“പട്ടിയൊട്ട് തിന്നുകയും ഇല്ല, പശൂനെക്കൊണ്ട് തീറ്റിയ്ക്കയും ഇല്ല.” ദീർഘദൂര യാത്രക്കാരായ ജനങ്ങളോട് ഇതാണ് നമ്മുടെ KSRTC നയം എന്ന് തോന്നിപ്പോകുന്നു. എയർലൈനുകളിലെ ബിസിനസ്സ് ക്ലാസ്സിനെ വെല്ലുവിളിയ്ക്കുന്ന സൗകര്യങ്ങളാണ് ഇന്ന് ദീർഘദൂര സ്വകാര്യ ബസ്സ് ഓപ്പറേറ്റർമാരുടെയും കർണാടക ആർടിസിയുടെയും ഒക്കെ വോൾവോയിലും സ്‌കാനിയ ബസ്സുകളിലും ഉള്ളത്. കൂടാതെ ബാംഗ്ലൂർ – അഹമ്മദാബാദ് പോലുള്ള റൂട്ടുകളിൽ ബയോടൊയ്ലറ്റും, മിനി പ്രാൻട്രിയും, ബസ്സ് ഹോസ്റ്റസും വരെയായി.
പക്ഷേ നമ്മുടെ കെഎസ്ആർടിസി ഇത്തരം സൗകര്യങ്ങൾ തരാൻ തയ്യാറാവുന്നില്ല എന്നു മാത്രമല്ല, ഇപ്പോൾ ഇത്തരം സംവിധാനങ്ങളുള്ള ഓപ്പറേറ്റർമാരുടെ അമിത നിരക്കുകൾ സാധാരണക്കാർക്ക് കൂടി താങ്ങാനാവുന്ന വിധം കുറയുന്ന നിയമം ഇന്ത്യയൊട്ടാകെ നടപ്പാകുമ്പോൾ അതിനു തുരങ്കം വെയ്ക്കാനുള്ള സാദ്ധ്യതാ പഠനത്തിലാണ്.
കെഎസ്ആർടിസിയുടെ ലക്ഷ്വറി സർവ്വീസുകളായ സ്കാനിയയും വോൾവോയുമൊക്കെ വളരെ മികച്ച സർവ്വീസുകൾ എന്നു പറയുവാനാകില്ല. കാരണം യാത്രക്കാർക്ക് യാത്രാ സുഖത്തിനു പുറമെ മറ്റുള്ള കാര്യങ്ങളിലും കൂടി മികച്ച സേവനം ലഭ്യമാക്കണം. കുടിവെള്ളം, ഭക്ഷണം, പുതപ്പ് തുടങ്ങിയവ അതിൽപ്പെടും. ഒപ്പം ജീവനക്കാരുടെ നല്ല രീതിയിലുള്ള പെരുമാറ്റവും. നമ്മുടെ കെഎസ്ആർടിസി ജീവനക്കാർ വളരെ സൗഹാർദ്ദപരമായാണ് മിക്ക സർവ്വീസുകളിലും യാത്രക്കാരോട് ഇടപെടാറുള്ളത് എന്നത് ഒരു പ്ലസ് പോയിന്റാണ്. എന്നാലും മറ്റുള്ള സേവനങ്ങളും കൂടി മെച്ചപ്പെടുത്തേണ്ട ബാധ്യത മാനേജ്‌മെന്റിനില്ലേ?
യാത്രക്കാരുടെ വളരെയേറെ വര്ഷങ്ങളായിട്ടുള്ള ഒരു ആവശ്യമാണ് കേരളത്തിൽ നിന്നും ചെന്നൈയിലേക്ക് കെഎസ്ആർടിസി സർവ്വീസ് വേണമെന്നത്. ഒരിടയ്ക്ക് മുംബൈ,ചെന്നൈ, ഹൈദരാബാദ് സർവ്വീസുകളൊക്കെ പ്രഖ്യാപിച്ചിരുന്നെങ്കിലും പെർമിറ്റ് പ്രശ്നം പറഞ്ഞുകൊണ്ട് അവയൊക്കെ പുഷ്പ്പം പോലെ തള്ളിക്കളയുകയാണുണ്ടായത്. മുംബൈയും ഗോവയുമൊന്നും വേണ്ട, തൽക്കാലത്തേക്ക് ഒരു ചെന്നൈ എങ്കിലും തന്നൂടെ എന്നാണു യാത്രക്കാർ ഒന്നടങ്കം പറയുന്നത്.
ഇക്കാര്യത്തിൽ തൊട്ടടുത്തു കിടക്കുന്ന തമിഴ്നാട് സർക്കാർ യാത്രക്കാരോട് കാണിക്കുന്ന കാരുണ്യം പറയാതെ വയ്യ. കേരള തലസ്ഥാനത്ത് നിന്നും നമ്മടെ കെഎസ്ആർടിസി ചെയ്യുന്നില്ലെന്നാലും SETC A/C സ്ലീപ്പർ തിരുവനന്തപുരത്ത് നിന്ന് ചെന്നൈ, ബാഗ്ലൂർ, ഊട്ടി, സേലം (കോട്ടയം, പാലക്കാട് വഴി) എല്ലാത്തിനും പുറമേ ഒരെണ്ണം നാഗർകോവിൽ – കോഴിക്കോട്, ആഹാ അന്തസ്സ്… എന്തു ചെയ്യാം നമുക്ക് നമ്മുടെ നാട്ടിൽ അനുഭവിയ്ക്കാൻ യോഗമില്ല, അല്ലാതെന്ത്?
കടപ്പാട് – അനീഷ് രവി.