വിമാനയാത്രയെന്നത് ഇന്ത്യയിലിന്ന് സര്‍വ്വസാധാരണമായ കാര്യമാണ്. എങ്കിലും ഏവിയേഷൻ രംഗത്ത് വലിയ പരിചയസമ്പത്തൊന്നുമില്ലാത്ത സാധാരണക്കാർക്ക് അറിയാത്ത കുറേ കാര്യങ്ങളുണ്ട്. അങ്ങനെയുള്ള ഒരു കാര്യമാണ് ഇനി പരിചയപ്പെടുത്താൻ പോകുന്നത്.
നമ്മുടെ നാട്ടിലെ വാഹനങ്ങൾ റോഡില്‍ ഇറക്കുന്നതിന് മുന്‍പ് റജിസ്ട്രേഷന്‍ ചെയ്യുമല്ലോ. ഉദാഹരണത്തിന്, കേരളത്തില്‍ റജിസ്റ്റര്‍ ചെയ്യുന്ന വണ്ടികളാണെങ്കില്‍ KL- എന്ന് തുടങ്ങുന്ന നമ്പറാണിടുന്നത്. ഇത്തരത്തിൽ വിമാനങ്ങൾക്കുമുണ്ട് പ്രത്യേകം രജിസ്‌ട്രേഷൻ നമ്പർ. ഇന്ത്യയില്‍ റജിസ്റ്റര്‍ ചെയ്യുന്ന വിമാനങ്ങളാണെങ്കില്‍ VT- എന്ന സീരീസില്‍ ആയിരിക്കും റജിസ്ട്രേഷന്‍. Viceroy Territory എന്നാണതിന്റെ പൂര്‍ണ രൂപം.
പഴയ ബ്രിട്ടീഷിന്റെ കൊളോണിയല്‍ ഭരണത്തിന്റെ ബാക്കിപത്രമാണ് VT എന്ന ഈ കോഡ്. ബ്രിട്ടീഷ് ഭരണശേഷവും നമ്മൾ ഈ കോഡ് തന്നെ തുടർന്നു പോരുന്നു. ഇന്ത്യ അടിസ്ഥാനമായി, പ്രവര്‍ത്തിക്കുന്ന കൊമേഴ്ഷ്യൽ എയര്‍ലൈന്‍ കമ്പനികളുടെ വിമാനങ്ങളും, അതോടൊപ്പം പ്രൈവറ്റ് ജെറ്റുകളും, ഹെലികോപ്ടറുകളും എല്ലാം VT- സീരീസില്‍ തന്നെയാണ് റജിസ്റ്റര്‍ ചെയ്യുന്നത്. എന്നാൽ വ്യോമസേനയുടെയും, നാവികസേനയുടെയും, കരസേനയുടെയും വിമാനങ്ങളും, ഹെലികോപ്ടറുകളും റജിസ്റ്റര്‍ ചെയ്യുന്നത് വേറെ രീതിയിലാണ്.
റജിസ്ട്രേഷനില്‍ VT- എന്ന ഭാഗം കഴിഞ്ഞാല്‍ പിന്നെയുള്ളത് മൂന്നക്ഷരമുള്ള ഇംഗ്ലിഷ് കോഡാണ്. ഈ കോഡിലെ ആദ്യത്തെ അക്ഷരത്തില്‍ നിന്നും പലപ്പോഴും നമുക്ക് അത് ഏത് കമ്പനിയുടെ വിമാനമാണെന്ന് മനസ്സിലാക്കാന്‍ പറ്റും. ഉദാഹരണത്തിന് VT-IFN എന്നത് ഇന്‍ഡിഗോ ഫ്ലീറ്റിലുള്ള വിമാനമാണ്. ഇന്‍ഡിഗോ കമ്പനിയുടെ വിമാനങ്ങളില്‍ മൂന്നക്ഷരങ്ങളില്‍ ആദ്യത്തേത് എപ്പോഴും “I” ആയിരിക്കും. അതുപോലെ “S” എന്ന്‍ വെച്ചു തുടങ്ങുന്നത് മിക്കവാറും സ്പൈസ്ജെറ്റ് കമ്പനിയുടെ വിമാനവുമാണ്, ഉദാഹരണത്തിന് VT-SZN.
രണ്ടാമത്തെ അക്ഷരം ഒരു സീരീസും, മൂന്നാമത്തെ ഇംഗ്ലിഷ് അക്ഷരം ആ സീരീസിലെ എത്രാമത്തെ വിമാനമാണെന്നും സൂചിപ്പിക്കുന്നു. ഉദാഹരണമായി VT-ITA, VT-ITB, VT-ITC തുടങ്ങിയ വിമാനങ്ങള്‍ ഇന്‍ഡിഗോയുടെ A320 NEO മോഡലുകളിലുള്ള വിമാനങ്ങളാണ്. ആ സീരീസിലെ VT-ITZ എന്ന അവസാനത്തെ വിമാനം കഴിഞ്ഞു വന്ന NEO വിമാനങ്ങള്‍ VT-IV_ എന്ന സീരീസില്‍ ഇറങ്ങി (VT-IVA, VT-IVB, VT-IVC, VT-IVZ).
എല്ലാ കമ്പനികളും ഈ രീതിയിലല്ല വിമാനം റജിസ്റ്റര്‍ ചെയ്യുന്നത്. എയര്‍ ഏഷ്യ-ഇന്ത്യയിലെ വിമാനങ്ങളുടെ റജിസ്ട്രേഷന്‍ കുറച്ച് രസകരമാണ്. ഭൂരിഭാഗം വിമാനങ്ങളുടെ റജിസ്ട്രേഷനിലേ അവസാന മൂന്നക്ക കോഡ്, ചില വിമാനത്താവളത്തിന്റെ IATA കോഡ് വെച്ചുള്ളതാണ്; VT-BOM (BOM – മുംബൈ വിമാനത്താവളം), VT-HYD (HYD – ഹൈദരാബാദ് വിമാനത്താവളം), VT-SIN (SIN – സിംഗപ്പൂര്‍ വിമാനത്താവളം).
എന്നാൽ ഇന്ത്യയിലെ ചില എയർലൈനുകൾ VT എന്ന രജിസ്ട്രേഷനിലല്ലാത്ത എയർക്രാഫ്റ്റുകൾ ഉപയോഗിക്കുന്നതായും കാണാം. ഇവ ഇന്ത്യയ്ക്ക് പുറത്തു നിന്നും വെറ്റ് ലീസിനു എടുത്ത എയർക്രാഫ്റ്റുകളായിരിക്കും. ഈ വിമാനത്തിലെ ജീവനക്കാരൊക്കെ ഏതു കമ്പനിയിൽ നിന്നാണോ വിമാനം വെറ്റ് ലീസിനെടുത്തത്, ആ കമ്പനിയുടെ തന്നെ ആയിരിക്കും.
ബ്രിട്ടീഷ് ഭരണത്തിലായിരുന്ന എല്ലായിടത്തും VT എന്നു തന്നെയായിരുന്നു വിമാനങ്ങളുടെ രജിസ്‌ട്രേഷൻ ആരംഭിച്ചിരുന്നത്. എന്നാൽ പാക്കിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ തുടങ്ങിയ രാജ്യങ്ങൾ സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം VT എന്ന കോഡ് മാറ്റി അവരുടേതായ കോഡ് നിലവിൽ കൊണ്ടുവരികയുമാണുണ്ടായത്. ഇന്ത്യയിലും ഈ കോഡ് മാറ്റണമെന്ന് പല ഭാഗത്തു നിന്നും ആവശ്യമുയർന്നെങ്കിലും ഇതുവരെ അതിനൊരു തീരുമാനം ആയിട്ടില്ല.
എന്തായാലും ഇനി വിമാനയാത്രകൾ നടത്തുമൊഴും വിമാനങ്ങളെ അടുത്തു കാണുമ്പോഴും ഈ കാര്യങ്ങൾ ഒന്നു ശ്രദ്ധിക്കാവുന്നതാണ്. ഈ അറിവ് മറ്റുള്ളവരിലേക്കും കൂടി പകർന്നു കൊടുക്കുക.
കടപ്പാട് – Aravind R Vaishnavam.