വിവരണം – ദീപ ഗംഗേഷ്.

മോഹൻലാലിൻ്റെ വേലായുധൻ നരനിലൂടെ മലയാളിയുടെ ഹൃദയത്തിൽ പ്രവേശിച്ചിട്ട് വർഷം പതിനഞ്ച് കഴിഞ്ഞു. ഇന്നും ആ കഥാപാത്രം മലയാളികളുടെ ഹരമാണ്. നരൻ സിനിമ കണ്ടപ്പോൾ ആണ് അതിൻ്റെ ഷൂട്ടിംഗ് ലൊക്കേഷൻ ആയ ഹൊഗനക്കലിനെയും മുള്ളൻകൊല്ലിയെയും കാണാൻ ആഗ്രഹം തോന്നി തുടങ്ങിയത്. വേലായുധൻ്റെ നാട് കാണാൻ. അത്രമേൽ ആ കഥപാത്രം സ്വാധീനിച്ചു എന്നു തന്നെ പറയാം.

തമിഴ്നാട്ടിലെ ധർമ്മപുരി ജില്ലയിലാണ് കർണ്ണാടക അതിർത്തിയായുള്ള ഹൊഗനക്കൽ. ഇന്ത്യൻ നയാഗ്ര എന്നാണ് ഹൊഗനക്കൽ വാട്ടർഫാൾസിൻ്റെ മറ്റൊരു പേര്.പല വഴികളായി പരിഞ്ഞൊഴുകുന്ന കാവേരി നദി തീർക്കുന്ന എണ്ണമറ്റ വെള്ളച്ചാട്ടങ്ങളാണ് ഹൊഗനക്കലിൻ്റെ മനോഹാരിത. വെള്ളച്ചാട്ടങ്ങൾ തീർക്കുന്ന നദിയിലൂടെ കുട്ടവഞ്ചിയിൽ ഉള്ള യാത്ര മറക്കാനാവാത്ത ഒരു അനുഭവം ആയിരിക്കും

അങ്ങനെ ഒരു ഏപ്രിൽ മാസത്തിൽ ഞങ്ങളും ഹൊഗനക്കൽ എത്തി. രാവിലെ ഹിൽസ്റ്റേഷനായ യേർക്കാട് നിന്ന് പുറപ്പെട്ട് ഹൊഗനക്കൽ എത്തിയപ്പോൾ ഉച്ചകഴിഞ്ഞിരുന്നു. നേരത്തേ തന്നെ തമിഴ്നാട് ടൂറിസത്തിൻ്റെ ഗസ്റ്റ് ഹൗസ് ബുക്ക് ചെയ്തിരുന്നു. സഞ്ചാരികളുടെ വല്ലാത്ത തിരക്കായിരുന്നു അവിടെ. ചുട്ടുപൊള്ളുന്ന ചൂടും. ഒന്ന് വിശ്രമിച്ച ശേഷം നാലു മണിയോടെ വെള്ളച്ചാട്ടങ്ങൾ കാണാനായി ഇറങ്ങി.

പുഴയിലേക്ക് നടക്കുന്ന വഴിയിൽ കൊച്ചു കൊച്ചു നീർചാലുകൾ. വെള്ളച്ചാട്ടങ്ങളുടെ ഇരമ്പൽ ദൂരെ നിന്നു തന്നെ കേൾക്കാമായിരുന്നു… പുഴയിൽ കുളി കഴിഞ്ഞ് ആഹ്ലാദിച്ച് ബഹളം വച്ചു വരുന്ന ഒരു കൂട്ടം യുവാക്കൾ.. യാത്രക്കാരുരുടെ നല്ല തിരക്കുണ്ടായിരുന്നു അവിടെ. ഞങ്ങൾ സഞ്ചരിച്ച ടെംബോട്രാവലറിൻ്റെ ഡ്രൈവർ ഞങ്ങൾക്കായി രണ്ട് കുട്ടവഞ്ചിക്കാരെ ശരിയാക്കി നിർത്തിയിട്ടുണ്ടായിരുന്നു..

കുട്ടവഞ്ചിക്കാരുടെ പെരുമാറ്റത്തെ പറ്റിയും കാശിനുള്ള ആർത്തിയെപറ്റിയും പലതും പറഞ്ഞുകേട്ടിരുന്നുവെങ്കിലും ഭാഗ്യംകൊണ്ട് സൗമ്യരായ രണ്ട് വഞ്ചിക്കാരെയാണ് ഞങ്ങൾക്ക് കിട്ടിയത്. മൺസൂൺ കാലത്ത് പുഴയിൽ വഞ്ചിയിൽ പോകാൻ കഴിയില്ല.. ആ സമയത്ത് അത്രയും രൗദ്രഭാവമാകും അവൾക്ക്. ഒക്ടോബർ തൊട്ട് മാർച്ച് വരെയാണ് ഹൊഗനക്കൽ സന്ദർശനത്തിന് ഏറ്റവും അനുയോജ്യം എന്നു പറയപ്പെടുന്നു.

പുഴയോടടുത്തപ്പോൾ എണ്ണമറ്റ വാട്ടർ ഫാൾസ് പുഴയിലേക്ക് ചാടുന്നതു കാണാൻ കഴിഞ്ഞു. വല്ലാത്തൊരു കാഴ്ച തന്നെ. ഭീതിപ്പെടുത്തുന്ന വന്യമായ സൗന്ദര്യം. പാറക്കെട്ടുകൾക്കിടയിൽ താഴെയായി നദി ഒഴുകുകയാണ്. പാറകളിൽ കൊത്തിയ ചെറിയ ചവിട്ടുപടികളിലൂടെ കുത്തനെയുള്ള ഇറക്കമാണ് നദിയിലേക്കുള്ളത്. കാലൊന്ന് വഴുതിയാൽ പണി പാളും .താഴെ കുട്ടവഞ്ചിക്കാർ പുഴയിൽ കാത്തു നിൽക്കുന്നു. വൃത്താകൃതിയിലുള്ള ആ പരന്ന കൊട്ടയിൽ കയറി ഇരിക്കുമ്പോൾ അല്പം പേടി തോന്നി…

ഒരു വഞ്ചിയിൽ ആറ് ആളുകൾ വരെ കയറും. വഞ്ചി യാത്ര തുടങ്ങി. വശങ്ങളിലേക്ക് നോക്കുമ്പോൾ പാറകളുടെ മോഹിപ്പിക്കുന്ന സൗന്ദര്യം. പാറകൾക്ക് മുകളിൽ നിന്ന് നദിയിലേക്ക് പൈസക്കായി ചാടുന്ന കുട്ടികളെ കണ്ടു. വല്ലാത്ത ധൈര്യം തന്നെ അവർക്ക് . കുഞ്ഞ് അരുവികൾ നദിയിലേക്ക് പാറകൾക്കിടയിലൂടെ കുതിച്ച് ചാടുകയാണ്. എവിടെ നോക്കിയാലും വെള്ളച്ചാട്ടങ്ങൾ മാത്രം. കുറച്ചു നീങ്ങിയതിനു ശേഷം വഞ്ചിക്കാരൻ കുട്ടയെ പമ്പരം പോലെ കറക്കാൻ തുടങ്ങി. അവരുടെ കഴിവുകൾ സഞ്ചാരികൾക്ക് മുന്നിൽ പ്രദർശിപ്പിക്കുന്നതാണ് .

തലകറങ്ങിയപ്പോൾ ഈ അഭ്യാസം വേണ്ട എന്ന് അയാളോട് പറയേണ്ടി വന്നു. എന്നാൽ ഇത് ശരിക്കും ആസ്വദിക്കുന്നവരെയും അവിടെ കാണാമായിരുന്നു. പിന്നീടയാൾ നല്ലൊരു വെള്ളച്ചാട്ടത്തിന് അടിയിലേക്കാണ് വഞ്ചി കൊണ്ടുപോയത്. പരന്ന് കുത്തി വീഴുന്ന വെള്ളച്ചാട്ടത്തിനടിയിൽ പാറയുടെ ഉൾവശത്തേക്ക് വഞ്ചി ചേർത്തു പിടിച്ചൊരു അഭ്യാസം. ശരീരത്തിലേക്കാണ് വെള്ളം ചാടുന്നത്. ആകെ നനഞ്ഞെങ്കിലും അത് ശരിക്കും ഞങ്ങൾ ആസ്വദിച്ചു.

പാറകൾ കഴിഞ്ഞ് കരയിൽ വിശാലമായ മണൽപരപ്പ് കണ്ടു തുടങ്ങി. ചുറ്റുപാടും ധാരാളം കൊച്ചു കടകൾ. ഫിഷ് ഫ്രൈ ആക്കി ചൂടോടെ നൽകുന്നു. വലിയ മീനുകളെ തൊലിയുരിഞ്ഞ് ഉപ്പും മുളകും തേച്ച് തൂക്കി ഇട്ടിരിക്കുന്നു. നമ്മൾ പറയുന്ന മീൻ അവർ ഫ്രൈ ആക്കി തരും. പക്ഷെ അതത്ര വൃത്തിയുള്ള ഒരു അന്തരീക്ഷമായി തോന്നിയില്ല.

മറ്റൊരു വശത്ത് ധാരാളം മസാജ് പാർലറുകൾ. മെഡിസിനൽ ബാത്ത് എന്നൊക്കെയാണ് പറയുന്നത്. ഈ എണ്ണയും അഴുക്കും ഒക്കെ പുഴയിൽ തന്നെ. ഇതിൽ നിന്നൊക്കെ മാറി തിരക്കിൽ നിന്നൊഴിഞ്ഞ് ദൂരെയായി പുഴ ഒഴുകി വരുന്ന ഭാഗത്ത് വഞ്ചി കരയടുപ്പിച്ചു. വഞ്ചിയെ കരയിൽ കയറ്റി ചരിച്ച് തുഴകൊണ്ട് കുത്തി നിർത്തിയപ്പോൾ വിശ്രമിക്കാനുള്ള നല്ലൊരു ഷെൽട്ടറുമായി അത് മാറി.. കുളിക്കാനുള്ളവർ പുഴയിലിറങ്ങി. ആ സ്ഥലത്ത് ആഴവും ആളുകളും കുറവായതിനാൽ ആ കുളി ശരിക്കും ഞങ്ങൾ ആസ്വദിച്ചു.

അന്നു തന്നെ കുട്ടവഞ്ചിക്കാരുമായി ഒരു ഡീൽ ഉണ്ടാക്കി. മുള്ളം കൊല്ലിയിലേക്കുള്ള യാത്ര. ആ സമയത്ത് സാമൂഹ്യ വിരുദ്ധരുടെ താവളമാണ് അവിടെയെന്നും ഫാമലിയുമായി പോകുവാൻ പറ്റിയ സ്ഥലമല്ല മുള്ളൻകൊല്ലി എന്നൊക്കെ കേട്ടിരുന്നു. പക്ഷെ വേലായുധൻ്റെ നാട് കാണാതെ തിരിച്ചു പോരുന്നതെങ്ങനെ.

രാവിലെ നേരേ മുള്ളൻകൊല്ലിയിലേക്ക്. അവിടുത്തെ പുഴയിൽ കുളിക്കാം. ആ സമയം വഞ്ചിക്കാർ ഭക്ഷണം ഉണ്ടാക്കും ഉച്ചഭക്ഷണം കഴിഞ്ഞ് കുട്ടവഞ്ചിയിലേറി തിരിച്ച് ഹൊഗനക്കലിലേക്ക്. അതായിരുന്നു പ്ലാൻ.

രാവിലെ തന്നെ ട്രാവല്ലറിൽ മുള്ളംകൊല്ലിയിലേക്ക് യാത്ര. അരമണിക്കൂർ യാത്ര മതിയാവും അവിടെയെത്താൻ. വണ്ടിയിൽ നിന്നിറങ്ങി വൃക്ഷങ്ങൾക്കിടയിലൂടെ നടന്നു.. പുഴയിലെ പോലെ ഉരുളൻ കല്ലുകൾ വഴിയിലെങ്ങും. മഴക്കാലത്ത് പുഴ കവിഞ്ഞ് ഒഴുകുന്നത് ഈ മരങ്ങൾക്കിടയിലൂടെയാണ്. ഇവിടെയാണ് നരനിൽ മോഹൻലാൽ ഒഴുകി വരുന്ന തടി പിടിച്ചെടുക്കുന്ന സീൻ ചിത്രീകരിച്ച ലൊക്കേഷൻ. കുത്തിയൊലിച്ച് വരുന്ന പുഴയിൽ ഇറങ്ങാൻ ഡ്യൂപ്പുകൾ പോലും മടിച്ചപ്പോൾ ലാൽ തനിയെ ആണ് ആ സീൻ മുഴുവൻ ചെയ്തതെത്രെ. ഒരു ദിവസം പുഴയിൽ ഇതിനായി നിന്നു എന്നും പറയുന്നു. അവസാന സ്റ്റണ്ട് സീനും ഇവടെയാണ്.

വേനലായതിനാൽ പുഴയിൽ വെള്ളം കുറവായിരുന്നു. പാറക്കൂട്ടങ്ങൾക്കിടയിലൂടെയാണ് പുഴ ചാലുകളായി ഒഴുകുന്നത് . ആഴമുള്ള ഭാഗത്ത് പോലും നെഞ്ചിനൊപ്പം വെള്ളമേ ഉണ്ടായിരുന്നുള്ളൂ. കണ്ണീർ പോലെ ശുദ്ധമായ വെള്ളം. പുഴയിലിറങ്ങിയപ്പോൾ കാലിൽ കുഞ്ഞുമീനുകൾ കൊത്തി ഇക്കിളിപ്പെടുത്തി. ഒറിജിനൽ നാച്വറൽ ഫിഷ് സ്പാ. പുഴയുടെ മറുവശം കർണ്ണാടകയാണ്. യാതൊരു കാരണവശാലും പുഴ മുറിച്ച് മറുവശത്തേക്ക് കടക്കരുതെന്ന് വഞ്ചിക്കാർ മുന്നറിയിപ്പ് തന്നിരുന്നു. സാമൂഹ്യ വിരുദ്ധരുടെ താവളം എന്നു കേട്ടത് വെറുതെയല്ല എന്ന് തോന്നി. ഞങ്ങളെ പുഴയിലിറക്കിയിട്ട് വിളിപ്പാടകലെ അവർ ഭക്ഷണം ഉണ്ടാക്കുന്ന തിരക്കിലായി. എത്ര നേരം പുഴയിൽ കിടന്നുവെന്നറിയില്ല. ഭക്ഷണം കഴിക്കാൻ വിളിച്ചപ്പോഴാണ് സമയം ഉച്ചയായത് അറിഞ്ഞത്.

നല്ല മീൻകറിയും ചോറും. വഞ്ചിക്കാർ നല്ല പാചകക്കാർ കൂടി ആയിരുന്നു. പിന്നീട് മുള്ളൻകൊല്ലി പുഴയിലൂടെ ഹൊഗനക്കലിലേക്ക് ഒന്നര മണിക്കൂർ കുട്ടവഞ്ചി യാത്രയാണ്. മുള്ളൻകൊല്ലിയുടെ സൗന്ദര്യം ആസ്വദിച്ച്… പ്രകൃതിയുടെ പച്ചപ്പിൽ മയങ്ങി… അത്യാവശ്യം നല്ല വെയിൽ ഉണ്ടായിട്ടും പ്രകൃതിയുടെ ഭംഗിയിൽ അതൊന്നും അറിഞ്ഞതേയില്ല. ചില സ്ഥലങ്ങളിൽ പാറയിടുക്കിലൂടെ പുഴ കുത്തനെ ചരിഞ്ഞ് താഴേക്ക് ഒഴുകുന്നുണ്ടായിരുന്നു.

അത്തരം ചെറിയ വെള്ളച്ചാട്ടങ്ങൾക്കടുത്തെത്തിയപ്പോൾ ഞങ്ങളെ പാറയിൽ ഇറക്കി നിർത്തി. വഞ്ചി ആ ഒഴുക്കിലൂടെ തുഴയുന്ന കാഴ്ച കണ്ടാൽ സർക്കസ് കാണുന്ന ഫീൽ ആണ്. പിന്നീട് ഒഴുക്കു കുറഞ്ഞ ഭാഗത്ത് വന്ന് ഞങ്ങളെ വീണ്ടും വഞ്ചിയിൽ കയറ്റും. അങ്ങനെ പുഴയും വഞ്ചിയും പുഴയ്ക്ക് നടുവിലെ പാറകളിലൂടെയുള്ള ചാടി നടത്തവുമായി ഹൊഗനക്കൽ എത്തിയത് അറിഞ്ഞതേയില്ല.

വൈകുന്നേരത്തോടെ തിരിച്ച് നാട്ടിലേക്ക്. പിറ്റേന്ന് മുതൽ വെയിൽ കൊണ്ട ഭാഗത്തെ തൊലി കറുത്ത് പൊളിഞ്ഞുപോരാൻ തുടങ്ങിയപ്പോഴാണ് സൂര്യഘാതം എന്താണെന്ന് പിടികിട്ടിയത്. ഹൊഗനക്കൽ ഓർമ്മകളുടെ അടയാളങ്ങൾ.

SHARE