അനുഭവക്കുറിപ്പ് – വികാസ് വിജയ്.

പുലർച്ചെ 3 മണിക്ക് തന്നെ വീട്ടിൽ നിന്നും ഇറങ്ങി. 4.05ന് പതിവുതെറ്റിക്കാതെ എത്തിയ മാവേലി എക്സ്പ്രസിൽ S1 കമ്പാർട്ട്മെൻറില്‍ കയറി ഉറക്കം ലക്ഷ്യംവെച്ച് കണ്ണുകളടച്ചു കിടന്നു. ഉച്ചത്തിലുള്ള സംസാരം കേട്ട് കണ്ണുതുറക്കുമ്പോൾ, അടുത്തുള്ള സീറ്റുകളിൽ കണ്ണൂരിൽ നിന്നും കയറിയ മുത്തപ്പൻതെയ്യം കലാകാരന്മാരാണ്. മുത്തപ്പൻറെ വാൾ ഉൾപ്പെടെയുള്ള സാമഗ്രികൾ അവിടെയിവിടെയായി വെച്ചിരിക്കുന്നു. പൊതുവേ കണ്ണൂർ മലയാളത്തിന് ഇത്തിരി നാടന്‍ ചേല് കൂടുതലാണ്. ഇത്രയും പേർ ഒരുമിച്ച് ആവുമ്പോ പിന്നെ പറയേണ്ടല്ലോ…

എണീറ്റ് മുഖംകഴുകി ഒരു ചായയും സംഘടിപ്പിച്ച് കുറച്ച് അപ്പുറത്ത് ഒരു ജനാലക്കരികിൽ സിംഗിൾ സീറ്റിൽ പോയിരുന്നു. സമയം 6 നോട് അടുത്തിരുന്നു. ചെറുവത്തൂർ സ്റ്റേഷനിൽ വണ്ടി നിർത്തിയപ്പോഴാണ് അടുത്ത സീറ്റിലെ, ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുന്ന അമ്മൂമ്മയെ ശ്രദ്ധിച്ചത്. എവിടെയോ കണ്ടുമറന്ന മുഖം !! പാതിയുറക്കത്തിന്‍റെ ക്ഷീണം മറയ്ക്കാന്‍ കുടിച്ച ചായയ്ക്ക് കണ്ണിനെയും, തലച്ചോറിനെയും, തമ്മിൽ ബന്ധിപ്പിക്കാൻ നന്നേ പാടുപെടേണ്ടിവന്ന നിമിഷങ്ങളിലൊന്നില്‍ ഞാൻ തിരിച്ചറിഞ്ഞു.. അതെ.. അത് ”ദയാബായി” ആണ്.

കഴിഞ്ഞ 50 വർഷത്തിലേറെയായി കേരളത്തിനകത്തും പുറത്തും ആദിവാസികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തകയാണ് ദയാബായി എന്ന മേഴ്സി മാത്യു. കോട്ടയത്ത് ജനിച്ച അവർക്ക് കന്യാസ്ത്രീയാകാൻ ആയിരുന്നത്രെ ആഗ്രഹം. ക്രിസ്തുവിൻറെ ജീവിതവും, ബൈബിളിലെ വചനങ്ങളും സത്യത്തിൽ നിന്നും ഏറെ അകലെയാണ് എന്ന തിരിച്ചറിവ് ആണത്രേ, ബിഹാറിലെ ഹസാരിബാഗിലെ കോണ്‍വെന്‍റില്‍നിന്നും മടങ്ങുവാൻ അവരെ പ്രേരിപ്പിച്ചത്. നർമ്മദാ ബച്ചാവോ ആന്തോളനുമായും, ചെങ്ങറ പ്രക്ഷോഭവുമായും, ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുണ്ട്. മധ്യപ്രദേശിലെ ചിന്ദവാര ജില്ലയിലെ ബരുൽ ഗ്രാമത്തിലാണ് അവർ താമസിച്ചുവരുന്നത്.

മനുഷ്യന് മനുഷ്യനെ തിരിച്ചറിയാൻ മതത്തിൻറെ വേലിക്കെട്ടുകൾ വേണ്ടെന്ന് അവർ തുറന്നടിക്കുന്നു. ജീവിതത്തിൽ നന്മ പുലർത്തുന്ന, മണ്ണിനോടും, പ്രകൃതിയോടും, ആദരവുള്ള, കൃഷിയിൽ ആദ്ധ്യാത്മികത കണ്ടെത്തുന്ന ഒരു സമൂഹമാണ് നാടിനാവശ്യം എന്നാണ് ദയാബായിയുടെ പക്ഷം.

മലയാളത്തിലും, ഇംഗ്ലീഷിലുമായി ഫോണിൽ അനായാസേന സംസാരിച്ചുകൊണ്ടിരിക്കുന്ന അവരെ ഞാൻ നോക്കിനിന്നു!!. സാധാരണ വസ്ത്രങ്ങളും, കല്ലുമാലയും, മൂക്കുത്തിയും, ഇടതുകൈ വിരലില്‍ ചെമ്പുമോതിരം, വെള്ളിവീണ തലമുടികള്‍, കാലം ചുളിവുകള്‍ ചേര്‍ത്ത ചര്‍മ്മം, രണ്ടോ അതിലധികമോ ബാഗും, സഞ്ചികളും… പ്രായം തളര്‍ത്താത്ത പോരാളി.

ഫോൺ ചെയ്തു കഴിഞ്ഞപ്പോൾ, അവരുടെ അടുത്ത് ചെന്നിരുന്നു. സംസാരത്തിനിടയിൽ കാഞ്ഞങ്ങാട്ടേയ്ക്കാണ് യാത്രയെന്നും, എൻഡോസൾഫാൻ ഇരകളുടെ അടുത്തേയ്ക്ക് ആണെന്നും അറിയാൻ കഴിഞ്ഞു. തിരുവനന്തപുരത്ത് നടത്തിയ സമരങ്ങളെ കുറിച്ചും, വരാനിരിക്കുന്ന അഞ്ച് തലമുറകളെക്കൂടി വിഴുങ്ങാൻ നിൽക്കുന്ന വിഷഭീകരതയെക്കുറിച്ചും ഞങ്ങൾ സംവദിച്ചു.

കാഞ്ഞങ്ങാട് സ്റ്റേഷനിൽ ഇറങ്ങാൻ നേരം സഞ്ചികളില്‍ ഒന്ന് എടുക്കാൻ സന്നദ്ധത അറിയിച്ചപ്പോൾ ”വേണ്ട ഞാൻ തന്നെ എടുത്തോളാം” എന്ന് മറുപടി. നിർബന്ധപൂർവ്വം ഒരു കൈസഞ്ചി എടുത്ത് ഞാന്‍ വാതിലിനടുത്തേക്ക് നടന്നു. നന്ദി രേഖപ്പെടുത്തി അവർ പുറത്തിറങ്ങി, പുഞ്ചിരിച്ചുകൊണ്ട് അവർ കൈ പാതി ഉയർത്തിക്കാട്ടി.

കാഴ്ച്ചകള്‍ മായ്ച്ചുകൊണ്ട് മാവേലി എക്സ്പ്രസ്സ് മുന്നോട്ട് നീങ്ങി. ഇപ്പോൾ ഉറക്കച്ചടവില്ല. മറിച്ച് ചില തിരിച്ചറിവുകൾ മാത്രം. അവരെ കുറിച്ച് കൂടുതൽ അറിയണം, വിക്കിപീഡിയ അപ്ലിക്കേഷൻ തുറന്ന് ഞാൻ ടൈപ്പ് ചെയ്യാൻ ആരംഭിച്ചു, ദ..യാ..ബാ..യി… നല്ലൊരു ദിവസം നല്ല തുടക്കം.

SHARE