അമ്മയുടെ ചികിത്സക്കായി കൊച്ചിയിലെ ഒരു ഹോസ്പിറ്റലിൽ പോയപ്പോൾ, തനിക്കുണ്ടായ അവിചാരിതമായ അനുഭവം പങ്കുവെച്ച് ഐഡിയ സ്റ്റാർ സിംഗർ ഫെയിമും, പാട്ടുകാരനുമായ സുധീഷ്.
അവിചാരിതമായി ഉണ്ടായ ഒരു അനുഭവം, അതു ഏതൊരാൾക്കും എപ്പോൾ വേണമെങ്കിലും സംഭവിച്ചേക്കാം. ഇന്നുണ്ടായ ആ അനുഭവത്തെ തുടർന്ന് ഞാൻ വളരെ മനപ്രയാസം അനുഭവിച്ചു. അതിലുപരി എന്റെ അമ്മയും.
രണ്ടു ദിവസമായി അമ്മയ്ക്ക് നാവിനടിയിൽ കലശലായ വേദനയുണ്ട്. പതിവ് check up ഡേറ്റ് ആകാതിരുന്നിട്ടും അമ്മയുടെ വിഷമസ്ഥിതി ഓർത്തിട്ടാണ് ഹോസ്പിറ്റലിൽ എത്തിയത്.. ഡോക്ടറെ കണ്ട് സ്കാനിങ്ങിനു ചീട്ടെടുത്ത്, ഞങ്ങൾ ഇരുവരും റേഡിയോളജി ഡിപ്പാർട്മെന്റിനു മുന്നിൽ കാത്തിരുന്നു. സാമൂഹിക അകലം പാലിക്കേണ്ടതുള്ളതുകൊണ്ട് കസേരകൾ ഒരടിയോളം ദൂരത്തിലാണ് ക്രമീകരിച്ചിരുന്നത്. സ്കാനിങ്ങിനു ആളുകൾ കൂടുതലുള്ളതിനാൽ, ഒഴിവുണ്ടായ കസേരയിൽ ഞാനും അമ്മയും വെവ്വേറേ സ്ഥലത്തായാണ് ഇരുന്നത്.
അമ്മയുടെ പേരുവിളിക്കുന്നതും കാത്ത്, ആൾക്കൂട്ടത്തിൽ ഒറ്റപെട്ടവനെ പോലെ മൊബൈൽ നോക്കി ഇരുന്നു. പെട്ടെന്ന് ഒരു ചേച്ചി അടുത്തു വന്ന് എന്നോട് ചോദിച്ചു “ഇവിടെ വെച്ചിരുന്ന എന്റെ പേഴ്‌സ് കണ്ടോ..?” മറ്റൊന്നും ശ്രദ്ധിക്കാതെ മൊബൈലിൽ സമയം ചിലവഴിച്ചിരുന്ന ഞാൻ അപ്പോഴാണ് ആ ചേച്ചിയെ കാണുന്നത്. ഞാൻ പറഞ്ഞു “അയ്യോ…ഇല്ല കണ്ടില്ലല്ലോ..”
തന്റെ പേഴ്‌സ് നഷ്ടപെട്ടെന്നു പറഞ്ഞു അവിടെ എല്ലാം അവർ അന്വേഷിച്ചു നടന്നു. കാര്യം മനസിലായ, അവിടെ ഉണ്ടായ എല്ലാവരും കൂടി ചുറ്റുപാടും നോക്കി. പക്ഷേ പേഴ്‌സ് കണ്ടില്ല.
അവരുടെ കൂടെ ഒരു ചേച്ചി കൂടി ഉണ്ടായിരുന്നു. ആ ചേച്ചിയുടെ ചികിത്സയ്‌ക്കുവേണ്ട 40,000 രൂപയെ കൂടാതെ രണ്ട് പവന്റെ മാലയും പേഴ്സിൽ ഉണ്ടായിരുന്നെന്ന് പറഞ്ഞു ആ ചേച്ചി ആകെ വിഷമിക്കുന്നുണ്ടായിരുന്നു. ഞാൻ അവിടെ നിന്നും അമ്മയുടെ അടുത്ത് വന്നിരുന്ന് പേഴ്‌സ് പോയ കാര്യം പറഞ്ഞുകൊണ്ടിരുന്നപ്പോൾ, അവർ രണ്ടു പേരും കൂടി ഞങ്ങളുടെ അടുത്ത് വന്നു വീണ്ടും കസേരയുടെ അടിയിൽ നോക്കി.
ഞാൻ ചോദിച്ചു “പേഴ്‌സ് അവിടെ വെച്ചല്ലേ പോയത്..?” അപ്പൊ ആ ചേച്ചി പറഞ്ഞു അവർ ആദ്യം ഇരുന്ന സ്ഥലം ഇതായിരുന്നെന്ന്. പിന്നീട് ഞങ്ങൾ വീണ്ടും ആ ഭാഗത്തെ കസേരയുടെ അടിയിൽ എല്ലാം നോക്കാൻ തുടങ്ങി. എവിടെയും കണ്ടില്ല. പെട്ടന്ന് ആ ചേച്ചി എന്നോട് ചോദിച്ചു, “നിങ്ങളുടെ ബാഗ് ഒന്നു കാണിച്ചു തരാമോ..?” ഞാൻ ആകെ വല്ലാത്ത ഷോക്കിൽ ആയി. ആ ചോദ്യത്തോടെ അവിടെ ഉണ്ടായിരുന്നവരെല്ലാം എല്ലാവരും എന്നെ ശ്രദ്ധിക്കാൻ തുടങ്ങി.
ഞാൻ പറഞ്ഞു. “അതിനെന്താ.. പ്ലീസ്.. നിങ്ങൾക്ക് നോക്കാം…” ഞാൻ എന്റെ ബാഗും അമ്മയുടെ കയ്യിലിരുന്ന തുണിസഞ്ചിയും കാണിച്ചു കൊടുത്തു. കുറച്ചു ആശ്വാസം കിട്ടിയ മാത്രയിൽ ഒരാൾ പോയി. മറ്റേ ചേച്ചി എന്റെ അടുത്ത് ഇരുന്ന്, ഞാൻ ആണ് അവരുടെ പേഴ്‌സ് എടുത്തത് എന്ന ഭാവത്തിൽ വിഷമം പറഞ്ഞു ശപിച്ചു കൊണ്ടിരുന്നു. എന്നിട്ട് എന്നെ ചോദ്യം ചെയ്യാൻ തുടങ്ങി.
ഇത് കേട്ട് അമ്മ ആകെ വിഷമിക്കുന്നത് കണ്ടപ്പോൾ എന്റെ സകല കൺട്രോളും പോയി. “നിങ്ങൾ പേഴ്‌സിന്റെ കാര്യം പറഞ്ഞു വന്നപ്പോഴാണ് നിങ്ങളെ ഞാൻ കാണുന്നത് പോലും. എന്നിട്ടും നിങ്ങളുടെ സംശയത്തിന്റെ പേരിൽ ഞാൻ എന്റെ ബാഗ്, പോക്കറ്റ്, എല്ലാം കാണിച്ചു. ഇപ്പോഴും സംശയം തീർന്നില്ലേ..?” ശേഷം ഞാൻ എന്നെ അവർക്ക് പരിചയപ്പെടുത്തിയിട്ട് തുടർന്നു.. “അവിടെ അത്ര ആളുകൾ ഉണ്ടായിട്ടും നിങ്ങൾ എന്നെ എന്തുകൊണ്ട് സംശയിക്കുന്നു? എന്റെ മുടിയാണോ നിങ്ങളുടെ പ്രശ്നം?.. ഇത് കണ്ടിട്ടാണോ നിങ്ങളെന്നെ തെറ്റുകാരനാക്കുന്നത്…” അവർ തിരിച്ചൊന്നും പറയാതെ, ‘cctv നോക്കിയാൽ അറിയാം’ എന്നു സെക്യൂരിറ്റി പറഞ്ഞതനുസരിച്ചു അവിടുന്നു പോയി.
അപ്പോഴേക്കും സ്കാൻ കഴിഞ്ഞു ആളുകൾ ഒഴിഞ്ഞു തുടങ്ങിയിരുന്നു. ഞങ്ങൾ നേരത്തെ ബുക്ക് ചെയ്യാത്തതിനാൽ നേരം എടുത്തു. ഞാനും അമ്മയും ഈ സംഭവകഥ പറഞ്ഞു ഇരിക്കുമ്പോഴാഴാണ് അടുത്ത് മറ്റൊരു സ്ത്രീ വന്നിരുന്ന് ഞങ്ങളെ ശ്രദ്ധിക്കുന്നത് കണ്ടത്. 30 മിനിറ്റിനുശേഷം ആദ്യത്തെ ചേച്ചി വന്ന് ഞങ്ങളുടെ അടുത്തിരുന്ന ചേച്ചിയോട് സംസാരിക്കുന്നത് കണ്ടപ്പോൾ എനിക്ക് മനസിലായി, ഞങ്ങൾ അവരുടെ നിരീക്ഷണത്തിലാണെന്ന്.
വീണ്ടും അവർ വന്ന് എന്നോട് പറഞ്ഞു “നിങ്ങളുടെ കയ്യിൽ നിന്നും വാങ്ങിയ ഫോൺ നമ്പർ പോലീസിന്റെ കൈയിൽ കൊടുക്കാൻ പോവാണ്, ഫോൺ എടുക്കണം.” എനിക്ക് വീണ്ടും പിടിവിട്ടു. ഞാൻ സെക്യൂരിറ്റിയെ വിളിച്ചു എന്റെ ബാഗ് കാട്ടി. “ഇനി ഞാൻ എന്താ വേണ്ടത്…??” എനിക്ക് അവരുടെ നഷ്ടം മനസിലായി. പക്ഷെ, ഇത് കുറച്ചു കൂടുതൽ ആണ്. എന്നെ മാത്രം എന്തു കൊണ്ട് ??? എങ്ങനെ അവരെ കാര്യം പറഞ്ഞു മനസിലാക്കും ???
അമ്മയുടെ റിസൾട്ട് വരുന്നവരെ ഞങ്ങൾ അവിടെ തുടർന്നു. റിസൾട്ട് വന്നശേഷം ഡോക്ടറെ കാണിക്കാൻ പോയപ്പോൾ ഞാൻ അവരോടു ആ നമ്പറിൽ എപ്പോൾ വേണമെങ്കിലും വിളിച്ചു കൊള്ളാൻ പറഞ്ഞു. അമ്മയും വിഷമിച്ച് എന്തോ അവരോട് പറഞ്ഞു. ആശുപത്രിയിൽ നിന്നും ഇറങ്ങുമ്പോഴും എന്റെ മനസ്സിലെ വിങ്ങൽ മാഞ്ഞിരുന്നില്ല. ചെയ്യാത്ത കാര്യം ചെയ്തു എന്നു വിശ്വസിക്കുന്ന ആളുകൾ..
ഇതിനിടയിൽ ഒരു അപരിചിതൻ എന്റെ മുഖത്തു നോക്കി ചിരിച്ചു, എന്നിട്ട് പറഞ്ഞു “വിഷമിക്കണ്ട, ചിലപ്പോൾ നിങ്ങളുടെ ഫ്രീക് ലുക്ക് ആകും പ്രശ്നം, Don’t worry…. ജീവിതത്തിൽ ചിലപ്പോൾ ഉണ്ടാകുന്ന ഒരു സംഭവം ആയി കണ്ടാൽ മതി.”
അതേ ജീവിതത്തിൽ ചിലപ്പോൾ, നമ്മൾ safe ആണ് എന്ന അമിതവിശ്വാസം നല്ലതിനല്ല എന്നു എനിക്ക് ഈ സംഭവം പഠിപ്പിച്ചു. പിന്നെ സ്വന്തം സാധനങ്ങൾ കൃത്യമായി സൂക്ഷിക്കാനും. അവരുടെ പേഴ്‌സ് ആരെങ്കിലും എടുത്തതാണെങ്കിൽ, അതു തിരിച്ചു കൊടുക്കാൻ ഉള്ള കനിവ് ആ വ്യക്തിക്ക് ഉണ്ടാവട്ടെ. ആ തുക കിഡ്നി മാറ്റിവെയ്ക്കാനുള്ള ചികിത്സയ്ക്കായി അവർ സ്വരൂപിച്ചതാണ്.