കോവിഡ്-19 നെതിരായ പോരാട്ടത്തിൽ സമൂഹവും സർക്കാർ സംവിധാനങ്ങളും മറ്റെല്ലാം മറന്ന് ഒറ്റക്കെട്ടായി ഒത്തൊരുമയോടെ തീവ്ര പോരാട്ടത്തിലാണ്. മഹാമാരിയെ ചെറുക്കുന്നതിനായി സർക്കാർ ലോക് ഡൗൺ പ്രഖ്യാപിച്ച് പോരാട്ടത്തിന്റെ അടുത്തഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്‌.

ലോക് ഡൗൺ തുടങ്ങുന്നതിന് മുൻപും അതിനു ശേഷവും കേരള സമൂഹത്തിൽ ചലനങ്ങളുണ്ടാക്കുന്ന പ്രവർത്തനങ്ങളുമായി കെ.എസ്.ആർ.ടി.സി മുൻ നിരയിൽത്തന്നെയുണ്ട്. ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ ആരോഗ്യ പ്രവർത്തകളുടെ യാത്രയും കോവിഡ് ബാധ സംശയിക്കുന്നവരുടെ യാത്രകളും ജില്ലാ ഭരണകൂടങ്ങൾക്ക് പ്രതിരോധത്തിന് ഒരുപരിധിവരെ നിയന്ത്രിക്കേണ്ട സാഹചര്യം വന്നിട്ടുണ്ട്.

ആരോഗ്യ പ്രവർത്തകരെ യഥാസമയങ്ങളിൽ ചികിത്സാ കേന്ദ്രങ്ങളിലെത്തിക്കാനും ജില്ലാ ഭരണകൂടങ്ങൾ നിർദ്ദേശിക്കുന്ന മറ്റെല്ലാ ആവശ്യങ്ങൾക്കും സ്വമനസ്സാലെ കെഎസ്ആർടിസി ജീവനക്കാർ മുന്നോട്ട് വന്നു തുടങ്ങി. പലപ്പോഴും വേണ്ടതിലുമധികം ജീവനക്കാർ തയ്യാറായി മുന്നോട്ട് വരുന്ന കാഴ്ച്ചയാണ് കാണാൻ സാധിച്ചത്. പല വകുപ്പുകളും തങ്ങളുടെ കേടായ വാഹനങ്ങൾ ശരിയാക്കുന്നതിനും കെ.എസ്.ആർ.ടി.സി-യെ ആശ്രയിക്കുന്ന സ്ഥിതിയും ഉണ്ടായി. ഇതെല്ലാം ജീവനക്കാർ സ്വമനസ്സാലെ ഓടിയെത്തി ചെയ്തു കൊടുക്കുകയാണ് ഉണ്ടായത്.

കെ.എസ്.ആർ.ടി.സി-യുടെ പ്രവർത്തനങ്ങൾ നവ മാധ്യമങ്ങളുടെ സാധ്യതകൾ ഉപയോഗിച്ച് പൊതു സമൂഹത്തിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ നേരിട്ട് നിയന്ത്രിക്കുന്ന ഒരു സോഷ്യൽ മീഡിയ സെൽ പ്രവർത്തിച്ച് വരുന്നുണ്ട്.

പ്രവർത്തനങ്ങൾ തുടങ്ങി അധിക കാലമായിട്ടില്ലാത്തതിനാലും ബാലാരിഷ്ടതകൾക്കിടയിലും ലഭ്യമായ സംവിധാനങ്ങൾ ഉപയോഗിച്ച് “വീട്ടിലിരി മലയാളി” എന്ന പേരിൽ ഒരു ഷോർട്ട് ഫിലിം നിർമ്മിക്കുകയും ഒഫീഷ്യൽ ഫേസ് ബുക്ക് പേജ് വഴി ആയത് പുറത്തിറക്കുകയും ചെയ്തു.

അഭൂതപൂർവ്വമായ പിന്തുണയാണ് ഈ സംരഭത്തിന് പൊതുസമൂഹത്തിൽ നിന്ന് ലഭിച്ചത്. ലോക് ഡൗൺ കാലത്ത് കെ.എസ്.ആർ.ടി.സി-യുടെ വിവിധങ്ങളായ പ്രവർത്തനങ്ങൾ പൊതു സമൂഹത്തിലേക്കും ജീവനക്കാർക്കിടയിലും എത്തിക്കാൻ ഇതുവരെ 2 ഡിജിറ്റൽ ന്യൂസ് ബുള്ളറ്റിനുകളും പുറത്തിറക്കുകയുണ്ടായി.

ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്ന വാട്സാപ്പ്, ഫേസ് ബുക്ക് പ്രവർത്തനങ്ങൾക്ക് യാതൊരു തടസ്സവും വരുത്താതെയാണ് “വീട്ടിലിരുന്ന് ജോലി” (work at home) എന്ന രീതിയിൽ സോഷ്യൽ മീഡിയ സെൽ ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.

കെ.എസ്.ആർ.ടി.സി-യുടെ മാതൃകാപരമായ ഈ പ്രവർത്തനങ്ങൾ ബഹു: ഗതാഗത വകുപ്പ് മന്ത്രി ശ്രീ. എ. കെ ശശീന്ദ്രൻ അവർകൾ കെ.എസ്.ആർ.ടി.സി ജീവനക്കാരുടെയും കെ.എസ്.ആർ.ടി.സി സോഷ്യൽ മീഡിയ സെല്ലിന്റെ പ്രവർത്തനങ്ങളെയും അഭിനന്ദനം അറിയിച്ചിട്ടുണ്ട്.

നായകന്റെ പ്രോത്സാഹനമാണ് പടയാളികളെ മുന്നോട്ട് നയിക്കുന്ന പ്രധാന ഘടകം. ഒരു ജനനായകന്റെ അഭിനന്ദനത്തിന് കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ കൃതഞ്ജത വിനയപൂർവ്വം രേഖപ്പെടുത്തുകയാണ് സോഷ്യൽ മീഡിയ സെല്ലിലൂടെ.

കടപ്പാട് – കെഎസ്ആർടിസി സോഷ്യൽ മീഡിയ സെൽ.

SHARE