ഗരുഡയും ഐരാവതും രണ്ടും കെ എസ് ആര്‍ ടി സിയുടേതാണ്‌. ഗരുഡ കേരളത്തിന്‌ സ്വന്തം. ഐരാവതം കര്‍ണാടകത്തിന്റേതും. തിരുവനന്തപുരത്തു നിന്നും ബാംഗ്ലൂരിലേക്കും തിരിച്ചും രണ്ട് കോര്‍പ്പറേഷനുകളും ഒരോ വണ്ടികല്‍ വീതം ഓടിക്കുന്നുണ്ട്. (കര്‍ണാടകം ചിലപ്പോള്‍ മൈസൂര്‍ക്കുള്ള വോള്‍വോ ബാംഗ്ലൂര്‍ വരെ ഓടിക്കാറുമുണ്ട്.)ഈ വണ്ടികളില്‍ സ്ഥിരമായി യാത്ര ചെയ്യുന്ന ആളുകളില്‍ നിന്നും ഞങ്ങള്‍ക്കു ലഭിച്ച പ്രതികരണങ്ങളില്‍ നിന്നാണ്‌ ഈ ലേഖനം എഴുതുന്നത്.

Description Garuda Airavat
Via Salem Salem
Full Fare (Including Res) 840 815
Child Fare NA 560
Blanket NA Yes
Mineral Water NA Yes
TV Ordinary LCD
Fare From Kollam To BGLR 840 789
Fare From Alappuzha To BGLR 840 727

മുകളില്‍ കൊടുത്തിരിക്കുന്ന താരതമ്യം കാണുമ്പോള്‍ തന്നെ ഒരു ഏകദേശ രൂപം പിടി കിട്ടും. രണ്ട് വണ്ടികളും സേലം, കോയമ്പത്തൂര്‍, എറണാകുളം, ആലപ്പുഴ കൊല്ലം വഴിയാണ്‌ ഓടുന്നത്. ഒരേ ദൂരം സഞ്ചരിക്കുന്ന ഒരേ തരത്തിലുള്ള ഈ വണ്ടികളുടെ നിരക്കില്‍ നിന്ന് തന്നെ നമുക്ക് തുടങ്ങാം. ഗരുഡയ്ക്ക് 840, ഐരാവതിന്‌ 815. രണ്ടും റിസര്‍വേഷന്‍ ചാര്‍ജ്ജ് ഉള്‍പ്പെടെ. ഐരാവതില്‍ യാത്ര ചെയ്യുന്നവന്‌ 25 രൂപ ലാഭം.

സപ്പോസ് ഇപ്പോള്‍ നിങ്ങള്‍ കുടുംബ സമേതമാണ്‌ യാത്ര ചെയ്യുന്നതെന്നിരിക്കട്ടെ, നിങ്ങളുടെ കുട്ടിക്ക് ഗരുഡയില്‍ സീറ്റ് റിസര്‍വ്വ് ചെയ്യണമെങ്കില്‍ 840 രൂപയും നല്‍കി രസീത് വാങ്ങണം. എന്നാല്‍ ഐരാവതില്‍ 560 രൂപ മാത്രം നല്‍കിയാല്‍ മതിയാകും. അവിടെയും ലാഭം യാത്രക്കാരന്‌.

വണ്ടി രണ്ടും വോള്‍വോ ആണല്ലോ, രാത്രിയാകുമ്പോള്‍ തണുപ്പ് അസഹ്യമാകും. പ്രത്യേകിച്ചും കൊച്ചു കുട്ടികള്‍ക്കും പ്രായമുള്ളവര്‍ക്കുമൊക്കെ. ഐരാവതില്‍ യാത്ര ചെയ്യുന്നവരെ കര്‍ണാടക ആര്‍ ടി സി ബ്ലാങ്കറ്റ് നല്‍കി തണുപ്പു മാറ്റുമ്പോള്‍ കേരളാ ആര്‍ ടി സി എന്തു ചെയ്യും? ഏസിയുടെ തണുപ്പ് കുറയ്ക്കാനുള്ള സംവിധാനം ഉള്ളതു കൊണ്ട് യാത്രക്കാര്‍ രക്ഷപ്പെടും. രാത്രിയാകുമ്പോള്‍ പുതയ്ക്കാനായി ബ്ലാങ്കറ്റ് ചോദിക്കുന്ന ചേട്ടന്‍മാരോട് നമ്മുടെ ഗരുഡയിലെ സ്റ്റാഫ് ഒട്ടും കൂസലില്ലാതെ “ബ്ലാങ്കറ്റോ, അതു നമുക്കില്ല, അത് ഐരാവതില്‍ മാത്രം കിട്ടുന്ന സാധനമാണ്‌” എന്നൊക്കെ പറയുന്നത് ധാരാളം കേട്ടിട്ടുണ്ട്.

ഐരാവതില്‍ യാത്ര ചെയ്യുന്ന യാത്രക്കരെ കര്‍ണാടകാ ആര്‍ ടി സി ഒരു കുപ്പി മിനറല്‍ വാട്ടര്‍ നല്‍കി സ്വീകരിക്കുന്നു. ഗരുഡയില്‍ അതുമില്ല. ഇവിടെ അതു കൊടുക്കാത്തതു കാരണം ലാഭം കേരളാ ആര്‍ ടി സിയ്ക്ക്.

ഐരാവതില്‍ യാത്ര ചെയ്യുമ്പോള്‍ നല്ല പൊളപ്പന്‍ സിനിമകള്‍ എല്‍ സി ഡി ടീവിയിലൂടെ കണ്ട് ആസ്വദിക്കാം. എന്നാല്‍ ഗരുഡയില്‍ ഒരു സാധാരണ ടെലിവിഷനും വല്ലപ്പോഴും മാത്രം (വി സി ഡി മാത്രം) പ്ലേ ആകുന്ന ഒരു പ്ലേയറുമാണുള്ളത്.

ബാംഗ്ലൂരില്‍ നിന്ന് കേരളത്തിലേക്കാണ്‌ നിങ്ങള്‍ യാത്ര ചെയ്യുന്നതെങ്കില്‍ ത്രിശ്ശൂര്‍, എറണാകുളം, ആലപ്പുഴ, കായംകുളം, കൊല്ലം എന്നിവിടങ്ങളില്‍ ഇറങ്ങുന്നതിനായി രണ്ട് വണ്ടികളിലും അതാതു സ്ഥലങ്ങളിലേക്കുള്ള നിരക്കുകള്‍ നല്‍കിയാല്‍ മതി.

എന്നാല്‍ ഗരുഡയില്‍, നിങ്ങള്‍ കൊല്ലത്തു നിന്നോ, ആലപ്പുഴയില്‍ നിന്നോ, എറണാകുളത്തു നിന്നോ കയറുന്നതിനായി ടിക്കറ്റ് ബുക്ക് ചെയ്യണമെങ്കില്‍ തിരുവനന്തപുരത്തു നിന്നുമുള്ള നിരക്കായ 840 രൂപയും കൊടുക്കേണ്ടതായി വരുന്നു.  ബുക്കിംഗ് ഇല്ലാതെ കയറുകയാണെങ്കില്‍ കയറിയ സ്ഥലത്തു നിന്നുള്ള ഫെയര്‍ നല്‍കിയാല്‍ മതിയാകും.

അതേ സമയം കന്നടക്കാരന്റെ വണ്ടിയില്‍ കൊല്ലം ബാംഗ്ലൂര്‍ നിരക്ക് 789 രൂപയും ആലപ്പുഴ ബാംഗ്ലൂര്‍ നിരക്ക് 727 രൂപയും കൊടുത്ത് ടിക്കറ്റുകള്‍ മുന്‍കൂട്ടി റിസര്‍വ്വ് ചെയ്ത് യാത്ര ചെയ്യാം.

കേരളാ ആര്‍ ടി സിയുടെ ഗരുഡയേ സംബന്ധിച്ച് മികച്ചതെന്ന് അവകാശപ്പെടാനായിട്ട് ആകെയുള്ളത് അതിന്റെ സമയ ക്ലിപ്തതയും വേഗതയും മാത്രമാണ്‌. എന്നാല്‍ ഐരാവത് ഇക്കാര്യത്തിലും ഒട്ടും പിറകിലല്ല എന്നും നാം ഓര്‍ക്കണം. ഭാവിയില്‍ മേഴ്സിഡസ് ബെന്‍സും മള്‍ട്ടി ആക്സില്‍ വോള്‍വോയുമൊക്കെ കര്‍ണാടകാ ആര്‍ ടി സി തിരുവനന്തപുരത്തേക്കോടിച്ചേക്കാം. ഇതൊക്കെ കണ്ട് തിരുവനന്തപുരത്തുള്ളവര്‍ മതിമറന്നാഘോഷിക്കട്ടെ.

കെ എസ് ആര്‍ ടി സി – സുഖ യാത്ര – സുരക്ഷിത യാത്ര

Which bus will you prefer from Thiruvananthapuram to Bangalore?

SHARE