എഴുത്ത് – പ്രകാശ് നായർ മേലില.
യേ ദിൽ ഹേ ഹിന്ദുസ്ഥാനീ ….! 12 വയസ്സുള്ള കുട്ടിക്കുവേണ്ടി ഇന്ത്യാ -പാക്ക് സർക്കാരുകൾ പ്രോട്ടോക്കോൾ ലംഘിച്ചു. ഇന്ത്യയിൽ ഹൃദയശസ്ത്രക്രിയ കഴിഞ്ഞ ബാലൻ സസുഖം കറാച്ചിയിലെത്തി. എങ്കിലും കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. രണ്ടു രാജ്യങ്ങളിലെയും മാധ്യമപ്രവർത്തകരുടെ ഇടപെടലും ഇതിൽ ശ്രദ്ധേയമാണ്.
നമുക്കറിയാം ജമ്മു കാശ്മീരിൽ 370 വകുപ്പ് റദ്ദാക്കിയതിനുശേഷം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ശത്രുത കൂടുതൽ രൂക്ഷമാണ്. കാശ്മീർ അതിർത്തിയിൽ അതിർത്തിലംഘനവും വെടിവയ്പ്പും നടക്കാത്ത ദിവസങ്ങൾ വിരളവും. മാത്രവുമല്ല കൊറോണ ബാധമൂലം ഇരു രാജ്യങ്ങളും അതിർത്തി പൂർണ്ണമായും അടയ്ക്കുകയും ചെയ്തു.
സബിഹ് ഷിറാജ് ( 12) കറാച്ചി നിവാസിയായ സ്‌കൂൾ വിദ്യാർത്ഥിയാണ്. ഹാർട്ട് സർജറിക്കുവേണ്ടി കഴിഞ്ഞ മാസം ഫെബ്രുവരി 18 നാണ് മാതാപിതാക്കൾക്കൊപ്പം അവൻ നോയിഡയിലെ ജെ.പി.ആശുപ ത്രിയിൽ എത്തിയത്.
25 ഫെബ്രുവരിയിൽ ഓപ്പറേഷൻ കഴിഞ്ഞു. മാർച്ച് 16 വരെ കുട്ടിയെ ഒബ്‌സർവേഷനിൽ വച്ചശേഷം മാർച്ച് 18 ന് സബീഹിന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് നൽകപ്പെട്ടു. അവിടെനിന്നും പഞ്ചാബിലെ അട്ടാരി അതിർത്തിയിലെത്തിയ മൂവർക്കും പക്ഷേ പാക്കിസ്ഥാനിലേക്കു പോകാൻ അനുമതി ലഭിച്ചില്ല.
കാശ്മീരിൽ നിന്ന് പാക് അധിനിവേശ കാശ്മീരിനുപോയ 40 പെൺകുട്ടികളെ മടക്കിയയക്കാൻ പാക്കിസ്ഥാൻ വിസമ്മതിച്ചതും ഇവരുടെ യാത്രക്ക് ഒരു തടസ്സമായി. കൊറോണ ബാധയായിരുന്നു രണ്ടാമത്തെ വിഷയം. ഇരു രാജ്യങ്ങളും ബോർഡർ പൂർണ്ണമായും അടച്ചിരുന്നു. ട്രെയിൻ സർവീസും നിർത്തലാക്കപ്പെട്ടു.
മകന്റെ ഓപ്പറേഷൻ വിവരങ്ങളും അനുബന്ധരേഖകളും പിതാവ് ഷിറാജ് അർഷദ് ഇന്ത്യൻ അതിർത്തിയിൽ കാണിച്ചെങ്കിലും അതിർത്തികടക്കാൻ Emigration അധികാരികൾ അനുവദിച്ചില്ല. അവർ ഷിറാജിനോട് പാക്കിസ്ഥാൻ അതിർത്തിയിലെ ചെക്ക് പോസ്റ്റിലുള്ള പാക്ക് അധികാരികളുമായി ഫോണിൽ ബന്ധപ്പെടാൻ നിർദ്ദേശിക്കുകയായിരുന്നു. എന്നാൽ അവരിൽനിന്നും അനുകൂലമായ ഒരു മറുപടി ലഭിക്കാതെ വന്നപ്പോൾ അദ്ദേഹം തീർത്തും സ്തബ്ധനായിപ്പോയി.
നാട്ടിലേക്ക് പോകാൻ മറ്റു മാർഗ്ഗങ്ങളെല്ലാമടഞ്ഞെന്നു ബോദ്ധ്യമായപ്പോൾ ഷിറാജ് അർഷദ് കറാച്ചിയിലുള്ള പത്രപ്രവർത്തകനായ മിത്രത്തെ ഫോണിൽവിളിച്ചു വിവരം പറഞ്ഞു. അദ്ദേഹം ഉടൻതന്നെ അമൃത്സറിലുള്ള മാധ്യമപ്രവർത്തകൻ രവീന്ദർ സിംഗ് റോബിനോട് ഷിറാജ് കുടുംബത്തെ സഹായിക്കണമെന്ന് ഫോണിൽ അഭ്യർത്ഥിച്ചു.
രവീന്ദർ സിംഗ് റോബിൻ അപ്പോൾത്തന്നെ അട്ടാരി ബോർഡറിലെത്തിയെങ്കിലും എമിഗ്രെഷൻ ഉദ്യോഗസ്ഥർ ഡ്യൂട്ടി കഴിഞ്ഞു പോയിരുന്നു. അദ്ദേഹം ഷിറാജ് കുടുംബത്തെ അമൃത്സറിലുള്ള തൻ്റെ വീട്ടിൽക്കൊണ്ടു പോയി പാർപ്പിക്കുകയും അവർക്കുവേണ്ട സൗകര്യങ്ങൾ ഒരുക്കി നൽകുകയും ചെയ്തു.
പിന്നീട് രണ്ടു പത്രപ്രവർത്തകരും ചേർന്ന് ഇരു രാജ്യങ്ങളിലെയും അധികാരികളുമായി ബന്ധപ്പെടുകയും അവരെ കാര്യങ്ങൾ പറഞ്ഞു ബോദ്ധ്യപ്പെടുത്തുകയും ചെയ്തു. പാക്കിസ്ഥാൻ വിദേശകാര്യ സെക്രട്ടറി സൊഹെയ്ൽ മഹമൂദിന്റെയും ഇന്ത്യൻ വിദേശ സെക്രട്ടറി ഹർഷ് വർദ്ധന്റെയും ഇടപെടലുണ്ടായി.
ഇരു രാജ്യങ്ങളും ശത്രുത മറന്നു. കുട്ടിയുടെ അവസ്ഥയ്ക്ക് മാനുഷികപരിഗണന നൽകപ്പെട്ടു. പാക്കിസ്ഥാൻ ഹൈക്കമ്മിഷന്റെ ആഗ്രഹപ്രകാരം സബിഹ് ഷിറാജ് നും മാതാപിതാക്കൾക്കും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം സ്‌പെഷ്യൽ പാസ്സ് അനുവദിച്ചു. പാസ്‌കൈപ്പറ്റിയ പാക്കിസ്ഥാൻ ഹൈക്കമ്മിഷനിലെ ഉന്നത ഉദ്യോഗസ്ഥൻ ഷിറാജ് അർഷദിന് 20 ആം തീയതി രാത്രി ഫോൺ ചെയ്തു. പിറ്റേദിവസം ഉച്ചയ്ക്ക് അട്ടാരി ബോർഡറിൽ എത്തണമെന്നായിരുന്നു നിർദ്ദേശം.
അവരെത്തിയപ്പോൾ അവർ പോലും വിസ്മയിക്കുന്ന കാഴ്ചകളായിരുന്നു അട്ടാരി ബോർഡറിൽ. ഇന്ത്യൻ ഉദ്യോഗസ്ഥർ പൂച്ചെണ്ടും മധുരപലഹാരപ്പൊതിയും നൽകി സബിഹ് ഷിറാജിനെ സ്വീകരിച്ചപ്പോൾ അപ്പുറത്തെ അതിർത്തിയിൽ പാക്ക് അധികൃതർ റോസാപ്പൂക്കളുമായാണ് അവരെ പാക്കിസ്ഥാനിലേക്ക് വരവേറ്റത്. ഇന്ത്യൻ അതിർത്തിയിൽ ഡൽഹിയിൽനിന്നുള്ള പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനും അവരെ യാത്രയാക്കാൻ എത്തിയിരുന്നു.
“എല്ലാവരോടും നന്ദിയുണ്ട്. ആശുപത്രിയിലെ ഡോക്ടർമാർ, സ്റ്റാഫ്, നേഴ്‌സുമാർ, മാധ്യമപ്രവർത്തകൻ രവീന്ദർ സിംഗ്, പാക്കിസ്ഥാനിലെ മാധ്യമസുഹൃത്ത്, ഇന്ത്യാ – പാക്ക് അധികാരികൾ ഒക്കെ ഞങ്ങളെ സഹായിച്ചു. ബുദ്ധിമുട്ടുകളുണ്ടായെങ്കിലും പിന്നീട് എല്ലാവരും ഒപ്പംനിന്നു പോംവഴി കണ്ടെത്തിയതിൽ വലിയ നന്ദിയുണ്ട്. ഇന്ത്യയിൽ നിന്ന് ലഭിച്ച സ്നേഹം പ്രത്യേകിച്ചും ആശുപത്രിയിലും അമൃത്സറിലും അത് ഞങ്ങളുടെ ഹൃദയം കവർന്നു.” കറാച്ചിയിലെ വസതിയിൽ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞ വാക്കുകളാണിത്.