എഴുത്ത് – Baiju B Mangottil.
ഇന്ന് മകളുടെ ജനന രജിസ്‌ട്രേഷൻ ആയിരുന്നു. അവളുടെ ജീവിതത്തിലെ സുപ്രധാന തീരുമാനങ്ങളിൽ ആദ്യത്തേതെന്ന് വിശേഷിപ്പിക്കാവുന്ന ചില നിമിഷങ്ങൾ പങ്കുവെക്കുന്നു.
രാവിലെ തന്നെ ആശുപത്രി ജീവനക്കാരിൽ ഒരാൾ ജനന രജിസ്‌ട്രേഷൻ ഫോറം റൂമിൽ കൊണ്ടെത്തിച്ചു, മുഴുവൻ വായിച്ചു. 20 ചോദ്യങ്ങളിൽ ഉത്തരമില്ലാത്തതു രണ്ട് ചോദ്യങ്ങൾക്ക് മാത്രം. വളരെ പ്രസക്തമായ ചോദ്യമാണ് ഒന്നാമത്തേത്. “കുടുംബത്തിന്റെ മതമേതെന്ന് വ്യക്തമാക്കണം.” അതിൽ നാല് ഓപ്‌ഷനുകൾ മാത്രം. പ്രമുഖരായ മൂന്ന് മതങ്ങളും പിന്നെ മറ്റുള്ളവയും. മറ്റുള്ളവ എന്ന് എഴുതിയാൽ തന്നെ അതിന് വിശദീകരണം നൽകണമത്രേ. എന്ത് പ്രഹസ്സനമാണ് സജീ..
ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ തന്നെ പറയുന്ന പ്രമുഖ വാചകമുണ്ട് “നമ്മൾ ഇന്ത്യയിലെ ജനങ്ങൾ ഇന്ത്യയെ ഒരു പരമാധികാര, “മതനിരപേക്ഷ”, സ്ഥിതിസമത്വ, ജനാധിപത്യ റിപബ്ലിക്കയി സംവിധാനം ചെയ്യുന്നു എന്ന്. അതിൽ രണ്ടാമത് പറഞ്ഞ ‘മതനിരപേക്ഷ’ എന്ന വാചകത്തിന് ഭരണഘടനാ പുസ്തകത്തിനു പുറത്ത് വലിയ സ്ഥാനമൊന്നുമില്ലെന്ന് വെളിവാക്കുന്ന വല്ലാത്തൊരു അവസ്ഥയാണിത്. സമ്പൂർണ സാക്ഷരതയും പുരോഗമന വാദികളും ധാരാളമുള്ള നമ്മുടെ നാട്ടിൽ ഇനിയും ഇതിനൊരു മാറ്റമുണ്ടാക്കാൻ കഴിഞ്ഞില്ലെന്നത് വളരെ ദയനീയം തന്നെ.
ജനിക്കുന്ന നാൾ മുതൽ കുഞ്ഞുങ്ങളിൽ കുത്തിവെക്കപ്പെടുന്ന വാക്സിനുകൾ പോലെ ആയിരിക്കുന്നു ഇന്ന് കാലത്ത് ജാതിയും മതവുമെല്ലാം. അവർ പോലുമറിയാതെ അവർക്ക് ചിന്തിക്കാനോ സ്വയം തിരഞ്ഞെടുക്കാനോ കഴിയാത്ത ഒരു സംവിധാനത്തിലേക്ക് നമ്മൾ മനപൂർവ്വം അവരെ തള്ളിയിടുന്നു എന്നു വേണം പറയാൻ. ഈ സ്ഥിതി മാറേണ്ടതുണ്ട്. ആ മാറ്റം നമ്മൾ ഓരോർത്തരിൽ നിന്നുമാകണം.. വലിയ വായിൽ വിപ്ലവ പ്രസംഗങ്ങൾ നടത്തുന്ന വലിയൊരു കൂട്ടം ആളുകൾ പലരും സ്വന്തം അവസരം വരുമ്പോൾ സമൂഹത്തിനു മുൻപിൽ അഡ്ജസ്റ്മെന്റ് കളിയാണെന്നത് തന്നെ കാര്യം.
ലേബർ റൂമിലെ ഒരു സാധാരണ നേഴ്‌സ് വിചാരിച്ചാൽ ഉടുത്ത തുണി മാറുന്നതുപോലെ മാറാൻ കഴിയുന്ന വെറും പാഴ്വസ്തു മാത്രമാണ് മതവും ജാതിയുമെന്നത് ഇനി വരും തലമുറയെങ്കിലും തിരിച്ചറിയേണ്ടതുണ്ട്. നമുക്കൊക്കെ സംഭവിച്ച പല അബന്ധങ്ങൾക്കും തെറ്റിദ്ദാരണകൾക്കും നിരവധി നിരീക്ഷണ പരീക്ഷണങ്ങളിലൂടെ കൃത്യമായി ഉത്തരം നൽകാൻ ശാസ്ത്ര രംഗവും അതിലേറെ ചില മനുഷ്യ അനുഭവങ്ങളിലൂടെയുള്ള യാത്രകളും നമ്മളെ ഒരുപാട് പഠിപ്പിച്ചിരുന്നു. ഒപ്പം മത ജാതി വർഗ്ഗ ലിംഗ വേർതിരിവ് ഇല്ലാതെ ജീവിക്കുന്ന ഒരു കൂട്ടം മനുഷ്യർക്ക് മാത്രമേ ഇനി ഭൂമിയിൽ വലിയ മാറ്റങ്ങൾ സൃഷ്‌ടിക്കാൻ കഴിയുകയുള്ളു എന്ന് ഞങ്ങൾ വിശ്വസിക്കുന്നു.
നമ്മുടെ കുട്ടികൾ സ്വതന്ത്രരായി വളരട്ടെ മത പുസ്തകങ്ങൾക്ക് പകരം അവർക്ക് ഭരണഘടനയും നീതിന്യായ വ്യവസ്ഥയും പറഞ്ഞുകൊടുക്കുക. മാനവികതയും സഹജീവി സ്നേഹവും എന്തെന്ന് നിങ്ങൾ സ്വയം ജീവിച്ച് മാതൃക കാണിക്കുക. വേലിക്കെട്ടുകൾ ഇല്ലാത്ത വിശാലമായ വൈവിധ്യങ്ങൾ നിറഞ്ഞ ഈ ലോകത്ത് അവരെ പറക്കാൻ അനുവദിക്കുക അവർ സ്വതന്ത്രരായി വളരട്ടെ
നമ്മൾ ഓരോരുത്തരും തന്നെയാണ് അവരുടെ പാഠപുസ്തകങ്ങൾ. നമ്മുടെ ചിന്തയും പ്രവർത്തിയുമാണ് അവർ കണ്ടു വളരേണ്ടത് അല്ലാതെ ആരൊക്കെയോ എഴുതി വച്ച അമർ ചിത്രകഥകളും നോവലുകളും കണ്ടല്ല നമ്മുടെ മക്കൾ ലോകത്തെ അറിയേണ്ടത്. ആ കാലമൊക്കെ പോയി ഇരുപതാം നൂറ്റാണ്ടിലും ഈ പ്രസ്ഥാങ്ങൾക്ക് പുറകെ കണ്ണും കെട്ടി പോകുന്നവരോട് സഹതാപം മാത്രമാണുള്ളത്.
കുട്ടികളിൽ മാനവികതയും അന്വേഷണ ത്വരയും വളരട്ടെ. അവർ ചോദ്യങ്ങൾ ചോദിച്ചു തുടങ്ങട്ടെ. ഉത്തരം നൽകാൻ നമ്മൾ തയാറായിരിക്കുക. അവർക്ക് സ്വയം ചിന്തിച്ച് തീരുമാനമെടുക്കാനുള്ള പ്രാപ്തിയുണ്ടാവുമ്പോൾ അവർക്ക് ഇഷ്ടമുള്ള മതത്തിലോ ജാതിയിലോ ആശയത്തിലോ വിശ്വസിച്ചുകൊള്ളട്ടെ. അതുവരെയെങ്കിലും അവരെ സ്വതന്ത്രരായി ചിന്തിക്കാൻ അനുവദിക്കുക.
അതിനുള്ള ആദ്യ ചവിട്ടുപടിയെന്നോണം അവളുടെ ജനന സർട്ടിഫിക്കറ്റിൽ മതവും ജാതിയും അടങ്ങുന്ന കോളം ഒഴിവാക്കാൻ തീരുമാനമായി.
രണ്ടാമത്തെ ചോദ്യം കുഞ്ഞിന്റെ പേര്..? പേരിടുമ്പോൾ ഭാര്യ മുൻപേ പറഞ്ഞത് ഒറ്റ ഡിമാൻഡ് മാത്രമാണ്. ഒരു കാരണവശാലും പേരിനൊപ്പം ജാതി വാലോ മതം വെളിവാക്കുന്ന വാക്കുകളോ ചേർത്തു പോകരുത്. ഇനിഷ്യൽ പോലും അധികപ്പറ്റാണെന്ന്.
ഒരുപാട് നേരത്തെ ചർച്ചയോ അഭിപ്രായങ്ങളോ ഒന്നും ആരോടും ചോദിക്കേണ്ടി വന്നില്ല.
പ്രസവ സമയത്ത് പുറത്ത് ആശുപത്രി വരാന്തയുടെ തെക്കേ ജനാലയിലൂടെ എന്നെ ആശ്വസിപ്പിച്ച വലിയൊരു പ്രതിഭാസമുണ്ട്. ഞങ്ങളുടെ യാത്രകളിൽ എന്നും ഒപ്പമുണ്ടായിരുന്ന, വളരെ വിശാലമായ ജൈവ വൈവിധ്യം കൊണ്ടും ആവാസവ്യവസ്ഥകൊണ്ടും ലോകത്തിൽ തന്നെ അപൂർവ്വങ്ങളിൽ അപൂർവ്വമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഭൂപ്രദേശവും, ഇൻഡ്യയുടെ പാരിസ്ഥിതിക ഭൂപടത്തിന്റെ അഭിമാനവുമായ സഹ്യപർവ്വതത്തിന്റെ താഴ്വരയിൽ നെല്ലിയാമ്പതി മലനിരകൾക്കു താഴെ സഹ്യാദ്രിയുടെ മടിത്തട്ടിൽ പിറന്ന ഞങ്ങളുടെ കുഞ്ഞു മാലാഖയ്ക്ക് “സഹ്യ” എന്ന് തന്നെ പേര് നൽകാൻ തീരുമാനമായി.
ലോകത്തെ മുഴുവൻ തന്റെ വന്യ സൗന്ദര്യം കൊണ്ടും നിഗൂഢവും വൈവിധ്യവുമായ ഭൂപ്രകൃതികൊണ്ടും ആകർഷിക്കുകയും, കോടിക്കണക്കിന് ജീവചാലങ്ങൾക്കും മനുഷ്യർക്കുമെല്ലാമായി തന്റെ ഓരോ ജീവ ശ്വാസവും പങ്കുവച്ച് നിലകൊള്ളുന്ന സഹ്യപർവ്വത്തിന്റെ സ്വന്തം പുത്രിയായി അവൾ വളരും. അവരിൽ ഒരാൾ മാത്രമായി.
മലകളും പുഴകളും കാടും ജന്തുക്കളും പക്ഷികളും കീടാണുക്കളും മനുഷ്യരുമെല്ലാം പരസ്പരം കൈകോർത്ത് ജീവിക്കുന്ന സഹ്യന്റെ മടിത്തട്ടിൽ ഓരോ മുക്കും മൂലയും ഞങ്ങൾ അവളെയും കൊണ്ട് യാത്ര ചെയ്യും. നാല് ചുവരുകൾക്കപ്പുറമുള്ള വിശാലമായ ലോകത്തു നിന്ന് അവൾ പിച്ചവച്ചു പഠിച്ചു തുടങ്ങട്ടെ. നല്ലൊരു നാളേക്കായി പ്രത്യാശിക്കാം. ഇനിയുള്ള യാത്രകളിൽ കൂട്ടിന് ‘സഹ്യ’പുത്രിയും കൂടെയുണ്ടാവുമെന്ന ശുഭ പ്രതീക്ഷയോടെ യാത്രകൾ തുടരേണ്ടതുണ്ട്.