എഴുത്ത് – നിഖിൽ ദാസ്.

ഇന്നത്തെ കുഞ്ഞൻ ഡ്രോണുകളുടെ പൂർവികന്മാരാണ് യു.എ.വി കൾ. എല്ലാ ഡ്രോണുകളും ഒരു തരത്തിൽ യു.എ.വി തന്നെയാണ്.അൺമാൻഡ് ഏരിയൽ വെഹിക്കിൾ എന്നുള്ളതിന്റെ ചുരുക്കപ്പേരാണ് യുഎവി.ഈ രംഗത്തെ അതികായനാണ് അമേരിക്കയുടെ എം.ക്യു9 റീപ്പർ എന്ന യുഎവി.

പ്രധാനമായും യുഎവികൾ നിരീക്ഷണത്തിനു മാത്രമാണ് ഉപയോഗിക്കുക.എന്നാൽ നിരീക്ഷിക്കാനും നശിപ്പിക്കാനും ഒരുപോലെ ശേഷിയുള്ള യുഎവികളുടെ രാജാവാണ് എം.ക്യു9 റീപ്പർ. നിരീക്ഷണവും നശീകരണം മാത്രമല്ല പലവിധ ഉപയോഗങ്ങൾക്കും ഉപകരിക്കുന്ന രീതിയിലാണ് ഇവന്റെ നിർമ്മാണം. അമേരിക്കയുടെ അതീവ രഹസ്യ ദൗത്യങ്ങൾ കൈകാര്യംചെയ്യുന്ന സ്പെഷ്യൽ ഓപ്പറേഷൻ കമാൻഡ് ആണ് ഈ കരുത്തനെ കൂടുതലും ഉപയോഗപ്പെടുത്തുന്നത്.

നിശബ്ദമായി ശത്രുക്കളുടെ നീക്കം നിരീക്ഷിക്കാനുള്ള ഒരു ഉപകരണത്തിനു വേണ്ടി അമേരിക്കൻ സേനയുടെ ദീർഘകാലത്തെ ഗവേഷണത്തിന്റെ ഫലമായി 2001 ഫെബ്രുവരിയിലാണ് എം.ക്യു9 റീപ്പർ ആദ്യമായി പറന്നു പൊങ്ങുന്നത്. ഏതാണ്ട് 12 ബില്യൺ അമേരിക്കൻ ഡോളറാണ് പ്രിഡേറ്റർ ബി എന്ന ചെല്ലപ്പേരിൽ അറിയപ്പെടുന്ന എം.ക്യു9 റീപ്പർ രൂപപ്പെടുത്താൻ അമേരിക്ക ചെലവഴിച്ചത്.

ജനറൽ ആറ്റമിക് എയ്റോനോട്ടിക്കൽ സിസ്റ്റംസ് ആണ് എം.ക്യു9 റീപ്പറിനു ജീവൻ കൊടുത്തത്. 20.1 മീറ്റർ വിങ്‌സ്പാനുള്ള ഇവന്റെ നീളം 11 മീറ്ററാണ്. പന്ത്രണ്ടര അടി ഉയരവും, 2, 223 കിലോ ഭാരവുമുള്ള പ്രിഡേറ്റർ B-യ്ക്ക് 602 ഗ്യാലൻ ഇന്ധനം സംഭരിക്കാനുള്ള ശേഷിയുണ്ട്.

എം.ക്യു9 റീപ്പർ ഒരെണ്ണത്തിന്റെ ഫ്ലൈഎവേ കോസ്റ്റ് മാത്രം 114 കോടി രൂപയോളം വരുന്നുണ്ട്. ഹെൽമെറ്റോ സാരി ഗാർഡോ ഒന്നുമില്ലാതെ ഒരു ബൈക്ക് വാങ്ങുന്നതു പോലെ, വെടിക്കോപ്പുകളും നിരീക്ഷണ സംവിധാനങ്ങളും ഒന്നുമില്ലാതെ ഫാക്ടറിയിൽ നിന്നും പുറത്തിറങ്ങുന്ന അവസ്ഥ വരെ മാത്രമുള്ള ചിലവാണ് ഫ്ലൈഎവേ കോസ്റ്റ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഏറ്റവും പുതിയ കണക്കനുസരിച്ച് ഏതാണ്ട് ഇരുന്നൂറോളം എം.ക്യു9 റീപ്പർ അമേരിക്കയുടെ ആയുധ ശേഖരത്തിലുണ്ട്.

പ്രതിരോധ ഗവേഷണ ആനുകാലികങ്ങളിലെ അവസാനവാക്കായ ജെയ്ൻസ് പ്രസിദ്ധീകരിച്ചിരിക്കുന്നത് പ്രകാരം, എം.ക്യു9 റീപ്പർ, നിലത്തിറങ്ങാതെ 40 മണിക്കൂർ ആകാശത്തു പറക്കാൻ കഴിവുള്ളതാണ്.കൂറ്റൻ യാത്രാ വിമാനങ്ങൾ സാധാരണ പറക്കുന്ന ഉയരം 31000 മുതൽ 38000 അടി വരെയാണ് .എന്നാൽ, ശത്രു സങ്കേതങ്ങൾക്ക് മുകളിലൂടെ 50, 000 അടി ഉയർന്ന് പറക്കാൻ കഴിവുണ്ട് ഈ മിടുക്കന്. പ്രിഡേറ്റർ ബിയുടെ നവീകരിച്ച മോഡലുകൾക്ക് മണിക്കൂറിൽ 500 കിലോമീറ്റർ വേഗതയിൽ പറക്കാൻ ശേഷിയുണ്ട്. മിസൈലുകളും ആയുധങ്ങളുമടക്കം 1700 കിലോ നിസ്സാരമായി വഹിച്ചുകൊണ്ട് പറക്കാൻ എം.ക്യു9 റീപ്പറിനു സാധിക്കും. ഏതുതരം പ്രതികൂല കാലാവസ്ഥയും വകവെക്കാതെ പറക്കുന്ന പ്രിഡേറ്ററിനു മഞ്ഞോ, മഴയോ, വെയിലോ, മിന്നലോ ഒന്നും പ്രശ്നമല്ല.

ഒറ്റ പറക്കലിൽ തന്നെ 1800-2000 കിലോമീറ്റർ സഞ്ചരിക്കാൻ ശേഷിയുണ്ട് ഇവന്. ഗ്രൗണ്ട് ട്രൂപ്പുകൾ താഴെനിന്ന് ആക്രമിക്കുമ്പോൾ മുകളിൽ നിന്ന് കനത്ത ആക്രമണം നടത്തി എയർ സപ്പോർട്ട് കൊടുക്കലാണ് എം.ക്യു9 റീപ്പറിന്റെ യുദ്ധമുഖത്തെ പ്രധാന ദൗത്യം. നിരീക്ഷണങ്ങൾക്കും, രക്ഷാപ്രവർത്തനങ്ങൾക്കും, ചാര പ്രവർത്തനങ്ങൾക്കും ഒരുപോലെ നിശബ്ദമായി ഉപയോഗിക്കാൻ സാധിക്കുമെന്നതാണ് പ്രിഡേറ്റർ B- യുടെ പ്രത്യേകത.

അസാമാന്യമായ രീതിയിൽ എയർ ബാലൻസ് നിലനിർത്തുന്നതാണ് ഇവനെ അമേരിക്കക്ക് പ്രിയങ്കരനാക്കുന്നത്.2009-ൽ, അഫ്ഗാനിൽ നിരീക്ഷണ പറക്കലിനിടയിൽ നിയന്ത്രണം നഷ്ടപ്പെട്ട ഒരു എം.ക്യു9 റീപ്പർ, താജിക്കിസ്ഥാൻ അതിർത്തി മുറിച്ചുകടന്നു. ഉടൻ തന്നെ താജിക്കിസ്ഥാൻ സൈനികർ, ഒരു എ.ഐ.എം9 മിസൈൽ ഡ്രോണിനു നേരെ തൊടുത്തു. കൃത്യമായും ഒരു ഭാഗത്ത്‌ അതേൽക്കുകയും ചെയ്തു. എന്നാൽ താഴെ വീഴുന്നതിനു മുമ്പ്, റീപ്പറിനു മേലുള്ള കൺട്രോൾ ടവറിന്റെ നിയന്ത്രണം തിരിച്ചുകിട്ടി. എന്നാൽ, ഉടനെ തന്നെ അടുത്തുള്ള കുന്നു ലക്ഷ്യമാക്കി അതു പറപ്പിച്ച അമേരിക്കൻ സൈനികർ, ശത്രുക്കളുടെ പിടിയിൽ അകപ്പെടുന്നതിന് മുമ്പേ, അത് ഇടിച്ചു തകർത്തു കളഞ്ഞു.

ലേസർ ഗൈഡഡ് മിസൈലുകളുടെ ഫലപ്രദമായ വിനിയോഗത്തിനു വേണ്ടി ലേസർ ഡെസിഗ്നേറ്ററുകളും റേഞ്ച് ഫൈൻഡറുകളും ഇവയിൽ ഘടിപ്പിച്ചിട്ടുണ്ട്കു പ്രസിദ്ധമായ വ്യോമ ഭൗമ മിസൈലായ ഹെൽഫയറാണ് പ്രിഡേറ്റർ B-യുടെ പ്രധാന ആയുധമെങ്കിലും ടാങ്ക് വേധ മിസൈലുകളും എം.ക്യു9 റീപ്പറിന്റെ ആയുധ ശേഖരങ്ങളിൽ സർവ്വ സജ്ജമാണ്. മണൽത്തരികൾ പോലും ഒപ്പിയെടുക്കുന്നത്ര തെളിമയാർന്ന ക്യാമറ സംവിധാനവും എം.ക്യു9 റീപ്പറിന്റെ സവിശേഷതയാണ്.

അമേരിക്കയുടെ ഏറ്റവും മികച്ച കൊലപാതക യന്ത്രമാണ് പ്രിഡേറ്റർ B എന്ന എം.ക്യു9 റീപ്പർ. 2015 നവംബറിലാണ്, താൻ സുരക്ഷിതനാണെന്ന ബോധത്തിൽ സിറിയയിലെ രക്ഖ നഗരത്തിലൂടെ ഡ്രൈവ് ചെയ്തു പോവുകയായിരുന്ന ജിഹാദി ജോണിന്റെ കാർ നിമിഷ നേരം കൊണ്ടാണ് തീഗോളമായത്. പ്രഥമദൃഷ്ട്യാ ബോംബ് സ്ഫോടനമെന്ന് തെറ്റിദ്ധരിച്ച് ആൾക്കാർ ഓടിക്കൂടവേ, കൊലയാളി എല്ലാവരെയും കബളിപ്പിച്ചു കൊണ്ട് ആകാശത്തിലൂടെ പറന്നകന്നിരുന്നു.

2020 ജനുവരി 3, പുലർച്ചെ രണ്ടുമണിയോടെ, നിശബ്ദമായി തലയ്ക്കുമുകളിൽ പറന്നെത്തിയ എം.ക്യു9 റീപ്പറിന്റെ കഴുകൻ കണ്ണുകളും ഹെൽഫയർ മിസൈലിന്റെ പിഴയ്ക്കാത്ത ഉന്നവുമാണ് ഖാസിം സുലൈമാനിയടക്കം 10 പേരുടെ ജീവനെടുത്തത്.

പത്തെണ്ണം നാവികസേനയ്ക്കും, പത്തെണ്ണം കരസേനയ്ക്കുമായി 20 എം.ക്യു9 റീപ്പർ ഡ്രോണുകൾ, സന്തതസഹചാരിയായ ഹെൽഫയർ മിസൈലുകൾ സഹിതം ഇന്ത്യ വാങ്ങുമെന്ന് കേൾക്കാൻ തുടങ്ങിയിട്ട് നാളേറെയായി. പക്ഷേ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യൻ സന്ദർശനത്തിനു പുറകിൽ മറഞ്ഞുകിടക്കുന്ന ലക്ഷ്യങ്ങളിലൊന്ന് ദീർഘകാലമായി സ്വന്തമാക്കാൻ ഇന്ത്യ പരിശ്രമിക്കുന്ന ഈ മിടുക്കന് വേണ്ടിയുള്ള വിലപേശലാണ്. ഭാരതത്തിന്റെ ശത്രു രാജ്യങ്ങൾക്ക് ഇനി ഉറക്കമില്ലാത്ത രാത്രികളാവും.

SHARE