കഴിഞ്ഞ ദിവസം കുട്ടിക്കാനം ഭാഗത്ത് ഫോർഡ് എൻഡവറുമായി ഒരു ചെറിയ ഓഫ്റോഡിംഗ് നടത്തിയിരുന്നു. പ്രിയ സുഹൃത്തായ ലിബിൻ ജോസിൻ്റെ സഹായത്തോടെയായിരുന്നു ഞങ്ങളുടെ ഓഫ്റോഡ് യാത്രകൾ. ഇതിനെക്കുറിച്ച് ലിബിൻ എഴുതി ഷെയർ ചെയ്ത വിവരണം താഴെ കൊടുക്കുന്നു.

അതിവേഗം ബഹുദൂരയാത്രകൾ വളരെയധികം ഇഷ്ടമാണെങ്കിലും സാഹസികയാത്രയോട്‌ അൽപ്പം ഏറെ ഇഷ്ടക്കൂടുതൽ ഉള്ളതുകൊണ്ടുതന്നെ നമ്മുടെ എല്ലാവരുടെയും പ്രിയപ്പെട്ട Tech Travel Eat By Sujith Bhakthan നും എമിൽ മച്ചാനും കൂടി Ford Endeavor ഉം ആയി ഓഫ്‌ റോഡ്‌ ഡ്രൈവ്‌ ചെയ്യാൻ വയനാടിന് പോവുന്ന വിവരം അറിഞ്ഞപ്പോഴേ മനസ്സിൽ ആഗ്രഹിച്ചതാണ് ഒരു ദിവസമെങ്കിലും നമ്മുടെ ഇടുക്കിയിലും സുജിത്ത്‌ ബ്രോയോടൊപ്പം ഓഫ്‌ റോഡിംഗ്‌ ചെയ്യണമെന്ന്. “ഇടുക്കിയിൽ അങ്ങ്‌ ഹൈറേഞ്ചിൽ മാത്രമല്ല, ഇങ്ങ്‌ ലോറേഞ്ചിലും ഉണ്ട്‌ മച്ചാന്മാരെ ഓഫ്‌ റോഡൊക്കെ.”

അങ്ങനെ ഒരു ദിവസം സന്ധ്യാസമയത്ത്‌ വെറുതെ സ്വപ്നം കണ്ടിരിക്കുമ്പോഴാണ് “നാളെ നമുക്ക്‌ വിട്ടാലോ” എന്ന് സുജിത്ത്‌ ബ്രോയുടെ മെസ്സേജ്‌ ! പെട്ടന്നായിരുന്നതുകൊണ്ടുതന്നെ പലപ്പോഴും എന്റെ കൂടെ വരുന്ന സുഹൃത്തുക്കൾക്കെല്ലാം ഓരോ അസൗകര്യങ്ങൾ. വണ്ടികൾ പലതും കട്ടപ്പുറത്തും. വലിയ പ്ലാൻ ഒന്നും ഇടാൻ പറ്റില്ലാന്ന് അറിയാമായിരുന്നുവെങ്കിലും ഒന്നും നോക്കാതെ രണ്ടും കൽപ്പിച്ച്‌ ഞാൻ ഓക്കെ പറഞ്ഞു. രാത്രി പതിനൊന്നേമുക്കാലോടെ പ്രിയസുഹൃത്തിന്റെ സപ്പോർട്ടുകൊണ്ട്‌ എല്ലാം ഒരുവിധം സെറ്റ്‌.

സാധാരണഗതിയിൽ പിറ്റേദിവസം രാവിലെ എങ്ങോട്ടെങ്കിലും യാത്രാ പ്ലാൻ ഉണ്ടെങ്കിൽ തലേദിവസം രാത്രി എനിക്ക്‌ നന്നായി ഉറക്കം കിട്ടിയ ചരിത്രമില്ല.അന്നും പതിവുപോലെ ശരിക്കുറക്കം കിട്ടാതെ മണിക്കൂറുകൾ തിരിഞ്ഞും മറിഞ്ഞും കിടന്നുവെങ്കിലും ഏകദേശം രണ്ട്‌ രണ്ടരമണിയോടെ എങ്ങനെയോ ഒന്ന് മയങ്ങി.

കൃത്യം‌ 6.30 ന് തന്നെ സുജിത്ത്‌ ബ്രോ കോഴഞ്ചേരിയിൽ നിന്നും പുറപ്പെടുമെന്ന് അറിയിച്ചിരുന്നതു കൊണ്ട്‌ അലാറം ഒന്നും ഇല്ലാതെ, ആ സമയത്ത്‌ തന്നെ ഞാനുണർന്ന് 8 മണിക്കുള്ളിൽ റെഡിയാവുകയും ചെയ്തു. എന്നാലും പിന്നീടങ്ങോട്ട്‌ കാത്തിരിപ്പിന്റെ ഒരു എക്സൈറ്റ്‌മെന്റ്‌ ആയിരുന്നു. അത്‌ പക്ഷേ അറിഞ്ഞുതന്നെ മനസ്സിലാക്കണം.

11 മണിയോടെ അവർ ഞങ്ങളുടെ അടുത്തേക്ക്‌ എത്തിച്ചേരുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും കുട്ടിക്കാനം – വാഗമൺ റൂട്ടിലെ മഴയും, കോടമഞ്ഞും തടസ്സം സൃഷ്ടിച്ചതിനാലും പ്രതീക്ഷിച്ചതിലും രണ്ട്‌ മണിക്കൂറോളം ലേറ്റ്‌ ആയി ആണ് സുജിത്ത്‌ ബ്രോയും ചങ്ക്‌ ബ്രോസ്സ്‌ ആയ അഭിയും, ലിങ്കുവും ഞങ്ങൾ വെയ്റ്റ്‌ ചെയ്തിരുന്ന പോയിന്റിലേയ്ക്ക്‌ എത്തിച്ചേർന്നത്‌, ഞങ്ങളെന്ന് പറഞ്ഞാൽ ഞാനും സുഹൃത്ത്‌ വിപിനും.

രണ്ട്‌ മണിക്കൂർ ഞങ്ങളെ കട്ടപ്പോസ്റ്റ്‌ അടിപ്പിച്ചുവെങ്കിലും വെയ്റ്റ്‌ ചെയ്തിരുന്ന സ്ഥലത്ത്‌ വീടിനോട്‌ ചേർന്നുള്ള ഒരു കൊച്ചുകടയിൽ നിന്നും നല്ല നാടൻ സംഭാരമൊക്കെ കുടിച്ച്‌ അവരും യാത്രയുടെ ക്ഷീണമകറ്റിയതോടെ ഞങ്ങളും ഉഷാറായി. പിന്നീടൊട്ടും താമസിച്ചില്ല, ഓഫ്‌ റോഡ്‌ ലക്ഷ്യമാക്കി ഞങ്ങളുടെ വണ്ടികൾ നീങ്ങിത്തുടങ്ങി.

മഴയും, കോടമഞ്ഞും തഴുകിത്തലോടി ഉരുളൻ കല്ലുകളും ചെളിയും നിറഞ്ഞ ദുർഘടമായ പാതയിലൂടെ മന്ദം മന്ദം കുലുങ്ങിക്കുലുങ്ങിയുള്ള ആ യാത്രയുടെ ഫീൽ ഒന്ന് വേറെതന്നെയാണ്. “A Little Dirt Never Hurt..” പലവിധ ഓഫ്‌ റോഡ്‌ വാഹനങ്ങളും വാങ്ങിയിട്ട്‌ സ്ക്രാച്ച്‌ വീഴാതെയും, ചെളിയിൽ ഇറക്കാതെയും പൊന്നുപോലെ കൊണ്ടുനടക്കുന്നവർക്ക്‌ ഞാൻ പറഞ്ഞ ആ ഫീൽ എന്താണെന്ന് മനസ്സിലായിട്ടുപോലുമുണ്ടാവില്ല. ഓഫ്‌ റോഡ്‌ ഡ്രൈവും, യാത്രകളും ഇഷ്ടപ്പെടുന്ന കുറച്ച്‌ ആളുകൾക്കെങ്കിലും Tech Travel Eat ടീമിന്റെ കഴിഞ്ഞ ദിവസങ്ങളിലെ വയനാടൻ യാത്രയുടെ വീഡിയോകളിലൂടെ ആ ഫീൽ കണ്ടാസ്വദിക്കാൻ കഴിഞ്ഞുവെന്ന് ഞാൻ വിശ്വസിക്കുന്നു.

മഴയോടൊപ്പം കാര്യമായ മുൻകരുതലുകളും ഇല്ലാതെയുള്ള യാത്ര ആയിരുന്നതിനാൽ പാതിവഴിയിൽ ചെറിയൊരു തടസ്സം സൃഷ്ടിച്ചുവെങ്കിലും മുട്ടപഫ്സും, ബിസ്ക്കറ്റ്സും, മിനറൽ വാട്ടറും ഒക്കെ കരുതിയിരുന്നതിനാൽ ഉച്ചയ്ക്ക്‌ പട്ടിണിയായില്ല
എന്നുതന്നെ പറയാം.

രണ്ട്‌ രണ്ടര മണിക്കൂർ വീണ്ടും പോസ്റ്റായതിനാലും, ഞങ്ങളെ സംബന്ധിച്ചിടത്തോളം ട്രാക്ക്‌ അൽപ്പമൊരു എക്ട്രീം ആയിരുന്നതിനാലും ആദ്യത്തെ പാർട്ട്‌‌ കംപ്ലീറ്റ്‌ ചെയ്തുകഴിഞ്ഞപ്പോഴേക്കും സമയം അഞ്ച്‌ മണി കഴിഞ്ഞിരുന്നു. അതോടെ ഫുഡ്‌ കഴിച്ച്‌ റിഫ്രഷ്‌ ആയി വീണ്ടും വന്ന് സെക്കന്റ്‌ ട്രാക്ക്‌ ഡ്രൈവ്‌ ചെയ്യാനുള്ള സമയം ഇല്ലാതിരുന്നതിനാൽ, ആ പ്ലാൻ പിന്നീടൊരിക്കലേയ്ക്ക്‌ മാറ്റി വാഗമൺ – പുള്ളിക്കാനം ഭാഗത്ത്‌ നിന്നും തൽക്കാലം ബൈ പറഞ്ഞ്‌ ഞങ്ങൾ രണ്ട്‌ വഴിക്ക്‌ പിരിഞ്ഞു. വീണ്ടും അടുത്ത ഡ്രൈവിനെക്കുറിച്ചുള്ള സുന്ദര സ്വപ്നങ്ങളെ മനസ്സിൽ താലോലിച്ചുകൊണ്ട്.

SHARE