പ്രീമിയർ പദ്മിനി – കാർ പ്രേമികൾക്ക് സുപരിചിതമായ പേരാണത്. എൺപതുകളിൽ ഇന്ത്യൻ കാർ വിപണിയിലെ ആവേശമായിരുന്ന ആ ഉണ്ടക്കണ്ണൻ കാറുകളെ ഇന്ത്യക്കാർക്ക് അത്ര പെട്ടെന്ന് മറക്കാൻ കഴിയുമോ?.

1960 കളില്‍ ഇന്ത്യയിലിറങ്ങിയ ഫിയറ്റ് 1100 ആയിരുന്നു പിന്നീട് പ്രീമിയർ പദ്മിനിയായി മാറിയത്. 1974 ലായിരുന്നു പ്രീമിയർ പദ്‌മിനി എന്ന പേരിൽ ഈ കാറുകൾ ഇന്ത്യൻ വിപണിയിലെത്തിയത്. പ്രീമിയർ ഓട്ടോമൊബൈൽസ് എന്ന കമ്പനിയായിരുന്നു പദ്മിനിയുടെ നിർമ്മാതാക്കൾ. പ്രീമിയർ ഓട്ടോമൊബൈൽസ് കമ്പനി ഫിയറ്റുമായി സഹകരിച്ചായിരുന്നു കാർ നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്നത്. ശരിക്കും ഒരർത്ഥത്തിൽ പദ്മിനി ഒരു ഫിയറ്റ് കാർ തന്നെയായിരുന്നു.രാജസ്ഥാനിലെ ചിറ്റോർ മഹാറാണിയുടെ സ്മരണാർത്ഥമാണ് ഈ കാറിനു പ്രീമിയർ പദ്മിനി എന്ന പേര് ലഭിച്ചത്.

അന്ന് വിപണിയിൽ എത്തിയ പദ്മിനിയ്ക്ക് എതിരാളികളായി ഉണ്ടായിരുന്നത് ഹിന്ദുസ്ഥാൻ അംബാസിഡറും സ്റ്റാൻഡേർഡ് ഹെറാൾഡും ആയിരുന്നു. എന്നാൽ പരസ്പരം പടവെട്ടാതെ തന്നെ പദ്മിനിയ്ക്ക് ആരാധകരുണ്ടായി എന്നതാണ് സത്യം. 1.1 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ ശക്തിനല്‍കിയ 40 ബി.എച്ച്.പി കരുത്തിലായിരുന്നു പ്രീമിയർ പദ്മിനിയുടെ ഓട്ടം.

അന്നത്തെ സിനിമകളിലെ സ്ഥിര വാഹനങ്ങളിൽ ഒന്നായിരുന്നു പദ്മിനി. മമ്മൂട്ടി, രജനീകാന്ത്, അമീർഖാൻ തുടങ്ങിയ പ്രശസ്ത സിനിമാതാരങ്ങളുടെ ഇഷ്ടവാഹനമായിരുന്നു ഇത്. കൂടാതെ അന്നത്തെക്കാലത്ത് ഡോക്ടർമാർ കൂടുതലായും ഉപയോഗിച്ചിരുന്ന കാറും പദ്മിനി ആയിരുന്നു. പ്രീമിയർ പദ്മിനി ഇന്ത്യയിൽ ഏറ്റവുമധികം ഉപയോഗിച്ചതും ജനശ്രദ്ധ നേടിയതും മുംബൈയിൽ ആയിരുന്നു. മുംബൈയിലെ കറുപ്പും മഞ്ഞയും നിറങ്ങളിൽ കാണപ്പെടുന്ന ടാക്സിക്കാറുകളിൽ 90 ശതമാനവും പദ്മിനി തന്നെയായിരുന്നു.

അക്കാലത്ത് പ്രീമിയർ പദ്മിനി സ്വന്തമാക്കുക എന്നത് ഏതൊരു കാർ പ്രേമിയുടെയും മോഹമായിരുന്നു.അന്നത്തെ ധനികരായിരുന്ന സ്ത്രീകളടക്കമുള്ളവർ കൂളിങ് ഗ്ളാസ്സും വെച്ച് പദ്മിനിയിൽ വന്നിറങ്ങുന്ന കാഴ്ച അക്കാലത്തെ സിനിമകളിൽ നമുക്ക് ഇന്നും കാണാവുന്നതാണ്. ഓടിക്കാന്‍ കൂടുതല്‍ എളുപ്പവും കാര്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും കണക്കിലെടുക്കുമ്പോള്‍ അംബാസഡറിനേക്കാള്‍ കൂടുതല്‍ ആരാധകര്‍ ഉണ്ടായിരുന്നത് പദ്മിനിക്കു തന്നെയായിരുന്നു.

എന്നാൽ എൺപതുകളുടെ പകുതിയോടെ മാരുതി കാറുകൾ ഇന്ത്യൻ വിപണിയിൽ ജൈത്രയാത്ര തുടങ്ങിയതോടെയാണ് പ്രീമിയർ പദ്മിനിയ്ക്ക് കാലിടറിയത്. എന്നാൽ അപ്പോഴും മുംബൈയിലെ ടാക്സിക്കാരുടെ പ്രിയ വാഹനം പദ്മിനി തന്നെയായിരുന്നു. ഗിയര്‍ പൊസിഷന്‍, ബക്കറ്റ് സീറ്റ്, നിസാന്‍ എന്‍ജിനുകളിലേക്കുള്ള മാറ്റം എന്നീ പുതിയ ചില പരിഷ്‌ക്കാരങ്ങള്‍ പരീക്ഷിച്ചു നോക്കിയെങ്കിലും അവയൊന്നും പദ്മിനിയെ രക്ഷിച്ചില്ല. തൊണ്ണൂറുകളുടെ തുടക്കത്തോടെ കൂടുതൽ വിദേശ കമ്പനികൾ ഇന്ത്യൻ കാർ വിപണിയിൽ എത്തിയതോടെ പദ്മിനി പൂർണ്ണമായും ശക്തി ക്ഷയിച്ച അവസ്ഥയിലായി മാറി. അങ്ങനെ ഒടുവിൽ 1997 ൽ പൂർണ്ണമായും പദ്മിനി വിട വാങ്ങി.

ഇരുപതു വര്‍ഷത്തിനു മുകളില്‍ പഴക്കമുള്ള വാഹനങ്ങള്‍ നിരത്തുകളില്‍ നിന്ന് പിന്‍വലിക്കണമെന്നുള്ള സര്‍ക്കാര്‍ തീരുമാനം വന്നതോടെ മുംബൈ ടാക്സിക്കാരും പദ്മിനിയെ മനസ്സില്ലാ മനസ്സോടെ കൈയൊഴിഞ്ഞു. കാർ ഉൽപ്പാദനം നിർത്തിയെങ്കിലും ഇന്നും മലയാളികൾ അടക്കമുള്ളവരുടെ പക്കൽ പഴയ പ്രൗഡിയോടെ തന്നെ പദ്മിനികൾ നിലവിലുണ്ട്. തങ്ങളുടെ കാർ പോർച്ചിൽ ഹ്യുണ്ടായ്‌ക്കും ടാറ്റയ്ക്കും ഫോർഡിനും ഒക്കെ ഒപ്പമായി പദ്മിനിയ്ക്കും അവർ ഇടം കണ്ടെത്തി.

വിജയ് സേതുപതി അഭിനയിച്ച ‘പന്നൈയാരും പദ്മിനിയും’ എന്ന ഹിറ്റ് ചിത്രത്തിലെ പ്രധാന കഥാപാത്രം ഒരു കാറാണ്. മറ്റാരുമല്ല, നമ്മുടെ പ്രീമിയർ പദ്മിനി തന്നെ. ചിത്രം കാണാത്തവർ ഒന്നു കണ്ടുനോക്കുക. ഇന്ത്യയിലുടനീളം പ്രീമിയർ പദ്മിനി ഫാൻസ്‌ ക്ലബുകൾ നിലവിലുണ്ട്. കുറച്ചുനാൾ മുൻപ് ആലപ്പുഴയിലും ചെറായിയിലും പ്രീമിയർ പദ്മിനി ഫാൻസുകാർ കാർ റാലി നടത്തിയിരുന്നു. പ്രീമിയർ പദ്മിനി എന്ന ആ പഴയ ഉണ്ടക്കണ്ണൻ കാർ ഇന്നും ഒരു തലമുറയുടെ നൊസ്റ്റാൾജിയയാണ്.

SHARE