വിവരണം – ബക്കർ അബു.
ഒട്ടകങ്ങളുടെ ദിശാബോധത്തിന് ജീവന്‍ നല്കാന്‍ അരത്തൊട്ടി വെള്ളം കൊടുക്കാന്‍ മടിക്കുന്ന ഒരു പ്രവിസ്താര മരുഭൂമിയാണ് റൂബ് അല്‍ ഖലി. തുടര്‍ച്ചയായി നാലുരാജ്യങ്ങളിലായി പരന്നു കിടക്കുന്ന ഈ ഭൂമിയിലെ ഏറ്റവും വലിയ വിജനമായ മണല്‍ മാത്രമുള്ള മരുഭൂമിയും കൂടിയാണ് റുബ് അല്‍ ഖലി.
വിജനതയുടെ വാസസ്ഥലം എന്ന വിശേഷണത്തില്‍ ആധുനിക മനുഷ്യന്‍റെ കാലടികള്‍ ചെന്നെത്താന്‍ ഭയപ്പെട്ട ഈ മരുസാഗരം ആയിരത്തി തൊള്ളായിരത്തി ഇരുപത്തിമൂന്ന് വരെ എഴുതപ്പെട്ട ചരിത്രങ്ങളില്‍ നിന്നും മറഞ്ഞു നിന്നു.
വലുപ്പം കൊണ്ട് ഒന്നാമതായ സഹാറയില്‍ ചിലമേഖലകളില്‍ പുരാതന പാറക്കൂട്ടങ്ങളും ചരല്‍ മണല്‍ മിശ്രിതവും കാണാം. മണല്‍ – മണല് മാത്രം പരന്നൊഴുകുന്ന ഭൂമിയിലെ ഏറ്റവും വലിയ മരുസാഗരമായി റൂബ് അല്‍ ഖലി സഹാറയുമായി ഇവിടെ വ്യത്യാസപ്പെടുന്നു..
ആകാശത്തിന്‍റെ ഉച്ചിയിലേക്ക് ഉയര്‍ന്നു കിടക്കുന്ന ബുര്‍ജ് സിമന്‍റ് സ്തൂപങ്ങളിലേക്ക് ചരിത്രം അറബികളുടെ രക്തത്തെ ആവാഹിച്ചു കൊണ്ട് പോവുന്നില്ല. മരുഭൂമിയിലെ മണല്‍തിട്ടകളില്‍ ഉരുകിയൊലിച്ച ബദുക്കളുടെ ചിമ്മിയടയാത്ത കണ്ണുകളില്‍ നിന്നും റൂബ് അല്‍ ഖലിയാണ് അറേബ്യന്‍ ദുനിയാവിന്‍റെ യഥാര്‍ത്ഥ കഥ നമ്മോട് പറഞ്ഞു തുടങ്ങുന്നത്..
റുബ് അല്‍ ഖലിയെ അറിയാത്തിടത്തോളം കാലം അറേബ്യന്‍ പെനിന്‍സുലയെ ഒരു ചരിത്രാന്വേഷിക്ക് പൂര്‍ണ്ണമായി മനസ്സിലെടുക്കാനാവില്ല. മരുഭൂമിയുടെ മനോവ്യാപാരം മനസ്സിലാക്കുമ്പോള്‍ നിങ്ങള്‍ തന്നെ പറയും ജിന്നുകള്‍ ജനിച്ചത് റൂബ് അല്‍ ഖലിയിലാണെന്ന്.
മക്കയിലേക്കുള്ള പാതയില്‍ എന്ന പുസ്തകത്തില്‍ യാത്രക്കാരനായ അസദിനെ വഴികാട്ടിയായ സയ്യിദ് എന്ന ബദു ഓര്‍മ്മിപ്പിക്കുന്നുണ്ട്, “സൂര്യപ്രകാശത്തിന്‍റെ കീഴെ ജിന്നുകള്‍ മണല്‍ത്തരികളെക്കൊണ്ട് പാട്ടുപാടിക്കുന്ന റൂബ് അല്‍ ഖലി കാണണമെന്ന് താങ്കള്‍ക്ക് എന്ത് നിഷ്കര്‍ഷതയായിരുന്നു.”
സമുദ്രസഞ്ചാരി മരുഭൂമിയിലേക്ക് കയറിപ്പോയത് മെലീഹയില്‍ അനേകം ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്പുണ്ടായിരുന്ന സാഗരത്തിന്‍റെ ഖനനാവിഷ്ടങ്ങള്‍ കാണാനായിരുന്നു. പക്ഷെ അതവിടെ തീര്‍ന്നില്ല. ചുടുകാറ്റില്‍ ഉയരുന്ന മണല്‍ സന്ദേശങ്ങള്‍ റൂബ് അല്‍ ഖലിയിലൂടെ തുടരേണ്ടിയിരിക്കുന്നു.
അറേബ്യന്‍ പെനിന്‍സുലയുടെ തെക്ക് കിഴക്ക് ഭാഗത്ത് ആയിരത്തി ഇരുനൂര്‍ കിലോമീറ്റര്‍ നീളത്തിലും അറനൂറ്റി അമ്പത് കിലോമീറ്റര്‍ വീതിയിലുമായി ആറുലക്ഷത്തി അമ്പതിനായിരം കിലോമീറ്റര്‍ സ്ക്വയറാണ് ഇതിന്‍റെ
വിസ്താരം. ഈ മരുഭൂപ്രദേശത്തിന്‍റെ ഭൂരിഭാഗവും സൌദിഅറേബ്യയില്‍ സ്ഥിതിചെയ്യുന്നു. സൌദിയുടെ നാലിലൊന്ന് ഭാഗം റൂബ് അല്‍ ഖലി കയ്യടക്കിയിരിക്കുന്നു.
വിജനതയുടെ വാസസ്ഥലത്തിന്‍റെ കിഴക്കെഭാഗം യുണൈറ്റഡ് അറേബ്യന്‍ എമിരേറ്റ്സ്ലും തെക്ക് ഭാഗം ഒമാനിലും തെക്ക് തെക്ക്പടിഞ്ഞാറ് ഭാഗം യെമനിലുമായി വ്യാപിച്ചുകിടക്കുന്നു.
ആറുലക്ഷത്തി അമ്പതിനായിരം കിലോമീറ്റര്‍ സ്ക്വയര്‍ ചുറ്റളവിന്‍റെ തൊണ്ണൂറ്റി അഞ്ചു ശതമാനവും മനുഷ്യജീവിതത്തിന് വാസയോഗ്യമല്ലാത്തത് കൊണ്ടാണ് ഇതിന് വിജനതയുടെ വാസസ്ഥലം എന്ന വിശേഷണം ചാര്‍ത്തപ്പെട്ടത്. സൂര്യന്‍ തിളച്ചുമറിയുന്ന മണലും മഴയുടെ അഭാവവും ഭീകരമായ ഏകാന്തതയും അപായം നിറഞ്ഞ മണല്കാറ്റും മനുഷ്യരെ നൂറ്റാണ്ടുകളോളം ഇവിടെനിന്ന് അകറ്റി നിര്‍ത്തി
.
ഒട്ടകം സ്വയം അന്വേഷിച്ചു കണ്ടെത്തുന്ന മരുഭൂവിലെ അപൂര്‍വ്വം ചില കിണറുകളുടെ പ്രാന്തങ്ങളില്‍ യാം, അല്‍ മുര, അദ് ധവാസിര്‍, അര്‍ റസ്‌വാഷിദ്, അല്‍ മനഹീല്‍, അല്‍ സയ്യാര്‍ ബദുഗോത്രങ്ങള്‍ ജിന്നുകളുടെയും ശൈത്താന്‍റെയും കഥകളുമായി ഇവിടെ ജീവിച്ചു പോന്നു.
അസമാനതയുള്ള ഗോത്രങ്ങളുടെയിടയില്‍ അവരവരുടേതായ യശസ്സും കീര്ത്തിയുമുണ്ട്. കൂട്ടത്തില്‍ നിഷ്ടൂരരെന്നാണ് ബെനി സകാര്‍ ഗോത്രം അറിയപ്പെടുന്നത്. റുബ് അല്‍ ഖാലിയുടെ ഒമാന്‍ ഭാഗത്ത് അധിവസിക്കുന്ന ധുരു, ഹരാസി,വാഹിബ ഗോത്രങ്ങള്‍ ഭേദിക്കാന്‍ കഴിയാത്ത ദുശ്ശാട്യമനസ്കരെന്നു വിളിക്കപ്പെടുന്നു.
പ്ലൂവിയല്‍-ഇന്റര്‍ പ്ലൂവിയല്‍ (തുടര്‍മഴയുടെ കാലം തൊട്ട് മഴയുടെ ശോഷണകാലം വരെ) ഏകദേശം 66 million -2.5 million വര്‍ഷങ്ങള്‍ക്കിടയിലാണ് റൂബ് അല്‍ ഖലി രൂപപ്പെട്ടതെന്ന് അരാംകോയുടെ ജിയോളജിസ്റ്റ് Hal McClure പ്രസ്താവിച്ചിട്ടുണ്ട്.. ആ കാലനിര്‍ണ്ണയത്തിന്‍റെ സമയ മധ്യത്തില്‍ യോജിക്കുമാറ് അമേരിക്കന്‍ ജിയോളജിയുടെ സര്‍വ്വേപ്രകാരം ഇരുപത്തഞ്ച് മില്ലിയന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇത് രൂപാന്തരപ്പെട്ടതെന്നും രേഖപ്പെടുത്തിയിരിക്കുന്നു.
ബദവികള്‍ അല്‍ റിമാല്‍ എന്ന് വിളിക്കുന്ന ഈ മണല്‍ ദുനിയാവ് ഹോളണ്ടും ,ബെല്ജി്യവും ഫ്രാന്സും കൂടിച്ചേര്‍ന്നാല്‍ ഉണ്ടാകുന്നതിനേക്കാള്‍ കൂടുതല്‍ വിസ്തൃതിയിലാണ് നാല് രാജ്യങ്ങളിലായി സ്ഥിതിചെയ്യുന്നത്. സഹാറ മരുഭൂമിയിലെ പകുതിയില്‍ കൂടുതല്‍ മണല്‍ റൂബ് അല്‍ ഖലിയില്‍ ഉണ്ടെന്നാണ് കണക്ക്. തെക്ക് പടിഞ്ഞാറ് ഭാഗത്തിലെ ഉപരിതല മണല്‍ ചെരിവ് എണ്ണൂര്‍ മീറ്ററില്‍ നിന്ന് ഓരോ നൂറു കിലോമീറ്ററിലായി വടക്ക് കിഴക്ക് ഭാഗമെത്തുമ്പോഴേക്കും സമുദ്രനിരപ്പിലേക്ക് കുറഞ്ഞു കുറഞ്ഞു വരുന്നു.
കിഴക്ക് ഭാഗത്തുള്ള മണല്‍കൂനകള്‍ക്ക് ഇരുനൂറ്റമ്പത് മീറ്റര്‍ ഉയരമുണ്ട്. കാറ്റിന് സമാന്തരമായിത്തുടരുന്ന രേഖാംശമണല്‍ തൂണുകള്‍ മരുഭൂമിയില്‍ മുന്നൂര്‍ കിലോമീറ്റര്‍ വരെ ഒരേഗതിയില്‍ നീണ്ടുകിടക്കുകയാണ്. അകൃത്രിമമായതും വിസ്മയിപ്പിക്കുന്നതുമായ മണലഴക് കാറ്റിന്‍റെ ചിത്രവേലയിലൂടെ റൂബ് അല്‍ ഖലിയില്‍ പ്രകൃതി ദൃശ്യമാക്കിത്തരുന്നു.
ബദവിയുടെ കണ്ണുകളില്‍ അംബരാന്തത്തിനപ്പുറവും മരുഭൂമിയല്ലാതെ മറ്റൊന്നുമില്ല . ഒമാനിലെ ധുരുവിന് ലിവാ മണലും വാഹിബാ മണല്‍പ്പരപ്പും താണ്ടി സൌദി നജദ് എത്തുന്ന തിനിടയില്‍ മധ്യഭാഗത്ത് അഞ്ഞൂറ് മീറ്റര്‍ ഉയരം വരെയുള്ള മണല്‍ കുന്നുകള്‍ കടന്നു പോവേണ്ടിയിരിക്കുന്നു.
ഒരു ലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്പ് ആദിമ മനുഷ്യരുടെ ഉപയോഗത്തില്‍ ഉണ്ടായിരുന്ന ശിലായുധങ്ങള്‍ മരുഭൂമിയില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ടെങ്കിലും അത്രയും പഴക്കമുള്ള ഫോസിലുകള്‍ ജലസോത്രസ്സുകള്‍ക്കരികെ നിന്നെവിടെനിന്നും ഇതേവരെ കണ്ടുകിട്ടിയിട്ടില്ല.
പതിനായിരം വര്‍ഷങ്ങള്‍ക്ക് മുന്പ് കൂട്ടായ ഒരു വലിയ ജനവാസത്തിന്‍റെ അടയാളങ്ങള്‍ ഇവിടെ ഉണ്ടായിരുന്നതായി പ്രാചീന ചരിത്രകാരന്മാര്‍ അന്ഗീകരിചിട്ടുണ്ട്. പക്ഷേ അവര്‍ എവിടെ നിന്നാണ് അവിടെ വന്നെത്തിയതെന്നതിന് ആധികാരികമായ തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ല. തുടര്‍ച്ചയായ മഴയുടെ അഭാവത്തില്‍ ജലം വറ്റി വരണ്ട കാലയളവില്‍ ഇവര്‍ എങ്ങോട്ട് പോയെന്നും ഇതേവരെ അറിവായിട്ടില്ല.
ആധുനിക മനുഷ്യന്‍റെ ചരിത്രത്തില്‍ ആയിരത്തി തൊള്ളായിരത്തി ഇരുപത്തിമൂന്നില്‍ ഡി ഇ ചിസ്മാനാണ് റൂബ് അല്‍ ഖലിയില്‍ ആദ്യമായി ഒരു യാത്രപോവുന്നത്. വിജനമായൊരു മരുഭൂമിയില്‍ പ്രവേശിക്കുക, ബദവി സംഘങ്ങളുടെ മിന്നലാക്രമണത്തെ നേരിടുക, യാത്രോപാധിക്ക് മൃഗങ്ങളുടെ കാലടിപ്പാടുകളെ പിന്തുടരുക, ലക്ഷ്യത്തിലേക്കുള്ള ദിക്കറിയാന്‍ നൂറുക്കണക്കിന് കിലോമീറ്ററിനിടയില്‍ ബദവിത്തമ്പുകളില്‍ യാത്രാസഹായിയെ കണ്ടെത്തുക, മണല്‍ വിറയ്ക്കുന്ന മരുഭൂ തണുപ്പിലും മെര്‍ക്കുറി ഉരുകുന്ന സൂര്യതാപത്തിലും സ്വയം രക്ഷനേടുക, പ്രകമ്പനംകൊള്ളിക്കുന്ന മഷല്‍ കാറ്റില്‍ നിന്നും ജീവന്‍ രക്ഷപ്പെടുത്തുക, ഇതൊക്കെ തരണം ചെയ്തൊരു റൂബ് അല്‍ ഖലി യാത്ര അസാദ്ധ്യമായിരുന്നു. എന്നാല്‍ ബര്ട്ടാം തോമസ് ആയിരത്തി തൊള്ളായിരത്തി മുപ്പതിലും അബ്ദുള്ള പില്ബി മുപ്പത്തിരണ്ടിലും വില്ഫ്രെ ഡ് തെസ്ഗര്‍ നാല്പത്തി അഞ്ച് മുതല്‍ അന്‍പത് വരെയും റൂബ് അല്‍ ഖലി ക്രോസ് ചെയ്തു.
മഷല്‍ കാറ്റിന്‍റെ ഭയാനകതയില്‍ ദ്രുതഗതിയില്‍ രൂപപ്പെടുന്ന അതിവേഗ മണല്കൂനകളില്‍ അടിപ്പെട്ടുപോകുന്ന ഒട്ടകങ്ങളെയും മനുഷ്യരെയും കുറിച്ച് വില്‍ഫ്രെഡ് തന്‍റെ യാത്രാവിവരണത്തില്‍ പ്രതിപാദിക്കുന്നുണ്ട്.
റൂബ് അല്‍ ഖലിയുടെ നാഡിമിടിപ്പ് അറിയുന്ന ബിന്‍ കാബിനയും ബിന്‍ ഖബൈശയുമടക്കം ഇരുപത്തെട്ട് വിവിധ ബദുക്കളുമായി അഞ്ച് വര്ഷം നഗ്നപാദനായി നടന്നും, ഒട്ടകത്തില്‍ സഞ്ചരിച്ചും, ഈ വിജനമായ മണല്‍ ദുനിയാവ് ക്രോസ് ചെയ്ത വില്ഫ്രെ്ഡ് തീസ്ഗരില്‍ നിന്നാണ് ലോകം ഏറ്റവും കൂടുതല്‍ വിവരങ്ങള്‍ അറിഞ്ഞു വന്നിട്ടുള്ളത്. പില്‍ക്കാലത്ത് വിദേശികള്‍ക്ക് മരുഭൂമിയില്‍ എണ്ണക്കിണറുകള്‍ കുഴിക്കാന്‍ ഈ യാത്ര വലിയൊരു വാതില്‍ തുറന്നു കൊടുത്തു. സൌദിയും അബൂദാബി ലിവാ ഒയെസിസും പങ്കിടുന്ന അതിര്‍ത്തിയില്‍ നിന്നും പത്ത് കിലോമീറ്റര്‍ അകലെ റൂബ് അല്‍ ഖലിയില്‍ സൌദിയുടെ വകയായി നിലകൊള്ളുന്ന ശൈബ ഓയി ഫീല്ഡ് ഇതിനൊരു ഉദാഹരണമാണ്.
മണല്കൂനകളെ അടിസ്ഥാനപ്പെടുത്തി റൂബ് അല്‍ ഖലിയെ അഞ്ച് ഭാഗമായി തരംതിരിക്കാം. അര്‍ദ്ധവൃത്താകൃതിയിലോ അല്ലെങ്കില്‍ ചന്ദ്രക്കലയുടെ രൂപത്തിലോ കാണപ്പെടുന്ന ബര്ചാന്‍ മണല്കൂലനകള്‍ വടക്ക് കിഴക്കന്‍ ഭാഗങ്ങളില്‍ നൂറ്റമ്പതു മുതല്‍ ഇരുനൂര്‍ മീറ്റര്‍ ഉയരത്തില്‍ കാണപ്പെടുന്നു. കാറ്റ് പ്രബലമായി ഒരേദിശയില്‍ വീശുമ്പോഴാണ് ബര്ചാന്‍ രൂപപ്പെടുന്നത്..
മേല്‍ഭാഗം പിരമിഡ് പോലെയോ അല്ലെങ്കില്‍ കുത്തനെയുള്ള മേലഗ്രമുള്ളതോ ആയ നക്ഷ്ടത്ര മണല്‍ കൂനകള്‍ ചിലഭാഗങ്ങളില്‍ ഇരുനൂര്‍ മീറ്റര്‍ ഉയരത്തില്‍ കാണപ്പെടുന്നു. റൂബ് അല്‍ ഖലിയുടെ തെക്കും കിഴക്കും ഭാഗങ്ങളിലുള്ള അല്‍ ഘാദ്, ഖോനിന്‍ മണല്‍ കൂനകള്‍ ഈ രൂപത്തി ഉള്ളവയാണ്.
ഡോമല്‍ മണല്‍ കൂനകള്‍ : മരുഭൂവിന്‍റെ മധ്യഭാഗങ്ങളില്‍ കാണുന്ന അല്‍ ഹിബാക്, അല്‍ ഹവായ്,അല്ഗമീര്‍ എന്നിവ ഈ വിഭാഗത്തില്‍പെടുന്നു. വിപരീത ദിശയിലേക്ക് നീളുന്ന രേഖാംശമണല്‍ മണല്കൂനകളുടെ സന്ധിസ്ഥാനം പ്രതിനിധീഭവിപ്പിക്കുന്ന കാറ്റിന്‍റെ കരവിരുതാണ് ഇതിന്‍റെ സവിശേഷത.
മണല്‍ വിരിപ്പുകള്‍ : അര്‍ദ്ധ മണല്‍ വിരിപ്പുകള്‍, തിരമാലകള്‍ പോലെ ഒഴുകിപ്പോവുന്ന മണല്‍ പരപ്പ്. അസ് സനം, അല്‍ ഗദ്ധ ഇതൊക്കെ ഇതിനുദാഹരണമാണ്. നോക്കെത്താദൂരത്ത് കാണപ്പെടുന്ന മിന്നല്‍പ്പിണരുകളില്‍ നിന്നും കാറ്റിന്‍റെ ഹുങ്കാരത്തില്‍ നിന്നും അദൃശ്യ ശക്തികളെക്കുറിച്ചുള്ള വിശ്വാസവും ഭയവും ജനിപ്പിക്കുന്ന പ്രവിശാലമായ ഒരു ഭൂവിഭാഗമാണിത്. .
നൂറു മീറ്റര്‍ ഉയരത്തില്‍ കാറ്റിന് സമാന്തരമായിത്തുടരുന്ന രേഖാംശമണല്‍ തൂണുകള്‍ മരുഭൂമിയില്‍ മുന്നൂര്‍ കിലോമീറ്റര്‍ വരെ ഒരേഗതിയില്‍ നീണ്ടുകിടക്കുകയാണ്. പടിഞ്ഞാറ് ഭാഗത്തുള്ള അല്‍ അവ്വരക്, ബനീ മാരിദ്, ബനീ ഹമ്രാന്‍, അല്മാജ്രി പ്രദേശങ്ങളില്‍ ഇത് കാണപ്പെടുന്നു.
ഒരുങ്ങിക്കൂടുന്ന മേഘങ്ങളില്‍ നിന്ന് പെയ്യുന്ന ഒരു തുള്ളി മഴ. മണല്‍ത്തിട്ടകളില്‍ നിന്ന് ഉയര്‍ന്നു വരുന്ന പുല്നാമ്പുകള്‍, മുക്കാല്‍ മുണ്ട് മൂടിപ്പുതച്ച മനുഷ്യരും മരുക്കപ്പലെന്ന ഒട്ടകവും മരുഭൂമിയില്‍ കാതങ്ങള്‍ പിന്നിട്ടു കിണറുകള്‍ തേടിക്കൊണ്ടേയിരിക്കും. ആ അലച്ചിലിന്‍റെ ദുരദിനങ്ങളില്‍ . മാസങ്ങളോളം ചിലപ്പോള്‍ വര്‍ഷങ്ങളോളം മഴ കാണാത്ത ആകാശത്തിനു കീഴെ മൃഗങ്ങളും മനുഷ്യരും ചത്തൊടുങ്ങിപ്പോവുന്നു. അതിപ്രാചീന കാലത്തിന്‍റെ സംസ്കാരവുമായി
ബദുക്കള്‍ നൂറ്റാണ്ടുകള്‍ പിന്നിട്ടതും സിറിയയിലേക്കും ഈജിപ്തിലേക്കും മൊറോക്കോയിലേക്കും ജോര്ദാനിലേക്കും കുടിയേറിപ്പോയതും ഈ ദുരന്തഭൂമിയിലെ കറുത്ത കാലാവസ്ഥയെ അതിജീവിച്ചു കൊണ്ടായിരുന്നു.
റൂബ് അല്‍ ഖലിയിലെ ബദുക്കളുടെ ജീവിതം ജനനം മുതല്‍ മരണംവരെയുള്ള മണല്‍ പോരാട്ടമാണ്. ലോറന്‍സ് എഴുതിയത് പോലെ A death in life ‘’No man can live this life and emerge unchanged”.
ഉരുഖ് അല്‍ ശൈബക്കും വാ അല്‍ അമെറിനും ഇടയില്‍ വരുന്ന ഉം അല്‍ സമിം (Mother of all poison ) ആണ് റുബ് അല്‍ ഖലിയില്‍ ഏറ്റവും അപകടകരമായ ഒരു മേഖല. ഭീകരമായ മണല്കാറ്റില്‍ അതിവേഗതയില്‍ രൂപപ്പെടുന്ന മണല്കൂനകളില്‍ മനുഷ്യരും മൃഗങ്ങളും നിമിഷങ്ങള്‍ക്കകം രക്ഷപ്പെടാന്‍ കഴിയാത്തവണ്ണം ഇവിടെ അടിപ്പെട്ടുപോകുന്നു. പ്രകൃതിയുടെ എല്ലാ നിഗൂഡരൂപങ്ങളിലും ജിന്നുകള്‍ കുടികൊള്ളുന്നുവെന്ന ബദുക്കളുടെ വിശ്വാസം ഉടലെടുക്കുന്നിതില്‍ ഉം അല്‍ സമീമിനും അതിന്‍റെതായ ഓഹരിയുണ്ട്. . മരുഭൂമിയില്‍ പ്രത്യക്ഷപ്പെടുന്ന മൃഗങ്ങളില്‍ വരെ അവരത് അവരോധിച്ചിട്ടുണ്ട്.
മക്കയിലേക്കുള്ള മരുഭൂമി പാതയില്‍ സഹയാത്രികനായ മന്‍സൂറിന്‍റെ കൂടെ സഞ്ചരിക്കവേ ലിയോപോര്ദ് വെയ്സ് (മുഹമ്മദ് അസദ്) തൊള്ളായിരത്തി ഇരുപതുകളില്‍ ഇങ്ങനെ കുറിച്ചിട്ടുണ്ടായിരുന്നു. “സൂര്യന്‍ അസ്തമിക്കാറായപ്പോഴാണ് വലിയൊരു കറുത്ത പാമ്പ് ഞങ്ങളുടെ മാര്‍ഗ്ഗത്തിന് കുറുകെ ഇഴഞ്ഞെത്തിയത്. ഒട്ടകത്തിന്‍റെ ജീനിയില്‍ നിന്നും വഴുതിഴിറങ്ങി ഞാന്‍ അതിനെതിരെ കാഞ്ചി വലിച്ചു.
“താങ്കള്‍ അതിനെ കൊല്ലരുതായിരുന്നു, അതും ഈ സന്ധ്യാസമയത്ത്. ജിന്നുകള്‍ ഭൂമിക്കടിയില്‍ നിന്നും പുറത്ത് വരുന്ന സമയമാണിത്. അവ മിക്കപ്പോഴും പാമ്പിന്‍റെ കോലത്തിലാണ് വരാറുള്ളത്”.
മന്‍സൂര്‍ നീരസത്തോടെ അസദിനോട് പറഞ്ഞു. റൂബ് അല്‍ ഖലിയില്‍ നിന്നും കുടിയേറിയ ജോര്‍ദ്ദാനിയന്‍ ബദവികളുടെ കുഞ്ഞുങ്ങളുടെ ശരീരത്തില്‍ ഇന്നും ജിന്നില്‍ നിന്നും രക്ഷനേടാനുള്ള രക്ഷാചരടുകളും താവീസുകളും കാണാം. തെളിഞ്ഞ ആകാശത്ത് നൂറു നാഴിക അപ്പുറം കാണുന്ന ഒരു മിന്നല്‍പിണറിനെപോലും ബദവിസ്ത്രീകളും കുട്ടികളും ഭയത്തോടെ നോക്കി നില്ക്കും.
ആകാശത്ത് നിന്ന് മരുഭൂമിയില്‍ എരിഞ്ഞുവീഴുന്നതെന്തും നിര്‍വചിക്കപ്പെടാത്ത അത്ഭുതമായി അദൃശ്യ ശക്തികളുടെ സാന്നിധ്യമായി അവരുടെ മനസ്സില്‍ വളര്ന്നു പോന്നു. കാലാവസ്ഥാ വ്യതിയാനങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കുന്ന ഒട്ടകത്തിന്‍റെ മുരള്‍ച്ചയില്‍ നിന്നും ശൈത്താനും ജിന്നും റൂബ് അല്‍ ഖലിയില്‍ ഉടലെടുത്തു. മരുഭൂമിയില്‍ ബദവികളുടെ ദിനങ്ങളുടെ ഓരോ ശ്വാസത്തിലും ജിന്നുകള്‍ നിറഞ്ഞു നില്‍ക്കുന്നു. മണലായി, കാറ്റായി, പാമ്പായി,മിന്നല്പി ണരായി, ഉം അല്‍ സമീമിലെ ഉയര്‍ന്ന മണല്കൂനകള്‍ കയറിപ്പോവാന്‍ പറ്റാത്ത ഒട്ടകങ്ങളുടെ തളര്‍ച്ചയിലെ വേദനയായി.
അറബികളുടെ ഗോത്രജീവിതത്തിന്‍റെ ഉറവിടമാണ് ബദുക്കളും റൂബ് അല്‍ ഖലിയും. ഗോത്ര സംസ്കാരത്തിലുള്ള തീരാപകയും മിന്നല്‍ ആക്രമണങ്ങളിലൂടെ ഒട്ടകങ്ങളെയും സ്ത്രീകളെയും കുഞ്ഞുങ്ങളെയും തട്ടിക്കൊണ്ട് പോവുന്ന ചരിത്രത്തിനും റൂബ് അല്‍ ഖലിയോളം പഴക്കമുണ്ട്. ഒന്നിനൊന്നു പകരം കൊല്ലുക, ചോരപ്പണം കൊടുത്ത് പ്രതികാരത്തിന്‍റെ കടം തീര്‍ക്കുക എന്ന ബദവിയന്‍ മനോഗതി നൂറ്റാണ്ടുകള്‍ക്ക് മുന്പ് ഇവിടെ ജന്മം കൊണ്ടതാണ്. ഇന്നും ഈ ഭൂമികയില്‍ പലയിടത്തും അവരുടെ ഗോത്രങ്ങള്‍ ഇത് പിന്തുടര്‍ന്നു വരുന്നുമുണ്ട്.
ഒരിക്കല്‍ വാദി അര്രൂമയിലൂടെ സഞ്ചരിക്കുമ്പോള്‍ ഇഖ്വാനുകളെ കണ്ട സയ്യിദ്, മുഹമ്മദ് അസദിനോട് ഇങ്ങനെ പറഞ്ഞു. “അവര്‍ ജിന്നുകളെപ്പോലെയാണ്. ജീവിതത്തിന്‍റെ ആഹ്ളാദമോ മരണഭീതിയോ ഇല്ലാത്ത ജിന്നുകളെപ്പോലെ. അവര്‍ ധീരന്മാരാണ്,വിശ്വാസത്തില്‍ നല്ല ഉറപ്പുള്ളവരാണ്. അതൊന്നും ആര്‍ക്കും നിഷേധിക്കുവാന്‍ പറ്റില്ല. പക്ഷെ അവരുടെ സ്വപ്നങ്ങളിലെല്ലാം ചോരയും മരണവും സ്വര്‍ഗ്ഗവുമാണ്..
തൊള്ളായിരത്തി ഇരുപതുകളില്‍ യുവതുര്‍ക്കി പാര്‍ട്ടിയുടെ മക്ക ഡെപ്യൂട്ടിയായിരുന്നു അമീര്‍ അബ്ദുള്ള. മുന്‍പ് മക്കയുടെ അമീറായിരുന്ന ഹുസയിന്‍ ബിന്‍ അലിയുടെ മകനാണ് അദ്ദേഹം. മക്കയിലായിരുന്നു അബ്ദുള്ളയുടെ ജനനം.
ബദുക്കളുടെ കുടിപ്പകയും ജീവിതരീതിയെയും കുറിച്ച് ട്രാന്‍സ് ജോര്‍ദാന്‍ ഭരിച്ച അമീര്‍ അബ്ദുള്ള മുഹമ്മദ് അസദുമായുള്ള കൂടിക്കാഴ്ചയില്‍ ഇങ്ങനെ വിവരിക്കുന്നു. ബദവികളുടെ വംശവൈര്യത്തിന്‍റെ യഥാര്‍ത്ഥ കാരണം അവരില്‍ നിന്നും വിസ്മൃതമായതിനു ശേഷവും തലമുറകളിലൂടെ അത് നീണ്ടുപോകുന്നു. അവ സമാധാനമായി ഒതുക്കി തീര്‍ക്കാന്‍ ഒരു വഴിയേയുള്ളൂ. അവസാനമായി ബലികൊടുക്കപ്പെട്ട ഗോത്രത്തിലും വംശത്തിലുംപെട്ട ചെറുപ്പക്കാരന് വേണ്ടി അപരാധം ചെയ്ത ഗോത്രത്തിലും വംശത്തിലും പെട്ട ഒരു കന്യകയെ അപഹരിച്ചു കൊണ്ട് വരണം. അവളെ അയാള്‍ ഭാര്യയാക്കുമ്പോള്‍ ആദ്യരാത്രിയില്‍ ചിന്തുന്ന ചോരയിലൂടെ കൊല്ലപ്പെട്ട ഗോത്രത്തിലെ ആളുകളെ സംബന്ധിച്ചടത്തോളം അവസാനം തങ്ങള്‍ പ്രതീകാത്മകമായി പകരം ചോദിച്ചിരിക്കുന്നു എന്ന തോന്നലുണ്ടാവും.
തെരഞ്ഞെടുക്കപ്പെടുന്ന പെണ്കുട്ടി കന്യകയാണെന്ന് ഉറപ്പു വരുത്തുന്നതിലാണ് അമീറിന്‍റെ അങ്കലാപ്. ആദ്യരാത്രിയില്‍ രക്തം ചിന്തിയില്ലെങ്കില്‍ അത് മറ്റൊരു ഗോത്രയുദ്ധത്തിന് വഴിവെക്കരുതല്ലോ. ഇത് ഉറപ്പു വരുത്താന്‍ അമീര്‍ കുടിപ്പക വിചാരണ സംഘങ്ങള്ക്ക് തന്നെ ബദവികളുടെ ഇടയില്‍ രൂപം കൊടുത്തിരുന്നു. അപഹരിക്കപ്പെടെണ്ട കന്യകയെ അവര്‍ നേരത്തെ കണ്ടെത്തിവെക്കും. റൂബ് അല്‍ ഖലി ഗോത്രീയ ജീവിതത്തിന്‍റെ ചരിത്രം പറയുകയാണ്.
റൂബ് അല്‍ ഖലിയുടെ ഒമാന്‍ ഭാഗങ്ങളില്‍ ഹദ്രമൌത്തിനും ഒമാനും ഇടയിലുള്ള കുടിപ്പക ഗോത്രങ്ങളാണ് ഗഫാരികളും അനാവികളും.. ധുരുവാസികള്‍ ഗഫാരികളും റഷീദുകള്‍ അനാവികളുമാണ്. ബദവിത്തമ്പുകളിലുള്ള അതാത് ഗോത്രങ്ങളിലുള്ള വഴികാട്ടികളില്ലാതെ ധുരു വാഹിബ മണല്‍കൂനകള്‍ കടന്ന് റൂബ് അല്‍ ഖലിയിലൂടെ ഒരു യാത്രപോകാനാവില്ല.
മരുഭൂമിയിലെ അതിജീവനത്തിന് പതിയെപോവുന്ന ഒട്ടകങ്ങളാണ് ബദവികളുടെ ആശ്രയം. കണ്ണുകള്‍ക്ക് വിശ്രമിക്കാന്‍ ഇടത്താവളമില്ലാത്ത മരുഭൂമിയില്‍ ജീവന്‍റെ കണ്ണാണ് ബദവിക്ക് അവന്‍റെ ഒട്ടകം. ജീനിയില്‍ കെട്ടിത്തൂക്കിയ തോല്സഞ്ചിയില്‍ സംഭരിച്ച വെള്ളം തീര്‍ന്നാല്‍ പിന്നെ ദിവസങ്ങളോളം ഒട്ടകത്തിന്‍റെ പാല് കുടിച്ചുകൊണ്ട് അവര്‍ യാത്ര തുടരും. ഉപ്പുരസവും തവിട്ടു നിറവുമുള്ള മരുക്കിണറുകളിലെ കുടിക്കാന്‍ യോഗ്യമല്ലാത്ത ജലം ഒട്ടകം വയറു നിറച്ചു കുടിക്കുമ്പോള്‍ ബദവി ഒട്ടകപ്പാലില്‍ അതേ വെള്ളം ചേര്‍ത്തു കുടിച്ചു തന്‍റെയും ദാഹം തീര്‍ക്കും .
ഈന്തപ്പഴത്തിന്‍റെ ഊര്‍ജ്ജ ശേഷിയെക്കുറിച്ച് ബദവികള്‍ക്ക് നന്നായി അറിയാം. മരണവും കണ്ണീരും തുന്നിചേര്‍ക്കാന്‍ ഈത്തപ്പഴം കൊണ്ടാവില്ല. അതില്‍ ജീവന്‍റെയും അതിജീവനത്തിന്‍റെയും മധുരം നിറഞ്ഞു കിടപ്പുണ്ട്.
” അഹലുഷിദാദ്” ഒട്ടകജീനികളുടെ ജനതയെന്നറിയപ്പെടുന്ന നജദികള്‍ വീട്ടിലെ മെത്തയെക്കാള്‍ കൂടുതല്‍ ഒട്ടകജീനിയില്‍ മരുഭൂമികള്‍ താണ്ടി ജീവിച്ചു മരിക്കുന്നു. രൂക്ഷമായ മണല്‍പ്പൊടിയില്‍ നാവു മരക്കഷണം പോലെ വരണ്ടു കിടക്കുമ്പോള്‍ ഒരു ചീള് ഈത്തപ്പഴത്തില്‍ ജലദൌര്‍ലഭ്യം മറികടന്നവര്‍ നാഴികകള്‍ പിന്നെയും താണ്ടിക്കൊണ്ടേയിരിക്കും.
റൂബ് അല്‍ ഖലിയില്‍ ജീവിതം സാധാരണക്കാരന് അസാദ്ധ്യമാണ്. അഗ്നി കൊളുത്തിയ ശരീരവും മനസ്സും കൊണ്ട് അധിക ദൂരം നമുക്കിവിടെ ഒട്ടകങ്ങളിലോ നഗ്നപാദരായോ യാത്രചെയ്യാനാവില്ല. ഈ വിജനഭൂമിയുടെ ചില ഭാഗങ്ങളില്‍ എണ്ണക്കിണറുകള്‍ ഒട്ടനേകം ബദവികളുടെ ജീവിതം മാറ്റി മറിച്ചിട്ടുണ്ട്. പല സ്ഥലങ്ങളും ടൂറിസ്റ്റുകളുടെ സഫാരികള്‍ക്ക് വഴിമാറിക്കൊടുത്തിട്ടുമുണ്ട്.
റൂബ് അല്‍ ഖലിയുടെ യെമന്‍റെ ഭാഗമായ മുഖല്ലയില്‍ നിന്ന് സൌദിയുടെ അധീനതയിലുള്ള യാമും ദവ്വാസിരും കടന്നു അബൂദാബിയിലെ ലിവയില്‍ എത്താന്‍ അനേകം അപകടങ്ങളെ തരണം ചെയ്യണം. ഇടയില്‍ വരുന്ന യുറോപ്പിലെ യോര്‍ക്ഷെയറിനേക്കാള്‍ വലുപ്പമുള്ള മന്വാക്കില്‍ ആകെ രണ്ടു കിണറുകളെയുള്ളൂ. പതിനാറു ദിവസം കൊണ്ട് മുഖല്ലയില്‍ നിന്ന് നാനൂര്‍ മൈല്‍ താണ്ടിയാലും ചിലപ്പോള്‍ ആ കിണര്‍ വറ്റിവരണ്ടു കിടക്കുന്നത് കാണാം.
തൊള്ളായിരത്തി നാല്പത്തഞ്ചു അന്‍പത് കാലഘട്ടത്തില്‍ സൌദിസുല്‍ത്താന്‍ ഇബ്ന്‍ സഉദിന്‍റെ അനുവാദമില്ലാതെ കടന്നു പോവുന്നവരെ യാമിലോ ദാവ്വാസിരിലോ കണ്ടാല്‍ വെടിവെച്ചു കൊല്ലുമായിരുന്നു. മുഖല്ലയില്‍ നിന്ന് മന്വാക്കില്‍ എത്തണമെങ്കില്‍ മരുഭൂമിയിലെ ചെന്നായ്ക്കള്‍ എന്നറിയപ്പെടുന്ന യെമനിലെ സാര്‍ ഗോത്രക്കാരെ തരണം ചെയ്തു വേണം പോവാന്‍.
അബൂദാബിയുടെ പ്രാന്തങ്ങളില്‍ എത്തിച്ചേരുമ്പോള്‍ ഭരണാധികാരിയായ അല്‍ ബു ഫലായുടെ ഗോത്ര സൈന്യവും ദുബായിയുടെ ഭരണാധികാരിയായ സൈദ് ബിന്‍ മക്തൂമിന്‍റെ ഗോത്രസൈന്യവും തമ്മിലുള്ള സംഘട്ടനമേഖലകൂടി കടന്നു പോവണം. ആയിരത്തി തൊള്ളായിരത്തി നാല്പത്തെട്ടു കാലങ്ങളില്‍ ഈ രണ്ടു എമിരേറ്റ്സ് പ്രവിശ്യകളും തമ്മില്‍ ചെറിയതോതിലുള്ള യുദ്ധമുണ്ടായിരുന്നത് ചരിത്രത്തില്‍ വിശദമായി രേഖപ്പെടുത്തിയിട്ടില്ല.
റൂബ് അല്‍ ഖലിയുടെ ചരിത്രമറിയാതെ അറേബ്യന്‍ പെനിന്സുലയെ പൂര്‍ണ്ണമായി മനസ്സില്‍ എടുക്കാനാവില്ല എന്ന് ആമുഖത്തില്‍ പറഞ്ഞതിന്‍റെ പലകാരണങ്ങളില്‍ ചിലതൊക്കെയാണിവിടെ പറഞ്ഞിട്ടുള്ളത്.
മണല്‍ തിരമാലകളെ സൃഷ്ടിക്കുന്ന കാറ്റില്‍, ഒട്ടകത്തിന്‍റെ ജീനിയില്‍ റൈഫിളുമേന്തിയാണ് ഓരോ ബദവിയും റൂബ് അല്‍ ഖലിയിലൂടെ സഞ്ചരിക്കുന്നത്. അവരില്‍ നിന്ന് തന്നെയാണ് ലോക പ്രസിദ്ധമായ അറേബ്യന്‍ ആതിഥ്യമര്യാദയുടെ പൊക്കിള്‍കൊടിയും രൂപം കൊണ്ടെതെന്നു വിശ്വസിക്കാന്‍ നമുക്കേറെ പ്രയാസമാണ്.
ഒരാളില്‍ത്തന്നെ വന്യമായ ഉദ്വേഗവും വിദൂരമല്ലാത്ത സ്നേഹവും ഉണ്ടെങ്കില്‍ അയാളൊരു ബദവിയായിരിക്കും. വിജനമായൊരു മണല്‍ ദുനിയാവില്‍ നിന്ന് അവര്‍ നിങ്ങളോട് ആ കഥ പറയും . രാജ്യങ്ങളും രാജകിരീടങ്ങളും നിലംപതിച്ചപ്പോഴും നൂറ്റാണ്ടുകളോളം മാറ്റത്തിന് പിടികൊടുക്കാതെ മരുഭൂമിയില്‍ ഒട്ടകത്തിന്‍റെ മുതുകില്‍ ഉദയാസ്തമന സൂര്യനെക്കണ്ട് അലഞ്ഞുതിരിഞ്ഞു നടന്നവരുടെ ചരിത്രം ഇവിടം കൊണ്ട് തീരുന്നില്ല.