ഇന്നത്തെ തലമുറയ്ക്ക് പരിചിതമായ കെഎസ്ആർടിസി ടിക്കറ്റുകൾ മെഷീനിൽ നിന്നുള്ള വെള്ള പേപ്പറിലെ ടിക്കറ്റുകളാണ്. അതിനു മുൻപ് പല കളറുകളിലുള്ള മഴവില്ലഴകുള്ള ടിക്കറ്റുകളായിരുന്നു കെഎസ്ആർടിസിയിൽ ഉപയോഗിച്ചിരുന്നത്.

ഈ ടിക്കറ്റുകളിൽ കണ്ടക്ടർമാർ യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന ഫെയർ സ്റ്റേജുകൾ പേന കൊണ്ട് അടയാളപ്പെടുത്തുമായിരുന്നു. പിന്നീട് മെഷീൻ ടിക്കറ്റുകൾ വന്നപ്പോഴും ഈ വർണ്ണ ടിക്കറ്റുകൾ ചിലപ്പോഴൊക്കെ കണ്ടക്റ്ററുടെ ഒപ്പം ഉണ്ടായിരുന്നു.

എന്നാൽ മെഷീൻ ടിക്കറ്റുകൾക്കും, പല കളറുകളിലുള്ള കോമ്പിനേഷൻ ടിക്കറ്റുകൾക്കും ഒക്കെ മുൻപ് കെഎസ്ആർടിസിയിൽ മറ്റൊരു രൂപത്തിലുള്ള ടിക്കറ്റുകൾ ആയിരുന്നു ഉപയോഗിച്ചിരുന്നത്. യാത്രക്കാർ എവിടെ നിന്നും കയറുന്നു, എവിടേക്ക് പോകുന്നു എന്ന വിവരങ്ങളൊക്കെ ഈ ടിക്കറ്റുകളിൽ കണ്ടക്ടർമാർ രേഖപ്പെടുത്തണമായിരുന്നു. ടിക്കറ്റ് തുകയും ഇത്തരത്തിൽ കണ്ടക്ടർമാർ എഴുതണം.

ചുരുക്കിപ്പറഞ്ഞാൽ ഒരേ തരത്തിലുള്ള ‘ബിൽ മോഡൽ’ ടിക്കറ്റുകൾ മാത്രമേ അന്ന് കണ്ടക്ടറുടെ കൈവശമുണ്ടായിരുന്നുള്ളൂ. ഇത്തരം ടിക്കറ്റുകളെക്കുറിച്ചുള്ള ഓർമ്മകൾ കൊല്ലം സ്വദേശിയായ ‘മണി വേക്കൽ’ ഫേസ്ബുക്കിലും ആനവണ്ടി ബ്ലോഗിലും എല്ലാം ചെറു കുറിപ്പായി പോസ്റ്റ് ചെയ്തിരുന്നു. അദ്ദേഹത്തിൻ്റെ ആ പോസ്റ്റ് താഴെ വായിക്കാം.

“മെഷീൻ ടിക്കറ്റും കോംബിനേഷൻ ടിക്കറ്റും ഇല്ലാതിരുന്ന കാലത്ത് KSRTC യിൽ നടത്തിയ ഒരു ദീർഘദൂര യാത്രയുടെ ടിക്കറ്റാണിത്. 37 വർഷം മുമ്പ്, 22. 1. 1981ൽ രാവിലെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട N 176 -ാം നമ്പർ എക്സ്പ്രസ്സ് ബസ്സിൽ കൊട്ടാരക്കര നിന്ന് സുൽത്താൻ ബത്തേരിക്കുള്ള യാത്രക്കാരനായിരുന്നു ഞാൻ. കൊട്ടാരക്കരയിൽ നിന്നും സുൽത്താൻ ബത്തേരിയിലേക്ക് ഫുൾ ടിക്കറ്റ് ചാർജ്ജ് 35 രൂപ 70 പൈസയായിരുന്നു.

രാവിലെ 7 മണിക്ക് കൊട്ടാരക്കരയിൽ നിന്ന് വിട്ട N 176 എന്ന ബസ് കോട്ടയത്ത് നിന്ന് പ്രാതൽ കഴിഞ്ഞ് 9.30 ന് വിട്ടു. 11.15ന് പെരുമ്പാവൂരിൽ എത്തിയപ്പോൾ ബസ്സും സ്റ്റാഫും മാറി. പിന്നെ N 277 എന്ന ബസ്സിലായിരുന്നു തുടർ യാത്ര. എടപ്പാളിൽ എത്തിയപ്പോൾ ഉച്ചഭക്ഷണം. ഉച്ചഭക്ഷണത്തിനു ശേഷം യാത്ര തുടർന്ന് വൈകുന്നേരം 4.45 ന് കോഴിക്കോട്ടും 6.15ന് അടിവാരത്തും എത്തി. 6.30 ന് അടിവാരത്തു നിന്നു വിട്ട ബസ്സ് താമരശ്ശേരി ചുരം കടക്കവേ ഒന്നാം ഹെയർ പിൻ വളവിൽ ബ്രേക്ക് ഡൗണായി. പിന്നെ N 665-ാം നമ്പർ പുൽപ്പള്ളി ഫാസ്റ്റ് പാസ്സഞ്ചറിൽ ആയിരുന്നു യാത്ര. തുടർന്ന് രാത്രി 8.45നാണ് സുൽത്താൻ ബത്തേരിയിൽ എത്തിയത്‌.”

ലേഖനത്തിൽ പറഞ്ഞിരിക്കുന്ന തരത്തിലെ ടിക്കറ്റുകൾ കേരളത്തിലെ പ്രൈവറ്റ് ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകളിൽ ഒരിടയ്ക്ക് ഉപയോഗിച്ചിരുന്നു. ഇപ്പോൾ അവരെല്ലാം മെഷീനിലേക്ക് മാറുകയും ചെയ്തിട്ടുണ്ട്. എന്തായാലും കെഎസ്ആർടിസിയിൽ ഇത്തരത്തിലുള്ള ടിക്കറ്റുകൾ ഉണ്ടായിരുന്നു എന്നുള്ള വിവരം ഭൂരിഭാഗമാളുകൾക്കും പുതിയ ഒരു അറിവ് ആയിരിക്കും. ആ അറിവ് പകർന്നു തന്നതിന് ശ്രീ. മണി വേക്കൽ സാറിനോട് കടപ്പെട്ടിരിക്കുന്നു.

SHARE