ഇറാൻ രാജ്യത്തിൻ്റെ നാഷണൽ ഫ്‌ളാഗ് കാരിയർ ആണ് ഇറാൻ എയർ. ‘ദി എയർലൈൻ ഓഫ് ദി ഇസ്ലാമിക് റിപബ്ലിക്ക് ഓഫ് ഇറാൻ’ എന്നാണു ഇറാൻ എയറിൻ്റെ ഔദ്യോഗിക നാമം. മിഡിൽ ഈസ്റ്റിലെ ഏറ്റവും പഴക്കമേറിയതും, പഴക്കത്തിൽ ഏഷ്യയിലെ രണ്ടാം സ്ഥാനത്തുള്ളതുമായ ഇറാൻ എയറിന്റെ ചരിത്രം ഇങ്ങനെ…
1944 ൽ റിസ അഫ്ഷർ, ഘോലം ഇബ്തെഹാജ് എന്നിവർ ചേർന്ന് ഇറാനിയൻ എയർവെയ്‌സ് എന്നപേരിൽ ഒരു എയർലൈൻ കമ്പനി സ്ഥാപിച്ചു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഇറാനിയൻ എയർവെയ്സിന്റെ ആദ്യ സർവ്വീസ് ടെഹ്‌റാൻ മുതൽ മശാദ് വരെയായിരുന്നു. 1946 ൽ ഇറാനിയൻ എയർവെയ്‌സ് കെയ്‌റോ, ബാഗ്ദാദ്, ടെൽഅവീവ് എന്നിവിടങ്ങളിലേക്കും 1947 ൽ പാരീസിലേക്കും സർവ്വീസ് ആരംഭിച്ചു.
1945 നും 62 നും ഇടയിലുള്ള കാലഘട്ടത്തിൽ ഇറാനിയൻ എയർവെയ്‌സ് മികച്ച ആഭ്യന്തര സർവ്വീസുകൾ നടത്തിയും ആഴ്ചകളിൽ യൂറോപ്പിലേക്ക് സർവ്വീസുകൾ നടത്തിയും ശ്രദ്ധ നേടി. Douglas DC-3, Douglas DC-4, Vickers Viscount എന്നിവയായിരുന്നു അക്കാലത്ത് ഇറാനിയൻ എയർവെയ്‌സിൽ പ്രധാനമായും ഉണ്ടായിരുന്ന എയർക്രാഫ്റ്റുകൾ.
ഇതിനിടയിൽ 1954 ൽ പേർഷ്യൻ എയർ സർവ്വീസസ് എന്ന പേരിൽ ഒരു പ്രൈവറ്റ് എയർലൈൻ ഇറാനിൽ പ്രവർത്തനം ആരംഭിക്കുകയുണ്ടായി. ചരക്കു നീക്കങ്ങൾക്കായിരുന്നു പേർഷ്യൻ എയർ സർവ്വീസസ് ആദ്യകാലങ്ങളിൽ പ്രാധാന്യം കൊടുത്തിരുന്നതെങ്കിലും പിന്നീട് ടെഹ്‌റാനിനും ഇറാനിലെ പ്രധാന ലക്ഷ്യകേന്ദ്രങ്ങൾക്കുമിടയിൽ പാസഞ്ചർ സർവ്വീസുകളും അവർ തുടങ്ങി.
1960 ൽ പേർഷ്യൻ എയർ സർവ്വീസസ് യൂറോപ്പിലെ ജനീവ, പാരിസ്, ബ്രസ്സൽസ്, ലണ്ടൻ എന്നിവിടങ്ങളിലേക്ക് പാസഞ്ചർ സർവ്വീസുകൾ ആരംഭിച്ചു. പാട്ടത്തിനെടുത്ത Boeing 707, Douglas DC-7 എന്നീ എയർക്രാഫ്റ്റുകൾ ഉപയോഗിച്ചായിരുന്നു സർവ്വീസുകൾ.
1961 ൽ ഇറാനിയൻ എയർവെയ്‌സ് ദേശസാൽക്കരിക്കപ്പെട്ടു. അതേവർഷം തന്നെ ഇറാനിയൻ എയർവെയ്സും, പേർഷ്യൻ എയർ സർവ്വീസസും തമ്മിൽ യോജിപ്പിക്കുകയും, ഇറാനിയൻ നാഷണൽ എയർ കോർപ്പറേഷൻ അഥവാ ഇറാൻ എയർ എന്ന പേരിൽ പുതിയ എയർലൈൻ രൂപീകൃതമാകുകയും ചെയ്തു. Avro Yorks, Douglas DC-3s, Douglas DC-6s, Vickers Viscounts എന്നിവയായിരുന്നു ഇറാൻ എയറിൽ ആദ്യകാലത്ത് ഉപയോഗിച്ചിരുന്ന എയർക്രാഫ്റ്റുകൾ.
1964 ൽ ഇറാൻ എയർ International Air Transport Association അഥവാ IATA യിലെ ഒരു മുഴുവൻ സമയ അംഗമായി മാറി. 1965 ൽ ഇറാൻ എയറിലേക്ക് Boeing 707, Boeing 727-100 എന്നീ എയർക്രാഫ്റ്റുകൾ ഓർഡർ പ്രകാരം എത്തിച്ചേർന്നു. 1971 ൽ Boeing 737-200 മോഡൽ എയർക്രാഫ്റ്റ് ഇറാൻ എയർ സ്വന്തമാക്കി. പിന്നീട് ബോയിങ് 747 സീരീസിലെ 747-100, 747-200, 747SP എന്നിവയും ഇറാൻ എയർ വാങ്ങുകയുണ്ടായി. ഇതിൽ ബോയിങ് 747SP എന്ന മോഡൽ എയർക്രാഫ്റ്റ് ഉപയോഗിച്ച ആദ്യ എയർലൈൻ കൂടിയായിരുന്നു ഇറാൻ എയർ.
1970 ൻറെ മധ്യത്തോടെ ഇറാൻ എയർ യൂറോപ്പിലേക്ക് നോൺസ്റ്റോപ്പ് അടക്കമുള്ള സർവ്വീസുകൾ ആരംഭിക്കുകയുണ്ടായി. 1971 ൽ ടെഹ്റാനിൽ നിന്നും ന്യൂയോർക്ക് സിറ്റിയിലേക്ക് ലണ്ടൻ ഹീത്രൂ എയർപോർട്ട് വഴി ഇറാൻ എയർ സർവ്വീസ് ആരംഭിച്ചു. തുടക്കത്തിൽ ബോയിങ് 707 ഉപയോഗിച്ചായിരുന്നു സർവ്വീസ്. പിന്നീട് ബോയിങ് 747SP തങ്ങളുടെ ഫ്‌ലീറ്റിലേക്ക് എത്തിയതോടെ അവ ഉപയോഗിച്ച് ഇത് നോൺസ്റ്റോപ്പ് സർവ്വീസ് ആക്കി മാറ്റുകയും ചെയ്തു. 9,867 km പന്ത്രണ്ടേകാൽ മണിക്കൂർ കൊണ്ട് പിന്നിടുന്ന ഈ സർവ്വീസ് അന്ന് അക്കാലത്ത് ലോകറെക്കോർഡ് നേടുകയും ചെയ്‌തിരുന്നു.
70 കളുടെ അവസാനത്തോടെ ഇറാൻ എയർ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളർന്നുകൊണ്ടിരിക്കുന്ന അതോടൊപ്പം ലാഭത്തിൽ പ്രവർത്തിക്കുന്ന ഒരു എയർലൈനായി മാറി. 1976 ൽ ലോകത്തിലെ ഏറ്റവും സേഫ് ആയ, വിശ്വാസയോഗ്യമായ രണ്ടാമത്തെ എയർലൈൻ എന്ന പദവി നേടി. ഓസ്‌ട്രേലിയൻ എയർലൈനായ Qantas ആയിരുന്നു സുരക്ഷയിൽ ഒന്നാം സ്ഥാനത്ത്.
എന്നാൽ ഇറാൻ എയറിന്റെ നല്ല കാലത്തിനു ഒരവസാനം അധികം ദൂരത്തല്ലാതെ കാത്തിരിക്കുകയായിരുന്നു. പല കാരണങ്ങളാൽ പിന്നീട് ഇറാനു മേലുള്ള സാമ്പത്തിക ഉപരോധം കാരണം വികസിക്കാനോ പുതിയ വിമാനങ്ങൾ വാങ്ങാനോ ഇറാൻ എയറിന് സാധിച്ചില്ല. 2016-ൽ ആണവ സംബന്ധമായ ഉപരോധങ്ങൾ നീക്കുന്നതിനു മുമ്പ് ഇറാൻ എയറിന് പുത്തൻ വിമാനം ലഭിച്ചത് 1994-ൽ രണ്ട് എയർബസ് A300 ആണ്, ഇത് ലഭിച്ചത് 1988-ൽ ഇറാൻ എയർ ഫ്ലൈറ്റ് 655-നെ അമേരിക്കൻ യുദ്ധവിമാനം വെടിവെച്ചു വീഴ്ത്തിയതിനുള്ള നഷ്ടപരിഹാരമായിട്ടാണ്.
2001 ൽ തുർക്കിയിൽ നിന്നും ആറ് സെക്കൻഡ് ഹാൻഡ് Airbus A300 വിമാനങ്ങൾ ഇറാൻ എയർ വാങ്ങി. എന്നാൽ രണ്ടു വർഷത്തെ പറക്കലുകൾക്കു ശേഷം സാങ്കേതിക തകരാറുകൾ കാരണം ഈ 6 വിമാനങ്ങൾക്കും നിലത്തു തന്നെ കിടക്കേണ്ടി വന്നു.
2010 ൽ പല കാരണങ്ങളാലും ഇറാൻ എയർ വിമാനങ്ങൾക്ക് ചില രാജ്യങ്ങളിലെ എയർപോർട്ടുകളിൽ നിന്നും ഇന്ധനം നിറയ്ക്കുന്നത് നിഷേധിക്കപ്പെട്ടു. ഇറാൻ എയറിന്റെ Airbus A320, Boeing 727, Boeing 747 വിമാനങ്ങൾക്ക്, സുരക്ഷാ കാരണങ്ങളാൽ വിലക്ക് ഏർപ്പെടുത്തുമെന്ന് യൂറോപ്യൻ കമ്മീഷൻ പ്രഖ്യാപിച്ചു. ഈ നീക്കം ഇറാൻ എയറിന്റെ മുന്നോട്ടുള്ള കുതിപ്പിന് നല്ല രീതിയിൽ ക്ഷതം വരുത്തി.
എങ്കിലും തങ്ങളുടേതായ നിലപാടുകൾ വ്യക്തമാക്കിക്കൊണ്ട് ഇറാൻ എയർ തങ്ങൾക്ക് പറ്റുന്ന രീതിയിൽ സർവീസുകൾ തുടർന്നു. എയറോഫ്ലോട്ട്, ഓസ്ട്രിയൻ എയർലൈൻസ്, അസർബെയ്ജാൻ എയർലൈൻസ്, ലുഫ്താൻസ, ടർകിഷ് എയർലൈൻസ് എന്നിവയാണ് ഇറാൻ എയറുമായി കോഡ്ഷെയർ ധാരണകളുള്ള എയർലൈനുകൾ.
Airbus A300, Airbus A310, Airbus A319, Airbus A320, Airbus A321, Airbus A330, ATR 72, Fokker 100, MD-82, Boeing 747-200C/SF കാർഗോ എന്നിവയാണ് ഇറാൻ എയർ ഫ്‌ലീറ്റിൽ ഇന്നുള്ള എയർക്രാഫ്റ്റുകൾ.
ടെഹ്‌റാനിലെ മെഹ്രബാദ് എയർപോർട്ടിലാണ് ഇറാൻ എയറിൻറെ ആസ്ഥാനം. ടെഹ്‌റാൻ ഇമാം ഖോമെയ്നിയും ടെഹ്‌റാൻ മെഹ്രബാദുമാണ് അന്താരാഷ്‌ട്ര, ആഭ്യന്തര ഫ്ലൈറ്റുകളുടെ പ്രധാന ബേസുകൾ. ഇന്ത്യയിലെ മുംബൈ അടക്കം എഴുപതോളം ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഇറാൻ എയർ സർവ്വീസ് നടത്തുന്നുണ്ട്. പാസഞ്ചർ സർവീസുകൾക്ക് പുറമെ ഇറാൻ എയർ കാർഗോ സർവ്വീസുകളും നടത്തുന്നുണ്ട്. ഇറാൻ എയർ കാർഗോ ഷെഡ്യൂൾ സർവീസുകളും ചാർട്ടഡ് സർവീസുകളും നടത്തുന്നുണ്ട്.
പലതരത്തിലുള്ള പ്രതിസന്ധികളെയും നേരിട്ടുകൊണ്ട് ഇറാൻ എയർ ഇന്നും സർവ്വീസ് തുടരുന്നു…