Automotive

മാരുതി 800 : അധികമാർക്കും അറിയാത്ത ചില ചരിത്രം….

By Aanavandi

March 31, 2020

മാരുതി 800 ന്റെ മുപ്പത്തിയൊന്ന് വര്‍ഷത്തിനടുത്ത ചരിത്രത്തിലേയ്ക്ക് ഒന്നു കണ്ണോടിക്കാം.

ഈ ലേഖനത്തിനു കടപ്പാട് – ഹരിലാൽ (ചരിത്രാന്വേഷികൾ ഗ്രൂപ്പ്).

മാരുതി കാര്‍ കമ്പനിയുടെ ചരിത്രം തന്നെ പറഞ്ഞു തുടങ്ങാം. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പുത്രനായ സഞ്ജയ് ഗാന്ധിയായിരുന്നു മാരുതിയ്ക്ക് തുടക്കമിട്ടത്. ഇന്ത്യയില്‍ നിര്‍മ്മിച്ച ഒരു കാര്‍ എന്നതായിരുന്നു സഞ്ജയ് ഗാന്ധിയുടെ സ്വപ്നം. എന്നാല്‍ അതെങ്ങനെ യാഥാര്‍ഥ്യമാക്കാം എന്നതിനെപ്പറ്റി അദ്ദേഹത്തിനു വ്യക്തമായ അറിവുണ്ടായിരുന്നില്ല.

ബ്രിട്ടനിലെ റോള്‍സ് റോയ്സ് കമ്പനിയില്‍ സാധാരണ മെക്കാനിക്കിനുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്സ് മാത്രമായിരുന്നു സഞ്ജയ് ഗാന്ധിക്കു കാര്‍ നിര്‍മ്മാണത്തിനുള്ള യോഗ്യത. സഞ്ജയ് ഗാന്ധി മാനേജിങ് ഡയറക്ടറായി. ഹരിയാനയിലെ ഗുര്‍ഗാവില്‍ വ്യോമസേനയുടെ വക 157 ഏക്കര്‍ അടക്കം 300 ഏക്കര്‍ ഭൂമിയിലാണ് 1971 ജൂണില്‍ മാരുതി ആരംഭിച്ചത്.

സ്വദേശി കാറിന് വിദേശ എന്‍ജിന്‍ ഇറക്കുമതി കൂടാതെ ഇന്ത്യന്‍ നിര്‍മിത ഘടകങ്ങള്‍ ഉപയോഗിച്ചുള്ള കാര്‍ എന്ന ലക്ഷ്യവുമായി പിറന്ന മാരുതിയുടെ കാറിന് ആദ്യം ടു സ്ട്രോക്ക് എന്‍ജിനാണ് ഉദ്ദേശിച്ചിരുന്നത്. പിന്നീട് ആ തീരുമാനം മാറ്റി ഫോര്‍ സ്ട്രോക്ക് എന്‍ജിനാക്കി. അഹമ്മദാബാദിലെ വെഹിക്കിള്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്മെന്റ് എസ്റ്റാബ്ലിഷ്‍മെന്ററി ( വിആര്‍ഡിഇ ) ലേക്ക് ടെസ്റ്റിനായി അയച്ച കാറിലുണ്ടായിരുന്നത് ജര്‍മ്മനിയില്‍ നിന്ന് ഇറക്കുമതി ചെയ്ത എന്‍ജിനായിരുന്നു. 1974 ഫെബ്രുവരി 10 നാണ് പരീക്ഷണ ഓട്ടത്തിനുള്ള മാരുതി അഹമ്മദാബാദിലെത്തിയത്. . റോഡിലോടാന്‍ പറ്റിയതാണെന്ന സാക്ഷ്യപത്രം നേടുന്നതില്‍ പരാജയപ്പെടുകയായിരുന്നു.

കാറില്ലാതെ ഡീലര്‍ഷിപ്പ് : കാര്‍ നിര്‍മ്മിക്കുന്നതിന് മുമ്പുതന്നെ കമ്പനി ഡീലര്‍മാരെ ക്ഷണിച്ചിരുന്നു. നിക്ഷേപമായി ലക്ഷങ്ങള്‍ വാങ്ങി 1972 ല്‍ ഡീലര്‍ഷിപ്പ് നല്‍കിത്തുടങ്ങി. എണ്‍പത് ഡീലര്‍മാരില്‍ നിന്നായി രണ്ടര കോടി രൂപ കമ്പനി പിരിച്ചെടുത്തിരുന്നു. പണമടച്ച് അഞ്ചു വര്‍ഷത്തിനു ശേഷവും കാര്‍ കിട്ടിയില്ല, പണവും.

ഡീലര്‍ഷിപ്പിനുള്ള നിക്ഷേപം എത്രയെന്ന് നിജപ്പെടുത്തിയിട്ടില്ലെങ്കിലും ശരാശരി മൂന്നുലക്ഷം വീതം വാങ്ങിയിരുന്നു. വിപണിയില്‍ മേധാവിത്വമുള്ള അംബാസിഡര്‍ കാര്‍ നിര്‍മ്മാതാക്കള്‍ പോലും ഡീലര്‍ഷിപ്പിനായി 5,000 രൂപ മാത്രം നിക്ഷേപം വാങ്ങിയിരുന്ന കാലത്താണിത്.

കാറില്‍ തുടങ്ങി വിമാനം വരെ : കാര്‍ നിര്‍മ്മാണത്തിനായി തുടങ്ങിയ കമ്പനി പില്‍ക്കാലത്ത് റോഡ് റോളര്‍ , ട്രക്ക്, ക്രെയിന്‍ മുതല്‍ വിമാന നിര്‍മ്മാണത്തില്‍ വരെ കൈവച്ചു. കുറച്ചു കാലം ബസ്‍ ബോഡി നിര്‍മ്മാണവും നടത്തി. പക്ഷേ ഒന്നും ഗതി പിടിച്ചില്ല. കാറിനൊപ്പം സര്‍ക്കാരും കടപുഴകി വീഴുന്ന കാഴ്ചയാണ് പിന്നീടുണ്ടായത്. ശക്തമായ അഴിമതി ആരോപണങ്ങളുണ്ടായെങ്കിലും എല്ലാ കേസുകളിലും പില്‍ക്കാലത്ത് സഞ്ജയിയും ഇന്ദിരയും കുറ്റവിമുക്തരാക്കപ്പെട്ടു.

മാരുതിയുടെ പുതുജന്മം : സഞ്ജയ് ഗാന്ധി 1980 ല്‍ മരണമടഞ്ഞതോടെ മാരുതിയും അവസാനിച്ചെന്ന് പലരും കരുതി. പ്രധാനമന്ത്രിയായി വീണ്ടും ഇന്ദിരാഗാന്ധി അധികാരത്തിലേറിയതോടെ മാരുതിയ്ക്ക് പുതുജീവന്‍ വച്ചു. കമ്പനി ദേശസാല്‍ക്കരിക്കാനായി സര്‍ക്കാര്‍ തീരുമാനം. മാരുതി 1981 ഫെബ്രുവരിയില്‍ മാരുതി ഉദ്യോഗ് ലിമിറ്റഡ് എന്ന പൊതുമേഖലാ സ്ഥാപനമായി മാറി. ഓഹരി ഉടമകള്‍ക്ക് 434 ലക്ഷം രൂപ നഷ്ടരിഹാരമായി നല്‍കി. മാരുതിയുടെ ബാലാരിഷ്ടതകള്‍ പിന്നെയും അവസാനിച്ചിരുന്നില്ല. ഏതുതരം വാഹനം നിര്‍മ്മിക്കണം, ഏതു കമ്പനിയുമായി കൂട്ടു പിടിക്കണം എന്നീ കാര്യങ്ങളിലുണ്ടായ തര്‍ക്കം മാരുതിയുടെ പ്രയാണം പിന്നെയും മന്ദഗതിയിലാക്കി.

തുടക്കത്തില്‍ സുസൂക്കിയെ പങ്കാളിയാക്കുന്നതിനെപറ്റി ചിന്ത പോലുമുണ്ടായില്ല. റെനോ, പ്യൂഷോ, ഫോക്സ്‍വാഗന്‍ , ഫിയറ്റ്, നിസാന്‍ , മിത്‍സുബിഷി , ഹോണ്ട എന്നീ പേരുകളാണ് ഇതുസംബന്ധിച്ച ചര്‍ച്ചയില്‍ ഉയര്‍ന്നു കേട്ടത്. ആരും മാരുതി ഉദ്യോഗുമായി ഇടപാടിന് താല്‍പ്പര്യം കാട്ടിയില്ല. ജപ്പാന്‍ കമ്പനി സുസൂക്കി മാത്രമാണ് കൂട്ടുകെട്ടിന് സന്നദ്ധത പ്രകടിപ്പിച്ചത്. ഇരുപത്തിയാറ് ശതമാനം ഓഹരിയോടെ സാങ്കേതികവിദ്യ നല്‍കാമെന്ന് സുസൂക്കി സമ്മതിച്ചു.

സുസൂക്കിയുമായി ബന്ധമുണ്ടാക്കാന്‍ തീരുമാനമെടുത്തത് 1981 അവസാനമാണ്. ചെറിയ യാത്രാവാഹനങ്ങള്‍ മാത്രം നിര്‍മ്മിച്ചാല്‍ മതിയെന്നും തീരുമാനമായി. 1982 ഒക്ടോബറില്‍ സുസുക്കിയുമായി മാരുതി ഉദ്യോഗ് ലിമിറ്റഡ് കരാര്‍ ഒപ്പുവച്ചു. പ്ലാന്റ് സ്ഥാപിച്ച് ഉല്‍പാദനം തുടങ്ങിയപ്പോള്‍ 1983 ഒക്ടോബറായി. 1984 വരെയുള്ള കാലയളവില്‍ 200 കാറുകള്‍ കമ്പനി നിര്‍മ്മിച്ചു. ഇവയില്‍ മുക്കാല്‍പങ്കും ജപ്പാനില്‍ നിര്‍മ്മിച്ച് ഇറക്കുമതി ചെയ്ത എസ്എസ് 80 മോഡലുകളായിരുന്നു. ഏതാനും ചില ഘടകങ്ങള്‍ മാത്രം ഇന്ത്യയില്‍ വച്ച് കൂട്ടിചേര്‍ത്തു. പൂര്‍ണ്ണമായും ഇന്ത്യന്‍ നിര്‍മിത ബോഡി പാനലുകളുമായി എംബി 308 എന്ന പുതിയ മാരുതി 800 പുറത്തിറങ്ങിയത് 1986 ഏപ്രിലിലായിരുന്നു.

കമ്പ്യൂട്ടര്‍ നറുക്കെടുപ്പ് : തുടക്കത്തില്‍ ടാറ്റ നാനോയ്ക്ക് ലഭിച്ചതിനെക്കാള്‍ വമ്പന്‍ ബുക്കിങ്ങാണ് കാല്‍ നൂറ്റാണ്ട് മുമ്പ് മാരുതി 800 നേടിയത്. വിപണിയിലെത്തും മുമ്പ് 60 ദിവസം നീണ്ടുനിന്ന ബുക്കിങ് കാലയളവില്‍ 10,000 രൂപ നല്‍കി വണ്ടി ബുക്ക് ചെയ്തത് 1.35 ലക്ഷം പേരാണ്. മാരുതി ഒമ‍്നിയ്ക്കും ഇതേ സമയം തന്നെയാണ് ബുക്കിങ് സ്വീകരിച്ചത്. എങ്കിലും മുക്കാല്‍ പങ്ക് ആവശ്യക്കാരും കാറിനായിരുന്നു.

കാറിനും വാനിനും തുടക്കത്തില്‍ ഫാക്ടറി വില 47,500 രൂപയായിരുന്നു. ട്രാന്‍സ്പോര്‍ട്ട് ചിലവ്, ഡീലേഴ്സ് മാര്‍ജിന്‍ , സെയില്‍സ് ടാക്സ് എന്നിവയെല്ലാം ചേര്‍ന്നപ്പോള്‍ ഡല്‍ഹിയിലെ എക്സ്‍ഷോറൂം വില 52,500 രൂപയായി മാറി. ഇതേ വിലയ്ക്കാണ് മൂന്ന് വര്‍ഷത്തോളം കാര്‍ വിറ്റത്. 1986 ല്‍ എസിയുള്ള ഡീലക്സ് ഇറങ്ങിയപ്പോള്‍ 79,000 രൂപയായിരുന്നു വില. പരാതികള്‍ ഒഴിവാക്കാനായി കമ്പ്യൂട്ടറിന്റെ സഹായത്തോടെയാണ് അക്കാലത്തും ബുക്ക് ചെയ്തവരുടെ മുന്‍ഗണനാക്രമം തീരുമാനിച്ചത്. ഹര്‍പാല്‍ സിംങ്, അജിത് സിങ്, സുഷാന്‍ , ജി.കെ. കപൂര്‍ എന്നിവര്‍ക്കായിരുന്നു ആദ്യ നറുക്കുകള്‍ . 1983 ഡിസംബര്‍ 14 ന് ആദ്യ മാരുതി കാര്‍ ഇന്ത്യന്‍ എയര്‍ലൈന്‍സിലെ ഹര്‍പാല്‍ സിങ് ഏറ്റുവാങ്ങി. യാദൃശ്ചികമായാണെങ്കിലും അന്നേദിവസം സഞ്ജയ് ഗാന്ധിയുടെ 37 മത് ജന്മദിനമായിരുന്നു.

വണ്ടി ബുക്ക് ചെയ്തവരെ കാത്തിരുന്നത് മൂന്ന് വര്‍ഷം നീണ്ട ക്യൂവാണ്. അവിഹിതമായി സ്വാധീനം ചെലുത്തി കാര്‍ വാങ്ങിച്ചുവെന്ന പരാതി ഒഴിവാക്കാനാണ് കമ്പ്യൂട്ടര്‍ ഉപയോഗപ്പെടുത്തിയതെങ്കിലും ആവലാതികള്‍ക്കും ആരോപണങ്ങള്‍ക്കും പഞ്ഞമുണ്ടായില്ല. വ്യാപാര പ്രോത്സാഹനാര്‍ത്ഥം അഞ്ചു ശതമാനം കാറുകള്‍ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് നിശ്ചയിക്കുന്നവര്‍ക്ക് നല്‍കാമെന്ന വ്യവസ്ഥയുടെ മറവില്‍ അനര്‍ഹരായവര്‍ക്ക് കാര്‍ നല്‍കുന്നുവെന്നതായിരുന്നു പ്രധാന ആരോപണം.

പാര്‍ലമെന്റിലും മാരുതി 800 ന് വേണ്ടിയുള്ള മുറവിളികള്‍ പതിവായിരുന്നു. പ്രത്യേക ക്വാട്ടയിലൂടെ വേഗം മാരുതി ലഭിക്കാന്‍ വഴിയുണ്ടോ എന്നതായിരുന്നു എംപിമാര്‍ക്ക് അറിയേണ്ടിയിരുന്നത്. തുടക്കത്തില്‍ ഡല്‍ഹി മുംബൈ എന്നിവിടങ്ങളില്‍ മാത്രമായി മാരുതി 800 ന്റെ വില്‍പ്പന പരിമിതപ്പെടുത്തിയിരുന്നു. 1984 മാര്‍ച്ചോടെ ഇത് കൊല്‍ക്കത്ത ചെന്നൈ ചണ്ഡിഗഢ് എന്നിവിടങ്ങളിലേക്കും വ്യാപിപ്പിച്ചു.

പദ്മിനിയും അംബിയും പതിവു കാഴ്ചയായ റോഡിലേക്ക് യുവസുന്ദരിയായ മാരുതി 800 ഇറങ്ങിയപ്പോഴുണ്ടായ പ്രതികരണം ചില്ലറയായിരുന്നില്ല. ആവശ്യക്കാര്‍ ദിനം പ്രതി കൂടിവന്നു. ആദ്യ വര്‍ഷത്തില്‍ 20,000 വും രണ്ടാം വര്‍ഷം 45,000വും മൂന്നാം വര്‍ഷത്തില്‍ 65,000വും കാറുകള്‍ കമ്പനി പുറത്തിറക്കി. ആയുസ്സിന്റെ നല്ലൊരു കാലം ഇന്ത്യയില്‍ ഏറ്റവും വില്‍പ്പനയുള്ള കാര്‍ എന്ന ഖ്യാതിയില്‍ കഴിയാന്‍ മാരുതി 800ന് കഴിഞ്ഞു. 2003 മാര്‍ച്ചിലാണ് ഏറ്റവുമധികം വില്‍പ്പനയുണ്ടായത്. 20,701 എണ്ണമായിരുന്നു വില്‍പ്പന. പിന്നീട് വന്ന മാരുതി ആള്‍ട്ടോയും വിജയം നേടിയതോടെ 800ന്റെ പ്രതാപം നഷ്‍ടമായി തുടങ്ങി.

ചിഹ്നം മാറിയത് : മാരുതി കാറുകള്‍ക്ക് മുന്നില്‍ സുസുക്കിയുടെ എംബ്ലം കയറിപ്പറ്റിയത് മാരുതി ഉദ്യോഗില്‍ കേന്ദ്ര സര്‍ക്കാരിനുള്ള ഓഹരി വിറ്റഴിച്ചതോടെയാണ്. 2007 ലാണ് മാരുതി സുസൂക്കി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന് കമ്പനി പുനര്‍ നാമകരണം നടത്തിയത്. പേരു മാറുമ്പോഴും മാരുതി എന്ന ഭാഗത്തിനുള്ള പ്രാധാന്യം നിലനിര്‍ത്താന്‍ സുസൂക്കി ശ്രദ്ധിച്ചു. വിശ്വാസ്യതയ്ക്കും ഉപഭോക്തൃ സേവനത്തിനും ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയമായ ബ്രാന്‍ഡ് നാമമാണ് മാരുതി എന്നതിനാല്‍ കമ്പനി പേര് നിലനിര്‍ത്തുകയായിരുന്നു.

കേന്ദ്ര സര്‍ക്കാരിന്റെയും സുസൂക്കി മോട്ടോര്‍ കോര്‍പ്പറേഷന്റെയും സംയുക്ത സംരംഭമായ മാരുതി ഉദ്യോഗില്‍ സുസൂക്കി മോട്ടര്‍ പങ്കാളിത്തം 54.2 ശതമാനമായി 2002ല്‍ ഉയര്‍ത്തിയിരുന്നു. തൊട്ടടുത്ത വര്‍ഷം പബ്ലിക് ഇഷ്യു വഴി സര്‍ക്കാര്‍ മാരുതിയുടെ ഓഹരി വിറ്റഴിച്ചു. 25 ശതമാനം ഓഹരിയാണ് ആദ്യം വിറ്റഴിച്ചത്. ഇതിന് പുറമെ രണ്ടു ഘട്ടങ്ങളിലായി 18.27 ശതമാനം ഓഹരികള്‍ കൂടി വില്‍പ്പന നടത്തി. 2007 ല്‍ 10.27 ശതമാനം ഓഹരി കൂടി വിറ്റഴിച്ചതോടെ 24 വര്‍ഷമായി തുടര്‍ന്ന സര്‍ക്കാര്‍ സുസൂക്കി കൂട്ടുകെട്ടും അവസാനിച്ചു. എല്‍ഐസി മൊത്തം 12.5 ശതമാനം നേടി മാരുതിയടെ രണ്ടാമത്തെ വലിയ പങ്കാളിയായും മാറി. എല്‍ഐസിക്ക് പുറമേ, എസ്ബിഐ, പഞ്ചാബ് നാഷണല്‍ ബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക് എന്നീ ധനകാര്യ സ്ഥാപനങ്ങളാണ് ഓഹരികളില്‍ നല്ലൊരു പങ്കും വാങ്ങിയത്.

അരങ്ങൊഴിയലിനു പിന്നില്‍ : കാല്‍ കോടിയിലേറെയെണ്ണം വില്‍പ്പന നടന്ന മാരുതി 800 നെ വിടവാങ്ങലിന് നിര്‍ബന്ധിതമാക്കിയത് വാഹന മലിനീകരണ നിയന്ത്രണ നിയമത്തിലെ പുത്തന്‍ മാനദണ്ഡങ്ങളാണ്. ഭാരത് സ്റ്റേജ് നാല് നിലവില്‍ വന്ന 13 വന്‍ നഗരങ്ങളിലാണ് മാരുതി 800ന്റെ വില്‍പ്പന അവസാനിച്ചത്. വൈകാതെ ഇന്ത്യയൊട്ടാകെ ഭാരത് സ്റ്റേജ് 4 നിലവില്‍ വരുന്ന സാഹചര്യത്തില്‍ ഭാരത് 3 എന്‍ജിനുള്ള മാരുതി 800 ന് നില്‍ക്ക കള്ളി ഇല്ലാതാവുകയായിരുന്നു.

മോഡലിന് ഇത്രയേറെ പ്രായമായതുകൊണ്ടുതന്നെ പുതിയ എന്‍ജിന്‍ നല്‍കാന്‍ നിര്‍മാതാക്കള്‍ തയ്യാറായതുമില്ല, അവസാനകാലത്തും മാരുതി 800 ന്റെ വില്‍പ്പന തീര്‍ത്തും മോശമായിരുന്നില്ല. 20,754 എണ്ണം പുറത്തിറങ്ങി. ടാറ്റ നാനോയുടെ വില്‍പ്പനയെക്കാള്‍ അധികമാണ് ഇതെന്ന് അറിയുക. അരലക്ഷം രൂപയില്‍ താഴെ വിലയ്ക്ക് വിപണിയിലെത്തിയ മാരുതി 800 ന് വില്‍പ്പന അവസാനിപ്പിച്ച സമയത്ത് 2.24 ലക്ഷം രൂപയായിരുന്നു എക്സ്‍ഷോറൂം വില.

2013 ജനുവരി 18 ന് ഗുര്‍ഗാവ് പ്ലാന്റില്‍ നിന്നാണ് അവസാനമായി നിര്‍മിച്ച മാരുതി 800 പടിയിറങ്ങിയത്. ഫയര്‍ ബ്രിക്ക് റെഡ് നിറമുള്ള ഈ മാരുതി 800 ഷില്ലോങ്ങിലുള്ള ഡീലര്‍ഷിപ്പിലേക്കാണ് യാത്ര തിരിച്ചത്. വില്‍പ്പന അവസാനിച്ചെങ്കിലും സ്പെയര്‍ പാര്‍ട്സിന്റെ ലഭ്യതയെപ്പറ്റി ഓര്‍ത്ത് ആശങ്കപ്പെടേണ്ടതില്ലെന്ന് മാരുതി സുസൂക്കി പറയുന്നു. പത്തു വര്‍ഷത്തേക്ക് അവ കമ്പനി ലഭ്യമാക്കും.