സമൂഹത്തിലെ ഏതൊരു മനുഷ്യനും മെച്ചപ്പെട്ട ജീവിതം ആഗ്രഹിക്കുന്നവരായിരിക്കും. എന്നാൽ പലരും നല്ല നിലയിൽ എത്തിയതിനു പിന്നിൽ അധികമാരും അറിയാത്ത കഥകളും അനുഭവങ്ങളും ഉണ്ടാകും. കഷ്ടപ്പാടും കണ്ണീരും ഉണ്ടാകും. അത്തരത്തിലൊരു അനുഭവക്കുറിപ്പ് പങ്കുവെയ്ക്കുകയാണ് കൊല്ലം സ്വദേശിയും ഓൺലൈൻ എഴുത്തുകാരനുമായ പ്രകാശ് നായർ മേലില. അദ്ദേഹത്തിൻ്റെ അനുഭവക്കുറിപ്പ് ഏവർക്കും പോസിറ്റീവ് എനർജ്ജി പകരുന്നതാണ്. ജീവിതത്തിൽ നേട്ടങ്ങൾ കൈപ്പിടിയിലൊതുക്കുവാൻ, അധ്വാനിക്കുവാൻ പ്രേരിപ്പിക്കുന്നതാണ്. ആ കുറിപ്പ് താഴെ കൊടുത്തിരിക്കുന്നു. ഒന്നു വായിക്കാം…

ഈ ഓണക്കാലം ദുബൈയിൽ മകനും കുടുംബത്തിനുമൊപ്പം ചിലവിട്ടു മടങ്ങുമ്പോൾ ആ ആഹ്ലാദകരമായ ദിനങ്ങൾ ഒന്നൊന്നായി പോയകന്നത് ജീവിതയാത്രയിൽ പിൻതള്ളിയ കനൽ വഴികൾ സമ്മാനിച്ച കറുത്ത ദുർദിനങ്ങളെയെല്ലാം വിസ്മയിപ്പിച്ചുകൊണ്ടായിരുന്നു. ഇന്ന് ഈ സൗഭാഗ്യങ്ങൾ ഒരു വിസ്മയലോകം സമ്മാനിച്ച പ്രതീതിയാണ്.

20 മത്തെ വയസ്സിൽ ജീവിതം വഴിമുട്ടിയ സാഹചര്യത്തിൽ മടിയിൽ ഒരു ബീഡിമുറവുമായി ജീവിതത്തോട് പൊരുതാൻ തീരുമാനിച്ചപ്പോൾ കൂട്ടായി ഇളം പ്രായത്തിൽ മൺവെട്ടിയുമായി കൂലിപ്പണിക്ക് പോയ അനുജനും ചേർന്ന്, 5 മക്കളും അച്ഛനുമമ്മയുമടങ്ങുന്ന കുടുംബത്തിനു കൈത്താങ്ങായി മാറുകയായിരുന്നു. രോഗിയായ അച്ഛന്റെ നിസ്സഹായാവസ്ഥയിൽ കുടുംബം പോറ്റാൻ മറ്റൊരു മാർഗ്ഗമോ വെളിച്ചമോ അന്ന് മുന്നിൽത്തെളിഞ്ഞിരുന്നില്ല.

അവിശ്വസനീയമായ ആ ജീവിതയാത്ര എങ്ങനെ ഇന്നിവിടെയെത്തി എന്ന് ഞാൻ ഓർക്കാത്ത ദിനങ്ങളില്ല. കാനേഷുമാരി കണക്കിലെ ഒരജ്ഞാത ബിന്ദുവായി മാറേണ്ടിയിരുന്ന ജീവിതത്തിന് പുതിയ മാനങ്ങൾ കണ്ടെത്തി നൽകിയത് മക്കൾ രണ്ടുപേരുമാണ്. സത്യം.

1976 ൽ തുടങ്ങിയ ബീഡിതെറുപ്പു തൊഴിൽ 4 വർഷക്കാലം തുടർന്നു. അന്നൊക്കെ 1000 മുതൽ 1300 വരെ ബീഡി ഒരു ദിവസം തെറുക്കുമായിരുന്നു. 4 രൂപ 50 പൈസയാണ് 1000 ബീഡി തെറുത്താൽ കിട്ടുന്ന കൂലി. മറ്റു യാതൊരാനുകൂല്യങ്ങളുമുണ്ടായിരുന്നില്ല.

“57 ൽ ഇ.എം.എസ്, 67 ൽ ഇ.എം.എസ്, 77 ലും ഇ.എം.എസ്” എന്ന മുദ്രാവാക്യവുമായി 1977 ലെ തെരഞ്ഞെടുപ്പിനെ നേരിട്ട ഇടതുമുന്നണിയുടെ അനിഷേധ്യ നേതാവായിരുന്ന ഇ.എം.എസ് നമ്പൂതിരിപ്പാട്, തെരഞ്ഞെടുപ്പ് പ്രചാരണാർഥം അന്ന് കുന്നിക്കോട് ജംക്ഷനിൽ വന്നപ്പോൾ ബീഡിതെറുപ്പു തൊഴിലാ ളികളുടെ പ്രതിനിധിയായി അദ്ദേഹത്തെ രക്തഹാരമണിയിക്കാനുള്ള ഭാഗ്യം അന്ന് എനിക്കാണുണ്ടായത്.

നല്ലൊരു ഭാവിയെപ്പറ്റി ആകുലനായി അന്നൊക്കെ പലവുരു ചിന്തിച്ചു വേദനിച്ചിട്ടുണ്ട്. ആരും കാണാതെ പലരാത്രി കരഞ്ഞിട്ടുണ്ട്. അറയ്ക്കലമ്മ ഒരു വഴി കാണിച്ചു തരും എന്ന അമ്മയുടെ ആശ്വസ വാക്കുകളായിരുന്നു മുന്നോട്ടു നയിച്ച പ്രേരണാഘടകം. അറയ്ക്കൽ ദേവിയുടെ ഭക്തയാണ് അന്നുമിന്നും എന്റെ അമ്മ.

മുന്നിൽ ശൂന്യതയും അന്ധകാരവും മാത്രം. അക്കാലത്ത് ആളുകൾ ഗൾഫിൽ പോകുന്നത് വളരെ അപൂർ വമായിരുന്നു. അതത്ര എളുപ്പവുമല്ലായിരുന്നു. അന്നൊക്കെ ഉത്തരേന്ത്യയായിരുന്നു മലയാളികളുടെ പോറ്റമ്മ. കൂട്ടുകാർ പലരും ഉത്തരേന്ത്യയിൽ പോയി ജോലിനേടിയിട്ടും അവിടേക്കൊരു വാതിൽ എനിക്കായി നാളുകളോളം തുറക്കപ്പെട്ടില്ല. ഒപ്പം പഠിച്ച ചിലർ രാഷ്ട്രീയ – സാമ്പത്തിക പിൻബലത്തോടെ KSEB, റയിൽവേ, PWD, സ്‌കൂളുകൾ എന്നിവിടെ ജോലിക്കാരായി മാറിയതിനും മൂകസാക്ഷിയായി.

വീട്ടിൽ പറയത്തക്ക സമ്പാദ്യമോ സ്വത്തുവകകളോ ഒന്നും ഇല്ലായിരുന്നു.80 സെന്റ് വസ്തുവും ഒരോലമേഞ്ഞ രണ്ടുമുറി വീടും. എന്തോ മനസ്സലിവ് തോന്നിയാകണം 1980 ൽ ഒരു ബന്ധുവാണ് ഉത്തരേന്ത്യയിലേക്കുള്ള വഴിയൊരുക്കിത്തന്നത്. ഒറീസ്സയായിരുന്നു ആദ്യതട്ടകം. ആദ്യശമ്പളം 300 രൂപ. സ്ഥിരമായ ഒരു ജോലിക്കായി പരിശ്രമങ്ങൾ പലതും നടത്തി. നല്ലൊരു വഴികാട്ടിയോ, ബന്ധുക്കളോ ഇല്ലാതെ അതൊന്നും നടക്കുമായിരുന്നില്ല. അതുകൊണ്ടുത ന്നെ നടന്നതുമില്ല. ഇട്ടെറിഞ്ഞു നാട്ടിലേക്കുവന്നാലുള്ള അവസ്ഥയോർത്ത് അവിടെത്തന്നെ പിടിച്ചു നിന്നു.

മദ്ധ്യപ്രദേശിൽ ഒരു ചെറുകിട സ്ഥാപനത്തിൽ ജോലി നോക്കവേയാണ് 1982 ൽ വിവാഹം. സ്വയം തിരഞ്ഞെടുത്ത ജീവിതം. വെവ്വേറെ മതസ്ഥരായിരുന്നതിനാൽ ജീവിതത്തിൽ ഒറ്റപ്പെടലുകളുടെയും തിരസ്‌ക്കാരങ്ങളുടെയും കൈപ്പുനീർ ഏറെ കുടിക്കേണ്ടി വന്നു. ഞങ്ങളെക്കാളേറെ രണ്ടു മക്കളും അത് കൂടുതൽ അനുഭവിച്ചവരാണ്. അവരതു പലതും എന്നോട് വേദനയോടെ വിവരിക്കുമ്പോൾ ഉള്ളുനീറിയെങ്കിലും ചിരിച്ചുകൊണ്ടവരെ പലപ്പോഴും ആശ്വസിപ്പിക്കുമായിരുന്നു. “നമ്മെ ഉൾക്കൊള്ളാൻ ഉള്ള വിശാലത അവരുടെ മനസ്സുകൾക്കില്ല. അതുകൊണ്ടവയൊക്കെ അവഗണിക്കുക” എന്ന്..

ഇല്ലായ്മകളോടും ജീവിതപ്രാരാബ്ദങ്ങളോടും അനുദിനം പടപൊരുതുന്ന സമൂഹത്തലെ വലിയൊരു വിഭാഗമാളുകളും വികലമായ ജാതിമത വർഗീയ ചിന്തകൾക്കടിമകളാണെന്ന യാതാർഥ്യം ആ നാളുകളിൽ ഞാൻ കൂടുതൽ മനസ്സിലാക്കി. അതിജീവനത്തിന്റെ ആ നാളുകളിൽ മക്കളുടെ ഭാവി സുരക്ഷിതമാക്കുക എന്നതായിരുന്നു ഏക ലക്ഷ്യം. ഒപ്പം സ്വന്തമായി ഒരു വീടെന്ന കുട്ടികളുടെ ആഗ്രഹവും സ്വപ്നവും മനസ്സിലൊരു കോണിലായി ഒതുക്കിവച്ചു.

കരാർ ജോലികളും അവിടെ നടത്തിനോക്കി. ആ വേഷം എനിക്കൊട്ടും ഇണങ്ങുമായിരുന്നില്ല. കയ്‌പ്പേറിയ അനുഭവങ്ങളും കുതികാൽവെട്ടും ചതിയും നിറഞ്ഞ കരാർ വേദിയോട് എന്നെന്നേയ്ക്കുമായി വിടപറഞ്ഞു. ആ ചരിത്രം ഇനിയൊരിക്കൽ വിശദീകരിക്കാം. പിന്നീട് രണ്ടുവർഷക്കാലത്തെ സൗദി ജീവിതത്തിലും കാര്യമായ നേട്ടമൊന്നുമുണ്ടായില്ല. സാമ്പത്തിക ബാദ്ധ്യതകളും കുട്ടികളുടെ പഠനവും ഒക്കെ വലിയ പ്രതിബന്ധമായി മുന്നിൽ വന്നപ്പോഴെല്ലാം ഭാര്യയാരുന്നു ആശ്വാസവും ആത്മബലവും. അവർക്കു ജോലിയുണ്ടായിരുന്നതിനാൽ വീട് പട്ടിണിയായില്ല എന്നതായിരുന്നു പരമാർത്ഥം.

സമ്പന്നനാകണമെന്ന ആഗ്രഹമൊക്കെ പൂർണ്ണമായും ഉപേക്ഷിച്ചു. സമ്പാദ്യമൊന്നുമില്ലെങ്കിലും മക്കളെ പഠിപ്പിച്ചു നല്ല നിലയിലാക്കണം, കൂടാതെ താമസിക്കാൻ ഒരു കൊച്ചു വീടും ഇതുമാത്രമായി ജീവിതത്തിൽ ലക്ഷ്യവും സ്വപ്നവും.

ഗൾഫിൽനിന്നു വന്നശേഷം പല സ്വകാര്യ കമ്പനികളിലും ജോലിചെയ്തു. വാടകവീട്ടിലെ 20 വർഷക്കാലത്തെ ജീവിതം കഴിഞ്ഞു 2000 മാണ്ടിലാണ് സ്വന്തമായി ഉത്തരേന്ത്യയിൽ ഒരു ചെറിയ വീടുണ്ടാക്കിയത്. പക്ഷേ പണി പൂർത്തിയാക്കാനാകാതെ പകച്ചുനിപ്പോൾ ദൈവദൂതരെപ്പോലെ സഹായവുമായി വന്ന ഒരു അദ്ധ്യാപക ദമ്പതികളുടെ നിസ്വാർത്ഥത ഒരുനാളും മറക്കനാകില്ല. അവരില്ലായിരുന്നെങ്കിൽ ആ വീട് അപ്പോൾത്തന്നെ വിൽക്കേണ്ടിവരുമായിരുന്നു എന്നതാണ് വാസ്തവം. ഇന്നും അവരോടുള്ള ആത്മബന്ധം ഊഷ്മളമായി ഞങ്ങളും കുട്ടികളും മനസ്സിൽ കാത്തുസൂക്ഷിക്കുന്നു.

മിശ്രവിവാഹം മൂലം നേരിടേണ്ടിവന്ന ഒറ്റപ്പെടലുകളും വേർതിരിവുകളും, ജോലിപരമായുണ്ടായ ബുദ്ധിമുട്ടുകളും കുട്ടികളെയും വേദനിപ്പിച്ചിരുന്നു എന്നത് അവരുടെ പ്രതികരണങ്ങളിൽനിന്നും ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. അവർ അതൊക്കെ പൂർണ്ണമായും ഉൾക്കൊണ്ടാണ് വളർന്നത്. പഠിക്കാൻ സമർത്ഥരായിരുന്ന കുട്ടികൾ രണ്ടാളും പ്ലസ് 2 വരെ പഠിച്ചത് ഉത്തരേന്ത്യയിലായിരുന്നു. പ്ലസ് ടൂ കഴിഞ്ഞുള്ള കുട്ടികളുടെ ഉത്തരേന്ത്യയിലെ എഞ്ചിനീയറിംഗ് പഠനം അസാദ്ധ്യമായി. കാരണം സർക്കാർ സീറ്റിലും അവിടെ ഫീസ് വളരെ കൂടുതലായിരുന്നു. ഫീസ് നൽകി പഠിപ്പിക്കാനുള്ള സാമ്പത്തിക സ്ഥിതിയിലല്ലായിരുന്നു ഞങ്ങൾ.

വീട് വച്ചതിന്റെ കുറച്ചു ബാദ്ധ്യതകളും മക്കൾ രണ്ടുപേരും അടുത്തടുത്ത വർഷങ്ങളിൽ പ്ലസ് 2 പാസ്സായതും മൂലം അവർ ആഗ്രഹിച്ച എഞ്ചിനീയറിംഗ് പഠനം കീറാമുട്ടിയായി. ഒരു പരീക്ഷണമെന്ന നിലയിൽ രണ്ടുപേരും കേരളത്തിൽ വന്ന് എൻട്രൻസ് എഴുതിയത് മറ്റൊരു വഴിത്തിരിവായി.ആദ്യം മകളും രണ്ടുവർഷം കഴിഞ്ഞു മകനും എൻട്രൻസിൽ മെറിറ്റിൽ വരുകയും കേരളത്തിൽ സർക്കാർ സീറ്റുകളിൽ എഞ്ചിനീയറിംഗ് അഡ്മിഷൻ നേടുകയുമായിരുന്നു. ഒരു സെമിസ്റ്ററിനു ഫീസ് വെറും 6000 രൂപ. ഇത് കേരളത്തിൽ മാത്രമേയുള്ളു എന്നതും നാമറിയണം. ഒരർത്ഥത്തിൽ കേരള സർക്കാരാണ് അവരെ പഠിപ്പിച്ചത് എന്ന് പറയുന്നതാകും ശരി.

ഹോസ്റ്റൽ ഫീസും ആഹാരത്തിനുള്ള തുകയും മാത്രമായിരുന്നു ഞങ്ങൾ അയച്ചിരുന്നത്. മറ്റു കുട്ടികളെപ്പോലെ ആർഭാടമായി ക്യാമ്പസ്സ് ജീവിതം ആഘോഷിക്കാൻ അവർക്കു കഴിഞ്ഞിട്ടില്ല. സാമ്പത്തിക പരാധീനതകൾ മൂലം അതിൽ നിന്നൊക്കെ ഒഴിഞ്ഞാണവർ പഠനം പൂർത്തിയാക്കിയത്..

എഞ്ചിനീയറിംഗ് പഠനത്തിന്റെ അവസാനവർഷം രണ്ടാൾക്കും ക്യാമ്പസ്സ് സെലെക്ഷൻ വഴി നല്ല ജോലി ലഭിച്ചു. മകൾ ഇൻഫോസിസിലും (IT), മകൻ വല്ലാർപാടം പ്രൊജക്റ്റിലും (Civil). ജോലിക്കായി ഒരപേക്ഷ പോലും എങ്ങും അയക്കേണ്ടിവന്നില്ല.

2006 ൽ മകളുടെ വിവാഹം നടന്നു. ഇരുവരും IT എഞ്ചിനീയേഴ്‌സ്. പിന്നീട് മരുമകന് ലണ്ടനിൽ ജോലിക്കവസരം ലഭിച്ചു. നാളുകൾക്കുശേഷം മകളും ലണ്ടനിലെത്തി. ഇരുവർക്കും അവിടെ ജോലിയുണ്ട്. 11 ഉം 5 ഉം വയസ്സുള്ള രണ്ടു കൊച്ചുമക്കളും അവിടെ പഠിക്കുന്നു.

ഒരു ജന്മത്തെ അനുഭവങ്ങളുടെ കലവറയായ 30 കൊല്ലത്തെ ഉത്തരേന്ത്യൻവാസം അവസാനിപ്പിച്ചു ഞങ്ങൾ മക്കളുടെ ആഗ്രഹപ്രകാരം 2010 ൽ നാട്ടിലേക്ക് പറിച്ചു നടപ്പെട്ടു. കുടുംബസ്വത്തോ ബാങ്കുബാലൻസോ ഒന്നുമില്ലാതെ. അവിടെയുണ്ടായിരുന്ന വീട് വിറ്റു നാട്ടിലൊരു പഴയ വീടു വാങ്ങി റിപ്പയർ ചെയ്തു താമസമായി.

ഞങ്ങൾ നാട്ടിൽ വീടുവാങ്ങിയത് എന്റെയോ ഭാര്യയുടെയോ ജന്മസ്ഥലത്തല്ലായിരുന്നു. പുതിയ സ്ഥലം, പുതിയ ആളുകൾ. ഇവിടെ വന്നപ്പോൾ മനസ്സാ വാചാ അറിയാത്ത കാര്യങ്ങളിൽ തിക്താനുഭവങ്ങൾ ധാരാളമുണ്ടായി. 30 വർഷം ഉത്തരേന്ത്യയിൽ ജീവിച്ചപ്പോൾ ഉണ്ടാകാത്ത മാനസിക വൈഷമ്യങ്ങൾ നേരിടേണ്ടിവന്നപ്പോൾ ഒപ്പമുണ്ടാകുമെന്ന് കരുതിയവരും ‘വരുത്തനെ’ കൈവിട്ടു.

ആയിരം രൂപാ തികച്ചു ബാങ്ക് ബാലൻസില്ലാതിരുന്നിട്ടും കോടികളുടെ അധിപനായി ഞാൻ ചിത്രീകരിക്കപ്പെട്ടു. അങ്ങനെയൊരഭ്യൂഹം ആരോ നാട്ടിലെല്ലാം പറഞ്ഞു പരത്തിയതും വലിയ വിനയായി മാറി. ആ ദൃഷ്ടിയോടെ ആളുകൾ സമീപിക്കാനും നോക്കിക്കാണാനും തുടങ്ങി. അപ്പോഴും അതൊക്കെ തരണം ചെയ്യാൻ പിന്തുണയുമായി ഒപ്പം നിന്നത്, എന്നെപ്പോലെ ഇല്ലായ്മയിൽനിന്നു ജീവിതത്തെ കരുപ്പിടിപ്പിച്ച നല്ല മനസ്സിനുടമയായ ഒരു വ്യക്തിയും ഒപ്പം ചില സുമനസ്സുകളും ആണെന്ന വസ്തുത ഒരിക്കലും വിസ്മരിക്കാനാകില്ല.

ആ കാലയളവിൽ മകന് ഉപരിപഠനത്തിനു ലണ്ടനിൽപ്പോകണമെന്ന് അതിയായ മോഹം. മകളും കുടുംബ വും അവിടെയെത്തി കുറച്ചുകാലമേ ആയുള്ളൂ. സഹായിക്കാനുതകുന്ന അവസ്ഥയിലായിരുന്നില്ല അവർ. ഒടുവിൽ ബാങ്കിനെ സമീപിച്ചു. വീട് പണയത്തിൽ അവർ 15 ലക്ഷം രൂപ അനുവദിച്ചു. അങ്ങനെ മകന്റെ സ്വപ്നം യാഥാർഥ്യമായി.

ഇന്ന്, ലണ്ടനിൽ ഉപരിപഠനം കഴിഞ്ഞു 7 വർഷമായി മകൻ ദുബായിൽ ജോലി ചെയ്യുകയാണ്. ബാങ്ക് ലോൺ അടച്ചുകഴിഞ്ഞു എന്നുപറയാം. വീട് നന്നായി പുതുക്കിപ്പണിതു. കാറും AC യും ഒക്കെയായി. ജീവിതത്തിന് നല്ല അടുക്കും ചിട്ടയുമായി. ദുബായ് അതുകൊണ്ടുതന്നെ മറക്കാനാകില്ല, ഒരിക്കലുമൊരിക്കലും. ഞങ്ങൾ മൂന്നുതവണ ലണ്ടനിൽപ്പോയി. ഓരോ തവണയും 6 മാസം വീതം മകൾക്കും കുടുംബത്തിനുമൊപ്പം കഴിഞ്ഞു. ദുബായിലും ഇത് മൂന്നാം തവണയായിരുന്നു.

ഇന്നലെ ദുബായ്‌ എയർപോർട്ടിൽ മക്കളോട് യാത്രപറയുമ്പോൾ, അറിയാതെ കണ്ണു നിറഞ്ഞുപോയി. ഇന്ന് ജീവിതത്തിന്റെ ഇങ്ങേക്കരയിൽ നിന്നുകൊണ്ട് അപ്പുറത്തേക്ക് നോക്കുമ്പോൾ ഇതൊക്കെ സ്വപ്‍നമോ യാഥാർഥ്യമോ എന്നതുൾക്കൊള്ളാൻ മനസ്സിനിയും പാകപ്പെട്ടിട്ടില്ല. കാരണം സ്വന്തം കാലിൽ നിൽക്കാൻ കഴിഞ്ഞശേഷം കഴിഞ്ഞ 10 വർഷമായി മക്കളിരുവരും അത്രത്തോളം ഞങ്ങളെ കരുതലോടെ ശ്രദ്ധിക്കുന്നു, സ്നേഹിക്കുന്നു. ജീവിതം എല്ലാ അർത്ഥത്തിലും ധന്യമായ പ്രതീതി.

ഈ പഴയകാല ചരിത്രങ്ങളൊന്നും ഇന്നുവരെ ഞാൻ മക്കളോട് പറഞ്ഞിട്ടില്ല. 43 വർഷം മുൻപ് ഒരു ബീഡിമുറം മടിയിലേറ്റി തുടങ്ങിയ ജീവിതയാത്ര ഇന്ന് ഈ സായാഹ്നത്തിലെത്തിയപ്പോൾ ഇതിനപ്പുറം ഇനിയെന്താണാഗ്രഹിക്കേണ്ടത് ?

ജീവിതപന്ഥാവിലെ പരുക്കൻ യാഥാർഥ്യങ്ങളോടു പടപൊരുതിവന്നതിനാലാകാം അനീതി കണ്ടാൽ ഉടനടി പ്രതികരിക്കുക എന്നത് എന്റെ സ്വഭാവത്തിന്റെ ഒരു ഘടകമായി മാറിക്കഴിഞ്ഞു. നീതിക്കുവേണ്ടി ഒരു വിട്ടു വീഴ്ചയും ചെയ്യാതെ പോരാടാൻ എനിക്ക് കരുത്തായത് കഴിഞ്ഞകാല അനുഭവങ്ങളുടെ തീച്ചൂളകൾ സമ്മാനിച്ച ഊർജ്ജം തന്നെയാണെന്നും ഞാൻ മനസ്സിലാക്കുന്നു.

ഇങ്ങനെയൊരു കുറിപ്പെഴുതാനുള്ള പ്രധാനകാരണം എന്നെപ്പറ്റി പലർക്കുമുള്ള തെറ്റിദ്ധാരണകൾ മാറ്റാൻ വേണ്ടി കൂടിയാണ്. ഞാൻ ഒരു Rich Family മെമ്പർ എന്ന നിലയിൽ ചിലരെങ്കിലും അകലം പാലിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ദുബായിൽ വച്ചാണ് അത് ശരിക്കും ബോദ്ധ്യപ്പെട്ടത്. ദുബായിൽ എനിക്ക് ഫോൺ ചെയ്ത പലരും “ഞങ്ങൾ പാവങ്ങളാണ്” എന്ന മട്ടിൽ പ്രതികരിച്ചത് വലിയ വിഷമമായി. സത്യാവസ്ഥ പലരും ഉൾക്കൊള്ളാൻ തയ്യാറായതുമില്ല.

SHARE