Malayalam

സൗദിയ ഫ്‌ളൈറ്റ് 163; 301 പേരുടെ ജീവനെടുത്ത ഒരു വിമാന ദുരന്തം

By Aanavandi

September 13, 2020

വിമാനദുരന്തങ്ങളിൽ തന്നെ ഏറെ അപൂർവമെന്നു പറയാവുന്ന ഒരു സംഭവം. അതിനായിരുന്നു 1980 ആഗസ്റ്റ് 19 നു റിയാദ് എയർപോർട്ട് സാക്ഷിയായത്. തകർന്നു വീഴുകയോ കൂട്ടിയിടിക്കുകയോ ഒന്നുമായിരുന്നില്ല, സുരക്ഷിതമായി ലാൻഡു ചെയ്ത വിമാനത്തിന് അകത്തുണ്ടായിരുന്നവരെല്ലാം ശ്വാസം മുട്ടി മരിക്കുക എന്ന ഞെട്ടിപ്പിക്കുന്ന ദുരന്തം. അതിൽ ജീവൻ നഷ്ടപെട്ടത് 287 യാത്രക്കാരും 14 വിമാന ജീവനക്കാരുമടക്കം 301 പേർ. ലോകത്തെ ഞെട്ടിച്ച ആ സംഭവം നടന്നത് ഇങ്ങനെ…

1980 ആഗസ്റ്റ് 19. പാക്കിസ്ഥാനിലെ കറാച്ചിയിലെ ഖവായ്യിദ് ഇ അസം ഇന്റർനാഷണൽ എയർപോർട്ട്. പാക് സമയം വൈകുന്നേരം ആറരയോടടുക്കുന്നു. റിയാദ് വഴി സൗദി അറേബ്യയുടെ ഫ്‌ളാഗ് കാരിയർ എയർലൈനായ സൗദിയയുടെ ഫ്‌ളൈറ്റ് 163 എന്ന ലോക്ക്ഹീഡ‍ിന്റെ ട്രൈസ്റ്റാർ എന്ന മൂന്ന് എൻജിനുകളുള്ള വിമാനം പറന്നുയരുവാൻ തയ്യാറായി നിൽക്കുകയായിരുന്നു. കറാച്ചിയിൽ നിന്നും റിയാദ് വഴി ജിദ്ദയിലേക്ക് ആയിരുന്നു ആ വിമാനത്തിൻ്റെ യാത്ര. വിമാനത്തിൽ 287 യാത്രക്കാരും 14 വിമാന ജീവനക്കാരുമായിരുന്നു ഉണ്ടായിരുന്നത്. യാത്രക്കാരിൽ ഭൂരിഭാഗവും ഹജ്ജ് തീർത്ഥാടകരായിരുന്നു.

കറാച്ചി എയർ ട്രാഫിക് കൺട്രോളിൽ നിന്നുള്ള ടേക്ക്ഓഫ് അനുമതി ലഭിച്ചതോടെ 6.32 നു സൗദിയ 163 കറാച്ചിയിൽ നിന്നും പറന്നുയർന്നു. സൗദി സമയം വൈകുന്നേരം 07.06 നു വിമാനം ആദ്യ സ്റ്റോപ്പായ റിയാദിൽ വളരെ സുരക്ഷിതമായി ലാൻഡ് ചെയ്തു. റിയാദിൽ ഇന്ധനം നിറയ്ക്കുന്നതിനും, യാത്രക്കാരെ ഇറക്കുന്നതിനും, കയറ്റുന്നതിനുമൊക്കെയായി രണ്ടു മണിക്കൂറോളം സമയമുണ്ടായിരുന്നു.

അങ്ങനെ രണ്ടു മണിക്കൂറുകൾക്ക് ശേഷം രാത്രി 09.08 നു ആ വിമാനം ജിദ്ദ എയർപോർട്ടിലേക്ക് ടേക്ക്ഓഫ് ചെയ്തു. റിയാദിൽ നിന്ന് പറന്നുയരുന്നതുവരെ വിമാനത്തിനു യാതൊരു കുഴപ്പങ്ങളും എവിടെയും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നില്ല. പറയർന്നുയർന്നതിന് ശേഷം ഏഴാം മിനിറ്റിൽ വിമാനത്തിന്റെ കാർഗോ കമ്പാർട്ടുമെന്റിലെ സി–3യിൽ തീപിടിച്ചിരിക്കുന്നു എന്ന വിവരം ഫ്‌ളൈറ്റ് എൻജിനീയർക്കു ലഭിച്ചു. അതിനുള്ളിൽ തന്നെ വിമാനത്തിലെ കാർഗോ കമ്പാർട്ടുമെന്റിലെ തീ ക്യാബിനിലേക്ക് പടർന്നിരുന്നു. തീപിടുത്തം കാരണം മൂന്ന് എൻജിനുകൾ ഉള്ള വിമാനത്തിന്റെ രണ്ടാമത്തെ എൻജിന്റെ പ്രവർത്തനം ക്യാപ്റ്റന് നിർത്തേണ്ടി വന്നു. തുടർന്ന് റിയാദ് എയർപോർട്ടിലേക്ക് എമർജൻസി ലാൻഡിംഗിനായുള്ള സന്ദേശം അയച്ചതിന് ശേഷം റിയാദിൽ തന്നെ വിമാനം തിരിച്ചിറക്കി.

എന്നാൽ അടിയന്തിരമായി ഇവാക്യുവേഷന് ഓർഡർ നൽകാതെ ടാക്സിവേയിലൂടെ സഞ്ചരിച്ചതിന് ശേഷമാണ് വിമാനം നിന്നത്. രണ്ട് എൻജിനുകളുടെ പ്രവർത്തനം പൂർണ്ണമായും നിലയ്ക്കാത്തത് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരെ വിമാനത്തിന്റെ അടുത്തെത്തി രക്ഷപ്രവർത്തനം നടത്തുന്നതിൽ നിന്ന് തടഞ്ഞു. കൂടാതെ വിമാനത്തിന്റെ വാതിൽ തുറക്കാനുണ്ടായ പ്രയാസവും അപകടത്തിന്റെ ആഴം വർദ്ധിപ്പിച്ചു.

പിന്നീട് ലോകം സാക്ഷിയായത് അതിദാരുണമെന്നു വിശേഷിപ്പിക്കാവുന്ന ഒരു ദുരന്തത്തിനായിരുന്നു. ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ വളരെ പണിപ്പെട്ട് വിമാനത്തിന്റെ വാതിൽ തുറക്കുമ്പോള്‍ തീപിടിത്തം റിപ്പോർട്ട് ചെയ്തതിന് ശേഷം ഏകദേശം 45 മിനിട്ടുകൾ കഴിഞ്ഞിരുന്നു. വാതിൽ തുറന്ന് മിനിറ്റുകൾക്കകം തീ വിമാനത്തെ ആകെ വിഴുങ്ങി. അവസാനത്തെ തീയിലും പൊട്ടിത്തെറിയിലുമാണ് 301 പേർ മരിച്ചത് എന്നായിരുന്നു ആദ്യത്തെ കണക്കൂട്ടൽ. എന്നാൽ വിമാനം ലാൻഡ് ചെയ്ത് അധികസമയം ആകുന്നതിന് മുന്നേതന്നെ വിഷപ്പുക ശ്വസിച്ചാണ് പലരും മരിച്ചത് എന്നായിരുന്നു പോസ്റ്റുമാർട്ടം റിപ്പോർട്ട്.

മാനുഷിക പിഴവുകൊണ്ടാണ് ഈ അപകടമുണ്ടായതെന്നാണ് കണക്കാക്കപ്പെടുന്നത്. ലാൻഡ് ചെയ്തപ്പോൾ തന്നെ ക്യാപ്റ്റൻ ഇവാക്വുവേഷൻ നിർദ്ദേശിക്കാത്തതും ഏറ്റവും അടുത്ത ടാക്സി വേയിൽ നിർത്താതെ അവസാനത്തെ ടാക്സിവേയിൽ നിർത്തിയതും എൻജിനുകൾ പ്രവർത്തനരഹിതമാക്കാൻ ശ്രമിക്കാതിരുന്നതും എന്തുകൊണ്ടാണെന്നുള്ള ചോദ്യങ്ങളൊക്കെ ഉണ്ടായെങ്കിലും കാരണങ്ങൾ ഇന്നും ദുരൂഹമായി തുടരുന്നു.

ഇന്നുവരെ ലോകത്തുണ്ടായ വിമാനദുരന്തങ്ങളുടെ ചരിത്രത്തിൽ ഏറ്റവും അധിക മാളുകളുടെ ജീവനെടുത്ത ആറാമത്തെ വിമാനാപകടമായിരുന്നു സൗദിയ ഫ്‌ളൈറ്റ് 163 യുടേത്.

കടപ്പാട് – വിക്കിപീഡിയ, മനോരമ ഓൺലൈൻ.