വിവരണം – ഡോ.മിത്ര സതീഷ്.
എനിക്ക് വീട്ടുകാരും, ധാരാളം ബന്ധുക്കളും സുഹൃത്തുക്കളും ഒക്കെ കൂടെ വരാനുണ്ടല്ലോ. പിന്നെ ഞാനെന്തിന് സോളോ പോകണം?
അയ്യേ.. ഒറ്റക്ക് യാത്ര ചെയ്യാനോ… എന്ത് ബോറഡി ആയിരിക്കും. വഴിയിൽ വല്ല അസുഖവും പിടിപെട്ടാൽ? അനിഷ്ട സംഭവങ്ങളെന്തെങ്കിലും നേരിടേണ്ടി വന്നാൽ? സോളോ യാത്രയിൽ റിസ്ക് ഒരുപാടില്ലെ?
സോളോ യാത്രകളെ പുച്ഛിച്ചു തള്ളിയിരുന്ന കാലത്ത് മനസ്സിൽ ഉണ്ടായിരുന്ന ചിന്തകളിൽ ചിലത് മാത്രമാണ് മേൽ പറഞ്ഞത്. ഒന്ന് രണ്ടു സോളോ യാത്രകൾ പോയതോടെ യാത്രകളോടും ജീവിതത്തോടും തന്നെയുള്ള കാഴ്ചപ്പാടുകൾ അടിമുടി മാറി. ഇന്നിപ്പോ സുഹൃത്തുക്കളോട് പറയുക ജീവിതത്തിൽ ഒരിക്കലെങ്കിലും നിങ്ങൾ ഒറ്റക്ക് യാത്ര ചെയ്യണം എന്നാണ് !
നവംബർ 2018ലെ ബാലി സന്ദർശന വേളയിൽ ഒരു ട്രക്കിങ്ങ് പോകാൻ ഇടയായി. 10-15 പേരടങ്ങുന്ന ഒരു ഗ്രൂപ്പ് , ഗൈഡിന്റെ സഹായത്തോടെയാണ് അതിരാവിലെ ട്രക്കിങ്ങ് പോകുന്നത്. ഗ്രൂപ്പിൽ കാലിഫോർണിയയിൽ നിന്നുള്ള സ്ത്രീ ഒറ്റക്കായിരുന്നു എന്നുള്ളത് എന്നിൽ കൗതുകം ഉണർത്തി. അവരുടെ അടുത്ത് പോയി നിങ്ങളെന്താണ് ആരെയും കൂടെ കൊണ്ട് വരാത്തത് എന്ന് ചോദിക്കാൻ യാതൊരു മടിയും തോന്നിയില്ല.
ഞാൻ സോളോ ട്രാവലർ ആണെന്ന അവരുടെ മറുപടി എന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. എന്റെ ഞെട്ടലും , പിറകേ വരാൻ പോകുന്ന ചോദ്യ ശരങ്ങളും, അവരുടെ കയ്യിൽ നിന്നും അടി വാങ്ങാൻ സാധ്യതയും ഒക്കെ മുന്നിൽ കണ്ടതുകൊണ്ടാവും, കൂടെ വന്ന ‘നിന്നു’ എന്നെ അവിടന്ന് പിടിച്ചു മാറ്റിയത്.
നിന്നുവാണ് സോളോ യാത്രകളെ പറ്റി ആദ്യമായി വിശദീകരിച്ചത്. ഇത് വളരെ സാധാരണമാണ്. ധാരാളം യാത്രക്കാർ ഒറ്റക്ക് യാത്രകൾ ചെയ്യാൻ താല്പര്യപ്പെടുന്നു എന്ന് പറഞ്ഞു തന്നപ്പോൾ എനിക്ക് തോന്നിയത് ഇവർക്കൊക്കെ വട്ടാണ് എന്നാണ്. ബാലിയിൽ ഉണ്ടായിരുന്ന ദിവസങ്ങളിൽ ആ സോളോ യാത്രികയെ പറ്റിയും, അവര് എന്ത് കൊണ്ടാകും ഒറ്റക്ക് യാത്ര ചെയ്യേണ്ടി വന്നത് എന്നൊക്കെയുള്ള ചിന്തകൾ എന്നെ അലട്ടി. ബാലിയിൽ നിന്ന് പോന്നപ്പോൾ ഞാൻ അവരെ മറന്നു.
2019 ഏപ്രിൽ അവസാനം ദൂരെ എങ്ങോട്ടെങ്കിലും ഒരു യാത്ര ചെയ്യണം എന്ന് ഒരു ഉൾവിളി ഉണ്ടായി. എങ്ങോട്ട് പോകും എന്ന് ആലോചിച്ച് തല പുകക്കുന്നത് കണ്ട് സുഹൃത്ത് അഞ്ജലിയാണ് ഭൂട്ടാൻ എന്ന ആശയം പറഞ്ഞത്.
വായ്ച്ചറിഞ്ഞപ്പോൾ ഒത്തിരി ഇഷ്ടമായി. ഭൂട്ടാൻ പോകാൻ തീരുമാനിച്ചു. അടുത്തത് കൂട്ടിന് വേണ്ടിയുള്ള ശ്രമമായിരുന്നു. പലരെയും വിളിച്ചെങ്കിലും ആർക്കും വരാനുള്ള സാഹചര്യമില്ലായിരുന്നു. മുന്നിൽ രണ്ടു വഴിയേയുള്ളു. യാത്ര ഉപേക്ഷിക്കുക അല്ലെങ്കിൽ സോളോ പോകുക.
ബാലിയിൽ പരിചയപ്പെട്ട കാലിഫോർണിയ അമ്മച്ചിയെ മനസിൽ വിചാരിച്ച് ഞാൻ സോളോ യാത്രകളിലേക്കുള്ള വലതുകാൽ വെച്ചു. അതോടെ യാത്രകൾ ഒരു ഹരമായി. പിന്നൊരു ആറ് മാസത്തിനിടയിൽ രാജസ്ഥാൻ, നാഗാലാൻഡ്, മണിപ്പൂർ, മ്യാൻമാർ, അമൃത്സർ, ഡൽഹി തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കാൻ പറ്റി .
എന്തിന്? സോളോ യാത്രകൾ നൂലു പൊട്ടിയ പട്ടം പോലെയാണെന്നാണ് തോന്നുക. പരമമായ സ്വാതന്ത്ര്യം. എങ്ങോട്ട് വേണേലും പോകാം. എന്ത് കാണണം, എപ്പോൾ കാണാൻ പോകണം, എത്ര സമയം ചിലവഴിക്കണം എല്ലാം നമുക്ക് സ്വതന്ത്രമായി തീരുമാനിക്കാം. പല ദിവസങ്ങളിലും താമസ സ്ഥലത്തു നിന്നും രാവിലെ 5 മണിക്ക് ബാഗ് പാക്ക് ചെയ്ത് ഇറങ്ങിയിട്ടുണ്ട് ഞാൻ. കൂടെ ഉള്ള ആളുകൾ എപ്പോഴും അതിരാവിലെ വരാൻ മടി കാണിക്കും.
എനിക്കിഷ്ടം ഒരു സ്ഥലത്തിന്റെ സംസ്കാരത്തെ കുറിച്ച് മനസ്സിലാക്കാൻ പറ്റുന്ന സന്ദർശനങ്ങൾ ആണ്. അത് museum ആകാം.. ഗ്രാമങ്ങൾ ആകാം. എത്ര മണിക്കൂർ ഇവിടെ ചിലവഴിച്ചാലും എനിക്ക് മതി വരാറില്ല. കൂടെ വരുന്നവർക്ക് പലപ്പോഴും ഇത് അരോചകമായി തോന്നും.
കാഴ്ചകൾ തീവ്രമായ ഒരു അനുഭവമായി മാറുക, നമ്മൾ ഒറ്റക്ക് സഞ്ചരിക്കുമ്പോൾ ആണെന്ന് തോന്നിയിട്ടുണ്ട്. നമ്മുടെ പൂർണമായ ശ്രദ്ധ, കാണുന്ന കാഴ്ചകളിലായിരിക്കും. അറിയാത്ത നാട്ടിൽ കൊച്ചു ഗ്രാമങ്ങളിൽ വെറുതേ നടന്നു കാണാനിഷ്ടമാണ്. ഇതൊന്നും ഒരു കൂട്ടമായി പോയി ആസ്വദിക്കാൻ പറ്റി എന്ന് വരില്ല.
പലപ്പോഴും പെട്ടെന്ന് തീരുമാനിച്ചാണ് യാത്രകൾ പുറപ്പെടുക. കൂട്ടുണ്ടെങ്കിൽ മാത്രമേ യാത്ര ചെയ്യു എന്ന് വിചാരിച്ചിരുന്നു എങ്കിൽ എന്റെ യാത്രകൾ പലതും മുടങ്ങിയെനെ. അവസാന നിമിഷം പ്ലാൻ ചെയ്യുകയാണെങ്കിൽ ടിക്കറ്റ് തരപ്പെടുത്താനും, താമസം ശരിയാക്കാനുമൊക്കെ എളുപ്പം ഒരാൾ മാത്രമേ ഒള്ളു എങ്കിലാണ്.
ഒറ്റക്ക് സഞ്ചരിക്കുമ്പോൾ ധാരാളം യാത്രികരെയും, ഗ്രാമീണരേയുമൊക്കെ പരിചയപ്പെടാൻ അവസരം ലഭിക്കും. ഒരാളെങ്കിലും കൂടെ ഉണ്ടെങ്കിൽ നമ്മൾ പലപ്പോഴും നമ്മുടെ ചെറിയ ലോകത്തേക്ക് ഉൾവലിഞ്ഞിരിക്കാനാകും കൂടുതലും ശ്രമിക്കുക. ഒറ്റക്ക് യാത്ര ചെയ്യുമ്പോൾ ലോക്കൽ സ്ത്രീകൾ വളരെ പെട്ടെന്ന് നമ്മളോട് അടുക്കുകയും. കാര്യങ്ങൽ സംസാരിക്കുകയും, സഹായിക്കാൻ മുന്നോട്ട് വരികയുമൊക്കെ ചെയ്യുന്നതായി തോന്നാറുണ്ട്.
ഒറ്റക്ക് യാത്ര ചെയ്ത് തിരിച്ചു വന്നു കഴിയുമ്പോൾ നമ്മുടെ കോൺഫിഡൻസ് ലെവൽ തന്നെ മാറും. ഏതു പ്രതിസന്ധികളെയും തരണം ചെയ്യാൻ പറ്റുന്ന വിധത്തിൽ നമ്മുടെ മൈന്റ് സെറ്റാവും. ഒറ്റക്ക് സഞ്ചരിക്കുമ്പോൾ നമ്മുടെ കഴിവുകളും ന്യൂനതകളും എല്ലാം നമുക്ക് നന്നായി മനസ്സിലാകും. ന്യൂനതകളോട് കൂടി നമുക്ക് നമ്മളെ സ്നേഹിച്ചു തുടങ്ങാനും , അനുഭവങ്ങളിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ട് കൂടുതൽ കരുത്താർജിക്കാനും സോളോ യാത്രകൾ പഠിപ്പിക്കും.
എപ്പോൾ? സോളോ യാത്രകൾ നമുക്ക് എപ്പോൾ വേണമെങ്കിലും ചെയ്യാം. അതിനു പ്രായമൊന്നുമില്ല. പക്ഷെ, ഉത്തരവാദിത്വങ്ങൾ
കൂടുംതോറും യാത്രകൾ പ്രയാസമാകും. സോളോ യാത്രകൾ പ്ലാൻ ചെയ്യുന്നതിന് മുന്നേ ഉറപ്പാക്കേണ്ടത് കുടുംബത്തിന്റെ പിന്തുണയാണ്. പ്രത്യേകിച്ച് കുട്ടികൾ ഉള്ളപ്പോൾ. എന്റെ അമ്മയും ഭർത്താവും കുട്ടികളുടെ പൂർണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതുകൊണ്ട് മാത്രമാണ് എനിക്ക് സോളോ യാത്രകൾ ചെയ്യാൻ പറ്റുന്നത്.
കുടുംബത്തിന്റെ പിന്തുണ ഉണ്ടായിട്ടു പോലും അതിര് കടന്ന വിമർശനങ്ങൾ ചിലപ്പോഴെങ്കിലും കേൾക്കേണ്ടി വരാറുണ്ട്. ‘കുട്ടികളെ ഉപേക്ഷിച്ച് കറങ്ങി നടക്കുന്ന അമ്മ.’ വർഷത്തിൽ 355 ദിവസം ജോലിയും , കുടുംബവും, കുട്ടികളും അവരുടെ കാര്യങ്ങളും നോക്കി നടക്കുമ്പോൾ ഒരു പത്തു ദിവസം എന്‍റെതായിട്ട്, എനിക്ക് വേണ്ടി മാത്രമായി മാറ്റിവയ്ക്കുന്നത് ഒരു തെറ്റായി എനിക്ക് തോന്നിയിട്ടില്ല. കുട്ടികളും കുടുംബവും ജോലിയും യാത്രകളും നമ്മൾ ഒന്നു മനസ്സ് വെച്ചാൽ നമുക്ക് സംതുലിതമായി കൊണ്ട് പോകാനാകും.
എങ്ങനെ? എത്ര നന്നായി പ്ലാൻ ചെയ്യുന്നുവോ അത്രേം സുഗമമാകും നമ്മുടെ യാത്ര. യാത്ര ചെയ്യുന്ന ദിവസങ്ങളെക്കാൾ കൂടുതൽ സമയം ഞാൻ എടുക്കുക ഒരു യാത്ര പ്ലാൻ ചെയ്യാനാണ്. സ്വന്തം അഭിരുചികൾക്ക് ഊന്നൽ കൊടുത്ത് വേണം സ്ഥലം തിരഞ്ഞെടുക്കാൻ. എങ്കിൽ മാത്രമേ നമ്മൾ യാത്ര ആസ്വദിക്കൂ. പ്രകൃതിയെ അടുത്ത് അറിയാനോ, പുതിയ സംസ്കാരം മനസ്സിലാക്കാനോ, രുചിഭേദങ്ങൾ തേടിയോ ഒക്കെ യാത്രകൾ ചെയ്യാം.
സ്ഥലം തിരഞ്ഞെടുത്താൽ അടുത്ത നടപടി അവിടെ കാണാനുള്ള കാര്യങ്ങളെ പറ്റി മനസ്സിലാക്കി , നമുക്ക് വേണ്ടത് തിരഞ്ഞെടുക്കുക എന്നതാണ്. അതിനു ശേഷം ഓരോ സ്ഥലത്തും ഏത്ര ദിവസം വേണം എന്ന് മനസ്സിലാക്കി നമ്മൾ പോകാൻ ഉദ്ദേശിക്കുന്ന ദിവസങ്ങൾ കൃത്യമായി വീതിക്കുക.
ഈ സ്ഥലങ്ങൾ ഗൂഗിൾ മാപ്പ് വെച്ച് നോക്കി , എങ്ങനെ ബന്ധിപ്പിക്കാൻ പറ്റും എന്ന് കണക്ക് കൂട്ടുക. ഓരോ സ്ഥലത്ത് നിന്നും അടുത്ത സ്ഥലത്തേക്ക് ഉള്ള യാത്ര ബുക്ക് ചെയ്യുക. രാത്രി യാത്ര ചെയ്താൽ മുറി വാടക ലാഭിക്കാം. അതിനു ശേഷം Airbnb, booking.com മുതലായ സൈറ്റ് വഴി നമ്മുടെ ബഡ്ജറ്റിൽ ഒതുങ്ങുന്ന മുറി , അതിന്റെ റിവ്യൂ ആൻഡ് rating നോക്കിയ ശേഷം മുൻകൂർ ബുക്ക് ചെയ്യാം.
ഉദാഹരണത്തിന് എനിക്ക് ഒരു 10 ദിവസം ലീവ് കിട്ടിയപ്പോൾ ആദ്യം മനസ്സിൽ വന്ന സ്ഥലം രാജസ്ഥാൻ ആയിരുന്നു. അവിടത്തെ കോട്ടകളും , മരുഭൂമിയും, ഭക്ഷണവും ഒക്കെയാണ് എന്നെ ആകർഷിച്ചത്. ഗൂഗിൾ നോക്കിയപ്പോൾ രാജസ്ഥാനിൽ കാണാൻ ധാരാളം സ്ഥലങ്ങൾ ഉണ്ട്. വായിച്ചു നോക്കി ഏറ്റവും ഇഷ്ടപെട്ട Udaipur, Jaisalmer, Jaipur, Jodhpur പോകാൻ തീരുമാനിച്ചു.
ഇവിടുള്ള കാഴ്ചകളെ പറ്റി വായിച്ചപ്പോൾ Udaipur 2 ദിവസം മതി. Jodhpur 1 ദിവസം മതി. ജയ്പൂർ രണ്ടു ദിവസം വേണം എന്ന് ഒക്കെ മനസ്സിലാക്കി പ്ലാൻ ചെയ്തു. പിന്നെ മാപ്പ് നോക്കിയപ്പോൾ Udaipur ഒരറ്റത്ത്, ജയ്പൂർ മറ്റൊരു അറ്റത്ത്. അങ്ങനെ udaipur നിന്നും തുടങ്ങി jaipur അവസാനിപ്പിക്കാൻ വിചാരിച്ചു. Udaipur നിന്നും Jaisalmer പോകാൻ രാത്രി ബസ് ആണ് സൗകര്യം. അങ്ങനെ ഓരോന്നും നോക്കി ബുക്ക് ചെയ്തു. പിന്നീട് Airbnb വഴി താമസ സൗകര്യവും ഏർപ്പാടാക്കി.
ഇത്രയും ആകുമ്പോൾ യാത്രയുടെ തൊണ്ണൂറു ശതമാനം മുന്നൊരുക്കം ആയി. അടുത്തത് കൂടെ കരുതേണ്ട സാധനങ്ങൾ ആണ്. അതിൽ ഏറ്റവും അത്യാവശ്യം മരുന്നുകൾ ആണ്. തലവേദന, പനി, ഛർദ്ദി, വയറിളക്കം തുടങ്ങിയ യാത്രയിൽ നമുക്ക് സാധാരണ വരാൻ സാധ്യതയുള്ള അസുഖങ്ങൾക്ക് മരുന്ന് കരുതുക. പോകുന്ന സ്ഥലത്തെ കാലാവസ്ഥ, സംസ്കാരം തുടങ്ങിയവ മനസ്സിലാക്കി അനുയോജ്യമായ ഡ്രസ്സ് കരുതുക.
ഒറ്റക്ക് യാത്ര ചെയ്യുമ്പോൾ ക്യാമറ എടുക്കാൻ മടിയാണ്. ക്യാമറ സൂക്ഷിക്കേണ്ട ബാധ്യത ഒഴിവാക്കാനും കൂടിയാണ് അത്. ഫോട്ടോസ് മൊബൈൽ ആണ് പകർത്തുക. അതുകൊണ്ട് തന്നെ മൊബൈൽ ചാർജർ , ബാറ്ററി ബാങ്ക് എപ്പോഴും കൂടെ കൊണ്ടു നടക്കും.
യാത്രയും, താമസവും മുൻകൂർ ബുക്ക് ചെയ്താൽ കയ്യിൽ പിന്നെ ആഹാരത്തിനും , അല്ലറ ചില്ലറ കാര്യങ്ങൾക്കും ഉള്ള തുക കൈവശം കരുതിയാൽ മതി. അത് തന്നെ കുറച്ചു ബാക്ക് പാക്കിലും, കുറച്ചു ഹൻഡ്ബാഗിൽ, കുറച്ച് പോക്കറ്റിൽ വെക്കും. അത്യാവശ്യം വേണ്ട ഫോൺ നമ്പർ ഒരു ഡയറിയിൽ എഴുതി കൂടെ കൊണ്ട് നടക്കും. എന്തെങ്കിലും കാരണവശാൽ മൊബൈൽ നഷ്ടപ്പെട്ടാൽ എന്ന് കരുതിയാണ് ഈ മുൻകരുതൽ.
യാത്രയിൽ ATM ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നെങ്കിൽ ആ അക്കൗണ്ടിൽ അധികം പൈസ സൂക്ഷിക്കാതിരിക്കുക. ആവശ്യത്തിന് ആ അക്കൗണ്ടിലേക്ക് വീട്ടുകാരോട് ട്രാൻസ്ഫർ ചെയ്യാൻ പറഞ്ഞാൽ മതി. ഇറങ്ങുന്നതിനു മുന്നെ നമ്മുടെ trip പ്ലാൻ വീട്ടുക്കാർക്കും അടുത്ത സുഹൃത്തുക്കൾക്കും കൈമാറുക.
പുതിയ സ്ഥലത്ത് എത്തിയാൽ മൊബൈൽ connectivity ഉറപ്പ് വരുത്തുക. കൃത്യമായ ഇടവേളയിൽ വീട്ടുകാർക്കും സുഹൃത്തുക്കൾക്കും നമ്മൾ ഉള്ള സ്ഥലത്തെ കുറിച്ച് അപ്ഡേറ്റ് കൊടുക്കുക. തുറന്ന മനസ്സോടെ യാത്ര ചെയ്യുക. അവിടത്തെ ആളുകളുമായി യാതൊരു മുൻവിധികളും ഇല്ലാതെ ഇടപെടുക. പലപ്പോഴും ഇങ്ങനെ ഉള്ള സംസാരത്തിൽ നിന്നും ഇവരുടെ സംസ്കാരം അല്ലെങ്കിൽ പുതിയ സ്ഥലങ്ങൾ ഒക്കെ പറ്റി പല പുതിയ അറിവുകളും കിട്ടും.
യാത്ര ആസ്വദിക്കുക. കഴിവതും വൈകിട്ട് ആകുമ്പോഴേക്കും തിരികെ താമസ സ്ഥലത്ത് എത്താൻ ശ്രമിക്കണം. തിരിച്ചെത്തിയ ശേഷം അനുഭവങ്ങളും പാളിച്ചകളും പങ്ക് വെയ്ക്കുക. അടുത്ത ഒരു യാത്രക്ക് തയ്യാറെടുക്കുന്നവർക്ക് അത് പ്രയോജനം ചെയ്യും.
നാളെയെകുറിച്ച് നമുക്ക് യാതൊരു ഗ്യാരന്റിയും ഇല്ല. യാത്രകൾ ചെയ്യാൻ ആഗ്രഹിക്കുന്നു എങ്കിൽ അത് നാളത്തേക്ക് മാറ്റി വെക്കാത്തിരിക്കുക. സോളോ യാത്രകൾ പ്ലാൻ ചെയ്താൽ അത് നടക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. കൃത്യമായി പ്ലാൻ ചെയ്താൽ ആർക്കും പോകാൻ പറ്റുന്ന ഒന്നാണ് സോളോ യാത്രകൾ.