പുതുപ്പള്ളി തൃക്കോതമംഗലം കൊച്ചാലുംമൂടിന് സമീപം കെഎസ്ആര്‍ടിസി ബസ്സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലായിരുന്ന എട്ടുവയസുകാരനായ അമിത് ആണ് ഇന്ന് രാവിലെ മരിച്ചത്. അപകടത്തില്‍ മരിച്ച ജലജയുടെ മകനാണ് അമിത്. ഗുരുതരമായി പരിക്കേറ്റ ജലജയുടെ സഹോദരി ജയന്തിയുടെ മകന്‍ അതുല്‍ (11) ഗുരുതരമായ പരിക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററിലാണ്.

ഡ്രൈവര്‍ ഉള്‍പ്പെടെ മുന്‍ സീറ്റിലിരുന്ന രണ്ടുപേരെ നാട്ടുകാരും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണു പുറത്തെടുത്തത്. മുരിക്കുംവയല്‍ പ്ലാക്കിപ്പടി കുന്നപ്പള്ളിയില്‍ കുഞ്ഞുമോന്റെ മകന്‍ കെ കെ ജിന്‍സ് (33), പിതൃസഹോദരീ ഭര്‍ത്താവ് കുന്നന്താനം സ്വദേശി മുരളി (70), മുരളിയുടെ മകന്‍ ചാന്നാനിക്കാട് മൈലുംമൂട്ടില്‍ കുഞ്ഞുമോന്റെ ഭാര്യ ജലജ (40) എന്നിവരാണ് ഇന്നലെ മരിച്ചത്.

വെള്ളിയാഴ്ച വൈകീട്ട് 5.40 നു പുതുപ്പള്ളി – ഞാലിയാകുഴി റോഡില്‍ കൊച്ചാലുംമൂട് വടക്കേക്കര സ്‌കൂളിനു മുന്നിലായിരുന്നു അപകടം. ചങ്ങനാശേരിയില്‍നിന്ന് ഏറ്റുമാനൂരിലേക്കു പോയ കെഎസ്ആര്‍ടിസി ബസ്സില്‍ എതിരേ വന്ന മാരുതി ആള്‍ട്ടോ കാര്‍ ഇടിക്കുകയായിരുന്നു. പരുത്തുംപാറ പിആര്‍ഡിഎസ് ശ്മശാനത്തില്‍ ബന്ധുവിന്റെ സംസ്‌കാരത്തില്‍ പങ്കെടുത്തശേഷം മുരളിയെ കവിയൂരിലുള്ള വീട്ടില്‍ കൊണ്ടുവിടാന്‍ പോകവെയായിരുന്നു അപകടം. അപകടത്തിൽ കെഎസ്ആര്‍ടിസി ബസ്സിലെ യാത്രക്കാര്‍ക്കും നിസാര പരിക്കുകളുണ്ട്.

സമീപത്തുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ അപകടത്തിൽപ്പെട്ട കാർ ട്രാക്കിൽ നിന്നും മാറി എതിർവശത്തുകൂടി വരികയായിരുന്ന കെഎസ്ആർടിസി ബസ്സിലേക്ക് ഇടിച്ചു കയറുന്ന ദൃശ്യങ്ങളായിരുന്നു ലഭിച്ചത്. ഇതിൽ നിന്നും ബസ് ഡ്രൈവറുടെ ഭാഗത്ത് തെറ്റില്ല എന്ന് വ്യക്തമാണ്.

എന്തുകൊണ്ടാണ് കാർ ട്രാക്കിൽ നിന്നും നിയന്ത്രണം വിട്ടതുപോലെ എതിർദിശയിലേക്ക് നീങ്ങിയത്? മഴ നന്നായി പെയ്തതിനു ശേഷമാണ് അപകടം. റോഡിൽ വളവുള്ള ഭാഗത്തു വാഹനം തെന്നി നീങ്ങാനുള്ള സാധ്യതയുണ്ട്. ഒരു വാഹനത്തെ മറികടക്കുന്നതിനിടയിലാണ് അപകടമെന്നു നാട്ടുകാരിൽ ചിലർ പറയുന്നു. അപകടത്തിന്റെ കാരണം കണ്ടെത്താൻ ശാസ്ത്രീയ പരിശോധനയ്ക്കു തയ്യാറാകുകയാണ് പൊലീസ്.

മണർകാട് – പെരുന്തുരുത്തി ബൈപാസിൽ തൃക്കോതമംഗലം ഭാഗത്ത് അപകടം പതിവാണെന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്. പൊതുവെ ഈ ഏരിയയിൽ ഇരുചക്ര വാഹനങ്ങളാണ് സ്ഥിരമായി അപകടത്തിൽപെടുന്നത്. വടക്കേക്കര എൽപി സ്കൂളിന്റെ ഇരുഭാഗത്തും വളവുകളുണ്ട്. വേഗ നിയന്ത്രണത്തിനായി സ്പീഡ് ബ്രേക്കർ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടി ഉണ്ടായിട്ടില്ലെന്നും നാട്ടുകാർ പറഞ്ഞു.

SHARE