ഇന്ത്യയിലെ ആദ്യ വിനോദസഞ്ചാര ട്രെയിനാണ് പാലസ് ഓണ്‍ വീല്‍സ്. അതെ ചലിക്കുന്ന കൊട്ടാരം… രാജസ്ഥാന്‍ ടൂറിസം വകുപ്പ് നടത്തുന്ന ഒരു ആഡംബര ട്രെയിനാണിത്. രാജസ്ഥാനിലെ വിനോദസഞ്ചാരമേഖലയെ അഭിവൃദ്ധിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ രാജസ്ഥാൻ ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷനുമായി ചേർന്നാണ് ഈ സംരം‌‌‌‌‌‌‌‌‌‌ഭം ഇന്ത്യൻ റെയിൽവേ ആരംഭിച്ചത്.

പാലസ് ഓൺ വീൽസിൻ്റെ തുടക്കം 1982 ലാണ്. ഇന്ത്യയിലെ രാജകീയ ഭരണാധികാരികളും ബ്രിട്ടീഷ് ഇന്ത്യയിലെ വൈസ്രോയിമാരും സഞ്ചരിച്ചിരുന്ന ട്രെയിനുകൾ ഉപയോഗിച്ചുകൊണ്ടാണ് ഈ ആഡംബര തീവണ്ടി നിർമ്മിച്ചിരിക്കുന്നത്. പാളങ്ങളിലൂടെ ഇന്ത്യയെ കണ്ടെത്താമെന്ന് ലോകജനതയോട് രാജ്യം ആദ്യമായി പ്രഖ്യാപിച്ചത് പാലസ് ഓണ്‍സ് വീല്‍സിലൂടെയായിരുന്നു.

രാജസ്ഥാനെ തൊട്ടറിഞ്ഞുകൊണ്ടു നീളുന്ന മനോഹരമായ യാത്രാനുഭവമാണ് ഈ ആഡംബര ട്രെയിന്‍ യാത്ര സമ്മാനിക്കുന്നത്. എഴു രാത്രിയും എട്ട് പകലുമായി നീളുന്ന യാത്രയിൽ ജയ്പ്പൂർ, സവായ് മധോപ്പൂർ, ചിറ്റോർഗഡ്, ഉദയ്പ്പൂർ, ജയ്സാൽമിർ, ജോധ്പ്പൂർ, ഭരത്പ്പൂർ, ആഗ്ര എന്നീ സ്ഥലങ്ങൾ ഈ ട്രെയിൻ സന്ദർശിക്കുന്നു.

ഇരുപത്തിമൂന്ന് കോച്ചുകളുളള പാലസ് ഓണ്‍ വീല്‍സില്‍ 104 യാത്രക്കാരെ ഉള്‍ക്കൊളളിക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ഓരോ കൊച്ചുകളിലും വൈഫൈ മുതലായ ലക്ഷ്വറി സൗകര്യങ്ങളോടു കൂടിയ നാലു കാബിനുകൾ അഥവാ സലൂണുകൾ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ മഹാരാജ, മഹാറാണി എന്നീ പേരുകളിൽ പേരില്‍ രണ്ട് റെസ്റ്റോറന്റുകള്‍, ഒരു ബാര്‍ കം ലോഞ്ച്, ബ്യൂട്ടി സലൂണുകള്‍, സ്പാ തുടങ്ങിയവയും ഇതിലുണ്ട്. പഴയകാല രജപുത്രനാട്ടുരാജ്യങ്ങളുടെ പേരിലാണ് ഇതിലെ കോച്ചുകള്‍.

SHARE