ബസ് യാത്രകളെക്കാളും ആസ്വാദ്യകരമാണ് ട്രെയിൻ യാത്രകൾ. കൊങ്കൺ, പാമ്പൻ, നീലഗിരി, ഷിംല തുടങ്ങി ഇന്ത്യയിൽ ധാരാളം മനോഹരങ്ങളായ ട്രെയിൻ റൂട്ടുകളുണ്ട്. കേരളത്തിലെ ഏറ്റവും മനോഹരമായ ട്രെയിൻ റൂട്ട് ഏതെന്നു ചോദിച്ചാൽ ഒരേയൊരു ഉത്തരമേയുള്ളൂ ഷൊർണ്ണൂർ – നിലമ്പൂർ റൂട്ട്.

കേരളത്തിലെ ആദ്യത്തെ റെയിൽ പാതകളിലൊന്നാണ് ഷൊർണ്ണൂർ – നിലമ്പൂർ പാത. 1921 ൽ ബ്രിട്ടീഷ ഭരണകാലത്താണ് ഈ പാത ആരംഭിച്ചത്. നിലമ്പൂരിലെ തേക്ക് പുറംലോകത്തേക്ക് കടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പാത ആരംഭിച്ചത്. 1943 ൽ രണ്ടാംലോക മഹായുദ്ധകാലത്ത് നിലമ്പൂരിലെ ഒമ്പത്‌ ഏക്കറിലെ മരങ്ങൾ രണ്ടാം ലോകയുദ്ധത്തിൽ സഖ്യകക്ഷികളുടെ ആവശ്യത്തിലേക്കായി മുറിച്ചുനീക്കിയത് കടത്തിയതും ഈ പാത മുഖേനയായിരുന്നു.

ദക്ഷിണ റെയിൽ‌വേയുടെ കീഴിലുള്ള ഷൊറണൂർ – നിലമ്പൂർ തീവണ്ടിപ്പാത ഇന്ത്യയിലെ ഏറ്റവും നീളം കുറഞ്ഞ ബ്രോഡ്ഗേജ് പാതകളിൽ ഒന്നാണ്. 66 കിലോമീറ്റർ നീളമുള്ള ഈ ഒറ്റവരി പാത പാലക്കാട് ജില്ലയിലെ ഷൊറണൂർ ജങ്ക്ഷനിൽ നിന്നും പുറപ്പെട്ടു മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ അവസാനിക്കുന്നു. അഞ്ച് പാലങ്ങളുടെ നിര്‍മാണമടക്കം ഈ പാതയുടെ പണി പൂര്‍ത്തിയാക്കിയത് വെറും മൂന്ന് വര്‍ഷം കൊണ്ടാണ്.

ഷൊർണ്ണൂർ – നിലമ്പൂർ റൂട്ടിൽ ദിവസേന 7 ട്രെയിൻ സർവ്വീസുകൾ നടത്തുന്നുണ്ട്. 16349 കൊച്ചുവേളി നിലമ്പൂർ രാജ്യറാണി എക്സ്പ്രസ്സ്, 56611 പാലക്കാട് – നിലമ്പൂർ പാസഞ്ചർ, 56613 ഷൊറണൂർ – നിലമ്പൂർ പാസഞ്ചർ, 56362 കോട്ടയം – നിലമ്പൂർ പാസഞ്ചർ, 56617 ഷൊറണൂർ – നിലമ്പൂർ പാസഞ്ചർ, 56619 ഷൊറണൂർ – നിലമ്പൂർ പാസഞ്ചർ, 56621 ഷൊറണൂർ – നിലമ്പൂർ പാസഞ്ചർ എന്നിവയാണ് അവ. ഷൊർണൂരിൽ നിന്നും നിലമ്പൂരിലേക്ക് 20 രൂപയാണ് പാസഞ്ചർ ട്രെയിനിന്റെ നിരക്ക്. രാജ്യറാണി എക്സ്പ്രസ്സ് ആണെങ്കിൽ 40 രൂപ ചാർജാകും.

20 രൂപയ്ക്ക് ഷൊര്‍ണ്ണൂര്‍ – നിലമ്പൂര്‍ പാസഞ്ചര്‍ ട്രെയിന്‍ യാത്ര : വീഡിയോ കാണുക.

ഷൊർണ്ണൂരിനും നിലമ്പൂർ റോഡിനുമിടയിൽ പത്ത് റെയിൽവേ സ്റ്റേഷനുകളുണ്ട്. വാടാനംകുറിശ്ശി, വല്ലപ്പുഴ, കുലുക്കല്ലൂർ, ചെറുകര, അങ്ങാടിപ്പുറം, പട്ടിക്കാട്, മേലാറ്റൂർ, തുവ്വൂർ, തൊടിയപ്പുലം, വാണിയമ്പലം എന്നിവയാണ് മനോഹരങ്ങളായ ആ റെയിൽവേ സ്റ്റേഷനുകൾ. മേൽപ്പറഞ്ഞവയിൽ അങ്ങാടിപ്പുറം സ്റ്റേഷൻ മാത്രമാണ് അൽപ്പം വലുതായിട്ടുള്ളത്. ബാക്കിയെല്ലാം ചെറിയ സ്റ്റേഷനുകളാണ്. ചെറുതെങ്കിലും ഗ്രാമീണഭംഗി വിളിച്ചോതുന്നവയാണ് ഈ സ്റ്റേഷനുകൾ.

മഴക്കാലമാണ് ഷൊർണ്ണൂർ – നിലമ്പൂർ റൂട്ടിൽ ട്രെയിൻ യാത്ര നടത്തുവാൻ നല്ലത്. കാരണം ആ സമയത്ത് റെയിൽപ്പാതയ്ക്കിരുവശവും നല്ല പച്ചപ്പ് ആയിരിക്കും. നനഞ്ഞു കുതിർന്നു നിൽക്കുന്ന ഓരോ സ്റ്റേഷനുകളും നയനാനന്ദകരമായ ഒരു ദൃശ്യമാണ് നമുക്ക് നൽകുക. എന്തായാലും യാത്രാപ്രേമികൾ ഒരിക്കലെങ്കിലും അനുഭവിച്ചിരിക്കേണ്ട ഒന്നാണ് ഷൊർണ്ണൂർ – നിലമ്പൂർ റൂട്ടിലെ ഈ ട്രെയിൻ യാത്ര.

നിലവിൽ ഇതുവഴിയുള്ള റെയിൽപ്പാത നിലമ്പൂരിൽ അവസാനിക്കുന്നുവെങ്കിലും, വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി വഴി കർണാടകത്തിലെ നഞ്ചൻകോടുമായി ബന്ധിപ്പിക്കുന്നതിന് 2016 ലെ റെയിൽവേ ബജറ്റിൽ അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇതിനായി കേരളവും ഇന്ത്യൻ റെയിൽവേയും സംയുക്തമായി ഒരു കമ്പനി രൂപീകരിക്കുകയും അതിന്റെ നടപടികൾ മുന്നോട്ടു പോവുകയും ചെയ്യുന്നുണ്ട്.

കവർചിത്രം – പ്രണവ് ടി.എസ്.

SHARE