എഴുത്ത് – Shamsad Kuzhikkattil.
ഈ കുറിപ്പിൽ സൂചിപ്പിച്ചിട്ടുള്ള കാര്യങ്ങൾ ആനുകാലികതയിൽ കൂടുതൽ ശ്രദ്ധേയമായി തോന്നുന്നതിനാൽ ഒരിക്കൽക്കൂടി edit ചെയ്ത് പോസ്റ്റ് ചെയ്യുന്നു.
KSRTC അപകടങ്ങൾ ഒരു പുതുമയല്ല, നിരന്തരം നിരവധി ബസ്സുകൾ അപകടത്തിൽ പെടുന്നു.അപകടകാരണം, ഡ്രൈവറുടെ അശ്രദ്ധയും, അമിത വേഗതയും എന്ന പതിവ് പല്ലവി മാത്രം.
അധികൃതർക്ക് കൈ കഴുകി രക്ഷപെടാൻ ഡ്രൈവറെന്ന ഇരുകാലി മൃഗത്തിനെ ക്രൂശിക്കുക. പരസ്യമായി വിചാരണ ചെയ്ത് അവന്റെ ജീവിതമോഹങ്ങളെ ശവപ്പെട്ടിക്കുള്ളിലാക്കി അവസാനത്തെ ആണിയുമടിച്ച് മോക്ഷം നേടുക. അപരാധങ്ങൾക്ക് ആകെയുള്ള ഉത്തരവാദി ഡ്രൈവർ മാത്രം. ബാക്കിയെല്ലാ വിധി നിർണ്ണയ മേലാളൻമാരും, മാന്യരും, പാപമുക്തരുമായി വിലസുക. KSRTC യിൽ തുടർന്നുകൊണ്ടിരിക്കുന്ന അതിവിശിഷ്ട Duty pattern, ഡ്രൈവർ സമൂഹത്തിന്റെ ചിറകരിയുന്നു.
ഒരു വ്യവസായ സേവന മേഖലയുടെ ക്ഷമിക്കണം വ്യവസായ സേവനം എന്നത് KSRTC യുടെ പൊതു നയമാണ്, പൊതു സമൂഹത്തിന്റെ സഞ്ചാരസ്വതന്ത്രത്തിന് വേണ്ടി, സേവനവും, ജീവനക്കാരന്റെ ശിക്ഷണ മുറകൾക്കായി വ്യവസായവുമായി കണ്ടും, കേട്ടും, മാലോകർക്ക് മുന്നിൽ ആനവണ്ടിയെന്ന ലേബലിൽ തല ഉയർത്തി നിൽക്കുന്ന, പൊതുജന യാത്രാ മാധ്യമത്തിലെ ‘അടിസ്ഥാന വിഭാഗം തൊഴിലാളികളായ ഡ്രൈവർ വിഭാഗത്തിനെ, വ്യവസായത്തിന്റെ നട്ടെല്ലായും, നെടുംതൂണായും, ഉപമിച്ചും, പറഞ്ഞ് പറഞ്ഞ് സുഖിപ്പിച്ചും എടുക്കാനാകാത്തത്ര അമിത അധ്വാനഭാരം അടിച്ചേൽപ്പിച്ച് വംശനാശം വരുത്തി, ആഘോഷിക്കുകയാണ് ചിലർ.
ജീവനാംശത്തിന് വേണ്ടി തെരുവിൽ, മരണത്തെ തോൽപ്പിക്കാൻ പെടാപാടുപെടുകയാണ് ഓരോ ഡ്രൈവറും. ഇത് പറയുമ്പോൾ, ചിലരൊക്കെ അരയിൽ സൂക്ഷിച്ചിരിക്കുന്ന, കാറ്റഗറി വാദിയെന്ന വാളെടുത്ത് വെട്ടിവീഴ്ത്തിയേക്കാം. കാരണം ഡ്രൈവർ സ്വന്തം അനുഭവങ്ങളെ പച്ച മലയാളത്തിൽ വിളിച്ചു പറഞ്ഞപ്പോഴെല്ലാം, KSRTC യിലെ യൂണിയൻ തമ്പുരാക്കൾ ആദ്യം എടുത്ത് വീശുന്നത് കാറ്റഗറി വാദം എന്ന വാൾ തന്നെയാണ്.
ഒന്നും പറയാതെ, മൗനം പാലിച്ച് ഇവർ കയ്യിൽ ഏൽപ്പിച്ചുതരുന്ന കൊടിയും ചുമന്ന് ചൊല്ലിത്തരുന്ന മുദ്രാവാക്യവും മുഴക്കി കൂടെ നടന്നാൽ മാത്രം കാലം പൂർത്തിയാക്കാം അതല്ലെങ്കിൽ, സഞ്ചിയും എടുത്ത് തിരികെ പോകേണ്ടി വന്നാലൊ എന്ന ഭയത്താൽ പലരുംസത്യം പറയാൻ മടിക്കുന്നു.
മൂടി വെച്ച വികാരങ്ങളും, തീവ്രമായ പ്രതിഷേധങ്ങളും, ഉള്ളിൽ ഒളിപ്പിച്ച്, താങ്ങാനാവാത്തസമ്മർദ്ദത്താൽ അകാലവാർദ്ധക്യവും, ആന്തരികമായ രോഗക്രീഡകളും, ഡ്രൈവറുടെ ഭാവി ജീവിതം അതിസങ്കീർണ്ണമാക്കുന്നു.
നിലവിൽ KSRTC യിൽ നിലനിൽക്കുന്ന Duty പാറ്റേൺ, സ്റ്റിയറിംഗ് Duty എന്ന ഓമനപ്പേരിട്ട് ഏമാൻമാരുടെ അതിബുദ്ധിയാൽ KSRTC ഡ്രൈവർമാർക്ക് വേണ്ടി ഒരുക്കി തന്നിരിക്കുന്ന ഒന്നും, ഒന്നരയും, മുക്കാലും, പിന്നെ മേമ്പൊടിയായി, കി.മി ടാർജറ്റും, KMPLപീഢനവും, സ്പ്രെഡ് ടൈമും. ഇതെല്ലാം പൂമാലയായി കോർത്ത്
ഡ്രൈവറുടെ കഴുത്തിൽ അണിയിച്ചു തന്ന ധീരരായ യൂണിയൻ നേതാക്കൻമാരും, ഈ തെരുവ് കുരുതികൾക്ക് ഉത്തരവാദികളല്ലെ?…
ഉറക്കത്തെ തോൽപ്പിക്കാൻ കണ്ണിൽ കാന്താരിമുളക് പുരട്ടി വാഹനമോടിക്കേണ്ട ഗതികേടിനെ, SAVE KSRTC എന്നല്ല മറിച്ച് SHAVE KSRTC എന്നാണ് പറയേണ്ടത്. തുടർച്ചയായി 10 ഉം 12 ഉം, 16ഉം മണിക്കൂർ സമയം വിശ്രമവും ഭക്ഷണവുമില്ലാതെ ജോലി ചെയ്യുന്നവന് ഏകാഗ്രതയോടെ ജോലി പൂർത്തിയാക്കാൻ കഴിയില്ലെന്നത് ഏത് ബുദ്ധിശൂന്യനും തിരിച്ചറിയാൻ കഴിയുമെങ്കിൽ പോലും, യാതൊരു പരിഗണനയും പരിശോധനയുമില്ലാതെ, അമിത ജോലി അടിച്ചേൽപ്പിക്കപ്പെട്ട ഡ്രൈവർ വിഭാഗത്തിന്റെ ചോര വീണുകൊണ്ടേയിരിക്കുന്നു.
രാജഭരണം പേറുന്ന ഗൾഫ് രാജ്യങ്ങളിൽ പോലും 8 മണിക്കൂറിൽ കൂടുതൽ ഡ്രൈവിംഗ് ജോലി ചെയ്യാനൊ ചെയ്യിക്കാനോ പാടില്ലെന്ന നിയമം നടപ്പിലാക്കുമ്പോൾ KSRTC യിൽ അതെല്ലാം അപ്രായോഗികം എന്ന് പറഞ്ഞ് ഫയലുകൾ പൂഴ്ത്തുന്ന മുഖ്യ യൂണിയനുകൾക്ക് എന്തേ ഇത്ര നിസ്സംഗത?
8 മണിക്കൂറിൽ 6.30 മണിക്കൂർ സമയം ഡ്രൈവ് ചെയ്തും അരമണിക്കൂർ വിശ്രമവും, അര മണിക്കൂർ വീതം, വാഹന പരിശോധനയും, അനുവദിച്ച്, ഡ്രൈവറെയും, മറ്റ് അനുബന്ധ ജീവനുകളെയും, രക്ഷിക്കുന്നതിന്ന് നിങ്ങൾക്കെന്ത് കൊണ്ട് കഴിയുന്നില്ല? 8 മണിക്കൂറിൽ കൂടുതൽ സമയത്തെ Duty കൾക്ക് ഡ്രൈവർ കം കണ്ടക്ടറോ, കണ്ടക്ടർ കം ഡ്രൈവറൊ എന്നത് നടപ്പിലാക്കാനുള്ള ഇച്ഛാശക്തി ഇല്ലാത്തതെന്തെ?
രാത്രിയായാലും, പകലായാലും, വിശ്രമമില്ലാതെ ജോലി ചെയ്യേണ്ടി വന്നാൽ ഉറങ്ങിപ്പോവുക സാധാരണമാണ്. ഇത് സംഭവിക്കില്ല എന്ന് പറയാൻ മാത്രം ആർക്കാണ് കഴിയുക? അര മണിക്കൂർ സമയത്തെ യാത്രക്കിടയിൽ പോലും, സീറ്റിലിരുന്ന് ഉറങ്ങിയവരും ഡ്രൈവറെ മനുഷ്യനായി കാണുന്നില്ല, എന്നത് അന്ത്യന്തം, വേദനാജനകമാണ്.
ഡ്രൈവർക്ക്, 15 ദിവസം ജോലി ചെയ്താൽ പോരെ എന്ന് ചാനൽ ചർച്ചയിൽ അഭിപ്രായം പറയുന്ന അഭിനവ ജനപ്രതിനിധികൾക്കും, KSRTC ഡ്രൈവർമാരുടെ, ഈ മാരത്തൺ ,പ്രകടനങ്ങൾക്ക് പിന്നിലെ സത്യമെന്തെന്ന് കൂടി അന്വേഷിച്ചറിയാനുള്ള ഉത്തരവാദിത്വമുണ്ട്.
ഒരു ബസ്സ് തെരുവിൽ അപകടത്തിൽപെട്ടാൽ അതിന്റെ ഒരേയൊരു ഉത്തരവാദി ഡ്രൈവർ മാത്രം എന്ന ആഭാസത്തോട്, ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംയുക്ത സമര നാടകങ്ങൾ നടത്തുന്നവർ ഒന്ന് മനസ്സിലാക്കണം. ഇനിയും തെരുവുകളിൽ ഒഴുകുന്ന രക്ത തുള്ളികൾക്ക് ഉത്തരവാദിത്വം ഡ്രൈവർക്ക്,മാത്രമായി വിഹിതം വെക്കുന്ന നിങ്ങൾ, ഡ്രൈവർ പാലിക്കുന്ന നിതാന്ത ജാഗ്രതയും, ക്ഷമയും, കൊണ്ട്, മാത്രമാണ്, ഉരുട്ടി വിഴുങ്ങുന്ന തെന്നയാഥാർത്ഥ്യം. തിരിച്ചറിയാൻ വൈകിയാൽ, നാളത്തെ തെരുവുൽസവങ്ങളിൽ വീഴുന്ന രക്ത തുള്ളികൾക്കുത്തരവാദികളായി ലോകം നിങ്ങളെ വിലയിരുത്തുക തന്നെ ചെയ്യും.
കേരളത്തിലെ സംസ്ഥാന, ദേശീയപാതകളിലൂടെ ഓടികൊണ്ടിരിക്കുന്ന ഓരോ KSRTC ബസ്സിന്റെയും, Duty പാറ്റേൺ കാലോചിതമായി പരിഷ്ക്കരിക്കേണ്ടിയിരിക്കുന്നു. 1980 കളിലെ സമയക്രമവും, ദേശീയ വാഹന ശരാശരിയിൽ, ഇന്ത്യയിൽ ഏറ്റവും കൂടുതൽ വാഹനങ്ങളും, ജനസാന്ദ്രതയുമുള്ള കേരളത്തിന്റെ വീഥികളെ തമിഴ്നാടും, കർണ്ണാടകയോടുമുപമിച്ച് KMPL ഉം, EPKM ഉം EPL, ഉം അടിച്ചേൽപ്പിക്കുന്നവർ ഇനിയും മാറേണ്ടിയിരിക്കുന്നു.
ഓരോ ബസ്സും ഡ്രൈവർക്ക്,ആയാസരഹിതമായി ഡ്രൈവ് ചെയ്യാനുള്ള തരത്തിൽ അറ്റകുറ്റപ്പണികൾ ചെയ്ത് മാത്രം സർവ്വീസിനയക്കുക. ഓരോ റൂട്ടിലും, കൃത്യമായ സമയക്രമവും, ഗ്യാപ്പും പരിശോധിച്ച്, മാത്രം സർവ്വീസിനയക്കുക. അനാവശ്യമായ കി.മി ടാർജറ്റ് അവസാനിപ്പിക്കുക. ട്രാഫിക്ക് ബ്ലോക്കുകളുടെ നഷ്ടപ്പെട്ട സമയം ഡ്രൈവർക്ക് വകവെച്ച് കൊടുക്കുക.
8 മണിക്കൂറിന് മുകളിൽ ഓടേണ്ട റൂട്ടുകളിൽ നിർബ്ബന്ധമായും ഡ്രൈവർ കം കണ്ടക്ടർ നടപ്പിലാക്കുക. വാഹനങ്ങളുടെ ജനുവിൻ പാർട്ട് സുകളുടെ അവൈലബിലിറ്റി ഉറപ്പ് വരുത്തുക. ക്രൂചേഞ്ച് എന്ന നടപടിക്ക് പകരം ഡ്രൈവർ കം കണ്ടക്ടർ തന്നെ നടപ്പിലാക്കുക. KMPL പീഢനം അവസാനിപ്പിക്കുക.
കോസ്റ്റ് ഓഫ് ഡാമേജിന്റെ ഭാരം ഡ്രൈവറെ ഒഴിവാക്കുക. എല്ലാ ബസ്സുകൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പ് വരുത്തുക. RPM കട്ട് ചെയ്യുന്ന പ്രാകൃത പരിഷ്ക്കാരങ്ങൾ അവസാനിപ്പിക്കുക. തൊഴിൽ ശൈലീ രോഗങ്ങൾക്ക് ഡ്രൈവർ വിഭാഗത്തിന് ചികിൽസ ഉറപ്പു വരുത്തുക. ശാരീരിക വിഷമതകൾ ഉള്ള ഡ്രൈവർക്ക് ഡ്രൈവിംഗ് ജോലിയിൽ നിന്ന് വിട്ട് നിൽക്കുവാൻ അനുവാദം കൊടുക്കുക. ആനുകാലികമായ ജീവിത സാഹചര്യങ്ങൾക്കനുസരിച്ച വേതനം ഉറപ്പ് വരുത്തുക.
അപകടങ്ങൾ തുടർക്കഥയാവുന്നു. അതിലിരയാക്കപ്പെടുന്നവർ കോടതി വരാന്തകളിൽ ശിഷ്ടകാലം നിരങ്ങി തീർക്കുന്നു. കാരണങ്ങൾ പരിഹരിക്കപ്പെടുമോ?
നിസ്സംഗരായി കെ.എസ് ആർ ടി സി ഡ്രൈവർമാർ കാലം കഴിക്കുന്നു. ഓരോ അപകടങ്ങൾക്ക് പിന്നിലും നിർണ്ണയിക്കപ്പെടാതെ പോകുന്ന കാരണങ്ങൾ നിരവധി. അവസാനത്തെ ഇരയായി ഡ്രൈവർ തൂക്കിലേറ്റപ്പെടുന്നു. ഉത്തരവാദികൾ രക്ഷപെടുന്നു. കാരണങ്ങൾ വിസ്മരിക്കപ്പെടുന്നു.
അശാസ്ത്രീയമായ സമയ ക്രമീകരണം ഡ്രൈവർക്ക് കടുത്ത ആയാസം അടിച്ചേൽപ്പിക്കപ്പെടുന്നു. കൃത്യതയില്ലാത്ത അറ്റകുറ്റപ്പണികൾ, ശരിയായി നിർവ്വഹിക്കപ്പെടാത്ത ബ്രേക്ക് തകരാറുകൾ, ഡ്രൈവിംഗ് കൺവീനിയൻസ് തീരെ ശ്രദ്ധിക്കാതെ സ്വന്തമിഷ്ടപ്രകാരം ഒരോരുത്തർ ഫിറ്റ് ചെയ്യുന്ന സ്വിച്ചുകൾ,
വ്യക്തമായി കാഴ്ച്ച ലഭ്യമല്ലാത്ത റിയർവ്യൂ മിററുകൾ, വെളിച്ചമില്ലാത്ത ഹെഡ് ലൈറ്റുകൾ, വൃത്തിയാക്കാൻ മാത്രം കൃത്യതയില്ലാത്ത വൈപ്പർ ബ്ലേഡുകൾ, നിറം മങ്ങിയ വിൻഡ്ഷീൽഡുകൾ, ശബ്ദം തീരെ കുറഞ്ഞ ഹോണുകൾ, തേഞ്ഞ് തീർന്ന മൊട്ടയായ ടയറുകൾ, അഡ്ജസ്റ്റ് ചെയ്യാൻ കഴിയാത്ത ഡ്രൈവിംഗ് സിറ്റുകൾ, കൃത്യമായ ടേണിംഗ് റേഡിയസ് ഇല്ലാത്ത സ്റ്റിയറിംഗ് മെക്കാനിസങ്ങൾ, വളരെ കുറഞ്ഞ ആർ പി എം മാത്രമനുവദിക്കുന്ന കാടൻ നിലപാടുകൾ.
പ്രവർത്തനക്ഷമമല്ലാത്ത ഡാഷ് മീറ്ററുകൾ, കൃത്യമായി ലഭ്യമല്ലാത്ത ഡെസ്റ്റിനേഷൻ ബോർഡുകൾ, കെട്ടുവള്ളം പോലെ പണിതിട്ടുള്ള ബസ് ബോഡികൾ, വൃത്തിയില്ലാതെ സർവ്വീസിനയക്കുന്ന ബസ്സുകൾ, മാറി മാറി കൊടുത്തയച്ച് ഡ്രൈവർക്ക് ബസ്സിനെക്കുറിച്ചുള്ള അപരിചിതത്വം വർദ്ധിപ്പിക്കുന്ന മേലധികാരികൾ, ഡ്രൈവറുടെ അഭിപ്രായങ്ങൾ അന്വേഷിക്കാതെ പണിതുയർത്തുന്ന ബസ്സ് ബോഡികൾ, കരിങ്കല്ല് പോലുള്ള ക്ലച്ച് ബ്രേക്ക് പെഡലുകൾ, യാതൊരു റോഡ് നിയമങ്ങളുമറിയാത്ത കൂടെ വരുന്ന കണ്ടക്ടർമാർ, ഓരോ ദിവസവും മാറി മാറി ഡ്രൈവറെ ഏൽപ്പിക്കുന്ന ബസ്സുകൾ, ഓരോ പുതിയ പുതിയ സ്റ്റോപ്പുകൾ, വിശ്രമിക്കാൻ അനുവദിക്കാത്ത ഷെഡ്യൂൾ പാറ്റേണുകൾ… ഒരു ശരാശരി കെ.എസ് ആർ ടി സി ഡ്രൈവർക്ക് ഈ അനുഭവങ്ങളെ തരണം ചെയ്ത് വേണം ലക്ഷ്യത്തിലേക്കെത്താൻ.
ഇതൊന്നും ചർച്ച ചെയ്യാൻ ഡ്രൈവർ വിഭാഗത്തിന് ആരും സഹായികളില്ല. ഏറ്റവും റിസ്ക്കുള്ള ജോലി ഏതെന്ന് ചോദിച്ചാൽ മന:സാക്ഷി മരവിക്കാത്തവർ പറയും കെ.എസ് ആർ ടി സി ഡ്രൈവർ ജോലിയാണെന്ന്. ഈ കാരണങ്ങൾക്ക് പരിഹാരം കാണുവാൻ ശക്തമായ ഇടപെടലുകൾ വേണം.
ജീവൻ അമൂല്യമാണ്. ജീവിതത്തിന് നിയമക്കുരുക്കുകളിലേക്ക് വഴി തുറക്കുന്ന ഗതികേട് KSRTC ഡ്രൈവർക്ക് സമ്മാനിക്കുന്ന ക്രൂരമായ പരീക്ഷണങ്ങൾ അവസാനിപ്പിക്കുക. ഇതൊരു കാറ്റഗറി ഫിലോസഫിയല്ല. കരളലിയിക്കുന്ന കദന ഭാരങ്ങളുടെ കണക്കെഴുത്താണ്. വിവാദങ്ങൾക്ക് വേണ്ടിയല്ല. വിവേകത്തോടെ സംവദിക്കാൻ മാത്രം.
ചിലർക്കൊക്കെ ചില സ്ഥിരം കമൻറുകൾ ഉണ്ടാകും, എങ്കിൽ പിന്നെ ഇട്ടെറിഞ്ഞിട്ട് പൊയ് കൂടെയെന്ന്. പക്ഷേ ഇതിന്റെ പരിണത ഫലം അടുത്ത തലമുറയെയും ബാധിക്കാതിരിക്കാൻ നമുക്ക് ജാഗ്രത പാലിക്കേണ്ടതുണ്ട്. വ്യവസ്ഥിതികളെ മാറ്റിയെഴുതും വരെ പോരാടിക്കൊണ്ടിരിക്കാം.
വേറെ ചിലർ ആശ്വസിപ്പിക്കാനായി പറയുന്ന തിരുമൊഴി എല്ലാ ജോലിക്കും അതിന്റെ പ്രയാസങ്ങളുണ്ടെന്നതാണ്. പക്ഷേ അതൊരു തൂക്കമൊപ്പിക്കൽ മാത്രമാണ്. കാരണം KSRTC ഡ്രൈവർക്ക് ജോലി ചെയ്യാനുള്ള പ്രയാസമോ വൈമനസ്യമോ അല്ല മറിച്ച്, അതിന്റെ പരിണത ഫലം, കുറ്റവാളിയായും, പ്രതിയായും, ശിക്ഷിക്കപ്പെടണമെന്ന അധിക ബാധ്യത കൂടിയാണ്. അതിനോട് സമരസപ്പെടാൻ നിങ്ങൾക്ക് കഴിയുമോ?
ഒരു വിഭാഗത്തിന്റെ മാത്രം മേൽക്കോയ്മയിൽ അവരുടെ മാത്രം മനോമുകരത്തിൽ പൊട്ടി മുളക്കുന്ന അത്യാചാരങ്ങൾക്ക് വേണ്ടി ജീവിതം ഹോമിക്കാൻ മാത്രം പമ്പരവിഡ്ഢികളാവരുത് KSRTC ഡ്രൈവർമാർ. ഇനിയും തീരുമാനങ്ങൾ എടുക്കാൻ വൈകിയാൽ, നഷ്ടങ്ങളുടെ കണക്കിൽ ശിഷ്ടജീവിതം നരകിക്കാൻ മാത്രം വിധിക്കപ്പെട്ട ഇരുകാലി മൃഗങ്ങളായി ഡ്രൈവർ സമൂഹം അധ:പതിക്കും എന്ന കാര്യത്തിൽ സംശയമില്ല. ഇനിയും, പാർട്ടിയും, യൂണിയനും പക്ഷംപിടിച്ച് ന്യായാന്യായങ്ങൾ വിലയിരുത്തുവാനാണ് ശ്രമമെങ്കിൽ തീർച്ച “വിനാശകാലേ വിപരീത ബുദ്ധി.” മാന്യമായ പ്രതികരണം ആവാം, പിശകുകൾ ഉണ്ടെങ്കിൽ തിരുത്താം. ശരിയാണെന്ന് തോന്നിയാൽ ഷെയർ ചെയ്യാം.
Driver KSRTC യുടെ നട്ടെല്ലാണെന്ന് വായ്ക്കുരവയിടുന്നവർ – Driver വിഭാഗത്തെ കൂടുതൽ കൂടുതൽ ദുരിതങ്ങൾ അടിച്ചേൽപ്പിക്കുന്നു. വർക്ക് അറേൻജ്മെന്റ് എന്ന ഓമനപ്പേരിൽ – പാലായിൽ ജോലി ചെയ്യുന്ന Driver മാരെ പാറശ്ശാലയിലേക്കും, നെയ്യാറ്റിൻകരയിൽ ജോലി ചെയ്യുന്ന Drivers നെ വൈക്കത്തേക്കും മാറ്റിമാറ്റി ആസ്വദിക്കുന്ന മാനേജ്മെന്റ് – ഒന്ന് തിരിച്ചറിയണം. സ്വന്തം വീട്ടിൽ നിന്നും ദൂരസ്ഥലങ്ങളിലേക്ക്, പ്രാഥമിക കൃത്യനിർവ്വഹണ സൗകര്യം പോലുമില്ലാത്ത അപരിചിതത്വത്തിലേക്ക്, മനസ്സിന്റെ tention ഉം – ജീവിത ശൈലികളുടെ താളം തെറ്റിക്കലും, Driver വിഭാഗത്തിന്റെ മാനസ്സിക ആഘാതം വർദ്ധിപ്പിക്കുമ്പോഴുണ്ടാകുന്ന അബദ്ധങ്ങളും അന്തക്കേടുകളും ഓരോ Driver ന്റെയും work efficiancy യും, ജാഗ്രതയും ഇല്ലാതാക്കുമെന്ന സൈക്കോളജിക്കൽ ബാലപാഠമെങ്കിലും അധികാരികൾക്കുണ്ടാവാത്ത കാലത്തോളം KSRTC യുടെ പുരോഗതിയും, നിലനിൽപ്പും ഒരു ചോദ്യ ചിഹ്നമായി അവശേഷിക്കും.
അനുഭവങ്ങളെ ഗുരുവാക്കി നിർത്തി ഞാൻ സൂചിപ്പിച്ചിട്ടുള്ള കാര്യങ്ങളിൽ യാതൊരു അതിഭാവുകത്വവും കലർത്തിയിട്ടില്ല. തികച്ചും ശുദ്ധയാഥാർത്ഥ്യം മാത്രം. ശരിയായിട്ട് തോന്നിയാൽ ഷെയർ ചെയ്യുക. ലോകം സത്യമറിയട്ടെ. അകാലത്തിൽ പൊലിഞ്ഞ അവിനാശി അപകടത്തിലെ Driver സഹോദരങ്ങളുടെ ആത്മാവിനു മുൻപിൽ സവിനയം.