതിനായി കാതോർക്കുക.
* ഭയക്കേണ്ട സമയമല്ല, മറിച്ച് ജാഗ്രതയോടെ നില കൊള്ളേണ്ട നേരമാണിത്.
* ചൈനയിലേക്ക് ഈയിടെ യാത്ര ചെയ്‌തിട്ടുള്ളവർ ആരോഗ്യപ്രവർത്തകർ പറഞ്ഞിരിക്കുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കുക. പനിയോ മൂക്കൊലിപ്പോ മറ്റോ അനുഭവപ്പെട്ടാൽ ഒട്ടും വൈകിക്കാതെ ഡോക്‌ടറെ അറിയിക്കുക.
* രോഗബാധിതപ്രദേശങ്ങളിലേക്കുള്ള യാത്ര കഴിഞ്ഞെത്തിയ ശേഷം “എനിക്കൊരു കുഴപ്പവുമില്ല, ഞാൻ പുറത്തിറങ്ങും” എന്ന് പറഞ്ഞ് ഇറങ്ങി നടക്കുന്നതല്ല, “എന്നിലൂടെ ആരും രോഗിയാകരുത്” എന്ന് തീരുമാനിച്ച് സ്വയം നിയന്ത്രണങ്ങൾ സൂക്ഷിക്കുന്ന വ്യക്‌തിയാണ് യഥാർത്ഥത്തിൽ ഹീറോ എന്ന് മനസ്സിലാക്കുക.
* ഇത്തരത്തിൽ ആശുപത്രിയിലോ വീട്ടിലോ നിരീക്ഷണത്തിലിരിക്കുന്നവരെ മാരകരോഗിയാക്കി ചിത്രീകരിക്കേണ്ടതില്ല. അത്തരത്തിലുള്ള ‘രോഗിയും’ ഭയക്കേണ്ടതില്ല. ചെറിയ ലക്ഷണങ്ങൾ പോലും നേരത്തേ തിരിച്ചറിഞ്ഞ് ഊർജിതമായ ചികിത്സ തുടങ്ങുന്നതിന് കൂടി സഹായകമാണ് ഈ രീതി. രോഗാണു ശരീരത്തിൽ കയറി രോഗലക്ഷണങ്ങൾ പുറത്ത് വരാൻ എടുക്കുന്ന സമയത്തിന് ഇൻകുബേഷൻ പിരീഡ് എന്നാണ് പറയുന്നത്. കൊറോണ വൈറസിന്റെ കാര്യത്തിൽ ഇത് 14-16 ദിവസമാണ്. ഇതിന്റെ ഇരട്ടി ദിവസം രോഗമുണ്ടായിരിക്കാൻ സാധ്യതയുള്ള ആളെ മാറ്റി നിർത്തുന്നതിന് ക്വാറന്റൈൻ എന്ന് പറയുന്നു. ഇത് ആ വ്യക്‌തി രോഗിയെങ്കിൽ കൂടുതൽ പേരിലേക്ക് പടരാതിരിക്കാനാണ്. ഇത് ലോകമെങ്ങുമുള്ളതാണ്, മുൻകരുതൽ മാത്രമാണ്.
* ക്വാറന്റൈനിലുള്ള വ്യക്‌തി തനിച്ച് ഒരു റൂമിലാണ് കഴിയേണ്ടത്. അയാൾ ഉപയോഗിച്ച വസ്‌തുക്കൾ മറ്റു കുടുംബാംഗങ്ങൾ ഉപയോഗിക്കാൻ പാടില്ല. നല്ല വായുസഞ്ചാരമുള്ള മുറിയിലാണ് ഈ വ്യക്‌തി കഴിയേണ്ടത്. വികാരത്തിനല്ല വിവേകത്തിനാണ് നമ്മൾ ഈ ദിനങ്ങളിൽ മുൻതൂക്കം കൊടുക്കേണ്ടത്. കുറച്ച് ദിവസങ്ങളുടെ മാത്രം കാര്യമാണ്, വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട്.
* നവമാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് പോലെ മത്‌സ്യമോ മാംസമോ വേവിച്ച് കഴിച്ചാൽ കൊറോണ വൈറസ് വരില്ല. പാലും മുട്ടയും ഉൾപ്പെടെ മൃഗങ്ങളിൽ നിന്നുമുള്ള ഉൽപ്പന്നങ്ങളെല്ലാം നന്നായി വേവിച്ച് കഴിക്കുന്നതിൽ യാതൊരു വിധ ആരോഗ്യഭീഷണിയുമില്ല.
* തുമ്മലോ ചുമയോ ഉള്ളവർ കൈമുട്ടിനകത്തേക്ക് തുമ്മുകയും ചുമയ്‌ക്കുകയും ചെയ്യുക. കർച്ചീഫിന് പകരം ടിഷ്യു പേപ്പർ ഉപയോഗിക്കുക. ഓരോ തവണയും തുമ്മിയ ശേഷം പേപ്പർ വേസ്‌റ്റ് ബാസ്‌ക്കറ്റിൽ കളയുക. കൈ നന്നായി സോപ്പിട്ട് കഴുകുക.
* നിലത്ത് തുപ്പുന്നത് പാടേ ഒഴിവാക്കുക. വാസ്‌ബേസിനിലോ തുപ്പാനുള്ള ഇടങ്ങളിലോ മാത്രം തുപ്പി ധാരാളം വെള്ളമൊഴിച്ച് കളയുക.
* പനിയും മൂക്കൊലിപ്പും തുമ്മലുമുള്ളവർ പൊതുപരിപാടികളിൽ നിന്ന് വിട്ട് നിൽക്കുക. കുഞ്ഞുങ്ങളെ സ്‌കൂളിൽ അയക്കുന്നതും രോഗം മാറിയിട്ട് മതി.
* കൈ ഇടക്കിടെ സോപ്പിട്ട് കഴുകുക. ആരോഗ്യപ്രവർത്തകരും രോഗികളെ പരിപാലിക്കുന്നവരും ഓരോ തവണ രോഗിയുമായി നേരിട്ട് സമ്പർക്കമുണ്ടായ ശേഷവും ആൽക്കഹോൾ അടങ്ങിയ ഹാന്റ് റബ് ഇട്ട് കൈ വൃത്തിയാക്കുക.
* ഭക്ഷണം ഉണ്ടാക്കുന്നതിനും ടോയ്‌ലറ്റിൽ പോകുന്നതിനും മൃഗങ്ങളെ പരിപാലിക്കുന്നതിനും മുൻപും ശേഷവും കൈ സോപ്പിട്ട് വൃത്തിയാക്കുക.
* രോഗബാധിതപ്രദേശങ്ങളിലേക്കുള്ള യാത്രകൾ സാധിക്കുന്നത്ര കുറയ്‌ക്കുക. ചൈനയിൽ നിന്നും നേരിട്ടല്ലാത്ത ഫ്ലൈറ്റുകളിൽ ഇന്ത്യയിൽ എത്തിയവരിൽ ചിലരെങ്കിലും എയർപോർട്ടിൽ റിപ്പോർട്ട് ചെയ്യാതെ പോയിരിക്കാം. ആരോഗ്യസംവിധാനത്തിന് മുൻപിൽ ഹാജറാകേണ്ടത് സ്വന്തം കടമയായി കണ്ട് കൊണ്ട് വേണ്ടപ്പെട്ടവരെ അറിയിച്ച് സ്വയവും സമൂഹത്തെയും രക്ഷിക്കുക.
* നിലവിൽ ഈ രോഗത്തിന് ചികിത്സയില്ല. കലങ്ങിയ വെള്ളത്തിൽ മീൻ പിടിക്കാൻ ഇറങ്ങിയിരിക്കുന്ന കപടചികിത്സകരെ തിരിച്ചറിയുക. ഇങ്ങനെയൊരു രോഗമേ ഇല്ല എന്ന് വിളിച്ച് കൂവുന്ന കപടമുഖങ്ങളെല്ലാം വീടിനകത്തുള്ള സുരക്ഷിതത്വത്തിലാണ് നെഗളിക്കുന്നത് എന്നറിയുക. നമ്മൾ ചെവി കൊടുക്കേണ്ടത് നമുക്കായി നില കൊള്ളുന്ന നമ്മുടെ ആരോഗ്യസംവിധാനത്തിന്റെ വാക്കുകൾക്ക് വേണ്ടി മാത്രമാണ്.
* ജാഗ്രതയോടെ ഒറ്റക്കെട്ടായിരിക്കുക. മുൻ മാതൃകകളില്ലാതെ നിപ്പയുടെ കടൽ പോലും ഒന്നിച്ച് തുഴഞ്ഞ് കരേറിയ കരളുറപ്പുള്ള കേരളമാണ്. ഇതും തീർച്ചയായും കടന്ന് പോകും.