Malayalam

ജീവിതത്തിൽ ഒരുപാട് സന്തോഷം നൽകിയ മറക്കാനാവാത്ത ഒരു ബസ് യാത്ര

By Aanavandi

February 25, 2020

വിവരണം – ആദർശ് ചന്ദ്രശേഖർ.

ഞാൻ പ്ലസ് വണ്ണിനു പഠിക്കുന്ന സമയം. എന്നും ക്ലാസ്സിൽ പോകുന്നത് പ്രൈവറ്റ് ബസിൽ ആയിരുന്നു. ടൗണിൽ നിന്നും ഒരു 30 km ദൂരെ ആണ് ഞങ്ങളുടെ സ്കൂൾ. എന്നും കൊറേ യാത്ര ചെയ്യണം. ദൂരം ഒരുപാടായിരുന്നു. ചാലക്കുടി, അതിരപ്പിള്ളിയ്ക്ക് അടുത്ത് വെറ്റിലപ്പാറ ഗവണ്മെന്റ് സ്കൂൾ. കല്യാൺ ആണ് അന്നത്തെ ഞങ്ങൾടെ സ്ഥിരം ബസ്.

സ്റ്റാൻഡിൽ നിന്നും ബസ് എടുക്കുമ്പോൾ ഞങ്ങൾ സീറ്റ്‌ പിടിച്ചു മുൻപേ ഇരിക്കുന്നുണ്ടാവും. നിന്നു പോവാൻ എല്ലാർക്കും മടിയാ. ലാസ്റ്റ് ലോങ്ങ്‌ സീറ്റ്‌. അതാണ് എന്റെയും കൂട്ടുകാരുടേം പ്രധാന സീറ്റ്‌.

അന്നൊരു ദിവസം ഓരോ സ്റ്റോപ്പ്‌ കഴിയുംതോറും ബസിൽ തിരക്കു കൂടി വന്നു. നല്ല തിരക്ക് ആയിരുന്നു. അതിനിടെ ഒരു സ്റ്റോപ്പിൽ നിന്നു ബസ്സിലേക്ക് ഒരു അപ്പൂപ്പൻ കേറി. ആദ്യം ഇരുന്നിരുന്നവർ ആരും എണീറ്റു കൊടുത്തില്ല. അവരുടെ ശ്രദ്ധയിൽപ്പെടാത്തതു കൊണ്ടാവാം. എല്ലാരും വർത്തനവും തമാശകളും എല്ലം ആയി ബിസിയായിരുന്നു. ഞാൻ ബസ്സിന്റെ ഒരറ്റത്തായിരുന്നു. എനിക്കെന്തോ അന്നേരം അപ്പൂപ്പനെ കണ്ട് എണീറ്റു സീറ്റ്‌ കൊടുക്കാൻ തോന്നി. വലിയ താല്പര്യമില്ലാതെയാണെങ്കിലും ഞാൻ എഴുന്നേറ്റു കൊടുത്തു. അപ്പൂപ്പൻ ഞാൻ ഇരുന്നിരുന്ന ആ സീറ്റിൽ ഇരിക്കുകയും ചെയ്തു.

പിന്നീട് ബസ്സിൽ നിന്നു യാത്ര ചെയ്ത ഞാൻ ഫ്രണ്ട്സ് ആയി കത്തി വെച്ച് അങ്ങനെ പോയി. പിന്നെ ഞാൻ അപ്പൂപ്പനെയോ സീറ്റിന്റെ ഭാഗത്തേക്കോ നോക്കിയത് പോലും ഇല്ലാർന്നു. സ്കൂൾ സ്റ്റോപ്പിനു തൊട്ടു മുൻപുള്ള സ്റ്റോപ്പ്‌ എത്തുന്നതിനു മുൻപ് അദ്ദേഹം സീറ്റിൽ നിന്നും എണീറ്റു. എന്നിട്ട് എന്റെ കയ്യിൽ പിടിച്ചു. എന്നിട്ട് എന്നോട് പറഞ്ഞു “മോനെ നല്ല ഫലം കൊയ്യാൻ ദൈവം നിന്നെ അനുഗ്രഹിക്കട്ടെ.”

ചെറിയൊരു പുഞ്ചിരി നൽകി അയാൾ ബസിൽ നിന്നു ഇറങ്ങി പോയി. അതെനിക്കൊരു ഷോക്ക് ആയിരുന്നു. അപ്പോൾ എണിറ്റു നീങ്ങി നിന്നതല്ലാതെ ഞാൻ ആളെ ശ്രദ്ധിച്ചു കൂടി ഇല്ലായിരുന്നു. എന്നിട്ടും എന്നെ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. അറിയാതെ ആഗ്രഹിക്കാതെ ചെയ്തൊരു കാര്യത്തിന് കിട്ടിയത് വലിയൊരു അനുഗ്രഹം നിറഞ്ഞ വാക്കുകൾ. ആ വാക്കുകൾ ഇന്നും മനസ്സിൽ നിലക്കുന്നു.

ഒരാളെ സഹായിക്കുന്നതിലൂടെ നമുക്കു കിട്ടുന്ന സന്തോഷം എത്ര വലുതാണെന്നും അന്നത്തോടെ ഞാൻ മനസിലാക്കി. ഒരുപാട് സന്തോഷം നൽകിയ ജീവിതത്തിലെ മറക്കാനാവാത്ത ഒരു നിമിഷം. ഗോഡ്സ് ബ്ലെസ്സിംഗ്.