മയിൽവാഹനം, കെകെ മേനോൻ തുടങ്ങിയവരൊക്കെ മധ്യ, വടക്കൻ കേരളത്തിലൂടെ സർവ്വീസ് നടത്തി പ്രശസ്തി നേടിയ പ്രൈവറ്റ് ബസ് ഓപ്പറേറ്റർമാരാണ്. എന്നാൽ ഇവരോടൊപ്പം ചേർത്തു പിടിക്കാവുന്ന ഒരു കൂട്ടർ കൂടിയുണ്ട് അങ്ങ് തലസ്ഥാനത്ത്. തിരുവനന്തപുരത്ത് മറ്റു ജില്ലകളെ അപേക്ഷിച്ചു പ്രൈവറ്റ് ബസ്സുകൾ പൊതുവെ കുറവാണെങ്കിലും കേരളത്തിലെ പ്രൈവറ്റ് ബസ് ചരിത്രത്തിൽ ഒരിടം നേടിയ ഒരു ഗ്രൂപ്പ് അവിടെയുണ്ട് – RKV.

കേരളത്തിലെ ആദ്യകാല ബസ് സർവീസുകളിൽ ഒന്നായ RKV 1933 ലാണ് സർവ്വീസുകൾ ആരംഭിക്കുന്നത്. 1938 ഫെബ്രുവരി 20ന് തിരുവനന്തപുരം സെൻട്രൽ ബസ്സ്റ്റാൻഡ് നിന്ന് കവടിയാർ വരെ മഹാരാജ ശ്രീ ചിത്തിരതിരുന്നാൾ പൊതുബസ് സർവീസ് ആരംഭിയ്ക്കുന്നതിന് എത്രയോ മുൻപ് തന്നെ തിരുവിതാംകൂന്റെ ഗ്രാമപാതയിലൂടെ ഹരിതശോഭയോടെ RKV യാത്ര തുടങ്ങീരുന്നു.

രാമ കൃഷ്ണ വിലാസം എന്നതാണ് RKV യുടെ മുഴുവൻ പേര്. തുടക്കത്തിൽ കാറുകളെപ്പോലെ മൂക്കു നീണ്ട ബസ്സുകളായിരുന്നു RKV സർവ്വീസ് നടത്തിയിരുന്നവ. പിന്നീട് ഫർഗോ, അശോക് ലെയ്‌ലാൻഡ് തുടങ്ങിയ ബസുകളും RKV യുടെ ഗാരേജിൽ എത്തിച്ചേർന്നു. ചുരുക്കിപ്പറഞ്ഞാൽ നമ്മുടെ നാട്ടിലെ ബസ്സുകളിൽ വന്ന മാറ്റങ്ങൾ ആദ്യാവസാനം ഉൾക്കൊണ്ട ചുരുക്കം ചില ഓപ്പറേറ്റർമാരിൽ ഒരാളാണ് RKV യും.

ആദ്യകാലത്ത് നിറങ്ങളൊന്നുമില്ലാതെ അലുമിനിയം ബോഡിയിലായിരുന്നു ബസ്സുകൾ തയ്യാറാക്കിയിരുന്നത്. പിന്നീട് 1960 കളുടെ മധ്യത്തിലാണ് ബസ്സുകൾക്ക് കളറുകൾ നൽകിയത്. കടുംപച്ചയിൽ മഞ്ഞ വരകളോടു കൂടിയ കളർകോഡ് ആയിരുന്നു RKV യുടേത്. കേരളത്തിൽ ഇപ്പോൾ കളർകോഡ് വരുന്നതിനു മുൻപ് വരെ ഇതേ കളറിലായിരുന്നു RKV ബസ്സുകൾ ഓടിയിരുന്നത്.

ഒരുകാലത്ത് തിരുവിതാംകൂറുകാരുടെ, പ്രത്യേകിച്ച് ആറ്റിങ്ങൽ ഭാഗത്തുള്ളവരുടെ പഠനവും ജോലിയും, എന്തിന് വിശേഷ സമയങ്ങൾ പോലും ക്രമപ്പെടുത്തിയിരുന്നത് ഈ ബസിനെ ആശ്രയിച്ചായിരുന്നു. ആറ്റിങ്ങൽ – കുമളി റൂട്ടിൽ വരെ RKV യുടെ സർവ്വീസ് ഉണ്ടായിരുന്നു. കൂടാതെ കേരളത്തിലെ ഏറ്റവും കൂടുതൽ ബസ്സുകളുള്ള ഓപ്പറേറ്റർമാരിൽ ഒരാൾ എന്ന പദവിയും അന്ന് RKV യ്ക്ക് ഉണ്ടായിരുന്നു.

ബസ്സുകളുടെ എണ്ണം കൂടുതലായിരുന്നതിനാൽ ഇവർക്ക് സ്വന്തമായി വർക്ക്ഷോപ്പും ഗാരേജുമൊക്കെ പണ്ടുമുതലേ ഉണ്ടായിരുന്നു. അതുപോലെ തന്നെ എടുത്തു പറയേണ്ട ഒരു പ്രത്യേകത എന്തെന്നാൽ RKV ബസുകളിൽ മറ്റു ബസ്സുകളിലേതു പോലെ ഡോർചെക്കർ അഥവാ കിളി ഉണ്ടായിരുന്നില്ല എന്നതാണ്. RKV യുടെ ബസ്സുകൾക്ക് മിക്കവാറും ഫാൻസി രജിസ്‌ട്രേഷൻ നമ്പറുകളായിരുന്നു എന്നതും ശ്രദ്ധേയമാണ്.

ഇന്ന് RKV ഒരു കുടുബത്തിലെ സഹോദരങ്ങളുടെ വണ്ടികൾ ആണ്. ഇവരുടെയൊക്കെ കാരണവരാണ് ഈ ബസ് സർവീസ് ആരംഭിച്ചത്. ഇന്ന് ഈ ബസ്സ് ഇതുപോലെ നിലനിൽക്കാനുള്ള കാരണം പണ്ട് RKV യുടെ മുതലാളി വെച്ച ഒരു ഉടമ്പടിയാണ് എന്നാണു പറയപ്പെടുന്നത്. അത് ഇപ്രകാരമായിരുന്നു – ഇനി വരുന്ന എൻറെ നാല് തലമുറയ്ക്ക് ഈ ബസ് വിൽക്കുവാനോ കൈമാറ്റം ചെയ്യാനോ സാധ്യമല്ല. അതിലേക്ക് മുതൽ വർദ്ധിപ്പിക്കാം, ലാഭവിഹിതം തുല്യമായി പങ്കിട്ടെടുക്കുക. ഈ കാര്യത്തിൽ പറഞ്ഞുകേട്ട അറിവേയുള്ളൂ.

ഒരുകാലത്ത് 125 ഓളം ബസ്സുകളുണ്ടായിരുന്ന RKV യിൽ ഇന്ന് ബസുകൾ ഏകദേശം 25 ഓളമേയുള്ളൂ. അവയിൽ സർവ്വീസ് നടത്തുന്നത് വിരലിലെണ്ണാവുന്നവ മാത്രവും. ബാക്കി ബസ്സുകൾ ഗാരേജിൽ കുറേക്കാലമായി നിർത്തിയിട്ടിരിക്കുകയാണ്. നഷ്ടക്കണക്കുകൾ മൂലമാണ് ബസ് സർവ്വീസുകൾ മുന്നോട്ടു കൊണ്ടുപോകുവാൻ സാധിക്കാതെ വന്നതെന്ന് RKV യുടെ ഇന്നത്തെ ഉടമ സന്തോഷ് പറയുന്നു.

ഇന്നും RKV യുടെ ചില ബസ്സുകൾ സർവ്വീസ് നടത്തുന്നുണ്ട്. അതെ ഒരു സഞ്ചാര വാഹനം എന്നതിനപ്പുറം, മാറിവന്ന കാലത്തിനൊത്ത് പുതിയ മാറ്റങ്ങളിൽ, പുതിയ രൂപങ്ങളിൽ നമ്മളിൽ ഒരുവനായീ നമുക്കൊപ്പം കൂടിയതാണ് RKV. കേരളത്തിലെ ബസ് ചരിത്രത്തിൽ തീർച്ചയായും ഇടം നൽകപ്പെടേണ്ട ഒരു ഓപ്പറേറ്റർ.

SHARE