Malayalam

നിലൂഫർ റഹ്മാനി : അഫ്‌ഗാൻ സൈന്യത്തിലെ ആദ്യത്തെ വനിതാ പൈലറ്റ്…

By Aanavandi

January 21, 2020

നിലൂഫര്‍ റഹ്‍മാനി എന്ന ഈ സുന്ദരി കുട്ടി ഇന്ന് ലോകമാകെ പ്രശസ്‌തയാണ്. വധഭീഷണികള്‍ വകവെക്കാതെ ആഗ്രഹം കൈയെത്തി പിടിച്ചപ്പോള്‍ അവള്‍ ഇത്രയൊന്നും പ്രതീക്ഷിച്ചില്ല. ഒടുവില്‍ അവള്‍ പോലും വിചാരിക്കാതെ ധീരവനിതക്കുള്ള അമേരിക്കയുടെ ബഹുമതി അവളെ തേടിയെത്തി. താലിബാന്റെ ഭീഷണികളെ അവഗണിച്ച് വിദ്യാഭ്യാസം നേടി അഫ്ഗാനിസ്ഥാന്‍ വ്യോമസേനയിലെ പ്രഥമ വനിതാ പൈലറ്റ് ആയി തീര്‍ന്നതാണ് നിലൂഫര്‍ റഹ്‍മാനി അമേരിക്കന്‍ ബഹുമതിക്ക് അര്‍ഹയാക്കിയത്.

ചെറുപ്പത്തിൽ പക്ഷികൾ ആകാശത്തു കൂടി പറക്കുന്നതു കാണുമ്പോഴേ ചിറകു വിരിച്ചു തുടങ്ങിയതാണ് നീലൂഫറിന്റെ സ്വപ്‌നങ്ങളും. ഒരു വിമാനം പറത്തുകയെന്നതായിരുന്നു ഏറ്റവും വലിയ സ്വപ്നം. കാബൂളിൽ ജനിച്ചു വളർന്ന നീലൂഫറിന് പക്ഷേ സ്വപ്‌ന സാക്ഷാത്ക്കാരത്തിന് ഒട്ടേറെ കടമ്പകളുണ്ടായിരുന്നു. പലഭാഗത്തു നിന്നും ഭീഷണികൾ വരെയുണ്ടായി. എല്ലാ കടമ്പകളും തരണം ചെയ്ത് അവസാനം 2010-ൽ എയർഫോഴ്‌സ് ട്രെയിനിങ് പ്രോഗ്രാമിലേക്ക് തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. എന്നാൽ ഈ വിവരം ബന്ധുക്കളിൽ നിന്ന് ആദ്യം മറച്ചു വച്ചു. ബന്ധുക്കളിൽ നിന്ന് എതിർപ്പുകൾ നേരിടേണ്ടി വരുമെന്നതിനാലായിരുന്നു ഇത്.

എന്നാല്‍ എല്ലാ എതിര്‍പ്പുകളെയും തരണം ചെയ്ത് നിലൂഫര്‍ ഇംഗ്ലീഷ് അഭ്യസിച്ചു. പതിനെട്ടാം വയസില്‍ വ്യോമസേനയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. അതോടെ താലിബാനും ഭീകര സംഘടനകളും വധ ഭീഷണികളുമായി കുടുംബത്തെ വേട്ടയാടി. അതുകൊണ്ട് നിലൂഫറിനും കുടുംബത്തിനും അടിക്കടി സുരക്ഷിത സ്ഥാനങ്ങളിലേക്ക് താമസം മാറേണ്ടിയും വന്നു.

രണ്ടു വർഷത്തെ ട്രെയിനിംഗിനു ശേഷം അഫ്ഗാനിസ്ഥാൻ സൈനിക ചരിത്രത്തിലെ ആദ്യ വനിതാ ഫിക്‌സഡ് വിങ് ഏവിയേറ്ററായി നീലൂഫർ ചുമതലയേറ്റു. 2012 ജൂലൈയിലാണ് സെക്കന്റ് ലെഫ്റ്റണന്റായി ബിരുദം നേടിയത്. സെസ്‌ന 182 ലായിരുന്നു ക്യാപ്റ്റൻ റഹ്മാനിയുടെ ആദ്യ പറക്കൽ. ഫ്‌ളൈററ് സ്‌കൂളിലെ പ്രത്യേക പഠനത്തിനു ശേഷം സി208 മിലിട്ടറി കാർഗൊയും പരീക്ഷിച്ചു.

പരമ്പരാഗതമായി പരിക്കേറ്റവരെയും മൃതദേഹങ്ങളും ഒരിടത്തു നിന്നു മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നതിന് വനിതകള്‍ക്ക് വിലക്കുണ്ടെന്നിരിക്കെ ഇവരുമായി നിലൂഫര്‍ സെസ്‍ന 182 വിമാനത്തില്‍ തന്റെ ആദ്യ ആകാശപ്പറക്കല്‍ നടത്തി ലോകത്തെയും താലിബാനെയും ഞെട്ടിച്ചത്.

എയർഫോഴ്‌സ് ട്രെയിനിംഗിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നീലൂഫറിന് പല തവണ താലിബാനിൽ നിന്നും ഭീഷണിക്കത്തുകൾ ലഭിച്ചിരുന്നു. എന്നാൽ തന്റെ തീരുമാനവുമായി മുന്നോട്ടുപോകാനായിരുന്നു നീലൂഫറിന്റെ ഉറച്ച തീരുമാനം. ഭീഷണി ശക്തമായപ്പോൾ രാജ്യത്തു നിന്ന് രണ്ടു മാസം വിട്ടു നിൽക്കേണ്ട ഗതികേടും നീലൂഫറിനുണ്ടായി.

ഇപ്പോഴും ഭീഷണി നിലനിൽക്കുന്നതിനാൽ ഒരു തോക്ക് എപ്പോഴും കൂടെക്കരുതുന്നുണ്ട്. യൂണിഫോമിൽ മിലിട്ടറി ബേസിന് ഒരിക്കലും പുറത്തു പോകാറില്ല നീലൂഫർ. അതേസമയം തെരുവുകളിൽ കൂടി നടക്കാനോ, ഷോപ്പിംഗിനും മറ്റും പോകാനോ ഇപ്പോൾ സാധിക്കാറേയില്ല. പുറത്തു കറങ്ങിനടക്കാനുള്ള സ്വാതന്ത്ര്യം ഇതോടെ അവസാനിച്ചിരിക്കുകയാണെന്നും നീലൂഫർ പറയുന്നു.

ഒടുവിൽ നിരന്തരമായ ഭീഷണികളെത്തുടർന്നു സ്വന്തം ജീവൻ തന്നെ നഷ്ടപ്പെടുമെന്ന അവസ്ഥയായപ്പോൾ നിലൂഫർ അമേരിക്കയിൽ അഭയം തേടി. അമേരിക്കന്‍ വ്യോമസേനയില്‍ ജോലിചെയ്യാനുള്ള താത്പര്യവും അവര്‍ അറിയിച്ചിട്ടുണ്ട്.

കടപ്പാട് – വിവിധ ഓൺലൈൻ മാധ്യമങ്ങൾ.