Automotive

മാരുതി സുസുക്കി; സാധാരണക്കാരുടെ കാർ സ്വപ്നങ്ങൾക്ക് ചിറകു വിരിച്ച കമ്പനി

By Aanavandi

June 26, 2020

ഭാരതത്തിലെ പൊതുമേഖലയിലുള്ള ഒരു വാഹന നിർമ്മാണ സ്ഥാപനമാണ്‌ മാരുതി സുസുകി ഇന്ത്യ ലിമിറ്റഡ്. മാരുതി ഉദ്യോഗ് ലിമിറ്റഡ് എന്ന പേരിൽ കേന്ദ്രസർക്കാർ ഉടമസ്ഥതയിൽ ആരംഭിച്ചതാണ് ഈ കമ്പനി. പിന്നീട് കമ്പനിയുടെ സർക്കാർ ഓഹരികൾ 2007-ൽ വിറ്റഴിച്ചതോടെയാണ് കമ്പനി മാരുതി സുസുകി ഇന്ത്യ ലിമിറ്റഡ് എന്ന നാമം സ്വീകരിച്ചത്.

ജപ്പാനിലെ സുസുക്കി മോട്ടോർസ് കമ്പനിയും ഭാരത സർക്കാരും തമ്മിലുള്ള ഒരു സം‌യുക്ത സം‌രഭമായാണ് ആദ്യ കാർ ഇറങ്ങിയത്. 1983 ൽ പുറത്തിറങ്ങിയ മാരുതി 800 കാറിൽ ഉണ്ടായിരുന്നത് 796 cc എൻജിൻ ആണ്. ആദ്യകാലങ്ങളിൽ കാറിന്റെ മിക്ക ഭാഗങ്ങളും വികസിത രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുകയായിരുന്നു. ഭാരത വാഹന വ്യവസായ ചരിത്രത്തിലെ ഒരു പ്രധാന സംഭവമായിരുന്നു ഈ ചെറുകാറിന്റെ വരവ്.

ഇന്ദിരാഗാന്ധിയുടെ മകനായ സഞ്ജയ് ഗാന്ധിയാണ് ഈ സംരംഭത്തിനു തുടക്കമിട്ടത്. എൻജിനീയറിങ് ബിരുദം പോലുമില്ലാത്ത സഞ്ജയ് മാനേജിങ് ഡയറക്ടറായി തുടക്കമിട്ടതായിരുന്നു മാരുതി മോട്ടോഴ്സ് ലിമിറ്റഡ്. 1971 ജൂണിൽ ഹരിയാനയിലെ ഗൂർഗാവിലുള്ള വ്യോമസേന വക 157 ഏക്കർ ഭൂമി ഉൾപ്പെടെ 300 ഏക്കർ ഭൂമിയിലാണ് കമ്പനി ആരംഭിക്കുന്നത്. ഈ ഭൂമി ഏറ്റെടുക്കൽ വൻ വിവാദങ്ങൾക്കും എതിർപ്പുകൾക്കും വഴി വച്ചു.

ഇന്ത്യയിൽ നിർമ്മിക്കുന്ന ഘടകങ്ങൾ ഉപയോഗിച്ച് ഇറക്കുമതി ഇല്ലാതെ തന്നെ പുതിയ കാർ നിർമ്മിക്കുക എന്ന ലക്ഷ്യത്തിൽ ആരംഭം കൊണ്ട കമ്പനി ആദ്യം ടൂ സ്ട്രോക്ക് എഞ്ചിൻ നിർമ്മാണമാണ് ലക്ഷ്യം ഇട്ടിരുന്നത്. പിന്നീട് ഈ തീരുമാനം മാറ്റി ഫോർ സ്ട്രോക്ക് എഞ്ചിനിൽ എത്തുകയും ചെയ്തു. എന്നാൽ കമ്പനി വിജയകരമായി ഒരു കാർ പോലും നിർമ്മിക്കുകയുണ്ടായില്ല.

പരീക്ഷണ ഓട്ടത്തിനായി അയച്ച കാറിൽ ജർമ്മനിയിൽ നിന്നും ഇറക്കുമതി ചെയ്ത എഞ്ചിനായിരുന്നു ഘടിപ്പിച്ചിരുന്നത്. 1974 ഫെബ്രുവരി 10 – നാണ് പരീക്ഷണ ഓട്ടത്തിനുള്ള ആദ്യ കാർ അഹമ്മദാബാദിലെത്തിയത്. പരീക്ഷണ ഓട്ടത്തിലെ രണ്ടാമത്തെ തലത്തിലെത്തുവാൻ ഈ കാറിനു സാധിച്ചില്ല. റോഡുകളിൽ ഓടുവാനുള്ള സാക്ഷ്യപത്രം നേടിയെടുക്കുവാൻ ആദ്യ മാരുതിക്കായില്ല.

കാർ നിർമ്മാണത്തിനു മുൻപ് തന്നെ കമ്പനി വിതരണക്കാരെ ക്ഷണിക്കുകയും അവരിൽ നിന്നും ശരാശരി 3 ലക്ഷം വീതം ഡെപ്പോസിറ്റ് വാങ്ങുകയും ചെയ്തു. നിലവിലുള്ള മറ്റു കമ്പനികൾ പോലും 5000 രൂപ മാത്രം നിക്ഷേപം സ്വീകരിച്ചിരുന്ന അക്കാലത്താണ് മാരുതി ലക്ഷങ്ങൾ നിക്ഷേപം സ്വീകരിച്ചത്. 1972-ൽ ഡീലർഷിപ്പ് നൽകുകയും ചെയ്തു.

അഞ്ചു വർഷത്തെ അവരുടെ കാത്തിരിപ്പിലും കമ്പനി കാർ നിർമ്മാണമോ, അഥവാ ഡേപ്പോസിറ്റ് തിരികെ നൽകുകയോ ചെയ്തില്ല. മറ്റാരെങ്കിലും കൂടുതൽ നിക്ഷേപതുക നൽകുവാൻ തയ്യാറായാൽ, സഞ്ജയ് ഗാന്ധി നിലവിലുള്ള കരാർ കാരണമില്ലാതെ റദ്ദാക്കുകയും അവർക്ക് കൂടിയ തുകയ്ക്ക് കരാർ നൽകുകയും ചെയ്തിരുന്നു.

പ്രധാനമന്ത്രിസ്ഥാനം വഹിച്ചിരുന്ന ഇന്ദിരാഗാന്ധി തന്റെ ഔദ്യോഗിക പദവി മകൻ സഞ്ജയ് ഗാന്ധിക്കു വേണ്ടി ദുരുപയോഗം ചെയ്തെന്ന് ആരോപണം ഉണ്ടാകുകയും സർക്കാർ നിലംപൊത്തുകയും ചെയ്തു. അതോടൊപ്പം കാർ കമ്പനിയും തകർന്നു. തുടർന്നുണ്ടായ എല്ലാ കേസുകളിൽ നിന്നും ഇന്ദിരാഗാന്ധിയും മകനും മോചിതരാകുകയും ചെയ്തു.

1980-ൽ സഞ്ജയ്‌ ഗാന്ധി മരണപ്പെടുകയും അതേവർഷം തന്നെ ഇന്ദിരാഗാന്ധി വീണ്ടും പ്രധാനമന്ത്രിയാകുകയും ചെയ്തു. അക്കാലത്ത് തന്നെ മാരുതിയെ പൊതുമേഖലാ സ്ഥാപനമാക്കി മാറ്റുവാൻ സർക്കാർ തീരുമാനിച്ചു. 1981 – ഫെബ്രുവരിയിൽ കമ്പനിയെ മാരുതി ഉദ്യോഗ് ലിമിറ്റഡ് എന്ന പേരിൽ പൊതുമേഖലാ സ്ഥാപനമാക്കി മാറ്റി. ഓഹരി ഉടമകൾക്ക് സർക്കാർ 4.34 കോടി രൂപ നഷ്ടപരിഹാരം നൽകി. പിന്നീട് ആദ്യ അവസ്ഥ പോലെ തന്നെ മാരുതിക്ക് കാർ നിർമ്മാണത്തിലും മറ്റു കാര്യങ്ങളിലും തർക്കമുണ്ടാകുകയും കാര്യങ്ങൾ മന്ദഗതിയിലാകുകയും ചെയ്തു.

റെനോ, പ്യൂഷോ, ഫോക്സ് വാഗൺ, ഫിയറ്റ്, നിസാൻ, മിത്‌സുബിഷി, ഹോണ്ട എന്നീ മറുനാടൻ കമ്പനികളുമായാണ് മാരുതി പങ്കാളിത്തം തുടങ്ങുവാൻ ചർച്ചകളിൽ തീരുമാനം ഉണ്ടായത്. എന്നാൽ മാരുതി ആദ്യമുണ്ടാക്കിയ ദുഷ്‌പേരുകൾ കാരണം ഈ കമ്പനികളൊന്നും മാരുതിയുമായി ചേർന്നു പ്രവർത്തിക്കുവാൻ താത്പര്യം കാണിച്ചില്ല. എന്നാൽ സർക്കാർ മാരുതിക്ക് കൂട്ടുപിടിക്കുവാൻ ശ്രമിക്കാത്ത സുസുക്കി മാത്രമാണ് ഇതിൽ താല്പര്യം കാണിച്ചത്. അതിനാൽ 1981 അവസാനം 26 % ഓഹരിയുമായി സുസുക്കിക്ക് മാരുതിയിൽ പങ്കാളിത്തം നൽകി. തുടർന്ന് ചെറുകാറുകൾ മാത്രം നിർമ്മിച്ചാൽ മതിയെന്ന ധാരണയിൽ 1982 ഒക്ടോബറിൽ മാരുതി സുസുക്കിയുമായി കാരാർ ഒപ്പു വയ്ക്കുകയും ചെയ്തു.

കരാർ ഒപ്പു വച്ചെങ്കിലും 1983 – ഒക്ടോബറിലാണ് പ്ലാന്റ് സ്ഥാപിച്ച് ഉത്പാദനം തുടങ്ങിയത്. അന്നു മുതൽ 1984 മാർച്ച് വരെ കമ്പനി 2000 കാറുകൾ നിർമ്മിച്ചു. ഇതിലെ ചില ഘടകങ്ങൾ ഇന്ത്യയിൽ വച്ച് കൂട്ടിചേർക്കുകയാണുണ്ടായതെങ്കിലും ഏറിയപങ്കും കാറുകൾ ജപ്പാനിൽ നിർമ്മാണം പൂർത്തിയാക്കി ഇറക്കുമതി ചെയ്തവയായിരുന്നു.

10,000 രൂപ നൽകി 1.35 ലക്ഷം പേരാണ് രണ്ടു മാസം നീണ്ട കാലയളവിൽ വാഹനം ബുക്ക് ചെയ്തത്. കമ്പ്യൂട്ടർ സഹായത്താലാണ് അക്കാലത്തും വാഹനം ബുക്ക് ചെയ്തവരുടെ മുൻഗണനാക്രമം തയ്യാറാക്കിയിരുന്നത്. എങ്കിലും മുൻഗണനാക്രമം തെറ്റിച്ചാണ് വാഹനം നൽകിയതെന്ന പഴിയും കമ്പനിയ്ക്ക് കേൾക്കേണ്ടി വന്നു. ഹർപാൽ സിങ്, അജിത് സിങ് സുഷാൻ, ജി.കെ. കപൂർ എന്നീ വ്യക്തികൾക്കാണ് ആദ്യ വാഹനങ്ങൾ നൽകിയത്.

മാരുതി ഒമിനിയ്കും ഈ നാളുകളിലാണ് ബുക്കിങ് സ്വീകരിച്ചത്. പക്ഷേ ഏറിയപങ്കും ആവശ്യക്കാർ മാരുതി 800 – നായിരുന്നു. ഇരു വാഹനങ്ങൾക്കും 47,500 രൂപയായിരുന്നു ഫാക്ടറി വില. മറ്റു ചെലവുകളെല്ലാം ഉൾപ്പെടെ അന്ന് ഡൽഹിയിലെ ഷോറൂം വില 52,500 രൂപയായിരുന്നു. തുടർന്ന് മൂന്നു വർഷക്കാലത്തോളം ഈ വിലയ്ക്ക് തന്നെയാണ് കാർ വിൽപ്പന നടത്തിയത്. എ.സി. ഉള്ള വിഭാഗം കാറിന്റെ അന്നത്തെ വില 79,000 രൂപയായിരുന്നു.

കാറുകൾ ബുക്ക് ചെയ്ത് മൂന്നു വർഷക്കാല കാത്തിരിപ്പിനു ശേഷം 1983 ഡിസംബർ 14-ന് പദ്ധതികൾക്ക് തുടക്കമിട്ട സഞ്ജയ് ഗാന്ധിയുടെ ജന്മദിനത്തിൽ ഇന്ത്യൻ എയർലൈൻസ് ജീവനക്കാരൻ ഹർപാൽ സിങിന് കാർ നൽകി ആദ്യവിൽപ്പന നടത്തി.[8] തുടക്കത്തിൽ കമ്പനിയെ എതിർത്തവരെയെല്ലാം ഇന്ദിരാഗാന്ധി താക്കോൽ ദാന ചടങ്ങിൽ ശക്തമായി വിമർശിക്കുകയും ചെയ്തു. ആരംഭത്തിൽ ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ മാത്രമായിരുന്നു വാഹന വിൽപ്പന. പിന്നീട് 1984 -ൽ കൽക്കട്ട, ചണ്ഡീഗഢ്, ചെന്നൈ എന്നിവിടങ്ങളിലേക്കും വിൽപ്പന വിപുലീകരിച്ചു. തുടക്കത്തിൽ 20,000 കാറുകളും തുടർന്നുള്ള വർഷങ്ങളിൽ 45,000, 65,000 എന്നിങ്ങനെ കൂടുതൽ കാറുകൾ മാരുതി പുറത്തിറക്കി.

കേന്ദ്രസർക്കാരിന്റെയും സുസുക്കിയുടെയും സംയുക്ത സംരംഭമായ മാരുതിയിൽ സുസുക്കിയുടെ പങ്കാളിത്തം 2002 – ൽ 54.2 ശതമാനമായി ഉയർത്തി. 2003-ൽ പബ്ലിക് ഇഷ്യൂ വഴി മാരുതിയുടെ 25% സർക്കാർ ഓഹരികൾ വിറ്റഴിക്കുകയും തുടർന്ന് രണ്ടു പ്രാവശ്യമായി 18.27% ഓഹരികളും വിറ്റഴിച്ചു. പിന്നീട് 2007-ൽ ആകെയുണ്ടായിരുന്ന 10.27% ഓഹരിയും സർക്കാർ വിറ്റഴിച്ചു. അങ്ങനെ അതേ വർഷം 24 വർഷമായി സർക്കാരും സുസുക്കിയും തമ്മിലുണ്ടായിരുന്ന മുഴുവൻ പങ്കാളിത്തവും അവസാനിച്ചു.

മാരുതിയുടെ ഏറിയ പങ്ക് ഓഹരികളും എൽ.ഐ.സി., എസ്.ബി.ഐ., പഞ്ചാബ് നാഷണൽ ബാങ്ക്, കോർപ്പറേഷൻ ബാങ്ക് എന്നീ സ്ഥാപനങ്ങളാണ് വാങ്ങിയത്. ഇതിൽ എൽ.ഐ.സി. യാണ് 12.5% ഓഹരികളുള്ള ഏറ്റവും വലിയ രണ്ടാമത്തെ പങ്കാളി. മാരുതി ഉദ്യോഗിൽ കേന്ദ്രസർക്കാരിനുള്ള ഓഹരികൾ 2007-ൽ വിറ്റഴിച്ചപ്പോളാണ് മാരുതിയുടെ നിലവിലുണ്ടായിരുന്ന എംബ്ലം മാറ്റി സുസുക്കിയുടെ നാമത്തിൽ എംബ്ലം സ്ഥാപിച്ചത്. എങ്കിലും പേരിൽ മാരുതി എന്ന് സുസുക്കി നിലനിർത്തുക തന്നെ ചെയ്തു.

കാർ നിർമ്മാണം തുടക്കമിട്ട കമ്പനി പിന്നീട് റോഡ് റോളർ, ട്രക്ക് നിർമ്മാണം, ക്രെയിൻ നിർമ്മാണം, വിമാന വിപണനം, ബസ് ബോഡി നിർമ്മാണം എന്നീ മേഖലകളിലും ശ്രമം നടത്തുകയും പരാജയപ്പെടുകയും ചെയ്തു.

വൻ‌തോതിൽ നിർമ്മിക്കുകയും പത്തുലക്ഷത്തിലേറെ കാറുകൾ വിൽക്കപ്പെടുകയും ചെയ്ത ഇന്ത്യയിലെ ആദ്യത്തെ സ്ഥാപനമാണ്‌ മാരുതി സുസുകി ഇന്ത്യ ലിമിറ്റഡ്. ഇന്ത്യയിൽ ഒരു മോട്ടോർ വാഹന വിപ്ലവം കൊണ്ടുവന്നതിൽ മാരുതി സുസുകി ഇന്ത്യ ലിമിറ്റഡിന്റെ പങ്ക് വലുതാണ്‌. ഡൽഹി മുഖ്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാരുതി സുസുകി ഇന്ത്യ ലിമിറ്റഡിന്‌ ഗുർഗോനിലും മനേസാറിലുമായി രണ്ട് നിർമ്മാണ പ്ലാന്റാണ്‌ ഉള്ളത്. വർഷത്തിൽ ഏഴ് ലക്ഷം കാറുകൾ നിർമ്മിക്കാൻ തക്ക ശേഷിയുള്ളതാണ്‌ ഗുർഗോൺ പ്ലാന്റ്. മനേസാറിൽ മൂന്ന് ലക്ഷം കാറുകളും നിർമ്മിക്കാൻ ശേഷിയുണ്ട്. രണ്ട് പ്ലാന്റിലും കൂടി വർഷത്തിൽ പത്തുലക്ഷം കാറുകൾ നിർമ്മിക്കുന്നു.