Malayalam

കേരളത്തിലെ ആദ്യത്തെ സിനിമാ തിയേറ്ററായ തൃശ്ശൂർ ജോസ് തിയേറ്ററിൻ്റെ വിശേഷങ്ങൾ

By Aanavandi

February 26, 2020

എഴുത്ത് – സനിൽ വിൻസന്റ്.

കേരളത്തിലെ ആദ്യത്തെ സ്ഥിരം സിനിമാ തിയേറ്ററാണ് ജോസ് തിയേറ്റർ തൃശൂർ. അറിയൂ തൃശൂരിൻ്റെ സിനിമാ ചരിത്രം.. കാട്ടൂക്കാരൻ വാറുണ്ണി ജോസഫ് സ്ഥാപിച്ച ഈ തിയേറ്റർ ഇപ്പോൾ സ്ഥിതിചെയ്യുന്നത് തൃശ്ശൂർ നഗരത്തിലെ സ്വരാജ് റൗണ്ടിലാണ് ജോസ് ഇലട്രിക്കൽ ബയോസ്കോപ് എന്നാണ് ഈ തീയ്യറ്റർ ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത് 1930ൽ ആയിരുന്നു ഇവിടെ തുടങ്ങിയത്.

ജോസ് കാട്ടൂക്കാരന് വ്യത്യസ്തമായ കാര്യങ്ങളിൽ അദൃശ്യമായ ദാഹമുണ്ടായിരുന്നു.അദ്ദേഹം ഒരു യഥാർത്ഥ സാഹസികനായിരുന്നു. മലയാള സിനിമയുടെ ചരിത്രത്തിൽ അദ്ദേഹം വളരെ പ്രധാനപ്പെട്ട പങ്ക് വഹിച്ചു. അദ്ദേഹത്തിന്റെ സാഹസികതയാണ് ജോസിനെ സൈന്യത്തിലേക്ക് നയിച്ചത്. പഴയ കൊച്ചി ഭരണകൂടമാണ് അദ്ദേഹത്തെ റിക്രൂട്ട് ചെയ്തത്. എന്നാൽ പ്രശസ്തി നേടാനുള്ള അദ്ദേഹത്തിന്റെ അവകാശവാദം, സിനിമ ഒരു വലിയ വാണിജ്യ ഓപ്ഷനാണെന്ന് അദ്ദേഹം ആദ്യമായി തിരിച്ചറിഞ്ഞതാകാം.

1871 നവംബർ 27 ന് തൃശൂർ ജില്ലയിലെ ഒല്ലൂരിൽ ജനിച്ച ജോസ് സ്കൂളിലെ ഒരു ശരാശരി വിദ്യാർത്ഥിയായിരുന്നു. അഞ്ചാം ഫോം പൂർത്തിയാക്കിയ ശേഷം അദ്ദേഹം പഠനം നിർത്തി പ്രവിശ്യാ സൈന്യത്തിൽ ചേർന്നു. അച്ചടക്കവും പ്രതിബദ്ധതയുമുള്ള ജോസിനെ മേലുദ്യോഗസ്ഥർ ഇഷ്ടപ്പെട്ടു. ഇത് പതിവ് പ്രമോഷനുകളും ശമ്പള വർധനയ്ക്കും വഴിയൊരുക്കി ഇതൊക്കെയാണെങ്കിലും ജോസ് അസംതൃപ്തനായിരുന്നു. അവന്റെ മനസ്സ് ചലിക്കുന്ന ചിത്രങ്ങളുടെ ലോകത്തെ ചുറ്റിത്തിരിഞ്ഞിരുന്നു. ചലച്ചിത്രങ്ങളുടെ ലോകത്ത് പര്യവേക്ഷണം ചെയ്യാനും സൈന്യം ഉപേക്ഷിക്കാനും ജോസ് തീരുമാനിച്ചു.

1895 ഡിസംബർ 28-ൽ ലോകത്തിലെ ആദ്യത്തെ ചലച്ചിത്രപ്രദർശനം (സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള ഫാക്ടറി വിട്ടു പുറത്തുവരുന്ന തൊഴിലാളികൾ, സ്‌റേഷനിൽ വന്നുനിൽക്കുന്ന തീവണ്ടി, പൂ വിരിയുന്നത്, കുതിര ഓടുന്നത് പത്ത് ഹ്രസ്വ വീഡിയോകൾ ഉൾപ്പെടുന്ന വീഡിയോ) പാരീസിലെ ഗ്രാന്റ് കഫേയുടെ നിലവറയിൽ ലൂമിയേ സഹോദരന്മാർ നടത്തിയതിന് ശേഷം ആറ് മാസം പിന്നിട്ടപ്പോൾ ഇന്ത്യയിലും അവർ ഇത്തരത്തിലുള്ള ചലച്ചിത്രപ്രദർശനം നടത്തി. ഇന്ത്യയിലെ ആദ്യ ചലച്ചിത്രപ്രദർശനത്തിന് വേദിയായത് മുംബൈയിലെ വാട്സൺ ഹോട്ടലാണ്.

ലൂമിയർ സഹോദരൻമാരുടെ ഇന്ത്യയിലെ പ്രദർശനങ്ങളെത്തുടർന്ന് ഇന്ത്യക്കാരായ നിരവധി പ്രദർശകർ പേര് ഈ രംഗത്ത് സജീവമായി. പോൾ വിൻസെന്റ് എന്ന തിരുച്ചിറപ്പിള്ളിയിലെ ഒരു റെയിൽവേ ഉദ്യോഗസ്ഥനായിരുന്നു (പോൾ വിൻസെന്റിന്റെ അച്ഛൻ സ്വാമിക്കണ്ണ് വിൻസെന്റ് ആണ് ഇതെന്നും പറയപ്പെടുന്നുണ്ട്.) ദക്ഷിണേന്ത്യയിലെ ആദ്യ ചലച്ചിത്ര പ്രദർശകൻ. ഫ്രെഞ്ചുകാരനായ ഒരു ചലച്ചിത്ര പ്രദർശകനിൽ നിന്നു വാങ്ങിയ എഡിസൺ ബയോസ്‌കോപ്പ് എന്ന സിനിമാറ്റോഗ്രാഫ് ഉപകരണങ്ങൾ കൊണ്ടാണ് വിൻസെന്റ് പ്രദർശനം തുടങ്ങിയത്.

1906 ൽ ഈ പ്രൊജക്ടറുമായി കോഴിക്കോട്ടെത്തിയ വിൻസെന്റ് കേരളത്തിലെ ആദ്യത്തെ ചലച്ചിത്ര പ്രദർശനം അവിടെ നടത്തി. ചെടിയിൽ പൂവിരിയുന്നതും കുതിരപന്തയവും ക്രിസ്തുവിന്റെ ജീവിതവുമൊക്കെയാണ് പ്രദർശിപ്പിക്കപ്പെട്ട ചിത്രങ്ങൾ. അക്കൊല്ലം അവസാനത്തോടെ വിൻസന്റും എഡിസൺ ബയോസ്‌കോപ്പും തൃശ്ശൂരിലുമെത്തി. ഈ ചലച്ചിത്രപ്രദർശനങ്ങളിൽ ആകൃഷ്ടനായ തൃശ്ശൂരിലെ വാറുണ്ണി ജോസഫ് വിൻസെന്റിൽ നിന്നും ബയോസ്‌കോപ്പും ഫിലിമുകളും സ്വന്തമാക്കി. ജോസഫ് വാറുണ്ണിയിലെത്തിയ എഡിസൺ ബയോസ്‌കോപ്പ് പിന്നീട് ജോസ് ബയോസ്‌കോപ്പ് എന്നും അറിയപ്പെട്ടു.

1907ലെ തൃശ്ശൂർ പൂരത്തിന് വാറുണ്ണി തേക്കിൻകാട് മൈതാനത്ത് ഒരു താൽക്കാലിക കൂടാരം കെട്ടി അതിനുള്ളിൽ ബയോസ്‌കോപ്പിന്റെ സിനിമാ പ്രദർശനം നടത്തി. പെട്രോമാക്‌സ് വിളക്കുകൾ കൂടാരത്തിൽ പ്രകാശം പരത്തി. പ്രദർശനം തുടങ്ങുമ്പോൾ ഈ വിളക്കുകൾ പെട്ടിക്കുള്ളിൽ മറയും. പ്രൊജക്ടറിന്റെ ശബ്ദത്തിനൊപ്പം വിവരണക്കാരന്റെ ശബ്ദം ഉയരും. ഉച്ച ഭാഷിണി ഇല്ലാതെ തന്നെ, എന്നാൽ എല്ലാവരും കേൾക്കുമാറുച്ചത്തിലാണ് ഈ വിവരണം. കേരളത്തിലെ സിനിമാ തീയേറ്ററിന്റെ ആദ്യ രൂപമായിരുന്നു വാറുണ്ണി ജോസഫിന്റെ ഈ താൽക്കാലിക കൂടാരം. പൂ വിരിയുന്നതും കുതിര ഓടുന്നതും തീവണ്ടി ഓടുന്നതും ആയ സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള ചെറിയ ചലച്ചിത്ര രംഗങ്ങളാണ് അന്ന് അവിടെ പ്രദർശിപ്പിക്കപ്പെട്ടത്.

പിന്നീട് മലബാർ, മധ്യതിരുവിതാംകൂർ, തിരുവിതാംകൂർ എന്നിവിടങ്ങളിൽ പ്രദർശനങ്ങൾ നടത്തി.ജനറേറ്ററുകൾ ലഭ്യമായിത്തുടങ്ങിയതോടെ വാറുണ്ണി പ്രദർശനങ്ങൾക്കായി ഒരു ജനറേറ്റർ വാങ്ങി. അങ്ങനെ 1912 മുതൽ ജോസ് ബയോസ്‌കോപ്പ്, ജോസ് ഇലക്ട്രിക്കൽ ബയോസ്‌കോപ്പായി അറിയപ്പെട്ടു. ഒരിക്കൽ മംഗലാപുരത്തുവെച്ച് ഉണ്ടായ ഒരു പായ്ക്കപ്പൽ ദുരന്തത്തിൽ വാറുണ്ണിയുടെ ബയോസ്‌കോപ്പും ഫിലിമുകളും കടലിൽ മുങ്ങിപ്പോയി. ഇതിനെത്തുടർന്നാണ് മറ്റ് രണ്ടുപേരേക്കൂടി ചേർത്ത് റോയൽ എക്‌സിബിറ്റേഴ്‌സ് എന്ന പുതിയൊരു പ്രദർശന സംരംഭം ജോസഫ് വാറുണ്ണി ആരംഭിച്ചത്.

അങ്ങനെ, റോയൽ എക്‌സിബിറ്റേഴ്‌സ് മലയാളത്തിലെ ആദ്യത്തെ ചലച്ചിത്ര പ്രദർശന കമ്പനിയായി. തൃശൂരിലെ ജോസ് തിയ്യറ്ററും കോഴിക്കോട് ഡേവിസൺ തിയ്യറ്ററും റോയൽ എക്സിബിറ്റേഴ്സ് ആണ് നിർമ്മിച്ചത് വാറുണ്ണി കേരളത്തിലെ ചലച്ചിത്രപ്രദർശന വ്യവസായത്തിന്റെ പിതാവും ആയി.

ജോസഫ് 1925 മെയ് 26 ന് അന്തരിച്ചു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും ഇതേ പാതയിലൂടെ സഞ്ചരിച്ചു. പിന്നീട് വാറുണ്ണി, കുഞ്ഞിപ്പാലു, മോഹൻ പോൾ, പോൾ മോഹൻ എന്നിവർ ആയിരുന്നു നടത്തിപ്പുക്കാർ ഇപ്പോൾ അഞ്ചാം തലമുറയാണ് നടത്തുന്നത് അത് ഇപ്പോഴും ഒരു മനുഷ്യനോടുള്ള സിനിമയോടുള്ള അഭിനിവേശത്തിന്റെ പ്രതീകമായി നിലകൊള്ളുന്നു.