വടക്കൻ കേരളത്തിലെ ബസ് പ്രേമികൾക്ക് എന്നും ഒരു വികാരമാണ് ഗീത. ഗീതയുടെ കഥയിലേക്ക് ഒരു എത്തിനോട്ടം. അതാണ് ഈ ലേഖനം.
1969 – 70 കാലഘട്ടത്തിൽ കണ്ണൂർ ജില്ലയിലെ കൂത്ത്പറമ്പുള്ള വേങ്ങാട് എന്ന സ്ഥലത്തെ ഒരക്കൻ വീട്ടിൽ കൃഷ്ണൻ എന്ന വ്യക്തിയാണ് ഗീത ട്രാൻസ്‌പോർട്ട് രൂപീകരിച്ചത്. മകളുടെ പേരായ ഗീത എന്നായിരുന്നു കൃഷ്ണൻ തന്റെ ബസ് സർവ്വീസിന് പേര് നൽകിയത്.
കൃഷ്ണന്റെ മക്കളായ പ്രദീപൻ, രാജൻ എന്നിവരായിരുന്നു പിന്നീട് കണ്ണൂരിന്റെ റോഡ് പൊതുഗതാഗതത്തിന്റെ ഭാവി തന്നെ നിശ്ചയിച്ച ഗീതയുടെ തലപ്പത്തുണ്ടായിരുന്നത്. ഏകദേശം 48 പെർമിറ്റുകൾ ഇവരുടെ കയ്യിൽ ഉണ്ടായിരുന്നു. ഇവയിൽ പല പെർമിറ്റുകളും ഉണ്ടാക്കിയത് ഇവർ തന്നെയായിരുന്നു. ബസുകൾക്ക് ഫാൻസി നമ്പർ ഇടുന്നത് വ്യാപകമാക്കിയതും ഗീതയാണ്.
ഒരു കാലത്ത് കണ്ണൂർ ജില്ലയിൽ മൊത്തമായും തന്നെ ഗീതയുടെ ബസുകൾ ഓടിയിരുന്നു. കണ്ണൂരിന് പുറമേ കാസർഗോഡിനും കോഴിക്കോടിനും പാലക്കാടിനും തൃശൂർക്കും ഗുരുവായൂരിനും ഒക്കെ ഗീതയുടെ ബസുകൾ സർവ്വീസ് നടത്തി. ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ്, ഫാസ്റ്റ് പാസഞ്ചർ, സൂപ്പർഫാസ്റ്റ് പെർമിറ്റുകൾ ഒക്കെ ഗീത കൈകാര്യം ചെയ്തിരുന്നു.
1996 മുതൽ 2003 വരെ ഉള്ള സമയം. ഗീത എന്ന നാമം കോഴിക്കോടൻ ബസിനു പര്യായം ആയ കാലം… കണ്ണൂര് നിന്നും തൃശൂർ എന്നാൽ ഗീത എന്ന് പറയാവുന്ന ഒരു കാലം. ഗീത ഗ്രൂപ്പിന്റെ ഏറ്റവും വലിയ ആകർഷണീയത അവർ തങ്ങളുടെ ബസ്സുകൾക്ക് നൽകുന്ന പേരുകളായിരുന്നു. കർണൻ, കാദംബരി, നീലാംബരി, നെപ്പോളിയൻ, കണ്ണകി, ചാണക്യൻ, പാർത്ഥൻ, ശക്തി, ഭൂപതി, കബനി, ഭീഷ്മർ, പ്രജാപതി, ഇന്ദ്രജിത്ത്, ചക്രവർത്തി തുടങ്ങി വ്യത്യസ്തമായ പേരുകളുമായി നിരവധി പെർമിറ്റുകൾ ഗീത ട്രാൻസ്പോർട്ടിന്റേതായി പറന്നു നടന്നു.
ബന്തടുക്ക – ഗുരുവായൂർ, തലപ്പാടി – തൃശൂർ, പേരാവൂർ – കോഴിക്കോട്, പയ്യന്നൂർ – തൃശൂർ, പയ്യന്നൂർ – കോഴിക്കോട്, പുളിങ്ങോം – തൃശൂർ, കമ്പല്ലൂർ – കോഴിക്കോട്, പറശ്ശിനിക്കടവ് – തൃശൂർ, പറശ്ശിനിക്കടവ് – കോഴിക്കോട്, പറശിനിക്കടവ് – ഗുരുവായൂർ, കണ്ണൂർ – തൃശൂർ, കണ്ണൂർ – ഗുരുവായൂർ, കണ്ണൂർ – കോഴിക്കോട്, മുള്ളമ്പത്ത് – കോഴിക്കോട്, കണ്ണൂർ – കൂത്തുപറമ്പ്, വേങ്ങാട് – ഗുരുവായൂർ, വേങ്ങാട് – കോഴിക്കോട്, മട്ടന്നൂർ – ഗുരുവായൂർ, ആറളം – കോഴിക്കോട്, ചന്ദനക്കാംപാറ – കോഴിക്കോട്, പറശ്ശിനിക്കടവ് – പാലക്കാട്, വടകര – കോഴിക്കോട്, കൂത്തുപറമ്പ് – കോഴിക്കോട്, കൂത്തുപറമ്പ് – മട്ടന്നൂർ, ആയിത്തറ – വേങ്ങാട്, കൊട്ടിയൂർ – കോഴിക്കോട്, പേരാവൂർ – കോഴിക്കോട് എന്നിവയായിരുന്നു ഗീത ട്രാൻസ്‌പോർട്ട് ബസ്സുകൾ വാണിരുന്ന റൂട്ടുകൾ.
പകല്‍ സമയം കേരളത്തിലൂടെ ഏറ്റവും കൂടുതല്‍ ദൂരം സര്‍വീസ് നടത്തുന്ന പ്രൈവറ്റ് ബസ്സ് എന്ന ഖ്യാതി ഉണ്ടായിരുന്ന സര്‍വീസാണ് ഗീതയുടെ കാളിന്ദി. പുലര്‍ച്ചെ നാലിനു കാസര്‍ഗോഡില്‍ നിന്നും വിട്ടാല്‍ രാത്രി പന്ത്രണ്ടു മണിയോടെ അതേ സ്ഥലത്ത് തിരിച്ചെത്തുന്നതു വരെ വിശ്രമം എന്ന വാക്കിനു ഇവളുടെ നിഘണ്ടുവില്‍ ഇടമില്ലായിരുന്നു.
ഏകദേശം 2010 വരെ ഗീത എന്ന നാമധേയം ദേശീയപാത 17 നെ അക്ഷരാർഥത്തിൽ ഭരിക്കുകയായിരുന്നു. രാജൻ മുതലാളിയുടെ വിയോഗത്തിന് കൃത്യം ഒരാണ്ട് കഴിയുമ്പോഴേക്കും 48 ൽ നിന്നും 24 ലേക്കും പിന്നീട് 12 എന്നതിലേക്കും ഗീതയുടെ ബസുകൾ ചുരുങ്ങി. പുതിയ ഗതാഗത സാഹചര്യങ്ങളും മറ്റും ഗീതയെ ഇതിൽ നിന്ന് പിന്തിരിയാൻ കാരണമാക്കി. റെയിൽവേ ഇരട്ട പാത, കെഎസ്ആർടിസിയുടെ കടന്നുകയറ്റം തുടങ്ങി ആർക്കും അറിയാത്ത ചില കാര്യങ്ങളും കൂടിയായപ്പോൾ ഗീത ട്രാൻസ്‌പോർട്ട് പതിയെ കളം വിടുകയായിരുന്നു.
ധാരാളം പുതിയ മുതലാളിമാർ ഈ റൂട്ടിൽ വന്നതോടെ ഗീതയെ പോലെ തറവാടിത്തതോടെ സർവീസ് നടത്തിയവർക്ക് ഒതുങ്ങി നിൽക്കേണ്ടി വന്നു. പല പെർമിറ്റുകളും വിറ്റു. വിൽക്കാത്ത പെർമിറ്റുകൾ ഏറെ. ഓടാത്ത പെർമിറ്റുകൾ വേറേയും. എങ്കിലും പൂർണ്ണമായും ഗീത നിരത്തിൽ നിന്നും പിന്മാറിയിട്ടില്ല. ഇന്ന് ചില റൂട്ടുകളിൽ ഗീത സർവ്വീസ് നടത്തുന്നുണ്ട്.
പഴയ തട്ടകത്തിലേക്ക് ഇനിയൊരു മടങ്ങിവരവ് ഗീതയ്ക്ക് ഉണ്ടാകുമോ എന്നറിയില്ല, എങ്കിലും വടക്കൻ കേരളത്തിൽ ഗീത ഉണ്ടാക്കിയ ഓളം ഒന്നും ഇതുവരെ ആരും ഉണ്ടാക്കിയിട്ടില്ല എന്നു തന്നെ പറയാം.
കടപ്പാട് – മാർട്ടിൻ അച്ചായൻ, രാഹു പ്രസാദ്, ബസ് കേരള.