വിവരണം – Praveen Shanmukom, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ.

ചിക്കൻ പെരട്ടും ചിക്കൻ തോരനും മിൽക്ക് മെയ്ഡ് സർബത്തൊക്കെ കഴിച്ചു ഫുൾ ലോഡായുള്ള വരവാണ്. വയറിൽ ഇനി ഒരു തുള്ളി സ്ഥലമില്ല. ശകടത്തിലെ വളയത്തിൽ കൈകൾ പണിയെടുക്കുമ്പോഴും കണ്ണുകൾ വഴിയരികിലെ ആ മോര് കടയെ തിരയുക ആയിരുന്നു. കുറച്ചു നാൾ മുൻപ് പേഴ്‌സണൽ ആയി വാട്സാപ്പിൽ വന്ന മെസ്സേജ് ഹൃദയത്തിൽ ഒരു നൊമ്പരമായി എരിയുന്നുണ്ടായിരുന്നു. ഒരു മനുഷ്യന്റെ അധ്വാനത്തെ കശക്കിയെറിഞ്ഞ സ്വപ്നങ്ങൾക്ക് കടിഞ്ഞാണിട്ട ഓരോ വികൃതികൾ.

ജീവിതത്തിന്റെ കരകാണാക്കടലിൽ അലയവെ ഒരു പിടിവള്ളി പോലെ, കൂട്ടുകാർ ഒരുമിച്ചു കൂടി വാട്സാപ്പ് ഗ്രൂപ്പിൽ ഉയർന്നു വന്ന ഒരു കൂട്ടായ്മയുടെ സഹായത്തോടെ ആറ്റുനോറ്റിരുന്നു ഒരു ചെറിയ കട തുടങ്ങി. ജീവിതത്തിലെ പുഷ്പ സുരഭില നാളുകൾ ഇങ്ങനെ തളിർത്തു വരവേയാണ് വിധി മോഷ്ടാവിന്റെ രൂപത്തിൽ അരങ്ങേറിയത്. ആ ചെറിയ കടയുടെ രുചിയുടെ തുടിപ്പായിരുന്ന ജനറേറ്റർ ആയിരുന്നു മോഷ്ടാവിന്റെ ഇര. അഷ്ട്ടിക്ക് അധ്വാനിക്കുന്നവന്റെ മടിക്കുത്തിൽ കയ്യിട്ടു വാരുന്നവന് എന്ത് ചേതോവികാരം. ആ ജനറേറ്റർ പോയ കാര്യമായിരുന്നു മുൻപ് പേഴ്‌സണൽ ആയി എനിക്ക് വാട്സാപ്പിൽ മെസ്സേജ് വന്നത്.

ഒന്ന് രണ്ടു കടകൾ റോഡ് അരികിൽ കണ്ടു, മാറാലകൾ പേറിയും അടഞ്ഞ നിലയിലും. മനസ്സിൽ വേദനയുടെ കൊള്ളിയാനുകൾ കടന്നു പോയി. ഈശ്വര കട ഇപ്പോഴും ഇല്ലേ. ശ്ശോ, അത് എനിക്ക് കട മാറിയതാണ്. ഭാഗ്യം കട പഴയ സ്ഥലത്ത് തന്നെയുണ്ട്. കുടുംബത്തിലെ പരിവാരങ്ങൾ അടക്കം Hassain Azhicod ചേട്ടൻ അവിടെ തന്നെയുണ്ട്.

വണ്ടി വിട്ടങ്ങു പോയി. കാരണം വയറിൽ ഒരു തുള്ളി വെള്ളം കുടിക്കാൻ പോലും സ്ഥലം ഇല്ലായെന്നത് തന്നെ. കുറച്ചു ദൂരം പോയി. കടയിൽ അധികം ആളൊന്നും കണ്ടില്ല. കച്ചവടം ഇപ്പോൾ കുറവായിരുക്കുമോ ഒന്ന് സംസാരിക്കുകയെങ്കിലും ചെയ്യാമായിരുന്നു. എനിക്കും തിരക്കുകൾ ഉണ്ട്. രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയതാണ്. ഇപ്പോൾ വൈകുന്നേരം ആകാൻ പോകുന്നു. എങ്കിലും മനസ്സിൽ എന്തോ ഒരു കരട് വീണത് പോലെ. പിന്നെ വേറെയൊന്നും ചിന്തിച്ചില്ല, വണ്ടി നേരെ തിരിച്ചു വിട്ടു. ആ നാടൻ മോരു കടയെ ലക്ഷ്യമാക്കി.

കണ്ടപ്പോൾ തന്നെ ആ ചിരി കിട്ടി. എന്താ എടുക്കേണ്ടത്. അടിപൊളി സ്പെഷ്യൽ ലെസ്സി ഉണ്ട്. എടുക്കട്ടേ. എന്ത് പറയാൻ എന്റെ അവസ്ഥ. കാര്യങ്ങൾ എല്ലാം വിശദീകരിച്ചു പറയാൻ നിന്നില്ല. ഒറ്റ വാക്ക്. ശരി. അങ്ങനെ ലെസ്സി എത്തി. സാധാരണ ദാഹിച്ചിരിക്കുമ്പോൾ അല്ലെങ്കിൽ വയർ വിശന്നിരിക്കുമ്പോൾ എന്ത് കിട്ടിയാലും രുചിയാ. ഇവിടെ തിരിച്ചാണ്, വയർ നിറഞ്ഞിരിക്കുകയാണ്. എന്നിട്ടും ആ രുചി ഞാൻ തിരിച്ചറിഞ്ഞു. എന്താ രുചി. നാവിൽ കപ്പലോട്ടത്തിന്റെ ഒരു തേരോട്ടമായിരുന്നു. തൈര്, പഞ്ചസാര, ഏലയ്ക്ക, പുതിന ഇവയൊക്കെയാണ് ലെസ്സിയിലെ ചേരുവകൾ. എന്നെ സംബന്ധിച്ചെടുത്തോളം ഇത് വരെ കഴിച്ച ലെസ്സികളിൽ നമ്പർ 1 എന്ന് നിസ്സംശയം പറയാം.

അപ്പോളതാ അടുത്ത ചോദ്യം ഒരു സ്പെഷ്യൽ ലൈം കൂടി എടുക്കട്ടേ. ഇത്തവണ ഞാൻ ഞെട്ടി. വയറിന്റെ കാര്യങ്ങൾ ഒക്കെ പറഞ്ഞു മനസ്സിലാക്കി. എങ്കിലും സ്നേഹപൂർവം വീണ്ടും. ലെസ്സി പകുതി കുടിച്ചാൽ മതി. ഇതൊന്നു ടേസ്റ്റ് ചെയ്തു നോക്കു. പകുതി കുടിച്ചാൽ മതി എന്ന് പറഞ്ഞു. വയറിൽ ഒരു ഇത്തിരി സ്ഥലമില്ലെങ്കിലും ആ രുചി അറിയിക്കാനുള്ള ആഗ്രഹം കണ്ടപ്പോൾ മറുത്ത് ഒന്നും പറഞ്ഞില്ല. അങ്ങനെ ആ സ്പെഷ്യൽ ലൈമും ഇതൊക്കെയാണ് വള്ളി പുള്ളി തെറ്റാതെ സ്പെഷ്യൽ ലൈം എന്ന് ഉറക്കെ പറയേണ്ടത്. ആഹാ എന്താ ടേസ്റ്റ്. ഇതും എന്നെ കീഴടക്കി.

സോഡാ, മുളക്, ഇഞ്ചി, ഉപ്പ്, കായം, പുതിനയില ഇവയിൽ അലിഞ്ഞു ചേർന്ന നാരങ്ങ. അത്യുഗ്രൻ കിടുക്കാച്ചി ബോഞ്ചി വെള്ളം എന്ന് കയ്യടിച്ചു പറയാം. രണ്ടും പപ്പാതി കുടിച്ച കാരണം ഒന്നിന്റെ പൈസ മതി എന്ന് സ്നേഹപൂർവം പറഞ്ഞെങ്കിലും അതേ സ്നേഹത്തോടെ അത് നിരസിച്ചു. ആ സ്നേഹം നിറഞ്ഞ മനുഷ്യന്റെ അധ്വാനത്തിന് മുഴുവൻ കാശും കൊടുത്തു നിറഞ്ഞ മനസ്സോടെ ഇറങ്ങി. വയറു മുൻപേ നിറഞ്ഞിരുന്നു.

വീണ്ടും പലതിനും ക്ഷണം ഉണ്ടായിരുന്നുവെങ്കിലും ഒരു നിവർത്തിയും ഇല്ലാത്തതിനാൽ എല്ലാം അടുത്ത തവണത്തേക്കു മാറ്റി വച്ചു . ആ ജനറേറ്റർ ഇപ്പോഴും കിട്ടിയിട്ടില്ല. പുതിയത് വാങ്ങിക്കേണ്ടി വന്നു. പോലീസിന്റെ ഭാഗത്തു നിന്ന് അന്വേഷണമൊക്കെ നടക്കുന്നുണ്ട്. ആകെ തകർന്ന പോയ ആ സമയത്ത് കട കുറച്ചു നാൾ അടച്ചിടാൻ പോലും ആലോചിച്ചത്രേ. ഈശ്വരൻ കൈവിടാത്തതു കൊണ്ട് ഇപ്പോഴും പിടിച്ചു നിൽക്കുന്നു.

അപ്പോൾ ഈ വഴിയോ ഇതിന്റെ അടുത്ത് കൂടിയോ പോകുന്നവർ ഈ ഹസ്സെൻ ചേട്ടന്റെ ഈ കൊച്ചു കടയിലും കയറാൻ മറക്കണ്ട. ഇവിടെ ലെസ്സി, സ്പെഷ്യൽ ലൈം ജ്യൂസ് കൂടാതെ നാടൻ മോരും, ഓറഞ്ച് ജ്യൂസ്, പൈനാപ്പിൾ ജ്യൂസ് , ലൈം ജ്യൂസ് , സോഡാ ലൈം , ഫ്രൂട്ട് സർബത്ത്, നാരങ്ങാ സർബത്ത് , സോഡാ നാരങ്ങാ സർബത്ത് ഒക്കെ ലഭ്യമാണ്. നിങ്ങൾ ഇദ്ദേഹത്തിന്റെ അധ്വാനത്തിന് കൊടുക്കുന്ന ഓരോ നാണയ തുട്ടുകളും അദ്ദേഹത്തിന് ഒരു അനുഗ്രഹമായിരിക്കും. ക്വാളിറ്റിയുടെ കാര്യത്തിലും രുചിയുടെ കാര്യത്തിലും ഞാൻ ഗ്യാരന്റി .

വില വിവരം: ലെസ്സി – Rs 35, സ്പെഷ്യൽ Lime സോഡാ – Rs 20. സമയം: രാവിലെ 9 മണി മുതൽ രാത്രി 6.30 മണി വരെ. ലൊക്കേഷൻ: പേരൂർക്കടയിൽ നിന്ന് നെടുമങ്ങാട് വരുമ്പോൾ അഴിക്കോട് കഴിഞ്ഞാൽ Govt UPS സ്ക്കൂളിരിക്കുന്ന ജംഗ്ഷൻ വരുന്ന സ്ഥലം. അഴിക്കോട് കഴിഞ്ഞ് ഒരു മുന്നൂറ് മീറ്റർ. സപ്ലൈക്കോയുടെ അടുത്ത്.

SHARE