ഇന്ത്യയിൽ സാധാരണക്കാർ കൂടുതലായി വിമാനയാത്രകൾ ചെയ്തു തുടങ്ങിയത് എയർ ഏഷ്യയുടെ വരവോടെയാണ്. ഈ എയർ ഏഷ്യയുടെ അധികമാർക്കും അറിയാത്ത ചരിത്രവും വിശേഷങ്ങളുമാണ് ഇനി പറയുവാൻ പോകുന്നത്.
പേര് പോലെത്തന്നെ ഒരു മലേഷ്യൻ ലോകോസ്റ്റ് എയർലൈൻസ് ആണ് എയർ ഏഷ്യ. 1993 ലാണ് എയർ ഏഷ്യ സ്ഥാപിക്കപ്പെട്ടത് എങ്കിലും പ്രവർത്തനങ്ങൾ തുടങ്ങിയത് 1996 ലായിരുന്നു. DRB-HICOM എന്ന സർക്കാർ ഉടമസ്ഥതയിലുള്ള കോർപ്പറേഷൻ ആയിരുന്നു എയർ ഏഷ്യയുടെ സ്ഥാപകർ. ക്വലാലംപൂർ ഇന്റർനാഷണൽ എയർപോർട്ടായിരുന്നു എയർ ഏഷ്യയുടെ പ്രധാന ഹബ്ബ്.
ഇന്നു കാണുന്നതുപോലത്തെ ചുവന്ന നിറമുള്ള മനോഹരമായ വിമാനങ്ങളായിരുന്നില്ല തുടക്ക കാലത്ത് എയർ ഏഷ്യയിൽ ഉണ്ടായിരുന്നത്. ഇരുണ്ട നീലയും വെള്ളയും അതിനിടയിൽ ഒരു ഇളംപച്ച ലൈനോടു കൂടിയതുമായിരുന്നു എയർ ഏഷ്യയുടെ പഴയ ലിവെറി.
പ്രത്യേകിച്ച് ലാഭമൊന്നുമില്ലാതെ കടക്കെണിയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന എയർ ഏഷ്യയെ 2001 സെപ്റ്റംബർ 8 നു മലേഷ്യൻ ബിസിനസ്സുകാരായ ടോണി ഫെർണാണ്ടസും കമറുദീൻ മെറാനുനും ചേർന്ന് ഏറ്റെടുത്തു. അങ്ങനെ 2002 ൽ ക്വലാലംപൂരിൽ നിന്നും എയർ ഏഷ്യ പുതിയ റൂട്ടുകളിലേക്ക് സർവ്വീസുകൾ ആരംഭിച്ചു. അക്കാലത്ത് മലേഷ്യൻ ഏവിയേഷൻ രംഗത്ത് ഒരു കുത്തകയായിരുന്ന മലേഷ്യ എയർലൈൻസിനു ഒരടിയായിരുന്നു എയർ ഏഷ്യയുടെ കുറഞ്ഞ ടിക്കറ്റ് നിരക്കിലുള്ള സർവ്വീസുകൾ.
2003 ൽ മലേഷ്യയിലെ ജോഹർ ബഹ്‌റുവിലെ സേനായ് ഇന്റർനാഷണൽ എയർപോർട്ടിൽ തങ്ങളുടെ രണ്ടാമത്തെ ഹബ്ബ് തുറക്കുകയും അവിടെ നിന്നും തങ്ങളുടെ ആദ്യത്തെ ഇന്റർനാഷണൽ സർവ്വീസ് ആരംഭിക്കുകയും ചെയ്‌തു. തായ്‌ലൻഡിലെ ബാങ്കോക്കിലേക്ക് ആയിരുന്നു എയർ ഏഷ്യയുടെ ആദ്യത്തെ ഇന്റർനാഷണൽ സർവ്വീസ്.
2004 ഫെബ്രുവരിയിൽ തായ്‌ലൻഡ് കമ്പനിയായ ഏഷ്യ ഏവിയേഷനുമായി ചേർന്ന് ബാങ്കോക്ക് കേന്ദ്രമാക്കി തായ് എയർഏഷ്യ എന്ന പേരിൽ എയർ ഏഷ്യയുടെ ഒരു സബ് എയർലൈൻ കൂടി സ്ഥാപിതമായി. അതേപോലെ ഇൻഡോനേഷ്യയിലെ ജക്കാർത്ത ആസ്ഥാനമാക്കി ഇൻഡോനേഷ്യ എയർ ഏഷ്യ എന്ന പേരിലും സർവ്വീസുകൾ ആരംഭിച്ചു.
2004 ൽത്തന്നെ സിംഗപ്പൂർ, ഇൻഡോനേഷ്യ, മക്കാവു 2005 ൽ ചൈന, ഫിലിപ്പീൻസ്, വിയറ്റ്‌നാം എന്നിവിടങ്ങളിലേക്കും 2006 ൽ ബ്രൂണെ, മ്യാന്മാർ എന്നിവിടങ്ങളിലേക്കും എയർഏഷ്യ സർവ്വീസുകൾ ആരംഭിച്ചു.
2006 ൽ മലേഷ്യ എയർലൈൻസിന്റെ ലോക്കൽ വിമാനറൂട്ടുകളിൽ ചിലത് എയർ ഏഷ്യ ഏറ്റെടുക്കുകയും, ആ റൂട്ടുകളിൽ ഫ്‌ളൈ ഏഷ്യൻ എക്പ്രസ്സ് എന്ന ബ്രാൻഡിൽ സർവ്വീസുകൾ തുടങ്ങുകയും ചെയ്തു. എന്നാൽ വലിയ ലാഭമൊന്നും നേടാതിരുന്നതിനാൽ ഒരു വർഷത്തിനു ശേഷം ഈ റൂട്ടുകളിലെ സർവ്വീസുകൾ മറ്റൊരു മലേഷ്യൻ എയർലൈനായ MASwings നു കൈമാറുകയാണുണ്ടായത്.
ഇന്റർനാഷണൽ റൂട്ടുകളിൽ എയർ ഏഷ്യ തങ്ങളുടെ വിജയക്കൊടി പറിച്ചുകൊണ്ട് മുന്നേറിക്കൊണ്ടിരുന്നു. 2008 ൽ 106 പുതിയ റൂട്ടുകൾ കൂടി എയർ ഏഷ്യ പ്രഖ്യാപിക്കുകയുണ്ടായി. 2013 ൻ്റെ തുടക്കത്തിൽ എയർ ഏഷ്യയുടെ ലാഭം 168% ആയി വർദ്ധിച്ചു.
2013 ഫെബ്രുവരിയിൽ ഇന്ത്യൻ സർക്കാർ 49% വരെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിനു അനുമതി നൽകിയപ്പോൾ, ഇന്ത്യയിൽ പ്രവർത്തനമാരംഭിക്കാനുള്ള അനുമതിക്കായി Indian Foreign Investment Promotion Board നു മുമ്പാകെ എയർ ഏഷ്യ അപേക്ഷ സമർപ്പിച്ചു.
2013 മാർച്ചിൽ ടാറ്റ സൺസ്, ടെലസ്ട്ര ട്രേഡ്പ്ലേസ് എന്നീ കമ്പനികളുമായി ഒരു സംയുക്ത സംരംഭം ആരംഭിക്കുന്നുവെന്നു എയർ ഏഷ്യ പ്രഖ്യാപിച്ചു. ഈ സംരംഭത്തിൽ എയർ ഏഷ്യയ്ക്ക് 49% വും, ടാറ്റാ സൺസിനു 30% വും, ടെലസ്ട്ര ട്രേഡ്പ്ലേസിനു 21% വുമായിരുന്നു ഓഹരികൾ.
അങ്ങനെ 2013 മാർച്ച് 28 നു എയർ ഏഷ്യ ഇന്ത്യ എന്ന പേരിൽ അനുബന്ധ കമ്പനി സ്ഥാപിതമായി. ഇന്ത്യയിൽ അനുബന്ധ കമ്പനി സ്ഥാപിക്കുന്ന ആദ്യ വിദേശ എയർലൈൻ ആയിരുന്നു എയർ ഏഷ്യ. എയർലൈൻ രൂപീകരണത്തിനു മുമ്പ്, രത്തൻ ടാറ്റ എയർലൈനിൻറെ ചെയർമാൻ ആകണമെന്നാണ് തൻറെ ആഗ്രഹമെന്നു ടോണി ഫെർണാണ്ടസ് അറിയിച്ചിരുന്നങ്കിലും ഇതിനു രത്തൻ ടാറ്റ സമ്മതം മൂളിയില്ല. എങ്കിലും പിന്നീട് എയർ ഏഷ്യ ഭരണ സമിതിയുടെ മുഖ്യ ഉപദേഷ്ടാവാകാൻ അദ്ദേഹം സമ്മതിച്ചു.
2013 ഏപ്രിലിൽ ‘എയർ ഏഷ്യ ഇന്ത്യ’യിലേക്ക് പൈലറ്റ്, കാബിൻക്രൂ തുടങ്ങിയ ജീവനക്കാരെ തിരഞ്ഞെടുക്കുവാൻ ആരംഭിച്ചു. പാസഞ്ചർ സർവ്വീസ് ആരംഭിക്കുന്നതിനുള്ള അനുമതി ലഭിക്കുന്നതിനായി 2014 മെയ് 1, 2 തീയതികളിൽ എയർ ഏഷ്യ ഇന്ത്യയിൽ പരീക്ഷണപ്പറക്കലുകൾ നടത്തുകയുണ്ടായി. ചെന്നൈയിൽ നിന്നും കൊച്ചി, ബെംഗളൂരു, കൊൽക്കത്ത എന്നിവിടങ്ങളിലേക്കായിരുന്നു അന്ന് പരീക്ഷണപ്പറക്കൽ നടത്തിയത്.
അങ്ങനെ മെയ് ഏഴാം തീയതി എയർ ഏഷ്യ ഇന്ത്യയ്ക്ക് സർവ്വീസുകൾ നടത്തുന്നതിനായി DGCA യുടെ എയർ ഓപ്പറേറ്റർ പെർമിറ്റ് ലഭിച്ചു. ചെന്നൈ ഇന്റർനാഷണൽ എയർപോർട്ട് പ്രധാന ഹബ്ബാക്കി ടയർ 2, ടയർ 3 നഗരങ്ങളിലേക്കു പ്രവർത്തനം ആരംഭിക്കാനാണ് എയർ ഏഷ്യ ആദ്യം പദ്ധതിയിട്ടത്. എന്നാൽ പിന്നീട് അവസാന നിമിഷത്തിൽ അത് ബെംഗളൂരുവിലേക്ക് മാറ്റുകയാണുണ്ടായത്.
അങ്ങനെ 2014 ജൂൺ 12 നു എയർ ഏഷ്യ ഇന്ത്യയിലെ തങ്ങളുടെ ആദ്യ വിമാന സർവ്വീസ് നടത്തി. ബെംഗളൂരുവിൽ നിന്നും ഗോവയിലേക്ക് ആയിരുന്നു ആദ്യത്തെ സർവ്വീസ്. പിന്നീട് കൊച്ചി, ചെന്നൈ, പൂനെ, ജയ്‌പൂർ എന്നിവിടങ്ങളിലേക്ക് എയർ ഏഷ്യ സർവ്വീസുകൾ വ്യാപിപ്പിച്ചു.
2015 ൽ ഡൽഹി ഇന്ദിരാഗാന്ധി എയർപോർട്ട് തങ്ങളുടെ ഇന്ത്യയിലെ രണ്ടാമത്തെ ഹബ്ബ് ആയി എയർ ഏഷ്യ പ്രഖ്യാപിച്ചു. പ്രധാനമായും വടക്കേ ഇന്ത്യയിലെ സർവ്വീസ് ഓപ്പറേഷനുകൾ സുഗമമായി നടത്തുന്നതിനു വേണ്ടിയായിരുന്നു ഇത്. 2015 ആഗസ്ത് മാസത്തിൽ ടാറ്റ സൺസ് എയർ ഏഷ്യ ഇന്ത്യയ്ക്കു മേൽ തങ്ങളുടെ ഓഹരികൾ 40.06% ആക്കി വർധിപ്പിച്ചു. ടെലസ്ട്രയുടെ ഓഹരി 10% ആയി കുറയുകയും ചെയ്തു.
2019 ൽ ഇന്ത്യയിലെ നാലാമത്തെ മികച്ച ലോകോസ്റ്റ് എയർലൈനായി എയർ ഏഷ്യ മാറി. ഇൻഡിഗോ, സ്പൈസ്ജെറ്റ്, ഗോ എയർ എന്നിവരായിരുന്നു ആദ്യ മൂന്നു സ്ഥാനങ്ങളിൽ ഉണ്ടായിരുന്നത്. ഇന്ത്യയിൽ 21 ഓളം ലക്ഷ്യസ്ഥാനങ്ങളിലേക്ക് എയർ ഏഷ്യ സർവ്വീസ് നടത്തുന്നുണ്ട്. ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർ ബാങ്കോക്ക്, ക്വലാലംപൂർ എന്നിവിടങ്ങളിലേക്ക് പോകുവാനായി പ്രധാനമായും ആശ്രയിക്കുന്നത് എയർ ഏഷ്യയെയാണ്.
ഓസ്‌ട്രേലിയ, ചൈന എന്നിവിടങ്ങളിലേക്ക് സർവ്വീസ് നടത്തുന്നതിനായി എയർ ഏഷ്യ എക്സ് എന്ന പേരിൽ ഒരു ബ്രാൻഡ് തന്നെയുണ്ടാക്കി എയർ ഏഷ്യ. ഇതു കൂടാതെ തായ് എയർ ഏഷ്യ, തായ് എയർ ഏഷ്യ എക്സ്, എയർ ഏഷ്യ ഇന്ത്യ, ഫിലിപ്പീൻസ് എയർ ഏഷ്യ, ഇൻഡോനേഷ്യ എയർ ഏഷ്യ എന്നിവയാണ് എയർ ഏഷ്യയുടെ നിലവിലുള്ള സഹോദര സംരംഭങ്ങൾ.
ധാരാളം അവാർഡുകൾ ഇക്കാലയളവിൽ എയർ ഏഷ്യയ്ക്ക് ലഭിച്ചിട്ടുണ്ട്. ലോകത്തിലെ മികച്ച ലോകോസ്റ്റ് എയർലൈനിനുള്ള സ്‌കൈട്രാക്സ് അവാർഡ് 11 വർഷമായി തുടർച്ചയായി എയർ ഏഷ്യയാണ് കരസ്ഥമാക്കിക്കൊണ്ടിരിക്കുന്നത്.
പ്രമുഖ എയർക്രാഫ്റ്റ് നിർമാതാക്കളായ എയർബസിൻ്റെ പ്രധാനപ്പെട്ട ഒരു കസ്റ്റമറാണ് എയർ ഏഷ്യ. എയർബസ് A320, A320 neo, A321 എന്നീ എയർക്രാഫ്റ്റുകളാണ് എയർ ഏഷ്യ തങ്ങളുടെ സർവ്വീസുകൾക്കായി ഉപയോഗിക്കുന്നത്.
ബഡ്‌ജറ്റ് ഇന്റർനാഷണൽ ടൂറുകൾ ഇത്രയധികം പ്രശസ്തമായത് എയർ ഏഷ്യയുടെ വരവോടെയാണെന്ന് നിസ്സംശയം പറയാം. സാധാരണക്കാരുടെ വിമാനയാത്രാ സ്വപ്നങ്ങൾ സഫലീകരിക്കുന്നതിനായി മികച്ച ഓഫറുകളും നൽകിക്കൊണ്ട് എയർ ഏഷ്യ ഇന്നും തങ്ങളുടെ യാത്രകൾ തുടരുന്നു.