എഴുത്ത് – ബക്കർ അബു.

കുന്നുകളില്‍ എഞ്ഞു വലിഞ്ഞു കയറിയും താഴ്വരകളിൽ പാദങ്ങള്‍ നിരന്നു നീങ്ങി ഇറങ്ങിയും യാത്ര ചെയ്തവന്‍റെ ദിനാന്തങ്ങള്‍, പുസ്തകത്താളുകളില്‍ നിന്ന് എന്‍റെയും നിങ്ങളുടെയും മനപ്പടവുകള്‍ ഒട്ടേറെ തവണ കയറിയേറിപ്പോയിട്ടുണ്ട്. കണ്ണിന്‍റെ ദൂരങ്ങളില്‍ നീലവിരിച്ചിരിക്കുന്ന കടല്‍ പറഞ്ഞ കഥകളോ എന്നാല്‍ തീരെ ചുരുക്കവുമാണ്. നീല നീര്‍മണികളുടെ നിശ്ചലതയ്ക്ക് താഴെ പതിയിരിക്കുന്ന ഭീതിയെക്കുറിച്ച് ബോധാവാനാവാതെയാണ് എന്‍റെ കടല്‍ സഞ്ചാരം തുടങ്ങുന്നത്. കുളിരിന്‍റെ മൂര്‍ച്ചയുമായി വരുന്ന പ്രഭാതത്തിലെ തണുത്തകാറ്റിന് ജന്മം കൊടുത്ത ബാള്‍ട്ടിക് സീയിലെ ഗോട്ട്ലാന്‍ഡില്‍ നിന്ന് ആഫ്രിക്കയിലെ നൈജീരിയയിലേക്കായിരുന്നു ആ യാത്ര.

ബാള്‍ട്ടിക് സീയില്‍ നിന്ന് ഡെന്മാര്‍ക്ക്‌ വഴി നോര്‍ത്ത് സീയിലേക്ക് വരണം.
നോര്‍ത്ത് സീയില്‍ എത്തിയാല്‍ കാറ്റും കടലും തണുപ്പും കിടന്നാടുന്നത് കാണാം. കാറ്റ് കയറിയിറങ്ങാത്ത പതിനെട്ടാം പടവുകളില്ല. ചെന്നെത്താത്ത തീര്‍ഥാടനകേന്ദ്രങ്ങളില്ല, കണ്ടുമുട്ടാത്ത ദൈവങ്ങളില്ല. ശാന്തിയോടെ തഴുകിയും അലര്‍ച്ചയോടെ തൂക്കിയെടുത്തെറിഞ്ഞും ജീവജാലങ്ങളെ വിറപ്പിക്കുന്നിടത്താണ് കടല്‍ കാറ്റിന്‍റെ മസ്തകത്തിനു മുന്‍പില്‍ തലകുനിച്ചു നമിക്കുന്നത്.

നോര്‍ത്ത് സീ വീര്‍പ്പ്മുട്ടി പതയൊരുക്കി അടിച്ചലറുന്ന ഒരു ശീതകാലം. വടക്കന്‍ കടല്‍ വര്ഷം മുഴുവനും ശാഠ്യം പിടിച്ചു കരയുന്ന കുഞ്ഞിനെപ്പോലെയാണ്. അത് അലറിക്കൊണ്ടേയിരിക്കും, ശിരിരത്തില്‍ തിരമാലകള്‍ക്ക് കുറുമ്പ് ഇത്തിരികൂടും. മിന്നല്‍ മരണനിറംപിടിപ്പിച്ച ചക്രവാളം താണ്ടി ഒരു ദു:സ്വപ്നം പോലെ കടന്നുപോവുകയാണ് കപ്പല്‍. ഗ്ലോബല്‍ എയ്സ് എന്ന ബള്‍ക്ക്കാരിയര്‍ കപ്പല്‍ ഗോട്ട്ലാന്‍ഡില്‍ നിന്നും സിമന്റ് കയറ്റി നൈജീരിയയിലെ ബോണി റിവറിലേക്കുള്ള യാത്രയിലായിരുന്നു.

നൈജീരിയയിലെ ലാഗോസിലും പോര്‍ട്ട്‌ ഹാര്കൊര്‍ത്ടിലും മുന്പ് പോയ അനുഭവം വെച്ച് കൊണ്ട് അതൊരു പേടിപ്പെടുത്തുന്ന യാത്രയുമായിരുന്നു. കപ്പല്‍ നങ്കൂരമിട്ടാല്‍ കടല്‍കൊള്ളക്കാര്‍ കയറിവരും. അവര്‍ വന്നാല്‍ കയ്യിലുള്ളതൊക്കെ പിടിച്ചെടുത്തു കൊണ്ട് പോവുമെന്നും അറിയാം. സോമലിയക്കാരെപ്പോലെ കപ്പല്‍ ഹൈജാക്ക് ചെയ്ത് കൊണ്ട്പോയി ജീവന്‍ അപായപ്പെടുത്തുന്ന വിഷയം പടിഞ്ഞാറന്‍ ആഫ്രിക്കയുടെ ചരിത്രത്തില്‍ വളരെ കുറവായിരുന്നു.

ലാഗോസിലേക്കുള്ള ആദ്യയാത്രയില്‍ കരയില്‍ ഇറങ്ങിയാല്‍ രാത്രിയില്‍ തോക്കോ കഠാരയോ കാണിച്ചു കയ്യിലുള്ളതൊക്കെ വാങ്ങി സ്ഥലം വിടുന്നവരുടെ ഭീതി ഒഴികെമറ്റൊന്നും അനുഭവിക്കാന്‍ ഇടവന്നിരുന്നില്ല. ബോണി റിവറിലെ ആദ്യയാത്രയില്‍ കപ്പലില്‍ ഒളിച്ചു കയറി മറ്റു രാജ്യത്തേക്ക് യാത്ര ചെയ്യുന്ന (Stow away)രണ്ടുപേരെ കപ്പല്‍ തുറമുഖം വിട്ടതിനുശേഷം കടലില്‍ വെച്ച് പിടികൂടിയതായിരുന്നു അനുഭവം. ഇത്തവണ കടലിന് അപായങ്ങളുടെ നീര്‍നായ കണ്ണുണ്ടായിരുന്നു. കാറ്റ് ദുര്‍ജിന്നുകളുടെ ശവപ്പറമ്പില്‍ നിന്നായിരുന്നു ഉടുത്തൊരുങ്ങി നടയടിച്ചു വന്നത്.

അറ്റ്ലാന്റിക് സമുദ്രത്തില്‍ നിന്ന് ഏതൊരു കപ്പലും ഗ്വിന ഉള്‍ക്കടല്‍ലിലേക്ക് എത്തിച്ചേരുന്നത് തന്നെ ഹൈജാക്ക് ചെയ്യപ്പെടുമെന്നുള്ള ഭയപ്പാടിലാണ്. 2009 മുതല്‍ ഈ അടുത്ത കാലം വരെ അവിടെ മുപ്പതോളം കപ്പലുകള്‍ ഹൈജാക്ക് ചെയ്യപ്പെടുകയും ഇരുനൂറിലധികം കപ്പല്‍ജീവനക്കാര്‍ കിഡ്നാപ് ചെയ്യപടുകയുമുണ്ടായിട്ടുണ്ട്. ഗ്വിന ഉള്‍ക്കടല്‍ലില്‍ നിന്നും ബോണി റിവറിലൂടെയുള്ള നാല്പത്തിയൊന്ന് മൈല്‍ യാത്രയില്‍ അതിവേഗതയില്‍ വന്നു ചേരുന്ന കടല്‍കൊള്ളക്കാരുടെ ബോട്ടുകളെ ഭയക്കുന്നത് തുറമുഖത്ത് എത്തുന്നതിനു മുന്പ് നദിയില്‍ നങ്കൂരമിടുമ്പോഴാണ്.

തുറമുഖ പ്രവേശനത്തിന് സമയമെടുക്കുമെന്ന കാരണത്താല്‍ റിവര്‍ മൌത്തില്‍ എഞ്ചിന്‍ ഓഫ് ചെയ്ത് ഡ്രിഫ്റ്റ് ചെയ്യാനായിരുന്നു ഞങ്ങള്‍ക്ക് കമ്പനി നിര്‍ദ്ദേശം. ഡ്രിഫ്റ്റ് ചെയ്ത് തുടങ്ങിയതിന്‍റെ മൂന്നാം ദിവസം നൈജര്‍ വിക്ടര്‍ എന്നൊരു ടഗ്ഗ് അപായമെസ്സേജ് വി എച് എഫ് വയര്‍ലെസിലൂടെ അറിയിച്ചപ്പോഴാണ് ഗ്ലോബല്‍ എയ്സിനെ ലാക്കാക്കി വരുന്ന കടല്‍കൊള്ളക്കാരെപ്പറ്റി ഞങ്ങള്‍ ബോധാവാന്മാരാവുന്നത്.

നദിക്ക് പുറത്ത് ഉള്‍ക്കടലിലും അവര്‍ വന്നെത്തുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്ത് കപ്പല്‍ നീങ്ങിത്തുടങ്ങുന്നതിനും അല്പം സമയം എടുക്കും. ഷിപ്‌ വിസിലില്‍ നീണ്ട സൈറന്‍ മുഴക്കിക്കൊണ്ട് കപ്പല്‍ സൌത്ത് ഗ്വിനയിലേക്ക് പ്രയാണം തുടങ്ങുമ്പോള്‍ ഓഫ്ഷോര്‍ വെസ്സലുകല്ക് അകമ്പടിപോവുന്ന നൈജീര്യന്‍ മിസൈല്‍ ബോട്ടുകളെ വിളിച്ചു ഞങ്ങള്‍ കാര്യം അറിയിച്ചിരുന്നു.

ഓയില്‍ ടാങ്കറുകളെ പിടിച്ചെടുത്ത് എണ്ണ മോഷ്ടിക്കുക എന്ന ഉദ്ദേശത്തില്‍ വന്നവര്‍ മിസൈല്‍ ബോട്ടുകളുടെ വരവ് കണ്ട് വെല ക്രൂസ് എന്ന ടാങ്കറിന് നേരെ വെടിയുതിര്‍ക്കാന്‍ തുടങ്ങി. എണ്ണ ടാങ്കറിന് നേരെ വെടിവെക്കുന്നത് എത്ര അപകടകരമാണെന്ന് തിരിച്ചറിയാത്തവരല്ല സീ പൈരറ്റ്സ്. ബക്കാസി സ്ട്രൈക്ക് ഫൊഴ്സ്‌, നൈജര്‍ ഡെല്‍റ്റ അവന്ജേര്‍സ് എന്നീ മിലിട്ടന്റ് സംഘടനകളിലെ മുന്‍ നൈജീരിയന്‍ ഭടന്മാര്‍ പണത്തിനു വേണ്ടി എന്ത് സാഹസത്തിനും മുതിരുന്നവരായിരുന്നു. ആ ആക്രമണത്തില്‍ കഷ്ടിച്ച് രക്ഷപ്പെട്ടതിന് തൊട്ടടുത്ത ദിവസത്തിലായിരുന്നു എന്ഗോനി എന്ന അമേരിക്കന്‍ ഓയില്‍ ടാങ്കര്‍ കൊള്ളയടിച്ച് അവര്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.

കപ്പല്‍ എഞ്ചിന്‍ ഓഫ് ചെയ്‌താല്‍ ഉപ്പ് വെള്ളം ശുദ്ധീകരിച്ചു കുടിവെള്ളം ഉണ്ടാക്കി എടുക്കാനാവില്ല. വെള്ളം തീര്‍ന്നു തുടങ്ങി, ഭക്ഷണ സാധനങ്ങളും തീരുന്നുണ്ട്. ഈ കാരണത്താല്‍ ഡ്രിഫ്റ്റ് ചെയ്യന്നത് ഒഴിവാക്കി ബോണിറിവറില്‍ നങ്കൂരമിടുന്നതിനു നിര്‍ദ്ദേശം കിട്ടിയത് മുതല്‍ ഞങ്ങളുടെ ഓരോരുത്തരുടെയും വയറ്റില്‍ തീയാളിത്തുടങ്ങി.

കടല്‍കൊള്ളക്കാരില്‍ തൊണ്ണൂറ്റിയൊമ്പത് ശതമാനവും ഡ്രഗ്ഗിന് അടിമകളായിരിക്കും. അവരില്‍ നമ്മള്‍ അനുഭവിക്കേണ്ട ക്രൂരതകളുടെ ആല്‍മരം വെച്ച് പിടിപ്പിക്കുകയാണ് ഡ്രഗ്ഗിന്‍റെ ജോലി. ഡ്രഗ് പണി എടുത്ത് തുടങ്ങിയാല്‍ കൈയും കാലും ‘’റ’’ മട്ടില്‍ ബന്ധിപ്പിച്ച് പച്ച ഇറച്ചിയില്‍ സൂര്യന്‍ അലിവില്ലാതെ കത്തിപ്പടരാന്‍ വിവസ്തരാക്കി നമ്മളെ ഡെക്കില്‍ കിടത്തും. നമ്മള്‍ ഇന്നേവരെ അനുഭവിച്ചിട്ടില്ലാത്ത വേദനകളില്‍ നിന്നായിരിക്കും വിടുതലിനു കൊടുക്കേണ്ട ഡോളറിന്‍റെ അച്ചടി ആരംഭിക്കുന്നത്.

ഗ്വിനഉള്‍ക്കടലിന്‍റെ ആറായിരം മൈല്‍ തീരപ്രദേശത്ത് Petrol piracyക്കായിരുന്നു കടല്‍കൊള്ളക്കാര്‍ ജന്മമെടുത്തത്. ബക്കാസി സ്ട്രൈക്ക് ഫൊഴ്സിന്‍റെ AK 47 ന്‍റെയൊ അല്ലെങ്കില്‍ M20 തോക്കുകളുടെയോ ആക്രമണത്തില്‍ നിശ്ചലമാവുന്ന കപ്പലില്‍ മരണം വാവിട്ടു നിലവിളിക്കുന്ന ഭീതിയില്‍ തലച്ചോര്‍ മരവിച്ചുപോവുന്ന പത്തോ പതിനഞ്ചോ പേരില്‍ ഒരാളായിരിക്കാം ഞാന്‍. ആ മനോനിലയിലായിരുന്നു അന്ന് ദിനങ്ങള്‍ ഓരോന്നായി കടന്നു പോയിരുന്നത്.

ബോണി റിവറില്‍ നങ്കൂരമിട്ട ഇരുപത്താറു ദിവസങ്ങളിലും ഗ്ലോബല്‍ എയ്സ് മൂടിപ്പുതച്ച ദുരാത്മാക്കളുടെ ഇടയില്‍ കുത്തിനിറുത്തിയ ഇരുമ്പ് ശവമായിരുന്നു. ഏത് നിമിഷത്തിലും ആക്രമണം ഉണ്ടാവുമെന്നുള്ള ഭീതിയാണ് മരണത്തേക്കാള്‍ ഭയാനകം. ഇതില്‍ നിന്ന് രക്ഷനേടാന്‍ നൈജീരിയന്‍ മിലിട്ടറി കണ്ടു പിടിച്ച ഒരു വിദ്യയുണ്ട്. കമ്മ്യൂണിറ്റി ഗാര്‍ഡുകളെ കപ്പലില്‍ കാവലിനു നിറുത്തുക എന്നൊരു വിദ്യ.

കപ്പലില്‍ രണ്ട് ആക്രമണങ്ങളില്‍ സ്റ്റോറുകള്‍ ഒട്ടേറെ നഷ്ടപ്പെട്ടതിന് ശേഷമായിരുന്നു ഗാര്‍ഡുകളെ അപ്പോയിന്റ് ചെയ്തത്. അവരും കടല്‍കൊള്ളക്കാരും ഒരേ സംഘത്തിന്‍റെ വിവിധ കണ്ണികളാണെന്ന് ഒടുക്കം മനസ്സിലായപ്പോള്‍ കൊന്നു തിന്നാന്‍ നരിയെ വീട്ടിലേക്ക് ക്ഷണിച്ചവന്‍റെ സ്ഥിതിയായിരുന്നു ഞങ്ങളുടേത്. നൈജീരിയിലെ മൂന്നാം യാത്രയില്‍ ഏകദേശം ഒരു മാസത്തോളം കടല്‍ ജീവിതത്തിന്‍റെ നില മറക്കാത്ത പാഠങ്ങള്‍ പറഞ്ഞു തന്നു.

വെസ്റ്റ്‌ ആഫ്രിക്കയില്‍ മിനിഞ്ഞാന്ന്, വെള്ളിയാഴ്ചയും കടല്‍കൊള്ളക്കാര്‍ Maersk Tema (Container Ship) എന്ന കപ്പലിനെ ആക്രമിച്ച് അതില്‍ കയറിയിരുന്നു. കൊള്ളക്കാര്‍ കയറിയാല്‍, പുറത്ത് നിന്നു വന്നവര്‍ക്ക് അകത്തേക്ക് കയറാന്‍ പറ്റാത്ത രീതിയില്‍ എഞ്ചിന്‍ റൂമില്‍ രക്ഷപ്പെടാന്‍ സൗകര്യം ചെയ്ത് വെച്ച Citadel ല്‍ കപ്പല്‍ ജീവനക്കാര്‍ സുരക്ഷിതരാനെന്നാണ് ആദ്യം കിട്ടിയ വിവരം. പിന്നീട് അവരെ രക്ഷപ്പെടുത്തി കപ്പല്‍ ലാഗോസിലേക്ക് യാത്രയായി എന്നും അറിയുന്നു.

ഓരോ സഞ്ചാരവും കഴിഞ്ഞ് തിരികെ വീട്ടില്‍ എത്തുമ്പോള്‍ അസാമാന്യ സാഹസം ആവശ്യപ്പെടാതെ സ്വീകരിച്ച കടലുപോലെ വീട്ടില്‍ ഉമ്മ കാത്തിരിപ്പുണ്ടാവും. ആ കണ്ണുകളിലേക്ക് ഒന്ന് നോക്കിയാല്‍ മതി, നിശ്ശബ്ദമായ പുറം കടലില്‍ ഇനിയുമേറെ സഞ്ചരിക്കാനുള്ള വഴികള്‍ തെളിഞ്ഞു തെളിഞ്ഞു വരുന്നതിനുള്ള മനക്കരുത്ത് കാണാം.

SHARE