Malayalam

കെഎസ്ആർടിസി ജീവനക്കാർക്ക് ഗുണ്ടകളുടെ മർദ്ദനം – വീഡിയോ ദൃശ്യങ്ങൾ

By Aanavandi

January 17, 2020

അകാരണമായി കെഎസ്ആർടിസി ബസ്‌ഡ്രൈവർക്കും കണ്ടക്ടർക്കും മർദ്ദനമേറ്റു. മൂന്നാറിൽ നിന്നും എറണാകുളത്തേക്ക് സർവ്വീസ് നടത്തുകയായിരുന്ന കോതമംഗലം ഡിപ്പോയുടെ RNK 689 ബസ്സിലെ ജീവനക്കാർക്കാണ് ഈ ദുരനുഭവം നേരിട്ടത്.

സംഭവം ഇങ്ങനെ – മൂന്നാറിൽ നിന്നും എറണാകുളത്തേക്ക് പൊയ്ക്കൊണ്ടിരിക്കുകയായിരുന്നു കെഎസ്ആർടിസി ബസ്. സമയം അപ്പോൾ വൈകീട്ട് മൂന്നു മണി കഴിഞ്ഞിരുന്നു. അടിമാലിയ്ക്ക് സമീപമുള്ള ചാറ്റുപാറ എന്ന സ്ഥലം മുതൽ ബസ്സിനു മുന്നിൽ പോകുകയായിരുന്ന ഒരു ടിപ്പർ ലോറി പലതവണ അകാരണമായി ബ്രേക്ക് ഇടുകയും തൽഫലമായി പിന്നാലെ വന്നിരുന്ന ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് അത് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തു.

ഇതിനിടെ ബസ്സിനെയും ലോറിയെയും മറികടന്നെത്തിയ ഒരു കാറിലെ ഡ്രൈവർ ലോറിക്കാരുടെ പ്രവൃത്തിയെ ചോദ്യം ചെയ്യുകയും, ഇതിനെത്തുടർന്ന് ലോറി നിർത്തിയിറങ്ങിയ ഡ്രൈവറും കൂട്ടാളിയും ചേർന്ന് ആ കാർ ഡ്രൈവറെ മർദ്ദിക്കുകയും ചെയ്തു. ഇതു ചോദ്യം ചെയ്ത കെഎസ്ആർടിസി ബസ്സിലെ ഒരു യാത്രക്കാരനെയും ലോറിക്കാർ മർദ്ദിച്ചു. ഇതിനുശേഷം ടിപ്പർ ലോറി ഓടിച്ചു പോകുകയും ചെയ്തു.

സംഭവത്തെത്തുടർന്ന് പോലീസിൽ അറിയിക്കുവാനായി കെഎസ്ആർടിസി ഡ്രൈവർ ബസ് ഓരം ചേർത്തു നിർത്തിയിടുകയും, ബസ്സിൽ നിന്നും പുറത്തിറങ്ങി പോലീസിനെ ഫോണിൽ വിളിക്കുവാൻ തുടങ്ങുകയുമായിരുന്നു. ഈ സമയത്ത് കൂടുതലാളുകളുമായി തിരിച്ചെത്തിയ ലോറി ഡ്രൈവർ കെഎസ്ആർടിസി ജീവനക്കാരോട് തർക്കിക്കുകയും യാതൊരു പ്രകോപനവും കൂടാതെ അവർക്കു നേരെ ആക്രമണം അഴിച്ചു വിടുകയുമായിരുന്നു.

മർദ്ദനമേറ്റ ബസ്‌ ഡ്രൈവർ കോതമംഗലം നെല്ലിക്കുഴി മഞ്ഞളാം കുന്നേൽ എം.എ. സുധീർ, കണ്ടക്ടർ പെരുമ്പാവൂർ ചിറക്കേകുടി ഹാഷിം ഷാഹിബ് എന്നിവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യാത്രക്കാരുടെയും ബസ് ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തി പോലീസ് കേസ്സെടുത്തിട്ടുണ്ട്. ഈ സംഭവങ്ങളെല്ലാം യാത്രക്കാരിൽ ആരോ ഒരാൾ വീഡിയോ പകർത്തുകയും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുകയും ചെയ്തത് നല്ലൊരു തെളിവായി മാറി. പ്രസ്തുത വീഡിയോയിൽ അക്രമികളുടെ മുഖം വ്യക്തമാണ്.

എന്തായാലും അക്രമികൾ അഴിയെണ്ണും എന്നുറപ്പാണ്. കാരണം ഇതിനു മുൻപും പലപ്പോഴും ഇത്തരത്തിൽ അകാരണമായി കെഎസ്ആർടിസി ജീവനക്കാർക്കെതിരെ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം അക്രമികൾക്ക് നല്ല മുട്ടൻ പണിയും കിട്ടിയിട്ടുണ്ട്. സർക്കാർ ജീവനക്കാരുടെ കൃത്യ നിർവ്വഹണത്തിന് തടസ്സം നിൽക്കൽ, വധശ്രമം എന്നിങ്ങനെയായിരിക്കും വകുപ്പുകൾ വരുന്നത്. ഈ സംഭവത്തിലും അങ്ങനെ തന്നെ ഉണ്ടാകുമെന്നാണ് എല്ലാവരും കരുതുന്നത്.