Indian Railway

വിവേക് എക്സ്പ്രസ്സ് – ഇന്ത്യൻ റെയിൽവേയിലെ ഏറ്റവും ദൂരമോടുന്ന ട്രെയിൻ

By Aanavandi

March 29, 2020

ഇന്ത്യൻ റെയിൽവേയുടെ നെറ്റ്‌വർക്കിൽ ഉള്ള എക്സ്പ്രസ്സ്‌ ട്രെയിൻ കണ്ണികയാണ് വിവേക് എക്സ്പ്രസ്സ്‌. 2011-12 റെയിൽവേ ബജറ്റിൽ പ്രഖ്യാപ്പിക്കപ്പെട്ട ട്രെയിനാണ് ഇത്. 2013-ൽ നടക്കാനിരുന്ന സ്വാമി വിവേകാനന്ദയുടെ 150-ആം ജന്മദിനാഘോഷങ്ങളുമായി ബന്ധപ്പെട്ടാണ് ഈ ട്രെയിനിനു വിവേക് എക്സ്പ്രസ്സ്‌ എന്ന പേര് നൽകിയത്.

ദിബ്രുഗർ മുതൽ കന്യാകുമാരി വരെ പോകുന്ന വിവേക് എക്സ്പ്രസ്സ്‌ ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും നീളം കൂടിയ റൂട്ടാണ്‌, സമയത്തിൻറെ അടിസ്ഥാനത്തിലും ദൂരത്തിൻറെ അടിസ്ഥാനത്തിലും, ലോകത്തിലെ നീളം കൂടിയ ഒൻപതാമത്തേയും.

ആഴ്ചയിൽ ഒരിക്കലുള്ള ട്രെയിൻ നമ്പർ 15905 / 15906 ദിബ്രുഗർ – കന്യാകുമാരി വിവേക് എക്സ്പ്രസ്സ്‌ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും നീളം കൂടിയ ട്രെയിൻ റൂട്ട് ആണ്. അസ്സമിലെ ദിബ്രുഗർ മുതൽ തമിഴ്നാടിലെ കന്യാകുമാരി വരെ സർവീസ് നടത്തുന്ന ഈ ട്രെയിൻ ഒരു ദിശയിൽ 4286 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്നു. ഇത്രയും ദൂരം താണ്ടുവാനായി ഈ ട്രെയിനെടുക്കുന്ന സമയം 96.30 മണിക്കൂറുകളാണ്.

 

അസ്സമിലെ ദിബ്രുഗർ സ്റ്റേഷനിൽ നിന്നും രാത്രി 11 നു യാത്ര തുടങ്ങുന്ന വിവേക് എക്സ്പ്രസ്സ് അഞ്ചാം ദിവസം രാവിലെ 9. 50 നു കന്യാകുമാരിയിൽ എത്തിച്ചേരുന്നു. കന്യാകുമാരിയിൽ നിന്നും രാത്രി 11 മണിക്ക് തിരികെ യാത്ര തുടങ്ങുന്ന ഈ ട്രെയിൻ അഞ്ചാം ദിവസം രാവിലെ 7 നു ദിബ്രുഗർ സ്റ്റേഷനിൽ എത്തിച്ചേരുന്നു. അഞ്ചു ദിവസത്തെ യാത്രയിൽ ഈ ട്രെയിൻ ആസ്സാം, നാഗാലാൻഡ്, പശ്ചിമ ബംഗാൾ, ബീഹാർ, ഒഡിഷ, തെലങ്കാന, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലൂടെയാണ് കടന്നുപോകുന്നത്.

ദ്വാരക-തൂത്തുക്കുടി (19567/19568), ബാന്ദ്ര റ്റെർമിനസ് (മുംബൈ) -ജമ്മുതാവി (19027/19028), സാന്ദ്രഗാച്ചി (ഹൌറ) -മംഗലാപുരം സെൻട്രൽ (22851/22852) എന്നിവയാണ് മറ്റു മൂന്നു വിവേക് എക്സ്പ്രസ്സുകൾ. നാലുവണ്ടികളും പ്രതിവാര സർവീസ്സുകളാണ്. ആഴ്ചയിൽ ഒരിക്കലുള്ള ട്രെയിൻ നമ്പർ 19567 / 19568 ഒഖ – തൂത്തുക്കുടി വിവേക് എക്സ്പ്രസ്സ്‌ ട്രെയിൻ ഗുജറാത്തിലെ ഒഖ മുതൽ ‘പേൾ സിറ്റി’ എന്നറിയപ്പെടുന്ന തമിഴ്നാടിലെ തൂത്തുക്കുടി വരെ സർവീസ് നടത്തുന്നു. ഗുജറാത്ത്‌, മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ്‌, കർണാടക, തമിഴ്നാട്‌ എന്നീ സംസ്ഥാനങ്ങളിലൂടെ കടന്നുപോവുന്ന ഒഖ – തൂത്തുക്കുടി വിവേക് എക്സ്പ്രസ്സ്‌ 3043 കിലോമീറ്റർ ദൂരം 54 മണിക്കൂർ 25 മിനിറ്റുകൾക്കൊണ്ട് സഞ്ചരിക്കുന്നു. രാജ്കോട്ട്, അഹമദാബാദ്, വോഡോദര, സൂറത്ത്, മമുബൈ വസായ് റോഡ്‌, കല്യാൺ, പൂനെ, അഡോണി, ബാംഗ്ലൂർ, സേലം, കരൂർ, മാട്രി തുടങ്ങിയ പ്രധാനപ്പെട്ട നഗരങ്ങൾ ഈ ട്രെയിൻ ബന്ധിപ്പിക്കുന്നു.

ആഴ്ചയിൽ ഒരിക്കലുള്ള ട്രെയിൻ നമ്പർ 19027 / 19028 ബാന്ദ്ര ടെർമിനസ് ജമ്മു താവി വിവേക് എക്സ്പ്രസ്സ്‌ ട്രെയിൻ മുംബൈയിലെ ബാന്ദ്ര ടെർമിനസ് മുതൽ ഉത്തരേന്ത്യയിലെ ജമ്മു താവിവരെ സർവീസ് നടത്തുന്നു. ആഴ്ചയിൽ ഒരിക്കലുള്ള ട്രെയിൻ നമ്പർ 22851 / 22852 സാൻട്രഗച്ചി – മംഗലാപുരം വിവേക് എക്സ്പ്രസ്സ്‌ ട്രെയിൻ കൊൽക്കത്തയിലെ ഹൌറയ്ക്ക് സമീപമുള്ള സാൻട്രഗച്ചിയിൽനിന്നും സർവീസ് ആരംഭിച്ചു കർണാടകയിലെ മംഗലാപുരം സെൻട്രൽ വരെ സർവീസ് നടത്തുന്നു.

വിവരങ്ങൾക്ക് കടപ്പാട് – വിക്കിപീഡിയ, ചിത്രങ്ങൾ – ശ്രീനാഥ്‌.