സാധാരണ എല്ലാ എയർലൈനുകളുടെ വിമാനങ്ങൾക്കും ഓരോ കോൾസൈൻ ഉണ്ടായിരിക്കും. എയർ ഇന്ത്യ, ലുഫ്താൻസ, എമിറേറ്റ്സ് എന്നിങ്ങനെ… കൂടാതെ അമേരിക്കൻ പ്രസിഡന്റ് സഞ്ചരിക്കുന്ന വിമാനം ഏതാണെങ്കിലും അതിനെ എയർഫോഴ്സ് വൺ എന്നായിരിക്കും അഭിസംബോധന ചെയ്യപ്പെടുക. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ഏറെ ദുരൂഹതയുള്ള ഒരു കോൾസൈൻ ആണ് ജാനറ്റ്. ഇന്നും നിഗൂഢതകൾ നിലനിർത്തുന്ന ഈ അജ്ഞാത വിമാനങ്ങളെക്കുറിച്ചുള്ള ചില കാര്യങ്ങൾ.
പലപ്പോഴും യുഎസിലെ ലാസ് വെഗാസിലെ മകാറന്‍ വിമാനത്താവളത്തില്‍ നിന്നും ചുവന്ന വരയുള്ള ചില വിമാനങ്ങള്‍ പറന്നുയരാറുണ്ട്. ഇതൊരു എയർലൈനിൻ്റെ വിമാനങ്ങൾ അല്ല. ജാനറ്റ് എന്ന് അഭിസംബോധന ചെയ്യുന്ന ഈ വിമാനങ്ങൾക്ക് സ്വന്തമായി ലോഗോയോ പേരോ ഇല്ല എന്നതാണ് യാഥാർഥ്യം. കൂടാതെ ഈ വിമാനങ്ങള്‍ വരുന്നതിന്‍റെയോ പറന്നുയരുന്നതിന്റേയോ അറിയിപ്പ് യാത്രക്കാര്‍ക്ക് ഒരിക്കലും ലഭിക്കാറുമില്ല. 1970 മുതലാണ് ഇത്തരത്തിലുള്ള രഹസ്യ സ്വഭാവമുള്ള വിമാനങ്ങൾ ഇവിടെ നിന്നും സർവ്വീസ് തുടങ്ങിയത്.
സായുധരായ സൈനികര്‍ കാവല്‍ നില്‍ക്കുന്ന ടെര്‍മിനല്‍ വഴിയാണ് ഈ ചുവപ്പു വരയൻ വിമാനങ്ങള്‍ പറന്നുയരാറുള്ളത്. ഇതുകൊണ്ട് ഈ വിമാനങ്ങളുടെ ഒരു വിവരവും മറ്റു യാത്രികര്‍ക്കു കിട്ടില്ല. എല്ലാവിധ രഹസ്യവും നിഗൂഢതയും സൂക്ഷിക്കുന്ന ഇത്തരം വിമാനങ്ങൾക്ക് മറ്റു കൊമേഴ്ഷ്യൽ വിമാനങ്ങളുടേതു പോലെ JANET88, JANET77 എന്നിങ്ങനെ ഫ്‌ളൈറ്റ് നമ്പറുകളും ഉണ്ട്. ബോയിങ് 737, ബീച്ച് ക്രാഫ്റ്റ് 1900, ബീച്ച് ക്രാഫ്റ്റ് B200C തുടങ്ങിയ എയർക്രാഫ്റ്റുകളാണ് ഇത്തരം രഹസ്യ സർവ്വീസുകൾ നടത്തുന്നത്.
ജാനറ്റ് സർവ്വീസ് നടത്തുന്നവയിൽ ആറ് ബോയിങ് 737 എയർക്രാഫ്റ്റുകൾ മുൻപ് എയർ ചൈന ഉപയോഗിച്ചിരുന്നവയാണ് എന്നതും കൗതുകകരമായ ഒരു വസ്തുതയാണ്. ഈ ആറെണ്ണം ഉൾപ്പെടെ നിലവിൽ 11 ഓളം എയർക്രാഫ്റ്റുകളാണ് ഈ രഹസ്യ സർവ്വീസിലുള്ളത്. N എന്ന അക്ഷരത്തിൽ തുടങ്ങുന്ന ഒരു സിവിലിയൻ രജിസ്‌ട്രേഷൻ നമ്പർ അല്ലാതെ ഈ വിമാനങ്ങൾക്ക് മറ്റ് ഐഡന്റിഫിക്കേഷനുകൾ ഇല്ല. ICAO പ്രസിദ്ധീകരിച്ചിട്ടുള്ള എയർലൈൻ കോഡുകളിൽ ഇവയുടെ കോഡ് ബ്ലോക്ക് ചെയ്യപ്പെട്ടിരിക്കുകയാണ്.
അമേരിക്കയുടെ തീവ്ര രഹസ്യസ്വഭാവമുള്ള ഒരു കേന്ദ്രമായ ഏരിയ 51 ലേക്കാണ് ഈ വിമാനങ്ങൾ പറന്നുയരുന്നത് എന്നാണു പൊതുവെ പറയപ്പെടുന്നത്. എന്നാൽ ഇതിനു ഔദ്യോഗികമായ സ്ഥിരീകരണം ഇല്ലെന്നു മാത്രം. അമേരിക്കയിലെ നെവാദയില്‍ സ്ഥിതി ചെയ്യുന്ന വളരെ തന്ത്രപ്രധാനമായ പ്രദേശമാണ് ഏരിയ 51. പറക്കും തളികകളുടേയും അന്യഗ്രഹജീവികളുടേയും അതീവരഹസ്യ വിവരങ്ങള്‍ അമേരിക്ക സൂക്ഷിച്ചിരിക്കുന്ന ഇടമാണ് ഇവിടം എന്നാണ് അതിശയോക്തി കലർത്തി ചിലര്‍ പറയുന്നത്.
അമേരിക്കന്‍ വ്യോമസേനയുടെ പൂര്‍ണ്ണ നിയന്ത്രണത്തിലുള്ള പ്രദേശത്തിന്‍റെ ഔദ്യോഗിക നാമം നെവാദ ടെസ്റ്റ് ആൻഡ് ട്രെയിനിങ് റേഞ്ച് എന്നാണ്. വിമാനങ്ങളും ഡ്രോണുകളും പരീക്ഷണ പറക്കലിനാണ് ഈ പ്രദേശം ഉപയോഗിക്കുന്നതെന്നും, മനുഷ്യവാസം കുറഞ്ഞ ഒറ്റപ്പെട്ട പ്രദേശമായതിനാലാണ് ഇത്തരമൊരു പ്രദേശത്തെ തിരഞ്ഞെടുത്തതെന്നുമാണ് പറയപ്പെടുന്നത്.
ഏരിയ 51 പോലുള്ള അതിതീവ്ര സ്വഭാവമുള്ള ബേസുകളിലേക്ക് ജീവനക്കാരെയും മറ്റും കൂട്ടിക്കൊണ്ടു പോകുകയും, അവരുടെ ജോലി കഴിഞ്ഞു തിരികെ കൊണ്ടാക്കുകയും ചെയ്യുന്നതാണ് ഈ വിമാനങ്ങളുടെ പ്രധാന ലക്‌ഷ്യം എന്നും പറയപ്പെടുന്നുണ്ട്. ഈ വിമാനങ്ങളിൽ ആളുകൾ കയറുകയും ഇറങ്ങുകയും ചെയ്യുന്നതുൾപ്പെടെ ഫോട്ടോകൾ പുറത്തു വന്നിട്ടുമുണ്ട്.
ഈ വിമാനങ്ങളെ JANET എന്നു വിളിക്കുന്നത് ‘Just Another Non-Existent Terminal’ എന്നതിൻ്റെ ചുരുക്കപ്പേരായിട്ടാണെന്നും, അതല്ല ‘Joint Air Network for Employee Transportation’ എന്നാണെന്നുമൊക്കെ പറയുന്നുണ്ടെങ്കിലും ഇതിന് ഔദ്യോഗികമായി സ്ഥിരീകരണങ്ങളൊന്നും തന്നെയില്ല. അതായത് ജാനറ്റ് എന്നത് ഒരു അനൗദ്യോഗികമായ വിളിപ്പേര് മാത്രം. ചുരുക്കിപ്പറഞ്ഞാൽ രഹസ്യ സ്വഭാവവുമായി പറക്കുന്ന ഈ വിമാനങ്ങളെക്കുറിച്ച് ഊഹാപോഹങ്ങളല്ലാതെ യഥാർത്ഥ വിവരങ്ങൾ കൂടുതലായി ആർക്കും അറിയില്ല എന്നതാണ് സത്യം.